ADVERTISEMENT

എല്ലാവരും കൃഷിക്കാരാകുന്ന കാലമാണിത്. പത്തുസെന്റേയുള്ളെങ്കിലും പത്തു വാഴയും ഇരുപതു ചേനയും നാൽപതു കപ്പയുമൊക്കെ നട്ടുവളർത്തുന്നവരേറെ. രണ്ടു പപ്പായയും മൂന്നു കാ ന്താരിയും നാലു വെണ്ടയും വീട്ടമ്മയുടെ വകയായി വേറെയുമുണ്ടാകും. വീട്ടുമുറ്റ ത്തുണ്ടാകുന്നത് വീട്ടിലുള്ളവർക്കു ഭക്ഷണമാകേണ്ടതുതന്നെ‌. പക്ഷേ രണ്ടു വാഴക്കുലകൾ ഒരുമിച്ചു പഴുത്താലോ? മൂന്നു ദിവസം തുടർച്ചയായി കറിവച്ചിട്ടും കോവയ്ക്ക തീർന്നില്ലെങ്കിലോ? വീട്ടിലെടുത്താലും അയലത്തു കൊടുത്താലും ചില ഉൽപന്നങ്ങൾ അധികമായുണ്ടാവും. അത് എന്തു ചെയ്യുമെന്നത് പലരുടെയും തലവേദനയാണ്. ചെറിയ ഒരു വാഴക്കുലയുമായി ചന്തയിലേക്കു പോകാനൊന്നും സാധിക്കില്ല. അധ്വാനിച്ചുണ്ടാക്കിയതു പാഴാക്കാനും മടി.

 

ഇനി വിഷമിക്കേണ്ട, ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കു തുണയായി ‘കർഷകമിത്ര’ എത്തുകയായി. ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ ന്യായവിലയ്ക്കു സംഭരിച്ച് വിപണിയിലെത്തിക്കുന്നതിനായി കൃഷിമന്ത്രി മുൻകൈയെടുത്ത് ആരംഭിച്ച പദ്ധതിയാണിത്. തൃശൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ച സാഹചര്യത്തിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമായിക്കഴിഞ്ഞു. പച്ചക്കറി മാത്രമല്ല, പഴങ്ങളും നാളികേരവും പുളിയും മുട്ടയുമൊക്കെ ഇവർ വാങ്ങുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർപോലും മെച്ചപ്പെട്ട വില നേടാനായി കർഷകമിത്രയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി.

karshakamitra1

 

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച പദ്ധതി ഏതാനും മാസങ്ങൾകൊണ്ടുതന്നെ ഒട്ടേറെ കൃഷിക്കാർക്ക് സഹായഹസ്തമായി മാറിക്കഴിഞ്ഞു. കൃഷിഭവനുകൾതോറും കർഷകമിത്ര എന്ന പേരിൽ നിയമിക്കപ്പെട്ട യുവജനങ്ങളാണ് പദ്ധതിയുടെ ചങ്കും കരളും. കാർഷിക വിപണനത്തിനെന്ന പേരിലാണ് നിയമിക്കപ്പെട്ടതെങ്കിലും വിപണനത്തിനൊപ്പം കർഷകസ മൂഹത്തിന്റെ വിവിധ ആവശ്യങ്ങളിൽ തുണയെത്തിക്കാൻ ഇവർക്കു കഴിയുന്നു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകാൻ, വിത്തുകളും നടീൽവസ്തുക്കളും അന്വേഷിച്ചു കണ്ടെത്താൻ, നാട്ടിലില്ലാത്ത ഉൽപന്നങ്ങൾ മറ്റു ഗ്രാമങ്ങളിൽ നിന്നെത്തിക്കാൻ ...ഒക്കെ കർഷകമിത്രങ്ങളുടെ ശൃംഖലയ്ക്കു കഴിയുന്നു. കൃഷി മുടങ്ങിയ സ്ഥലങ്ങളിൽ പുന രാരംഭിക്കാനും, കൃഷിഭവനിൽനിന്നുള്ള അപേക്ഷാഫോറം വാങ്ങാനും ജൈവവള വും മറ്റ് ഉപാധികളും കണ്ടെത്താനും കർ ഷകമിത്രങ്ങൾ കൃഷിക്കാരെ സഹായിക്കുന്നുണ്ട്. 

