ADVERTISEMENT

ബിരുദാനന്തരബിരുദവും ബിഎഡ്ഡും നേടിയ ശ്രീജ ജോലി മതിയാക്കി സ്വന്തം സംരംഭത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ ബിസിനസുകാരനായ ഭർത്താവ് സോജൻ ശേഖർക്കും ഉൽസാഹം. കൽപറ്റയ്ക്കടുത്ത് കരിങ്കുറ്റിയിൽ കുറഞ്ഞ കാലം കൊണ്ടു ശ്രീജ വളർത്തിയെടുത്തത് അലങ്കാരക്കോഴിയും കാടയും അലങ്കാരമൽസ്യവും ജൈവ പച്ചക്കറിയും ഹാച്ചറിയുമെല്ലാം ചേർന്ന സമ്മിശ്ര സംരംഭം. 

 

കണ്ണുകൾ മറച്ച് മുഖത്തേക്കു വീണു കിടക്കുന്ന തൂവൽക്കൂട്ടത്തിന്റെ ചാരുത കൊണ്ട് കോഴിപ്രേമികളെ ആകർഷിക്കുന്ന പോളിഷ് ക്യാപ്പ് ഇനങ്ങൾ പലതുണ്ട് ശ്രീജയുടെ പക്കൽ. അങ്കവാലിന്റെ ചന്തം കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ഒണഗഡോറിയാണ് ആവശ്യക്കാരേറെയുള്ള മറ്റൊരിനം. സിൽക്കിയും മില്ലിഫ്ലവറും സിൽവർ ലെയ്സും അമേരിക്കൻ ബാൻഡവും ബ്രഹ്മയുമുൾപ്പെടെ ഇരുപതിലേറെവരും വർണക്കോഴികളുടെ വൈവിധ്യം. അലങ്കാരക്കോഴികളുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വിൽക്കാനായി ഇൻകുബേറ്റർ സൗകര്യവും ബ്രൂഡർ സംവിധാനവുമുമെല്ലാം ഫാമിലൊരുക്കിയിട്ടുണ്ട്. സൗന്ദര്യമേറിയ പക്ഷിയിനങ്ങളിലൊന്നായ ഫെസന്റുകളിൽ ഗോൾഡൻ ഫെസന്റും സിൽവർ ഫെസന്റും റിങ് നെക്ഡ് ഫെസന്റും ഉൾപ്പെടെ ആറിനങ്ങൾ. വയനാട്ടിലെ പെറ്റ് ഷോപ്പുകളുൾപ്പെടെ അരുമകളുടെ വിപണി വിശാലം. ഡിമാൻഡുള്ള മറ്റൊന്ന് കരിങ്കോഴിയാണ്. 

 

മികച്ച മുട്ടയുൽപാദനമുള്ള സങ്കരയിനം മുട്ടക്കോഴികളും പൊരുന്നയിരിക്കുന്ന തനി നാടൻകോഴി വേണ്ടവർക്ക് അതും ശ്രീജ നൽകുന്നു. മലബാർ വിഭവമായ പിടിക്കോഴിക്കു പറ്റിയതാണ് സാസോയെന്ന ഇനമെന്നു ശ്രീജ. രണ്ടര മാസംകൊണ്ട് രണ്ടര കിലോ തൂക്കം വയ്ക്കും. 45 ദിവസം കൊണ്ട് 700 ഗ്രാം തൂക്കം എത്തുന്നതോടെ പിടിക്കോഴിപ്പരുവമെത്തും. ബലം കുറഞ്ഞ എല്ലുകളും മൃദുവായ മാംസവും, ഒന്നായി പൊരിച്ചുവച്ച പിടിക്കോഴിയുടെ രുചി കൂട്ടും. കിലോയ്ക്കു 150 രൂപ കണക്കാക്കിയാണ് വിൽപന. ഒന്നിന് ശരാശരി 100 രൂപ ലഭിക്കും. 

 

കാടയാണ് മറ്റൊരിനം. കനത്ത ലാഭമല്ല, നിത്യവരുമാനമാണ് കാടവളർത്തലിെന വീട്ടമ്മമാരുടെ ഇഷ്ടസംരംഭമാക്കുന്നതെന്നു ശ്രീജ. കാടമുട്ടയ്ക്കൊപ്പം ഹാച്ചറി സ്ഥാപിച്ച് മുട്ടക്കാടക്കുഞ്ഞുങ്ങളെയും വിരിയിച്ചു വിൽക്കുന്നു. വിപുലമായ അലങ്കാര മൽസ്യക്കൃഷിയുമുണ്ട് ശ്രീജയുടെ സനന്ദ ഫാമിൽ. ഗ്രോബാഗിലെ ജൈവ പച്ചക്കറിക്കൃഷിയും നൽകുന്നു നല്ല വരുമാനം. 

