ADVERTISEMENT

സ്വന്തമായി കാടുണ്ടാക്കി കൊടുക്കപ്പെടും എന്നൊരു പരസ്യം കണ്ടാൽ ആരും തിരിച്ചു ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്– അതിപ്പോ, കാട് തനിയെ ഉണ്ടാവുകയല്ലേ എന്ന്. പ്രത്യേകിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടല്ലല്ലോ കാടുകളുണ്ടാവുന്നത്. ആരും ഒന്നും ചെയ്യാതിരിക്കുമ്പോൾ തനിയേയുണ്ടാവുന്ന കാടുകളാണ് നാം കണ്ടിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്തെ ഓർഗാനിക് ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാടുണ്ടാക്കി നൽകുകയാണിപ്പോൾ. വെറും കാടല്ല, മിയവാക്കി വനമാണ് തങ്ങളുണ്ടാക്കുന്നതെന്നു സൊസൈറ്റി സെക്രട്ടറി ചെറിയാൻ മാത്യു. ആരെങ്കിലുമൊക്കെ പ്രവർത്തിച്ചാൽ മാത്രമുണ്ടാവുന്ന കൃത്രിമ– സ്വാഭാവിക വനങ്ങളാണിവ. പുരയിടങ്ങളിലും സ്ഥാപനങ്ങളുെട കാമ്പസിലുമൊക്കെയാവാം ഇത്. അരസെന്റിലും ഒരു സെന്റിലുമൊക്കെ ഉയരമേറിയ വൃക്ഷങ്ങളാൽ നിബിഡമായ കാട്. കേരളത്തിലെ കാവുകളുെട ജാപ്പനീസ് പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപനില കുറയ്ക്കുന്നതിനും സഹായകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കിയുെട ആശയമാണ് ഇത്തരം കാടുകൾ. പ്രാദേശിക ആവാസവ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുെട വൈവിധ്യമേറിയ ശേഖരമാണത്. തൊണ്ണൂറു പിന്നിട്ട മിയാവാക്കി ഇതിനകം 1700 ഇടങ്ങളിലായി നാലുകോടി സസ്യങ്ങൾ വച്ചുപിടിപ്പിച്ചെന്നാണ് കണക്ക്. സ്വാഭാവിക വനങ്ങളോടു കിടപിടിക്കുന്ന കാടുകൾ വളരെ കുറഞ്ഞ കാലം കൊണ്ട് നഗരമേഖലയിൽ സൃഷ്ടിക്കാൻ മിയാവാക്കി ശൈലി സഹായിക്കുന്നു. 

Akira-Miyawaki
അകിരാ മിയാവാക്കി

 

തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ചനിരക്കാണ് മിയാവാക്കി വനങ്ങളുെട സവിശേഷത. ശരാശരി 10–15 വർഷംകൊണ്ട് 150 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്കു തുല്യമായ ഒരു കാട് രൂപപ്പെടുത്താൻ ഇതുവഴി സാധിക്കും. ചെടി നടുന്നതിലെ പ്രത്യേകതകളാണ് കാരണം. ഒരു ചതുരശ്രമീറ്ററിൽ 3–4 ചെടികളാണ് വേണ്ടത്. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൻമരങ്ങൾ എന്നിവ ഇടകലർത്തി നടുന്നതുവഴി വനത്തിനുള്ളിൽ പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. ഇവ ഇത്രയധികം അടുപ്പിച്ചുനടുന്നത് ശരിയാണോെയന്നു സംശയിക്കുന്നവരുണ്ട്. ഒട്ടും സംശയം വേണ്ടെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചെറിയാൻ പറയുന്നു. സൂര്യപ്രകാശത്തിനു വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരാൻ ചെടികൾ ശ്രമിക്കും.

