sections
MORE

കേരളത്തിലെവിടെയാണ് റൊട്ടിയുടെ വിത്തു കിട്ടുക?

HIGHLIGHTS
  • ആദിവാസികളുടെ പരമ്പരാഗതഭക്ഷ്യ വിഭവങ്ങളിലൊന്നാണ് ഇത്
Thayannamkudi1
SHARE

കേരളത്തിലെവിടെയാണ് റൊട്ടിയുെട വിത്തു കിട്ടുക? ഒരിടത്തുണ്ട്. ഇടുക്കി ജില്ലയിൽ മൂന്നാറിനും മറയൂരിനുമപ്പുറം ചിന്നാർ വന്യമൃഗ സങ്കേതത്തിലെ തായണ്ണൻകുടിയിൽ. റൊട്ടിയുടെ വിത്തെന്നുകേട്ടു ഞെട്ടരുത്, റൊട്ടിയെന്നാൽ ഒരിനം ചെറുധാന്യമാണെന്ന് അറിഞ്ഞോളൂ. ആദിവാസികളുടെ പരമ്പരാഗതഭക്ഷ്യ വിഭവങ്ങളിലൊന്ന്.

മറയൂരിനു സമീപം ചിന്നാർ വന്യമൃഗസങ്കേതത്തിനുള്ളിലാണ് തായണ്ണൻ കുടി. അരികിലൂടെ ഒഴുകുന്ന ചിന്നാർ പുഴ കടന്നാൽ തമിഴ്നാട്ടിലെത്താവുന്ന അതിർത്തി ഗ്രാമം. മുതുവാൻ വിഭാഗത്തിൽ പെടുന്ന 45 കുടുംബങ്ങൾക്ക് സർക്കാർ വീട് നിർമിച്ചു നൽകി താമസിപ്പിച്ചിരിക്കുകയാണിവിടെ. മലഞ്ചെരുവ് തട്ടുകളായി തിരിച്ച ശേഷം നിർമിച്ച വീടുകളുടെയും മറ്റ് പൊതു സൗകര്യങ്ങളുടെയും അവസ്ഥ താരതമ്യേന മെച്ചമാണ്. ഈ ഊരിലേക്കാണ് പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്നവർക്കുള്ള ദേശീയ അംഗീകാരമായ ജീനോം സേവിയർ അവാർഡ് ഇത്തവണ എത്തിയത്. 

ആദിവാസികളുടെ തനത് ഭക്ഷ്യവിഭവങ്ങൾ സംരക്ഷിച്ചു കൃഷി ചെയ്യുന്നതിനുള്ള അംഗീകാരമാണ് ഈ അവാർഡ്. വംശനാശത്തിലേക്കു നീങ്ങുകയായിരുന്ന 15 ഇനം ചെറുധാന്യങ്ങളും ചീരയിനങ്ങളും പയർവർഗങ്ങളും കേവലം മൂന്നു വർഷം കൊണ്ട് കണ്ടെത്തി സംരക്ഷിച്ച ‘പുനർജീവനം’ പദ്ധതിയിലൂടെയാണ് ഈ നേട്ടത്തിലേക്ക് അവർ എത്തിയത്. 

