തച്ചമ്പാറ തേൻഗ്രാമത്തിലെ തേൻവഴികൾ

HIGHLIGHTS
  • കർഷകർ ഒന്നാകെ തേനീച്ചക്കൃഷിയിലേക്കും തേൻവിപണിയിലേക്കും തിരിയുന്ന മധുരമുള്ള കാഴ്ച
thachampara2
തച്ചമ്പാറയിലെ തേനീച്ചക്കർഷകർ കൃഷി ഒാഫീസർ എസ് ചാന്ദ്നിക്കൊപ്പം. തച്ചമ്പാറ ഹണിയുമായി കര്‍ഷകൻ ബിജു ജോസഫും
SHARE

‘മറ്റു പലതും വച്ചു നോക്കുമ്പോൾ തേനാണ് ഇപ്പോൾ ലാഭം. രണ്ടു പശുവിനെ വളർത്തുന്നതിനെക്കാൾ മെച്ചമുണ്ട് അമ്പതു പെട്ടി വൻതേനീച്ച വളർത്തിയാൽ. തേനീച്ചക്കോളനികൾ പെരുകിയതോടെ പച്ചക്കറിയും തെങ്ങും ഉൾപ്പെടെയുള്ള വിളകളിൽ പരാഗണം കൂടുകയും വിളവ് 25–30 ശതമാനം കണ്ടു വർധിക്കുകയും ചെയ്തതു മറ്റൊരു നേട്ടം. മുമ്പ് എന്റെ കൃഷിയിടത്തിൽ തെങ്ങിന്റെ ശരാശരി വാർഷിക ഉൽപാദനം 150 തേങ്ങയായിരുന്നെങ്കിൽ ഇപ്പോഴത് 200 വരെ എത്തുന്നു’’, തച്ചമ്പാറയിലെ പ്രമുഖ കർഷകനും കേരകേസരി അവാർഡ് ജേതാവുമായ എടാട്ടുകുന്നേൽ ബിജു ജോസഫിന്റെ വാക്കുകൾ. 

ബിജുവിനെപ്പോലെ തേനീച്ചക്കൃഷിയിലേക്കു ശ്രദ്ധ കൊടുക്കുന്ന ഒട്ടേറെ കർഷകരുണ്ട് ഇന്നു തച്ചമ്പാറയിൽ. വൻതേനീച്ചയ്ക്കായിരുന്നു എന്നും പരിഗണന. എന്നാൽ വിലയും മൂല്യവും കൂടുതലുള്ള ചെറുതേൻ ഉൽപാദനത്തിലേക്കു തിരിയുന്നവരുടെ എണ്ണം ഇന്ന് ഏറിയിട്ടുണ്ട്. ഇക്കാര്യത്തിലും മുന്നിലുണ്ട് തച്ചമ്പാറയിലെ കൃഷിക്കാർ. 

തേൻവഴികൾ 

കാർഷികഗ്രാമമാണ് തച്ചമ്പാറ, അതുകൊണ്ടുതന്നെ സമ്മിശ്രക്കൃഷിയിടങ്ങളിലെല്ലാം രണ്ടോ മൂന്നോ വൻതേനീച്ചപ്പെട്ടി പരിപാലിക്കുന്നത് പണ്ടേയുള്ള ശീലം. 2012– ’13ൽ ആത്മപദ്ധതിയുടെ ഭാഗമായി മാതൃകാപഞ്ചായത്ത് വിജ്ഞാനവ്യാപന പദ്ധതി നടപ്പാക്കിയപ്പോൾ കൃഷിഭവന്റെ കീഴിൽ രൂപീകരിച്ച 23 ക്ലസ്റ്ററുകളിൽ രണ്ടെണ്ണം തേനീച്ചക്കൃഷിക്കായിരുന്നു. വൻതേനീച്ചക്കർഷകർക്കായി മധുരിമ എന്ന പേരിലും ചെറുതേനീച്ചക്കാര്‍ക്കായി അമൃത എന്ന പേരിലും രൂപീകരിച്ച കൂട്ടായ്മകളിൽ നിന്നാണു തച്ചമ്പാറയുടെ ഇന്നത്തെ വരുമാനമധുരത്തിന്റെ തുടക്കമെന്ന് കൃഷി ഒാഫിസർ എസ്. ചാന്ദ്നി. 