 

ഇടത്തട്ടുകാരെ ഒഴിവാക്കി ചില്ലറവിപണിയിലെ നിരക്കിനൊത്ത വില നൽകുന്നുവെന്നത് പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. കൃഷിക്കാർ ആവശ്യപ്പെടുന്ന വില തന്നെ നൽകാനാണ് പരമാവധി ശ്രമിക്കുന്നതെന്ന് പാറളം പഞ്ചായത്തിലെ കർഷകമിത്ര സിബി പറഞ്ഞു. വീട്ടുവളപ്പുകളിൽനിന്നു വിപണിയിലെത്തിക്കുന്ന വിഷരഹിത പച്ചക്കറി വിശ്വസിച്ചു വാങ്ങാമെന്ന തിനാൽ കർഷകമിത്രങ്ങൾ ഉപഭോക്താക്കൾക്കും പ്രിയപ്പെട്ടവർ തന്നെ. 

 

karshakamitra22
സംഭരിച്ച കാർഷികോൽപന്നങ്ങളുമായി വിപണിയിലേക്ക്

തൃശൂർ ജില്ലയിൽ എഴുപതോളം കർഷകമിത്രങ്ങളാണുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, കംപ്യൂട്ടർ പരിജ്ഞാനമുള്ള യുവജനങ്ങളെയാണ് കർഷകമിത്രമായി നിയമിക്കുക. കർഷക കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണനയുമുണ്ട്. എന്നാൽ തൃശൂരിലെ കർഷകമിത്രങ്ങളിൽ പലരും ബിരുദവും ബിരുദാനന്തരബിരുദവുമുള്ളവരാണ്. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ നടത്തിയിരുന്നവരും അധ്യാപികമാരായി പ്രവർത്തിച്ചിരുന്നവരുമൊക്കെ കൃഷിക്കാരുടെ മിത്രങ്ങളായിക്കഴിഞ്ഞു. ഇവർക്കു പ്രതിഫലം 5000 രൂപ ഓണറേറിയമാണ്. കൂടാതെ, 5000 രൂപ വാഹനച്ചെലവുമുണ്ട്. വിറ്റഴിക്കുന്ന കാർഷികോൽപന്നങ്ങളുടെ വിലയിൽനിന്ന് മിതമായ തോതിൽ കമ്മീഷനും കിട്ടും. 

 

പഞ്ചായത്തുതലസമിതിയാണ് കമ്മീഷൻ നിശ്ചയിക്കുക. തുടക്കത്തിൽ എന്തെങ്കിലുമൊക്കെ ചെയ്തെന്നു വരുത്തി വേതനം വാങ്ങുകമാത്രമായിരുന്നു ലക്ഷ്യമെന്നു കർഷകമിത്ര സംഘത്തിന്റെ നേതാവ് കൂടിയായ പാണഞ്ചേരി സ്വദേശി സജീവ്കുമാർ പറഞ്ഞു. എന്നാൽ പതിവു ജോലിയെന്നതിലപ്പുറം സാമൂഹികസേവനത്തിനും കൂടി അവസരം നൽകുന്ന തസ്തികയാണ് കർഷകമിത്രയുടേതെന്നു തിരിച്ചറിഞ്ഞതോടെ എല്ലാവരുടെയും സമീപനത്തിൽ മാറ്റം വന്നു. നാട്ടിൻപുറങ്ങളിലെ കൃഷിക്കാരുമായി മറ്റാരെക്കാളും ഉറ്റ ബന്ധമാണ് തങ്ങൾക്കുള്ളതെന്നു ചാലക്കുടിയിലെ കർഷകമിത്ര സൗമ്യ ചൂണ്ടിക്കാട്ടി. 

 

സ്വന്തം പഞ്ചായത്തിലെ ഓരോ വീട്ടിൽനിന്നും എന്തൊക്കെ ഉൽപന്നങ്ങൾ കിട്ടാനിടയുണ്ടെന്ന് സർവേയുടെ അടിസ്ഥാനത്തിൽ ഓരോ കർഷകമിത്രവും ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് അവ കൃഷിയിടത്തിൽ ചെന്നു ശേഖരിക്കും. ഓരോ ദിവസവും വിൽക്കാമെന്ന് ഉറപ്പുള്ള അളവിൽ മാത്രമായിരിക്കും വാങ്ങുക. മറ്റു കച്ചവടക്കാർക്കായി ഉൽപന്നങ്ങൾ എടുത്തുനൽകുന്ന രീതി കർഷകമിത്ര പദ്ധതിയിലില്ല. ഇടത്തട്ടുകാരെത്തുന്നതോെട കൃഷിക്കാരനു പരമാവധി വില നൽകാനാവാതെ വരുമെന്നതുതന്നെ കാരണം. എങ്കിൽപോലും ദിവസവും 4000 രൂപയുടെവരെ കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്ന കർഷകമിത്രങ്ങളുണ്ടെന്നു സജീവ്കുമാർ പറയുന്നു. കൃഷിക്കാരിൽനിന്നു വാങ്ങുന്ന ഉൽപന്നങ്ങൾക്കുരൊക്കം പണം നൽകും. അഥവാ വിൽപന നടന്നില്ലെങ്കിലും ആ നഷ്ടം കൃഷിക്കാരൻ ഏറ്റെടുക്കേണ്ടിവരാറില്ല. 

 

നാടൻ കാർഷികോൽപന്നങ്ങൾ ആവശ്യപ്പെടുന്നവർക്ക് അവ വീടുകളിൽ നേരിട്ടെത്തിച്ചും കൃഷിഭവനുകൾ, പഞ്ചായത്ത് ഓഫിസുകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിലെ ചെറു വിൽപനശാലകൾ വഴിയുമാണ് വിപണനം. വിളവെടുത്ത് മണിക്കൂറുകൾക്കുള്ളിൽ അടുക്കളയിലെത്തിക്കാൻ കഴിയുന്നതിനാൽ കർഷകമിത്ര ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച നിലവാരം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഒരിക്കൽ വാങ്ങിയവർ ഇവരെ തേടിയെത്താറുണ്ട്. പതിവായി ഉൽപന്നങ്ങൾ നൽകുന്ന കൃഷിക്കാർക്ക് വിപണിയിൽ ഡിമാൻഡുള്ള ഉൽപന്നങ്ങളെക്കുറിച്ചും ജൈവ ഉൽപന്നങ്ങളുടെ സാധ്യതയെക്കുറിച്ചുമൊക്കെ അറിവു കൊടുക്കാനും വിഷരഹിത പച്ചക്കറി ഉൽപാദനത്തിനു മുൻഗണന നൽകാനുമൊക്കെ കർഷകമിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സജീവ്കുമാർ പറഞ്ഞു. 

