ADVERTISEMENT

കേരളീയസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ് വറ്റലുകൾ. വീടുകളിൽ ദൈനംദിന വിഭവങ്ങളിലും ഇന്നു വറ്റലുകൾ ഇല്ലാതെ വയ്യ. ഒരേ ഇനംകൊണ്ടുള്ള വറ്റലിനു തന്നെ രൂപത്തിലും രുചിയിലും പ്രാദേശികമായി വ്യത്യാസമുണ്ട്. പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങി മിക്ക പച്ചക്കറികളും വറ്റലുണ്ടാക്കാന്‍ പറ്റിയവയാണ്. 

 

പച്ചക്കറികളുടെ വിളവെടുപ്പുകാലത്ത് മതിയായ വില ലഭിക്കാതിരുന്നാൽ വറ്റലുകൾ ഉണ്ടാക്കുന്നതാണ് മെച്ചം. ചുരുങ്ങിയ മുടക്കുമുതലിൽ നടത്താവുന്ന സംരംഭമാണിത്. വറ്റലുകൾ കൂടാതെ, കൊണ്ടാട്ടം, വടക്, പപ്പടം എന്നിവയ്ക്കും മികച്ച സംരംഭ സാധ്യതയാണുള്ളത്.

 

ലളിതമായ നിർമാണരീതി, ചെലവു കുറഞ്ഞ പായ്ക്കിങ്, ദീർഘമായ സൂക്ഷിപ്പുഗുണം, വിപണിയിൽ നിത്യവും ഡിമാൻഡ് എന്നിവയും ഈ സംരംഭത്തിന്റെ മെച്ചങ്ങള്‍. ഇതൊക്കെയാണെങ്കിലും വറ്റലിന്റെ പെരുമയും കൈപ്പുണ്യവും പാലക്കാട്ടുകാർക്കു സ്വന്തം. പച്ചക്കറിലഭ്യതയും വരണ്ട കാലാവസ്ഥയും വറ്റൽ നിർമാണത്തിന്റെ കേന്ദ്രമായി പാലക്കാടിനെ മാറ്റിയിരിക്കുന്നു. വിപണിയിൽ വിലപേശാൻ മെനക്കെടാതെ പാലക്കാടൻ കർഷകർ തങ്ങളുടെ പാവയ്ക്കയും പയറും വെണ്ടയ്ക്കയുമൊക്കെ വറ്റലുകളാക്കി വിപണനം നടത്തുന്നു. പച്ചക്കറി സുലഭമായ വേനൽക്കാല (ഫെബ്രുവരി, മാർച്ച്) മാണ് വറ്റല്‍ നിർമാണകാലം. മഴക്കാലത്ത് ചെറു ഡ്രയറുകളുപയോഗിച്ചും സംരംഭം നടത്താം.

 

വറ്റലുകൾ

 

പച്ചക്കറികൾ യോജ്യമായ വലുപ്പത്തിൽ അരിഞ്ഞ് പച്ചയ്ക്കോ ആവിയിൽ വേവിച്ചോ മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് ഉണക്കിയെടുക്കുന്നതാണ് വറ്റലുകൾ. മുളക്, പാവയ്ക്ക, വെണ്ടയ്ക്ക, കൊത്തമര, പയർ, പടവലങ്ങ, ചേമ്പിൻതാള് എന്നിവയെല്ലാം വറ്റലുകളാക്കാം. താമരത്തണ്ട്, ചുരയ്ക്ക, മണിത്തക്കാളി എന്നിവയും നന്ന്. 

 

പച്ചക്കറികൾ വിൽപനയ്ക്ക് ഒരുക്കുമ്പോൾ അവ തരംതിരിക്കുന്ന പതിവുണ്ട്. കാഴ്ചയ്ക്കു ഭംഗി കുറഞ്ഞ പച്ചക്കറികൾ കച്ചവടക്കാര്‍ നിരസിക്കും. ഇവ കര്‍ഷകര്‍ക്കു വറ്റലാക്കാം. കീടനാശിനി /കുമിൾനാശിനി സാന്നിധ്യമുള്ള പച്ചക്കറികൾ ഉപ്പ്, മഞ്ഞൾപൊടി, പുളിവെള്ളം എന്നിവ ചേർത്ത് തയാറാക്കുന്ന ലായനിയിൽ അര മണിക്കൂറെങ്കിലും മുക്കിവച്ചതിനുശേഷം ഓരോ പച്ചക്കറിയും യോജ്യമായ വലുപ്പത്തിൽ മുറിക്കണം. തുടർന്ന് ഇവ വാട്ടിയെടുത്തതിനുശേഷം ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ആവശ്യാനുസരണം ചേർത്ത് ജലാംശം പൂർണമായും മാറുന്നതുവരെ ഉണക്കിയെടുക്കണം. കിലുങ്ങുന്ന ശബ്ദം കേൾക്കുന്നതുവരെ ഉണക്കുന്നതാണ് ശരിയായ പാകം. പിന്നീട് ഇവ വലിയ സംഭരണികളിൽ സൂക്ഷിച്ച്, ആവശ്യാനുസരണം ചെറുപായ്ക്കറ്റുകളിലാക്കി വിപണനം നടത്താം. പാവയ്ക്കപോലുള്ള പച്ചക്കറികൾ വാട്ടിയെടുക്കാതെ നേരിട്ടും ഉണക്കിയെടുക്കാം.