 

ഓരോ സ്ഥലത്തും സ്വാഭാവികമായി വളർന്നിരുന്ന ചെടികളും മറ്റും കണ്ടെത്തിയാവണം മിയാവാക്കി വനം സൃഷ്ടിക്കേണ്ടത്. തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടീൽ മിശ്രിതം നിറയ്ക്കുന്നു. ചട്ടികളിൽ‍ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് ഒരു മാസത്തോളം സൂക്ഷിക്കും. അവിടത്തെ സൂക്ഷ്മകാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണിത്. തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടീൽമിശ്രിതം നിറച്ചശേഷമാണ് തൈകൾ നടുക. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്യ അളവിൽ കൂട്ടിച്ചേർത്താണ് നടീൽമിശ്രിതമുണ്ടാക്കുന്നത്. ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് വനം വച്ചുപിടിപ്പിക്കാൻ 3500 രൂപ ചെലവാകും. കേരളത്തിൽ വളരുന്ന തദ്ദേശ ഇനം സസ്യങ്ങൾ മാത്രമാണ് വനമുണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് ചെറിയാൻ പറഞ്ഞു. അപൂർവഔഷധസസ്യങ്ങൾക്കും വംശനാശത്തിലേക്കു നീങ്ങുന്ന മരങ്ങൾക്കുമൊക്കെ മുൻഗണന നൽകും. തൈകൾ നടുന്നതിനൊപ്പം ചുറ്റും ജൈവപുത നൽകാനും ശ്രദ്ധിക്കുന്നു. 

 

ഉടമസ്ഥർ ആവശ്യപ്പെടുകയാണെങ്കിൽ വൃക്ഷത്തൈകളുെട പരിപാലനച്ചുമതല സൊസൈറ്റി ഏറ്റെടുക്കും. സ്വയം കാടു നട്ടു പിടിപ്പിക്കാമെന്ന് ആത്മവിശ്വാസമുള്ളവർക്ക് വൈവിധ്യമുള്ള സസ്യങ്ങൾ മാത്രമായി എത്തിച്ചുകൊടുക്കുകയും ചെയ്യും. കാടു വളർത്തിയാൽ പാമ്പു വരില്ലേയെന്ന ചോദ്യത്തിനും സൊസൈറ്റി പ്രവർത്തകർക്ക് മറുപടിയുണ്ട്. നൈലോൺ വല ഉപയോഗിച്ചു വേലി കെട്ടിയാൽ പിന്നെ പാമ്പിനെ പേടിക്കേണ്ടതില്ല. തിരുവന ന്തപുരത്തും മൂന്നാറിലുമായി നാല് മിയാവാക്കി വനങ്ങൾ സൊസൈറ്റി കേരളത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞെന്ന് ചെറിയാൻ പറഞ്ഞു. സർക്കാർ ഭൂമിയിൽ മാത്രമല്ല, സ്വകാര്യഭൂമിയിലും ഇത്തരം വനങ്ങളുണ്ടാക്കാൻ താൽപര്യമുള്ളവരുണ്ട്. തിരുവനന്തപുരം പുളിയറക്കോണത്ത് ബിസിനസുകാരനായ എം.ആർ. ഹരി കുമാറിന്റെ കൃഷിയിടത്തിലാണ് സൊസൈറ്റി ആദ്യത്തെ മിയാവാക്കി വനം സ്ഥാപിച്ചത്. ഒരു വർഷത്തിനകം ഇവിടുത്തെ മര ങ്ങൾ 17 അടി വരെ വളർന്നുകഴിഞ്ഞു. സുനാമിയെ പ്രതിരോധിക്കുന്നതിന് ജപ്പാൻകാർ കടൽത്തീരത്ത് മിയാവാക്കി ശൈലിയി ലുള്ള വനങ്ങളാണ് വച്ചുപിടിപ്പിക്കുന്നതെന്ന് ഹരികുമാർ ചൂണ്ടി ക്കാട്ടി. കനകക്കുന്നിൽ ടൂറിസം വകുപ്പ് ഏൽപിച്ച 5 സെന്റിലും വനം പൂർത്തിയായിക്കഴിഞ്ഞു. ഫോൺ: 6238308328

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com