ADVERTISEMENT

സന്ദേശം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു തിരക്കഥയൊരുക്കിയ ശ്രീനിവാസനും സമ്മതിച്ചു, ‘സംശയമില്ല, ഒന്നര സെന്റിലെ ഈ കൃഷിയിടം ഒന്നൊന്നര സന്ദേശം തന്നെ’. എറണാകുളം കാക്കനാട് വിഎഫ്പിസികെ ഒാഫിസിനു സമീപം പ്രവർത്തിക്കുന്ന കൃഷിവകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മുറ്റത്താണ് അറിവിന്റെ നിറവു പകരുന്ന ഹരിതലോകം. എഫ്ഐബി അസിസ്റ്റന്റ് ഡയറക്ടർ റോസ്മേരി ജോയ്സും സഹപ്രവർത്തകരും ചേർന്നു നിർമിച്ചു പരിപാലിക്കുന്ന പച്ചത്തുരുത്തിൽനിന്ന് അറിവു നേടാനെത്തുന്ന സന്ദർശകരിൽ സാധാരണക്കാർ മാത്രമല്ല, ജസ്റ്റിസ് കെ. സുകുമാരനും നടൻ ശ്രീനിവാസനുംപോലുള്ള പ്രഗല്ഭരുമുണ്ട്.

 

ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന ബോർഡ് കണ്ട് ‘ഫാം എവിടെ’ എന്നു ചോദിച്ചു വരുന്നവരുടെ ആകാംക്ഷയാണ് ഇങ്ങനെയൊരു വിജ്ഞാനവ്യാപനരീതിക്കു പ്രേ രണയായതെന്നു റോസ്മേരി. കൃഷി, അനുബന്ധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പദ്ധതികളും അറിവുകളും ദൃശ്യ–ശ്രാവ്യ– അച്ചടി മാധ്യമങ്ങളിലൂടെ കൃഷിക്കാരിലെത്തിക്കുക എന്നതാണ് എഫ്ഐബിയുടെ ദൗത്യം. അച്ചടിച്ച അറിവുകളെക്കാൾ വലുതാണല്ലോ അനുഭവപാഠങ്ങള്‍. അങ്ങനെയൊരു ചിന്ത ശക്തമായതോടെ പാഴായിക്കിടന്ന എഫ്ഐബി മുറ്റത്തു പച്ചപ്പു നിറയ്ക്കാനുള്ള ശ്രമം തുടങ്ങി. പണ്ടത്തെ കൃഷിയോർമകളുമായി നഗരനടുവിൽ ജീവിക്കുന്നവർക്ക് ഇങ്ങനെയൊരു കൃഷിയിടം പകരുന്ന പ്രചോദനം വലുതായിരിക്കുമെന്ന വിശ്വാസവും ഊർജം പകർന്നെന്നു റോസ് മേരി. 

 

അറിയാനൊത്തിരി

 

‘ആകെ ഇത്തിരി സ്ഥലമേയുള്ളൂ, അവിടെ എന്തു കൃഷി ചെയ്യാനാ’ എന്നു പരിതപിക്കുന്നവർക്കാണ് ഇവിടെനിന്നുള്ള ആദ്യ സന്ദേശം. ഒന്നര സെന്റ് സ്ഥലമല്ല, ഒന്നരയേക്കർ വിശാലമായ മനസ്സും അതുനിറയെ കൃഷിയോടുള്ള ഇഷ്ടവുമാണ് പ്രധാനം. അങ്ങനെയെങ്കിൽ ആദ്യം തുടങ്ങേണ്ടത് അടുക്കളത്തോട്ടം. പരിചിതമായ പച്ചക്കറികൾ മാത്രം പോരാ, ജീവിതശൈലീരോഗ ങ്ങളെ ചെറുക്കാൻ ശേഷിയുള്ള പച്ചക്കറി കൾക്കും പഴങ്ങൾക്കും കൂടി ഇടം നൽകണം ഇന്നത്തെ അടുക്കളത്തോട്ടങ്ങളിലെന്ന് റോസ്മേരി. 

