അടുക്കളയാണു ഗീതയുടെ ലോകം. എന്നാൽ അടുക്കളയിൽ ഒതുങ്ങിപ്പോയെന്നു പരാതി പറയുന്ന വീട്ടമ്മയല്ല അവർ. അടുക്കളയും ഒരു വിജയ സംരംഭമാക്കാം എന്നു തെളിയിച്ച വനിത. വിപുലമായ നിർമാണ യൂണിറ്റോ യന്ത്ര സംവിധാനങ്ങളോ കനത്ത മുതൽമുടക്കോ ഒന്നുമില്ലാതെ മോശമല്ലാത്ത വരുമാനം നേടുന്ന സംരംഭക. പരിചയക്കാർ പലരും താൻ തയാറാക്കുന്ന അച്ചാറും കൊണ്ടാട്ടവുമൊക്കെ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് അതിലൊരു സ്ഥിര വരുമാനസാധ്യത കണ്ടെത്തിയതെന്നു ഗീത.
ദീർഘകാലം കേറ്ററിങ് രംഗത്ത് അനുഭവ പാരമ്പര്യമുള്ള അച്ഛൻ നാരായണൻ നമ്പ്യാരും ഭർത്താവ് മോഹനനും പ്രോൽസാഹിപ്പിച്ചതോടെ അടുക്കളവിഭവങ്ങൾ അൽപം വിപുലമായിത്തന്നെ ഒരുക്കി വിൽക്കാൻ ധൈര്യം വന്നു. തൃശൂർ ചെമ്പൂക്കാവിലുള്ള കെയ്കോയുടെ അഗ്രോ ഹൈപ്പർ ബസാറിൽ ഉൽപന്നങ്ങൾക്ക് ഇടം ലഭിച്ചതോടെ നാടിനു പുറത്ത് നാലുപേരറിയുന്ന സംരംഭകയുമായി. പായ്ക്കിങ്, ‘ജയലക്ഷ്മി’ ബ്രാൻഡിൽ ലേബലിങ്, ഭക്ഷ്യോൽപന്ന ലൈസൻസുകളുടെ ആവശ്യം എന്നീ കാര്യങ്ങളിലെല്ലാം മാർഗനിർദേശം നൽകിയത് അഗ്രോ ഹൈപ്പർ ബസാർ. കുടുംബശ്രീ തൃശൂർ ജില്ലാമിഷനും പിന്തുണ നൽകി.
സ്വന്തം കൃഷിയിടത്തിൽനിന്നുള്ളതും വിപണിയിൽനിന്നു വാങ്ങുന്നതുമായ പച്ചക്കറികളും പഴങ്ങളും മൂല്യവർധന വരുത്തിയതാണ് ഉൽപന്നങ്ങളത്രയും. പച്ചക്കറികൾ അരച്ചശേഷം അരിമാവും എള്ളും ജീരകവുമെല്ലാം ചേർത്ത് ആവിയിൽ പുഴുങ്ങി വെയിലത്തുണക്കി തയാറാക്കുന്ന പച്ചക്കറി പപ്പടങ്ങളാണ് ഡിമാൻഡുള്ള ഒരിനം. പച്ചച്ചക്ക അരച്ചും ചക്കക്കുരു അരച്ചും കപ്പയരച്ചും പപ്പടം തയാറാക്കും. അരിക്കൊണ്ടാട്ടം, ഉണ്ണിപ്പിണ്ടിക്കൊണ്ടാട്ടം, ചമ്മന്തിപ്പൊടി, അച്ചാറുകൾ, ഒാണക്കാലമെത്തുമ്പോൾ ഉപ്പേരിയിനങ്ങൾ എന്നിങ്ങനെ പാരമ്പര്യ വിഭവങ്ങളും പാചകപരീക്ഷണങ്ങളുമായി മുന്നേറുമ്പോൾ ഗീതയുടെ നയം ഇതാണ്, ‘ഒരു നുള്ള് കൈപ്പുണ്യം, ആവശ്യത്തിന് ആത്മവിശ്വാസം, ആവോളം ഗുണമേന്മ– ഇവ മൂന്നും ചേർത്ത് ഉൽ സാഹത്തിൽ പാചകം ചെയ്തെടുത്താൽ ഒന്നാന്തരം വിജയം രുചിക്കാം.