ഒരേ മനസ്സോടെ പ്രവർത്തിച്ച കർഷകർ കൃഷിഭവന്റെ പിന്തുണയോടെ തച്ചമ്പാറയിൽ ഒട്ടേറെ തേനീച്ചക്കൃഷി പരിശീലനക്ലാസുകൾ നടത്തി. കർഷക കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമെല്ലാം ഉൽസാഹപൂർവം ക്ലാസ്സിലെത്തി. ഇന്ന് കോളനി പിരിക്കലും റാണിെസല്ലുകൾ മാറ്റിവയ്ക്കലും തേനെടുക്കലുമെല്ലാം വീട്ടമ്മമാർ അനായാസം കൈകാര്യം ചെയ്യുന്നു. തേ നുൽപാദനം വർധിച്ചതോടെ വിപണനത്തിന് ഇക്കോഷോപ്പും തുടങ്ങി. വിളസമൃദ്ധമായ ഗ്രാമത്തിൽനിന്നു ലഭിക്കുന്ന ഗുണമേന്മയുള്ള തേനിന് ആവശ്യക്കാർ കൂടിയതോടെ തച്ചമ്പാറ തേൻഗ്രാമമായി വളർന്നു.

നേട്ടം എല്ലാവർക്കും 

തേനും തേനീച്ചക്കോളനികളുമെല്ലാം വിറ്റ് മികച്ച വരുമാനം നേടുന്ന ഒട്ടേറെ കർഷകരുണ്ട് ഇന്ന് ഈ ഗ്രാമത്തിൽ. ശിരുവാണി ഹണി എന്ന പേരിൽ ബ്രാൻഡ് ചെയ്തു വിൽക്കുന്ന ബിജു തന്നെ ഉദാഹരണം. നാ ലു വർഷം മുമ്പ് തുടങ്ങി കഴിഞ്ഞ വർഷം മാത്രം നാലു ടൺ വൻതേൻ ഉൽപാദിപ്പിച്ച, മധുരിമ ക്ലസ്റ്ററിന്റെ പ്രസിഡന്റ് കൂടിയാ യ ബിജുവിന്റെ വഴിയിൽ വേറെയും കർഷകർ. കർഷകരിൽനിന്നു ന്യായവില നൽകി സംഭരിച്ച് ഇക്കോ ഷോപ്പ് വഴിയും കാർഷികമേളകളിലെ സ്റ്റാൾ വഴിയും വിപണി കൂടുതൽ വിശാലമാക്കുന്നു ഇവർ. മേളകളിലേക്കു ഹണിക്കോളയും ഹണിവാക്സും പോലുള്ള മൂല്യവർധിത ഉൽപന്നങ്ങളും തയാറാക്കും. 

സീസണിൽ തോട്ടങ്ങളിൽ പെട്ടികൾ വച്ച് തേൻ കൊണ്ടുപോകുന്ന തമിഴ്നാട്ടുകാർ ഇവിടെയുമുണ്ട്. തെങ്ങ് ഏറെയുള്ളതിനാൽ തേൻ ലഭ്യത കൂടുതൽ. സീസൺ നീണ്ടുകിട്ടും എന്നതും അനുകൂല ഘടകം. ഈ നേട്ടം നാട്ടുകാർക്കു കൂടി ലഭിക്കട്ടെ എന്നു തച്ചമ്പാറക്കാർ. എന്നു മാത്രമല്ല, തച്ചമ്പാറ ഹണി ഗുണമേന്മയിൽ മുന്നി ലെന്നും കൃഷിക്കാർ. തമിഴ്നാട്ടുകാർ കൂടു തൽ ലാഭം നോക്കി സീസണിൽ 5 ദിവസം കൂടുമ്പോൾ തേനെടുക്കുമെങ്കിൽ 7–8 ദിവസമാണ് തച്ചമ്പാറക്കാരുടെ ഇടവേള. അതുവഴി തേനിന്റെ മേന്മ വർധിക്കും. ചുരുങ്ങിയത് പത്തു കിലോ മുതൽ, നന്നായി പരിപാലിച്ച് ഇരുപതു കിലോ വരെ തേൻ ഒരു പെട്ടിയിൽനിന്നു നേടുന്ന വൻ തേനീച്ചക്കർഷകർ ഇവിടെയുണ്ട്്. വൻ തേൻ കിലോയ്ക്ക് 325 രൂപയും ചെറുതേൻ കിലോയ്ക്ക് 2000 രൂപയുമാണ് തച്ചമ്പാറ ഹണിയുടെ വില. തേനീച്ചവളർത്തൽ സുസ്ഥിര വരുമാനം നൽകുന്ന സംരംഭം എന്ന നിലയ്ക്ക് സ്വീകരിച്ചിരിക്കുന്നു ഇന്ന് തച്ചമ്പാറയിലെ മുപ്പതു ശതമാനം കർഷക കുടുംബങ്ങളും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് നൂറു ശതമാനമാക്കുകയാണ് ലക്ഷ്യമെന്നു ബിജു. 