 

ആരോഗ്യമേന്മകളേറെയുള്ള മണിത്തക്കാളിയും ആരാലും ശ്രദ്ധിക്കാതെ നിൽക്കുന്ന അഗത്തിച്ചീരയും ഞൊട്ടാഞൊടിയനും തഴുതാമയുമെല്ലാം ഇക്കൂട്ടത്തിലെ അമൂല്യ സസ്യങ്ങൾ. തനി നാടൻ മാത്രമല്ല വെസ്റ്റിന്ത്യൻ ചെറിപോലെ പോഷകസമ്പന്നമായ മറുനാടൻ ഇനങ്ങളുമുണ്ട് ഒന്നര സെന്റിലെ മഴമറയ്ക്കുള്ളിൽ. അന്യം നിന്നുപോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന കൃഷിമന്ത്രിയുടെ സന്ദേശമാണ് അടതാപ്പും ആകാശവെള്ളരിയുംപോലുള്ളവയ്ക്ക് അംഗത്വം നൽകാൻ പ്രേരണയായതെന്നു റോസ്മേരി.വീട്ടിലേക്കാവശ്യമുള്ളത്ര പച്ചക്കറിയും മൽസ്യവും ഒരുമിച്ചു വിളയിക്കാവുന്ന അക്വാപോണിക്സ് സംവിധാനത്തെക്കുറിച്ച് അറിയാനും അവസരമുണ്ട്.

DSCN3739
അക്വാപോണിക്സ് യൂണിറ്റിലെ മത്സ്യങ്ങൾക്കു തീറ്റയായി പട്ടാളപ്പുഴുക്കൾ

കറി ച്ചട്ടിയിലേക്കുള്ള കരിമീനാണ് താഴെ ടാങ്കിൽ. മുകളിലെ മെറ്റൽ ബെഡ്ഡിൽ മൽസ്യവിസർജ്യം മാത്രം വളമാക്കി വളരുന്ന പച്ചക്കറികളും. കൃഷിഭവനിൽനിന്നു സബ്സിഡി ലഭിക്കുന്ന സംവിധാനങ്ങൾ ഏതൊക്കെ എന്ന സന്ദേശം കൂടി നൽകാനായി നിർമിച്ചിരിക്കുന്നവയാണ് മഴമറയും മണ്ണിരക്കമ്പോസ്റ്റും. തുള്ളിനനയും തിരിനനയുംപോലുള്ള ജലസേചനമാർഗങ്ങളും കണ്ടു മനസ്സിലാക്കാൻ അവസരമുണ്ട്. വിപുലമായ രീതിയിൽ ജൈവകൃഷി ആഗ്രഹിക്കുന്നവർ ഇക്കോളജിക്കൽ എൻജിനീയറിങ് പോലുള്ള മാർഗങ്ങളും അറിഞ്ഞിരിക്കണം. ചെടിപരിപാലനം, രോഗ– കീടബാധ പ്രതിരോധം തുടങ്ങി കൃഷിയുടെ എല്ലാ തലങ്ങളെയും ജൈവമാർഗത്തിലാക്കാൻ ഇക്കോളജിക്കൽ എന്‍ജിനീയറിങ് വഴി സാധിക്കും. കീടങ്ങളെ അകറ്റാൻ കൃഷിയിടത്തിൽ ബന്ദിപോലുള്ള ചെടികൾ നട്ടുവളർത്തുന്നത് ഉദാഹരണം. ആവണക്കും തുളസിയുംപോലെ ഈ ആവശ്യത്തിനുതകുന്ന മറ്റു സസ്യങ്ങളും ഒപ്പം ജൈവ കീടനാശിനികൾ തയാറാക്കാൻ ഉപകരിക്കുന്ന ആര്യവേപ്പും, കിരിയാത്തുമെല്ലാം എഫ്ഐബിയുടെ ഒന്നര സെന്റിലെ താമസക്കാർ.

ഒട്ടേറെ ചെടികൾ ഒരുമിച്ചു കാണാം എന്നതല്ല, അവയെ സംബന്ധിച്ച് നിത്യജീവിതത്തിൽ ഉപകരിക്കുന്ന നൂറുനൂറു പുതിയ കാര്യങ്ങൾ പഠിക്കാം എന്നതാണ് ഈ തോട്ടം നൽകുന്ന നേട്ടം. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചെടിയിനങ്ങൾ പരിചയപ്പെടാനെത്തുന്ന കുട്ടികളുടെ കണ്ണിലും കൗതുകം നിറയ്ക്കുന്നു ഈ കൃഷിമുറ്റം. കരിമ്പു മുതൽ നീലക്കുറിഞ്ഞി വരെ പരിചയപ്പെടാം അവർക്കിവിടെ. കിളികളെ ആകർഷിക്കുന്ന കിളിഞാവൽ, തേനീച്ചകൾ തേടിയെ ത്തുന്ന ആന്റിഗൺ, അന്തരീക്ഷ വായു ശു ദ്ധമാക്കുന്ന സ്പാത്തിഫില്ലം എന്നിങ്ങനെ യും ഉദാഹരണങ്ങൾ. വീട്ടാവശ്യത്തിനു കു രുമുളകു ലഭിക്കാൻ കുറ്റിക്കുരുമുളക്, കോഴിക്കു തീറ്റയും ചെടികൾക്കു വളവുമാക്കാവുന്ന അസോള എന്നു വേണ്ട എണ്ണിയാൽ തീരാത്ത അറിവുകൾ വേറെയും. 2016ൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഇവിടെ നട്ട റംബുട്ടാൻ മരത്തിനുമുണ്ടൊരു വൈകാരിക മൂല്യം. അകാലത്തിൽ അന്ത രിച്ച സഹപ്രവർത്തകൻ ഷാജി ജോർജിന്റെ ഒാർമയ്ക്കായി നട്ടുവളർത്തിയതാണ് ആ ഒാർമമരം. 

 

സന്ദർശകരേ... സ്വാഗതം

 

കൃഷിയിടം കാണാനെത്തുന്ന സന്ദർശകരെല്ലാംതന്നെ അപൂർവസസ്യങ്ങളുടെ വിത്തുകളും തൈകളും ആവശ്യപ്പെടും. വിൽക്കാനോ വിതരണം ചെയ്യാനോ ഉള്ള അളവില്ലെങ്കിലും അൽപം സാമ്പിളും അതിലുപരി അറിവും നൽകി സന്ദർശകരെ സന്തുഷ്ടരാക്കും അസിസ്റ്റന്റ് ഡയറക്ടർ റോസ്മേരിയും സഹപ്രവർത്തകരും. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാരെ സാധ്യമായ രീതിയിൽ സഹായിക്കാനും സമയം കണ്ടെത്തുന്നു. ഉദ്യോഗ സ്ഥരുടെ ഉൽസാഹത്തിലും അധ്വാനത്തിലും പരിപാലിക്കുന്ന കൃഷിയിടം ഇതുപോലെ മറ്റധികം സർക്കാർ സ്ഥാപനങ്ങളിലൊന്നും കാണാനിടയില്ല എന്നതും ഈ മാതൃകാകൃഷിയിടത്തിനു മാറ്റു കൂട്ടുന്നു. മഴവെള്ളസംഭരണികൂടി ഒരുക്കി സന്ദേശങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേർക്കാനു ള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ സ്ഥാപനത്തിലെ ‘കൃഷിക്കാർ’. ഫോൺ: 0484 2429017

 

ഗൃഹമാലിന്യങ്ങളിൽനിന്നു ജൈവവളം

 

33 വീടുകളിലെ മാലിന്യസംസ്കരണത്തിനുതകുന്ന 7മാർഗങ്ങളും ഇവിടെ കണ്ടു പഠിക്കാം. മാലിന്യസംസ്കരണവും പട്ടാളപ്പുഴുക്കളെ വളർത്തിയെടുക്കലും ഒരുമിച്ചു സാ ധിക്കുന്ന സംവിധാനമാണ് ഇവയിൽ ഏറ്റവും പ്രധാനം. ഭക്ഷ്യാവശിഷ്ടങ്ങളിൽ ബ്ലാക് സോൾജിയർ ഈച്ച മുട്ടയിട്ടു വിരിയുന്ന പട്ടാളപ്പുഴു, മീനുകൾക്കും കോഴികൾക്കുമൊ ക്കെ നൽകാവുന്ന ഒന്നാന്തരം തീറ്റ. പ്രോട്ടീൻസമ്പന്നമായ ഈ തീറ്റ മൽസ്യവളർച്ച വേഗ ത്തിലാക്കും, കോഴികളുടെ മുട്ടയുൽപാദനം വർധിപ്പിക്കും. ഇ എം കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, കളകളെ വളമാക്കി മാറ്റുന്ന രീതി, ഭക്ഷ്യാവശിഷ്ടങ്ങ ളിൽനിന്നു ബയോഗ്യാസ് എന്നിവയെല്ലാം എഫ്ഐബി മുറ്റത്തു പരിചയപ്പെടാവുന്ന മറ്റു മാലിന്യസംസ്കരണമാർഗങ്ങൾ. ദ്വാരങ്ങളുള്ള കോൺക്രീറ്റ് റിങ്ങിനുള്ളിലിടുന്ന മാലിന്യങ്ങൾ വളമായി മാറുകയും അതു സ്വീകരിച്ച് പുറത്ത് കുരുമുളകുചെടി വളരുക യും ചെയ്യുന്ന പെർഫറേറ്റഡ് ഹോളോ റിങ് രീതിയും പരിചയിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com