 

കൊണ്ടാട്ടം 

 

കുതിർത്ത് അരച്ചെടുത്ത അരി, ചോറ് എന്നിവയിൽനിന്നു തയാറാക്കുന്നതാണ് കൊണ്ടാട്ടം. കുതിർത്ത് അരച്ചെടുത്ത അരിമാവ് പുളിപ്പിച്ചതിനുശേഷം കുറുക്കിയെടുത്ത് ആവശ്യാനുസരണം ഉപ്പ്, ജീരകം, എള്ള് എന്നിവ ചേർത്ത് ഷീറ്റിൽ അൽപ്പാൽപമായി കോരിയൊഴിച്ച് ഉണക്കിയെടുത്ത് അരിക്കൊണ്ടാട്ടവും അരിമാവ് കുറുക്കിയതിനൊപ്പം വേവിച്ച് അരച്ചെടുത്ത വാഴപ്പിണ്ടി ചേർത്ത് പിണ്ടിക്കൊണ്ടാട്ടവും ഉണ്ടാക്കാം. 

 

വടക്

 

വയനാടൻ വിഭവമാണ് വടക്. വെള്ളരിവർഗ പച്ചക്കറികളായ മത്തൻ, കുമ്പളം, വെള്ളരി, ചുരയ്ക്ക എന്നിവയെല്ലാം വടക് ഉണ്ടാക്കാൻ യോജ്യമാണ്. വറുത്ത് നേർമയായി പൊടിച്ചെടുത്ത അരിയിലേക്ക് കാന്താരിമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ജീര കം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ചീകി വേവിച്ച കുമ്പളങ്ങ / വെള്ളരി / ചുരയ്ക്ക / വേവിച്ച് ഉടച്ചെടുത്ത മത്തൻ (ഏതെങ്കിലും ഒന്ന്) ചേർത്ത് അരിപ്പൊടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉണക്കിയെടുക്കുന്നു. (പുഴുക്കലരി 500 ഗ്രാം, പച്ചക്കറി – ഒരു കിലോ, കാന്താരി / പച്ചമുളക് – 50 ഗ്രാം, ചെറിയ ഉള്ളി – 200 ഗ്രാം, ജീരകം – 2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്). നന്നായി ഉണക്കിയെടുത്ത വടക് ഒരു വർഷം വരെ സൂക്ഷിച്ചു വയ്ക്കാം. ഇത് വറുത്ത് കറിയായും ലഘുഭക്ഷണമായും ഉപയോഗിക്കാം. വറുക്കുന്നതിന് എണ്ണ അൽപം മതി. ഇടിയൻ ചക്ക വേവിച്ച് ഉടച്ചെടുത്തും വടക് തയാറാക്കാം. ഇടിച്ചക്കയിൽ അരി പ്പൊടി ചേർക്കണമെന്നില്ല.

 

ചക്ക, കപ്പ എന്നിവ വേവിച്ച് അരച്ചെടുത്ത മാവുകൊണ്ട് ഉണ്ടാക്കാവുന്ന പപ്പടങ്ങൾക്കും വിപണിയിൽ ഏറെ സ്വീകാര്യതയുണ്ട്. ജനുവരി മുതൽ ഏപ്രിൽ പകുതി വരെ ഇത്തരം ഉൽപന്നങ്ങൾ തയാറാക്കാം.

 

മഴക്കാലത്തും വറ്റലുകൾ, കൊണ്ടാട്ടം, പപ്പടം, വടക് എന്നീ വിഭവങ്ങൾ തയാറാക്കാനായാൽ നമ്മുടെ കാർഷികോൽപന്നങ്ങൾ നശിച്ചു പോകുന്നത് ഒഴിവാക്കാം. ഇവയ്ക്കു കൂടുതൽ വില നേടുകയും ചെയ്യാം. അതിന് ചെറുകിട ഡ്രയർ ആവശ്യമാണ്. പച്ചക്കറികൾ ആവശ്യാനുസരണം നുറുക്കിയെടുക്കുന്നതിനു സ്ലൈസർ, ആവിയിൽ വാട്ടിയെടുക്കുന്നതിനു സ്റ്റീമർ എന്നിവ കൂടി ഉണ്ടെങ്കിൽ സംരംഭം ലാഭകരമായി നടത്താം. സൂക്ഷിച്ചുവയ്ക്കാൻ രാസസംരക്ഷകങ്ങൾ ചേർക്കേണ്ടതില്ല. വിപണിയിലെത്തിക്കാൻ ചെലവേറിയ പായ്ക്കിങ്ങും വേണ്ടിവരില്ല, കുടുംബാംഗങ്ങൾക്കോ കർഷക കൂട്ടായ്മകൾക്കോ ചുരുങ്ങിയ മൂലധനം ഉപയോഗിച്ച് ആരംഭിക്കാവുന്ന സംരംഭമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com