ഫോൺ: 9747214413 (ബിജു ജോസഫ്)

thachampara1
ചെറുതേനീച്ചപ്പെട്ടിയുമായി ജിജി

ചെറുതല്ല മധുരം

തച്ചമ്പാറയിലെ ചെറുതേനീച്ചക്കർഷകരിൽ മുൻനിരയിലുണ്ട് ചൂട്ടുവേലിൽ ജിജി ചാക്കോ എന്ന ചെറുപ്പക്കാരൻ. ജോലിവിട്ട് ചെറുതേനീച്ചക്കൃഷിയിലെത്തിയ ജിജി ഇന്നു വർഷം 80–90 കിലോ ചെറുതേൻ ഉൽപാദിപ്പിക്കുന്ന കർഷകൻ. ഒരു പെട്ടിയിൽ നിന്നു ശരാശരി 350 ഗ്രാം ചെറുതേനാണ് സാധാരണഗതിയിൽ ലഭിക്കുക. വിളവെടുപ്പു വർഷത്തിൽ ഒന്നു മാത്രം.എന്നാൽ സീസണിൽ രണ്ടു തവണ വിളവെടുക്കുകയും അതുവഴി മികച്ച കോളനികളിൽനിന്ന് ഒരു കിലോവരെ തേൻ നേടുകയും ചെയ്യുന്നു ജിജി. 

വൻതേനീച്ചപ്പെട്ടികൾ റബർത്തോട്ടങ്ങളിലും തെങ്ങിൻതോപ്പുകളിലുമാണു സ്ഥാപിക്കുകയെങ്കിൽ പൂച്ചെടികൾ കൂടുതലുള്ള വീട്ടുവളപ്പുകളിലാണ് ചെറുതേനീച്ചക്കോളനികൾ വയ്ക്കുക. കാലവർഷം കഴിഞ്ഞ് കോളനികൾ പിരിക്കും. പഴയ വീ ടുകൾ പൊളിക്കുമ്പോഴും പഴയ വൈദ്യുതി മീറ്ററുകൾ മാറ്റുമ്പോഴുമെല്ലാം അവയ്ക്കു ള്ളിലെ കോളനികൾ എടുക്കാനായി പരി ചയക്കാർ ജിജിയെ വിളിക്കും. അങ്ങനെയും സ്വന്തമാവും ഏറെ കോളനികൾ. ഒരു പെട്ടിയിൽനിന്നുതന്നെ നാലും അഞ്ചും കോളനികൾക്കുള്ള ഈച്ച ലഭിക്കുന്ന സന്ദർഭങ്ങളുണ്ടെന്ന് ജിജി. പെട്ടിയുടെ പ്രവേശനദ്വാരത്തിൽ ചില്ലുകുപ്പി വച്ച് അതിലേക്ക് ഈച്ചകളെ കയറ്റി അവയെ റാണി ഈച്ചയോ റാണി സെല്ലോ ഉൾപ്പെടെ പുതിയ പെട്ടിയിലേക്കു മാറ്റിയാണ് കോളനി പിരിക്കൽ. തേനിനൊപ്പം ചെറുതേനീച്ചക്കോളനികൾ വിറ്റും നല്ല വരുമാനം നേടുന്നു ഈ കർഷകൻ. 

thachampara3

വിജയ റാണി 

പുതിയ കോളനികൾ പിരിക്കുമ്പോൾ അതിലേക്കുവയ്ക്കുന്ന റാണി സെല്ലുകൾ നശിച്ചുപോകുന്നതും പുതിയ റാണിസെല്ലിനെ തേനീച്ചകൾ സ്വീകരിക്കാതെ വന്ന് കോളനികൾ പരാജയപ്പെടുന്നതും അപൂർവമല്ല. അതിന് തച്ചമ്പാറക്കാരുടെ പരിഹാരം വിശദമാക്കുന്നു ബിജു. ഒരു കൂടിനുള്ളിൽത്തന്നെ 10–15 റാണി സെല്ലുകളുണ്ടാവും. ഇവ ഒാരോന്നിനെയും ഒാരോ ചെറു ബോക്സിലാക്കി കൂട്ടിൽത്തന്നെ വയ്ക്കുന്നു. റാണികൾ വിരിഞ്ഞു കഴിഞ്ഞാൽ അവ പരസ്പരം നശിപ്പിക്കുന്ന രീതിയുണ്ട്. അടുത്തടുത്ത ബോക്സുകളിൽ തമ്മിൽ കാണാതെ കഴിയുന്നതിനാൽ ആ പ്രശ്നം ഒഴിവാകും. ഇവയ്ക്ക് ഈ ബോക്സിൽനിന്നു പുറത്തേക്കിറങ്ങി രക്ഷപ്പെടാനാവില്ല. അതേസമയം മറ്റ് ഈച്ചകൾ ഇവയ്ക്ക് ഭക്ഷണമെത്തിക്കുകയും ചെയ്യും. കോളനികൾ പിരിക്കുമ്പോൾ ഈ റാണികളെ ഒാരോ കോളനിയിലും വയ്ക്കാം. പുതിയ കോളനികൾ പരാജയപ്പെടാനുള്ള സാധ്യത ഇതോടെ തീരെക്കുറയുമെന്നു ബിജു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA