ADVERTISEMENT

നാടിനു വേണ്ട ചോറുണ്ടാക്കുന്ന കുട്ടനാടൻ പാടങ്ങൾ നമുക്ക് പരിചിതമാണ്. എന്നാലിതാ, ആലപ്പുഴ പൂപ്പള്ളി പയ്യമ്പള്ളിൽ അനിൽകുമാറിന്റെ പാടത്ത് ചോറിനൊപ്പം കറിയും തയാർ– ചീരയും കാബേജും പയറും വെണ്ടയ്ക്കയും മുളകുമൊക്കെ ഈ പാടവരമ്പത്തുനിന്ന് ചുമലിലേറ്റി എത്തിക്കുകയാണ് അനിലും കൂട്ടുകാരും. പാലക്കാടൻ പാടങ്ങളിൽ മാത്രം കണ്ടിരുന്ന വരമ്പുകൃഷിയിലൂെട പോഷകസമൃദ്ധിയുെട പുതുവഴികൾ കുട്ടനാട്ടുകാരെ പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. 5ഏക്കർ പാടത്ത് രണ്ടു കൃഷിയിലായി ശരാശരി 25 ടൺ നെല്ല് ഉൽപാദിപ്പിക്കുന്ന അനിലിന് കൃഷിക്കൊപ്പം കരാർ ജോലികളുടെ നടത്തിപ്പുമുണ്ട്. 

 

kuttand2

‌ഏതാനും വർഷം പാടവരമ്പത്ത് ചെ ണ്ടുമല്ലി കൃഷി ചെയ്ത പരിചയമാണ് അനിലിനെ പച്ചക്കറി കൃഷിയിലേക്കു നയിച്ചത്. കഴിഞ്ഞ വർഷക്കൃഷിയുടെ സമയത്ത് ചെണ്ടുമല്ലിയുെട വിത്ത് കിട്ടാൻ വൈകുകയും വില കൂടുകയും ചെയ്തപ്പോൾ പൂക്കൃഷിയോടു താൽപര്യം കുറഞ്ഞു. അപ്പോഴാണ് വീയപുരത്തെ വിത്തുൽപാദനകേന്ദ്രത്തിൽ നിന്നു പച്ചക്കറിവിത്തുകൾ കിട്ടിയത്. നല്ല രീതിയിൽ വളർന്നുവന്ന പച്ചക്കറി വിളകൾ പക്ഷേ മഹാപ്രളയത്തിൽ പൂർണമായി നശിച്ചു. പ്രളയശേഷം വീണ്ടും കൃഷി തുടങ്ങിയപ്പോൾ അനിൽ പച്ചക്കറിവിളകളെ ഉപേക്ഷിച്ചില്ല.

 

വിതയ്ക്കു മുന്നോടിയായി വരമ്പുണ്ടാക്കുമ്പോൾതന്നെ വരമ്പുകൃഷിക്കുള്ള തയാറെടുപ്പും തുടങ്ങും. ഒരടി വീതിയുള്ള പതിവു വരമ്പുകൾക്കു പകരം മൂന്നടി വീതിയുള്ള വരമ്പുകളാണ് അനിലിന്റെ പാടത്തുള്ളത്. വീതികൂട്ടിയ വരമ്പായതിനാൽ പച്ചക്കറി വിളകൾക്കിടയിലൂെട നടന്നുനീങ്ങാൻ പ്രയാസമുണ്ടാവുന്നില്ല. നെൽകൃഷിയുടെ രണ്ടു സീസണുകളിലും പാടത്തെ വരമ്പുകൾ ഫലസമൃദ്ധമാക്കാമെന്നാണ് അനിലിന്റെ നിരീക്ഷണം. കഴിഞ്ഞ വർഷക്കൃഷിയിൽ പാടം വെള്ളത്തിൽ മുങ്ങാതിരുന്നെങ്കിൽ മികച്ച വിളവ് കിട്ടുമായിരുന്നു. നെൽവിത്ത് വിതയ്ക്കുമ്പോൾ തന്നെ പ്രോട്രേകളിൽ വിത്തു പാകി പച്ചക്കറി തൈകൾ മുളപ്പിക്കും. വിത കഴിഞ്ഞു 15–20 ദിവസത്തിനുള്ളിൽ കളനാശിനിപ്രയോഗം നടത്തിയ ശേഷമേ ഈ തൈകൾ വരമ്പത്തേക്കു പറിച്ചുനടൂ. കുട്ടനാട്ടിലെ മറ്റ് കൃഷിക്കാരിൽനിന്നു വ്യത്യസ്തമായി പാടത്ത് അടിവളമായി ചാണകം േചർക്കുന്ന ശീലം അനിലിനുണ്ട്. ഇതിനായി കൊണ്ടു വന്ന ചാണകപ്പൊടിയോടൊപ്പം എല്ലുപൊടിയും അരിമില്ലിൽനിന്നുള്ള ചാരവും പച്ചക്കറി തൈകളുെട ചുവട്ടിൽ ചേർത്തു നൽകും. പിന്നീട് കാര്യമായ വളപ്രയോഗം വേണ്ടിവരാറില്ല.

 

പാടത്തെ ഈർപ്പമുള്ള മണ്ണും സമൃദ്ധമായ സൂര്യപ്രകാശവും പ്രയോജനപ്പെടുത്തി തൈകള്‍ തഴച്ചുവളർന്നു. എല്ലാറ്റിലും നിറയെ പൂക്കളും കായ്കളുമായി നിൽക്കുന്ന പാടവരമ്പിന്റെ ഐശ്വര്യം ഒന്നു വേറെതന്നെ. പച്ചപ്പട്ടുസാരിയുടെ അരികിലൂെട അലങ്കാരത്തുന്നൽ നടത്തിയതുപോെല!. മറ്റു പല പാടങ്ങളിലും കളശല്യം മൂലം നെല്ലും പുല്ലും വേർതിരിച്ചറിയാനാകാതെ കാടുപിടിച്ചു കിടക്കുമ്പോൾ അനിലിന്റെ നെല്ലിനിടയിൽ കള കാണാനേയില്ല. നെൽക്കൃഷിയിൽ അനിലിന്റെ മികവിനു വേറെ തെളിവു വേണോ. വെള്ളപ്പൊക്ക ത്തിനുശേഷം കുട്ടനാടൻ പാടത്തെ എക്കൽ കലർന്ന ചേറിൽ എല്ലാ ഇനം പച്ചക്കറികളും – കാബേജും കോളിഫ്ളവറും പോലുള്ള ശീതകാല പച്ചക്കറികൾപോലും– മികച്ച വിളവ് തരുന്നതായാണ് അനിലിന്റെ അനുഭവം. ഇത്തവണ 400 മൂട് കാബേജാണ് അനിലിന്റെ പാടത്തുള്ളത്. ശരാശരി ഒരു കിലോ വീതം തൂക്കമുള്ള കാബേജ്. മറ്റു പച്ചക്കറിവിളകൾ നട്ടശേഷം അവയുെട സമീപത്തായി ചീരവിത്ത് പാകുകയാണ് ചെയ്യുന്നത്.

 

നെല്ലിനുപോലും രാസ കീടനാശിനികൾ പരമാവധി ഒഴിവാക്കിയാണ് അനിൽ കൃഷി നടത്തുന്നത്. പച്ചക്കറികളിലെ കീടശല്യം ഒഴിവാക്കാൻ വേപ്പെണ്ണ അധിഷ്ഠിത കീടവികർഷകങ്ങൾ ഉപയോഗിക്കും. വിഷ രഹിതപച്ചക്കറിയാണെന്നു ബോധ്യമുള്ളതിനാൽ നാട്ടിൽ തന്നെ അനിലിന്റെ പാടത്തെ ചീരയും മുളകും കാബേജുമൊക്കെ വാങ്ങാൻ ആളേറെ. മൂന്നു ദിവസം കൂടുമ്പോൾ 1500–1800 രൂപയുടെ പച്ചക്കറി വിൽക്കാൻ കഴിയുന്നു. ഈ വർഷം ഇതിനകം തന്നെ 25,000 രൂപയുടെ പച്ചക്കറി പാടവരമ്പത്തുനിന്നു കിട്ടിയെന്നാണ് അനിൽ പറയുന്നത്. കൊയ്ത്തു തുടങ്ങും മുമ്പേ അനിലിന്റെ പാടം വരുമാനം നൽകിത്തുടങ്ങിയെന്നു സാരം. ഫോൺ:9447365250

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com