 

ആഴ്ചയിൽ 2–3 ദിവസമെങ്കിലും കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകമിത്ര അവി ടെനിന്നുള്ള അറിയിപ്പുകൾ കർഷകരിലെ ത്തിക്കുകയും ചെയ്യുന്നു. ഒരു മാസം കുറ ഞ്ഞത് നൂറു കൃഷിക്കാരെയെങ്കിലും സന്ദർശിച്ചിരിക്കണമെന്നാണ് ഇവരോടു നിർദേശിച്ചിരിക്കുന്നത്. കാർഷികോൽപന്നങ്ങൾ മാത്രമല്ല ചാണകം, ചാരം, ജൈവവളക്കൂട്ടുകൾ തുടങ്ങി വിവിധ കാർഷികോ പാധികൾ ലഭ്യമാക്കുന്നതിനും ഇവർ സഹായിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പരസ്പരം ബന്ധപ്പെടുന്ന കർഷകമിത്രങ്ങളുടെ ശൃംഖല ഈ പദ്ധതിയുടെ കരുത്താണ്. ഒരു പ്രദേശത്ത് അധികമുള്ള ഉൽപന്നങ്ങൾക്ക് മറ്റു പലയിടങ്ങളിലും ആവശ്യക്കാരുണ്ടാകും. കർഷകമിത്ര ശൃംഖലയിലൂടെ അവ എത്തിക്കുമ്പോൾ ഉൽപാദകനും ഉപഭോക്താവിനും ഒരേപോലെ നേട്ടമായി മാറുന്നു. പിറന്നാൾ സദ്യ ജൈവഉൽപന്ന ങ്ങൾ മാത്രം ഉപയോഗിച്ചു നടത്തണമെന്ന് ആഗ്രഹിച്ച ഒരാൾക്ക് വേണ്ടത്ര ജൈവപച്ചക്കറികൾ തേടിപ്പിടിച്ചു കൊടുത്തത് കർഷകമിത്രങ്ങളായിരുന്നെന്നു സൗമ്യ ചൂണ്ടിക്കാട്ടി. ഒമ്പതുമാസം പ്രതിഫലമില്ലാതെ ജോലി ചെയ്ത ശേഷം അടുത്തകാലത്താണ് കർഷകമിത്രങ്ങൾക്ക് ഓണറേറിയം കിട്ടിത്തുടങ്ങിയത്. ചിലരൊക്കെ ഈ ജോലി ഉപേക്ഷിച്ചെങ്കിലും ഇതുവഴി ലഭിക്കുന്ന മാനസിക സംതൃപ്തിയാണ് ബാക്കിയുള്ളവരെ നിലനിറുത്തുന്നതെന്ന് ചാവക്കാട്ടെ കർഷകമിത്ര ലുബീന പറഞ്ഞു. 

 

സംസ്ഥാനത്തിനാകെ മാതൃകയാകു ന്ന പദ്ധതിക്ക് രൂപവും ഭാവവും നൽകുന്നത് തങ്ങളാണെന്ന ബോധ്യമാണ് കർഷകമി ത്രങ്ങളെ നയിക്കുന്നത്. ചട്ടങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും മൂക്കുകയറില്ലാത്തതിനാൽ പ്രായോഗികമായും ലളിതമായും മുന്നോട്ടുനീങ്ങാൻ സാധിക്കുന്നുണ്ട്. എന്നാൽ ഭാവിയിലും കാര്യങ്ങൾ ഇങ്ങനെ തു ടരുമോെയന്ന കാര്യത്തിൽ ചിലർക്കെങ്കി ലും ആശങ്കയുണ്ട്. രണ്ടു കാര്യങ്ങൾ ഉറപ്പാക്കിയാൽ ഈ ആശങ്കയ്ക്ക് അറുതിയാവും. 

1. ചെറുകിട കൃഷിക്കാരുടെ ഉൽപന്നങ്ങൾ പരമാവധി വാങ്ങിയ ശേഷം മാത്രം വാണി ജ്യകൃഷിയിടങ്ങളിൽനിന്നു സംഭരിക്കുക. 

2. കർഷകമിത്രങ്ങളെ ഉദ്യോഗസ്ഥരുെട സഹായികളായി കൃഷിഭവനുകളിൽ തളയ്ക്കാതിരിക്കുക. 

 

ഫോൺ: 9744432979 (സജീവ് കുമാർ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com