 

പച്ചക്കറികളും പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ഉണക്കി മൂല്യവർധിത ഉൽപന്നങ്ങളാക്കാൻ ഉപകരിക്കുന്ന ഡ്രയർ ആണ് ശ്രീജയുടെ മറ്റൊരു സംരംഭം. അടുക്കളത്തോട്ടവും ഡ്രയറുമുണ്ടെങ്കിൽത്തന്നെ ഒരു വരുമാന സംരംഭം തുടങ്ങാൻ വനിതകൾക്കു കഴിയുെമന്നാണു ശ്രീജയുടെ പക്ഷം. 

 

ആദായപ്പക്ഷികൾ 

 

അരുമപ്പക്ഷികളിലും മൃഗങ്ങളിലുമൊന്നും കമ്പമില്ലാത്തവർക്ക് അത്രവേഗം ബോധ്യപ്പെടുന്ന ഒന്നല്ല പെറ്റ്സ് വിപണി. ലക്ഷം രൂപ വിലയുള്ള മക്കാവു തത്ത, പതിനായിരങ്ങൾ വിലയുള്ള പ്രാവുകൾ എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കും. ‘ഇതൊക്കെ ആരു വാങ്ങാനാ’ എന്നു കളിയാക്കും. മഞ്ഞുമലയുടെ ഒരറ്റം പോലും അവർ കണ്ടിട്ടില്ല എന്നതാണു വാസ്തവം. ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഫിഞ്ചുകളോ ആഫ്രിക്കൻ ലവ്ബേർഡ്സോ അതുമല്ലെങ്കിൽ ഗപ്പി മൽസ്യങ്ങളോ വാങ്ങി പെറ്റ്സ് വിപണിയിലേക്കൊന്നു ചുവടുവച്ചു നോക്കൂ. ഒാൺലൈനിലും നേരിട്ടുമെല്ലാം പടർന്നു പന്തലിച്ചുകിടക്കുന്ന പെറ്റ്സ് സാമ്രാജ്യവും അരുമകളെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവരുെട എണ്ണവും എത്ര വിപുലമെന്നു കണ്ടു കണ്ണു തള്ളും. ചെറുതായിത്തുടങ്ങി സ്വന്തം അഭിരുചികൊണ്ടും വൈദഗ്ധ്യംകൊണ്ടും ഈ രംഗത്തു കഴിവു തെളിയിച്ച സ്ത്രീകളും കുറവല്ല. വീട്ടമ്മമാർക്ക് അധികം അധ്വാനമില്ലാതെ നേട്ടമുണ്ടാക്കാവുന്ന മൂന്നിനങ്ങളാണ് കാട, കരിങ്കോഴി, മുട്ടക്കോഴി എന്നിവയും. അടുക്കളമുറ്റം മതിയാവും പരിപാലിക്കാൻ. വർഷം മുന്നൂറിനടുത്ത് മുട്ടയിടുന്ന ബിവി 380 മുട്ടക്കോഴികളെ ആശ്രയിച്ചു മാത്രം അടുക്കളച്ചെലവിനുള്ള വരുമാനം കണ്ടെത്തുന്ന സ്ത്രീകൾ ഏറെ. പരിചയക്കാരെ കൂട്ടിയിണക്കിയുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിപണനത്തിനും ശ്രമിക്കാം. 

 

കോഴിവളർത്തലിൽ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനകേന്ദ്രങ്ങൾ: എംഎൽറ്റിസി, കുടപ്പനക്കുന്ന്(തിരുവനന്തപുരം)–0471 2732918 സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ(ആലപ്പുഴ)–0479 2452277 എംഎൽറ്റിസി, ആലുവ(എറണാകുളം)–0484 2624441 എംഎൽറ്റിസി, മുണ്ടയാട്(കണ്ണൂർ)–0497 2721168

അലങ്കാരക്കോഴികൾ

ശ്രീജ സോജൻ

സനന്ദ പെറ്റ്സ് ഫാം

കൽപറ്റ, വയനാട്

ഫോൺ:9447228384

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com