അച്ചാർ മുതൽ അവലോസുണ്ട വരെ
പച്ചക്കറി സുലഭമായ കാലത്ത് അവ വറ്റലുകളാക്കി സൂക്ഷിച്ചുവയ്ക്കുന്ന രീതി പണ്ടേയുണ്ട്. പച്ചക്കറികൾക്കു വിലയിടിവുമൂലം ഉൽപാദനച്ചെലവുപോലും ലഭിക്കാതെ വന്നപ്പോൾ അവ സംസ്കരിച്ച് വറ്റൽനിർമാണത്തിലേക്കു തിരിഞ്ഞവരും ഏറെ. ഉപ്പ്, പുളിവെള്ളം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിൽ വിളവെടുത്ത പച്ചക്കറികൾ മുക്കിവച്ച് കീടനാശിനി സാന്നിധ്യം നീക്കിയശേഷം മുറിച്ച്, വാട്ടി, ഉപ്പും മഞ്ഞളും മറ്റും ചേർത്ത് ഉണക്കിയെടുക്കുന്ന വറ്റലുകൾ വീട്ടമ്മമാർക്ക് എളുപ്പം തയാറാക്കാം.
അച്ചാർ നിർമാണമാണ് വനിതകൾ ശ്രദ്ധവയ്ക്കുന്ന മറ്റൊരു ലാഭ സംരംഭം. വൻകിട കമ്പനികളുടെ അച്ചാറുകളേക്കാൾ പല ഉപഭോക്താക്കൾക്കും താൽപര്യം വീട്ടമ്മമാരുടെ കൈപ്പുണ്യത്തിൽ തയാറാക്കുന്ന, കൃത്രിമ സംരക്ഷകങ്ങള്‍ ചേർക്കാത്ത അച്ചാറുകളാണ്. തയാറാക്കാനും വിപണി കണ്ടെത്താനും എളുപ്പം, സൂക്ഷിപ്പുകാലം കൂടുതൽ എന്നീ ഘടക ങ്ങളും പ്രാദേശികമായി വാങ്ങാവുന്നതും ചുറ്റുവട്ടത്തു കണ്ടെത്തുന്നതുമായ ഒട്ടേറെ ഇനങ്ങൾ അച്ചാറാക്കാം എന്നതും സംരംഭം എളുപ്പമാക്കും. കണ്ണിമാങ്ങയും നെല്ലിക്കയുംപോലെ സീസണിൽ സമൃദ്ധമായും വിലക്കുറവിലും ലഭിക്കുന്ന ഇനങ്ങൾ വാങ്ങി ഉപ്പു ചേർത്തും സൂക്ഷിക്കാം (ബ്രൈനിങ്). ഇങ്ങനെ സൂക്ഷിച്ച് ചെറുയൂണിറ്റുകൾക്കു കൈമാറുന്നതും സംരംഭമാക്കാം. ശീതളപാനീയ വിപണിയിൽ കൊക്കക്കോളയ്ക്കു പെപ്സിക്കും മാത്രമല്ല, കുടുംബശ്രീ ഗ്രൂപ്പുകൾക്കും സാധാരണ വീട്ടമ്മ മാർക്കുമെല്ലാം ഇടമുള്ള കാലം കൂടിയാണിത്. പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും തയാറാക്കാവുന്ന ഒട്ടേറെ പാനീയങ്ങളുണ്ട്. നെല്ലിക്ക, കാരറ്റ്, വാഴപ്പിണ്ടി, ബീറ്റ്റൂട്ട്, പാഷൻ ഫ്രൂട്ട് തുടങ്ങിയ ജ്യൂസുകളും ഒപ്പം സിറപ്പുകളും വീട്ടമ്മമാർ പലരും പ്രാദേശിക വിപണിയിൽ എത്തിക്കുന്നുമുണ്ട്. എണ്ണയുടെ ഉപയോഗം പരമാവധി കുറച്ച് പച്ചക്കറികളും പഴ വർഗങ്ങളും കിഴങ്ങുവർഗങ്ങളും വറുത്തെടുക്കാവുന്ന വാക്വം ഫ്രയർ, ദീർഘമായ സൂക്ഷിപ്പുകാലത്തോടെ പായ്ക്കു ചെയ്യാവുന്ന റിട്ടോർട് മെഷീൻ എന്നിങ്ങനെ ഒട്ടേറെ യന്ത്രങ്ങൾ ഭക്ഷ്യോൽപന്ന നിർമാണ സംരംഭകർക്കു സഹായകമായുണ്ട്.
ഭക്ഷ്യസംസ്കരണം
ഗീത മോഹൻ
മുല്ലഴിപ്പാറ
തയ്യൂര്‍,തൃശൂർ
ഫോൺ:9744012994