ആദിവാസിക്കുടികളിൽ പരിഷ്കാരത്തിന്റെ ‘ഗജ’യും ‘ഓഖി’യുമൊക്കെ ആഞ്ഞുവീശി പാരമ്പര്യനന്മകളെ പിഴുതെറിയുന്നതുകണ്ട് ആകുലചിത്തരായ ഒരു കൂട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അനിതരസാധാരണമായ ഈ വീണ്ടെടുപ്പിനു പിന്നിൽ. പരിഷ്കൃതലോകവുമായുള്ള വർധിച്ച സമ്പർക്കവും സർക്കാരിന്റെ സൗജന്യങ്ങളും ആദിവാസികളുടെ ഭക്ഷണക്രമം പാടെ മാറ്റിയിട്ടുണ്ട്. ഏതാനും ദശകം മുമ്പുവരെ കമ്പും തിനയും പനിവരകും കുതിരവാലിയുമൊക്കെ കൃഷി ചെയ്തു ഭക്ഷിച്ചിരുന്ന മുതുവാന്മാർ സൗജന്യമായി കിട്ടുന്ന റേഷനരി മാത്രം കഴിക്കേണ്ടിവന്ന സാഹചര്യമുണ്ടായി. പരമ്പരാഗത വിത്തിനങ്ങൾ മണ്ണിൽ വീഴാതെ കുടികളുടെ ഇറയത്തും ഇരുട്ടുനിറഞ്ഞ മൂലകളിലുമൊക്കെ ഉപേക്ഷിക്കപ്പെട്ടു കിടന്നു. പലതും നശിച്ചു. പകരം റേഷനരിയും മദ്യവുമൊക്കെ കുട്ടികളുടെപോലും വയറു നിറച്ചപ്പോൾ കുടികൾക്ക് അന്യമായിരുന്ന രോഗങ്ങളും പതിവുകാരായി. ആരോഗ്യപരിശോധനാ ക്യാമ്പുകളിൽ പ്രമേഹം, അമിത രക്തസമ്മർദം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കു ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അപകടം മണത്തത്. 

Thayanamkdy

വനമേഖലയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭക്ഷ്യവിഭവങ്ങൾ തേടിയിറങ്ങിയ അവർക്കു മുമ്പിൽ വലിയൊരു പട്ടിക തന്നെ നിരന്നു– റാഗിയും തിനയും വരകും മാത്രമല്ല, വെന്നിക്കിഴങ്ങും നൂറാനും കവലയും പച്ചമുട്ടിയും സിരകേപ്പയും റൊട്ടിയും മീങ്കണ്ണിയും മത്തനുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പേരിനെങ്കിലും അവശേഷിച്ചത് പച്ചമുട്ടി മാത്രമായിരുന്നു. നഷ്ടമാവുന്ന വിഭവങ്ങളെ തിരിച്ചു പിടിച്ചാൽ മാത്രമെ ആദിവാസികളുടെ ആരോഗ്യം സംരക്ഷിക്കാനാവൂ എന്ന തിരിച്ചറിവിനെ തുടർന്ന് പുനർജീവനം പദ്ധതിക്ക് വനംവകുപ്പ് രൂപം നൽകി. തുടക്കത്തിൽ തടസ്സങ്ങളേറെയായിരുന്നുവെന്ന് ചിന്നാർ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ട ഇനങ്ങൾ കണ്ടെത്തുകയെന്ന വെല്ലുവിളി കഠിനമായിരുന്നു. കുടികൾതോറും കയറിയിറങ്ങി മൺപാത്രങ്ങളിലും തുണിക്കെട്ടുകളിലുമൊക്കെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന എല്ലാ വിത്തുകളും ശേഖരിച്ചു. പലതിന്റെയും പേര് കുടികളിലുള്ളവർക്കുപോലും നിശ്ചയമില്ലായിരുന്നു. പല പേരുകളിൽ ഒരിനം കിട്ടാനുള്ള സാധ്യതയുമുണ്ടായിരുന്നു. എങ്കിലും ഒന്നും ഉപേക്ഷിച്ചില്ല. തായണ്ണൻകുടിയിലെ വിത്തുകൾ മാത്രമല്ല, അകലെയുള്ള ബന്ധുക്കളുടെ കുടികളിൽ നിന്നുപോലും വിത്തുകൾ എത്തി. കുടികളിലെ മൂപ്പന്മാരായ കാണികളുമായി വനം വകുപ്പുദ്യോഗസ്ഥർക്കുണ്ടായിരുന്ന നല്ല ബന്ധവും സ്വാധീനവും ഇക്കാര്യത്തിൽ നിർണായകമായി. ആദ്യവർഷം എട്ടിനം റാഗിവിത്ത് മാത്രമാണ് കിട്ടിയത്.

കിട്ടിയ വിത്തുകൾ അവ നൽകിയ കുടിയുടെ പേരിൽ തന്നെ സൂക്ഷിച്ചു. പല ഇനങ്ങളുടെയും അവസാനബീജമാണ് കൈവശമെത്തിയിരിക്കുന്നത്. മുളപ്പിച്ചു വിളവെടുത്തു വിത്താക്കിയാലേ അവയെ സംരക്ഷിക്കാനാവൂ. തായണ്ണൻ കുടിവക 15 സെന്റ് സ്ഥലം വനം വകുപ്പിന്റെ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി പാട്ടത്തിനെടുത്തു. അവിടെ ചെറുവാരങ്ങൾ വെട്ടി അവർ മാതൃശേഖരത്തിനുള്ള നഴ്സറി തയാറാക്കി. കിട്ടിയ വിത്തുകൾ സന്നദ്ധസേവകരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാകി. നനയും കളനീക്കലുമൊക്കെ കുടിയുടെ തലവനായ ചന്ദ്രൻ കാണിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു. വിത്തുകളുടെ അമൂല്യശേഖരത്തിനു കാവലാളായും കാണിയുണ്ടായിരുന്നു. മുളച്ചുപൊന്തിയ വിത്തുകൾ നിശ്ചിത വളർച്ചയെത്തിയപ്പോൾ മറയൂർ ഉൾപ്പെടുന്ന അഞ്ചുനാട്ടിലെ എല്ലാ കുടികളിൽനിന്നും കാണിമാരെ വിളിച്ചുകൂട്ടി. അവരോട് ഓരോന്നിന്റെയും പേരുകൾ പറയാൻ ആവശ്യപ്പെട്ടു. വർഷങ്ങളായി മറന്നുകിടന്ന തങ്ങളുടെ സ്വന്തം വിളകൾ കണ്ട് പലരും ആവേശഭരിതരായി– ക്രമേണ ഓരോന്നിന്റെയും പേരുകൾ അവർ പറഞ്ഞുതുടങ്ങി. കേട്ടവയെല്ലാം ഉദ്യോഗസ്ഥർ എഴുതിയെടുത്തു. വലിയൊരു പ്രയത്നത്തിന്റെ ഒരു ഘട്ടം അങ്ങനെ കഴിഞ്ഞു. ഒന്നാം ഘട്ടത്തിൽ 15 ഇനങ്ങളാണ് വീണ്ടെടുത്തത്. വീണ്ടെടുത്ത വിത്തുകൾ പരമാവധി വിത്താക്കി മാറ്റി മറ്റ്കുടികളിലും കൃഷിയിറക്കാനായി നൽകി. അടുത്ത വർഷവും ഇതേ പ്രക്രിയ ആവർത്തിച്ചു. കൂടുതൽ ആവേശത്തോടെ ആദിവാസികളും യത്നത്തിൽ പങ്കാളികളായി. മൂന്നു വർഷം പൂർത്തിയാകുമ്പോൾ പുനർജീവനം പദ്ധതിയിലൂടെ 23 ചെറുധാന്യങ്ങളും 16 തരം പയറിനങ്ങളും കിഴങ്ങുകളും വീണ്ടെടുക്കാൻ സാധിച്ചു. അതുല്യമായ ഈ നേട്ടത്തിനു പ്രോത്സാഹനവുമായി ദേശീയ ജൈവവൈവിധ്യബോർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ഇവിടം സന്ദർശിച്ചു. സംസ്ഥാനസർക്കാരിന്റെ പുര സ്കാരമായിരുന്നു ആദ്യ അംഗീകാരം. കാർഷിക സർവകലാശാലയിലെ ഡോ. സി. ആർ. എൽസിയുെട നേതൃത്വത്തിലുള്ള ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ജീനോം സേവിയർ അവാർഡിനു വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകിയത്. പുനർജീവനം പദ്ധതി വരും വർഷങ്ങളിൽ മറ്റ് വന്യജീവി സങ്കേതങ്ങളിലെ ആ ദിവാസിക്കുടികളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഭു പറഞ്ഞു. ഫോൺ: 8547603220

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA