sections
MORE

വാടകമുറ്റത്ത് കൃഷി, വാട്സാപ്പിൽ വിപണി; അതാണു ഹന്നത്തിന്റെ വഴി

HIGHLIGHTS
  • വാടകമുറ്റത്ത് കൃഷി, വാട്സാപ്പിൽ വിപണി
vegetable-cultivation1
SHARE

സാമാന്യം സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ വീട്ടമ്മ, ഭർത്താവ് സ്കൂൾ പ്രിൻസിപ്പൽ, ആ സ്ഥിതിക്കു മക്കളെ നോക്കി, ബാക്കി നേരം വീട്ടിൽ വെറുതെയിരുന്നു കൂടേ’, എന്നു ചോദിക്കുന്നവരാണ് ചുറ്റുമുള്ളവരിൽ ഏറെയുമെന്നു ഹന്നത്ത്. ‘കൃഷിയിലൂടെ നേടുന്ന സന്തോഷം അവർക്കറിയില്ലല്ലോ. വീട്ടുകാര്യങ്ങളിലൊന്നും വീഴ്ച വരാതെ, ആരെയും ആശ്രയിക്കാതെ, വീട്ടിലിരുന്നു വരുമാനം നേടുന്നത് അഭിമാനം തന്നെ. വീട്ടിലേക്കു പച്ചക്കറികൾ പണം കൊടുത്തു വാങ്ങിയിട്ട് ആറേഴു കൊല്ലമായി, അതും ചില്ലറക്കാര്യമല്ലല്ലോ’, ഹന്നത്തിന്റെ വാക്കുകൾ. വാടകമുറ്റത്ത് കൃഷി, വാട്സാപ്പിൽ വിപണി; അതാണു ഹന്നത്തിന്റെ വഴി. വിളവെടുത്ത ജൈവ പച്ചക്കറികളുടെ ചിത്രം, പരിചയക്കാരെയെല്ലാം ചേർത്തു രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ട താമസം, വാങ്ങാൻ വീട്ടിലാളെത്തും. വിലപേശലില്ല, വിലയിടിവില്ല. കൃഷിച്ചെലവും അധ്വാനവും കണക്കു കൂട്ടി ഹന്നത്തു പറയും വില. ചുറ്റുവട്ടത്തുള്ള ഡോക്ടർമാരും ഉദ്യോഗസ്ഥരുമാണ് മുഖ്യ ഉപഭോക്താക്കൾ. നഗരത്തിന്റെ പ്രാന്തപ്രദേശമായതുകൊണ്ട് നല്ല പച്ചക്കറി ആഗ്രഹിക്കുന്നവർക്കു ക്ഷാമവുമില്ല. കഴിഞ്ഞ മാസം മാത്രം വിറ്റത് 7000 രൂപയുടെ പച്ചക്കറികൾ. 

ഭർത്താവിന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ട് വാടകവീടുകൾ മാറുമ്പോഴെല്ലാം വണ്ടി നിറയെ ഗ്രോബാഗുകളും ഒപ്പം കൂട്ടിയിരുന്നു ഹന്നത്ത്. കോഴിക്കോട് കണ്ണാടിക്കലിൽ ഇപ്പോൾ താമസിക്കുന്ന വീടിന്റെ ടൈല്‍ വിരിച്ച മുറ്റത്തും പച്ചക്കറികളും പഴച്ചെടികളുംകൊണ്ട് ചെറു വനംതന്നെ തീർത്തിരി ക്കുന്നു ഈ കൃഷിക്കാരി. ഒപ്പം തൊട്ടടുത്തു പാഴായിക്കിടന്ന സ്ഥലമെടുത്തു കൂട്ടുകാരിയുമായി ചേർന്ന് അവിടെയും പച്ചക്കറി ക്കൃഷി. 

വാടകവീടിനു പോറലുപോലും ഏൽപിക്കാതെയാണ് പന്തൽക്കൃഷി. കോവലാണ് ഏറ്റവും നേട്ടം. നല്ല നാടൻ ഇനം. മുടക്കമില്ലാതെ വിളവ്, നിത്യ വരുമാനം. വെണ്ടയും പാവലും പയറും വഴുതനയും തക്കാളിയും ചീരയും എന്നുവേണ്ട, നാട്ടിൽ പ്രിയമുള്ളതെല്ലാം വിളയിക്കും ഹന്നത്ത്. മുക്കത്തെ സ്വന്തം വീട്ടിൽനിന്നു ചാണകം വണ്ടിയിലെത്തിച്ചും മണ്ണു വില കൊടുത്തു വാങ്ങിയുമൊക്കെ കൃഷിയിറക്കിയിട്ടും, വിപണി ഉറപ്പായതിനാൽ കൃഷി ലാഭമെന്ന് ഹന്നത്ത്. 

അടുക്കളത്തോട്ടം / സസ്യനഴ്സറി

vegetable-cultivation2

ചെടികളെയും പൂക്കളെയുമെല്ലാം സ്നേഹിക്കുന്നവർക്ക് ഇണങ്ങുന്ന സ്വയംതൊഴിൽ സംരംഭമാണ് സസ്യനഴ്സറി. കൊക്കിലൊതുങ്ങുന്ന രീതിയിൽ കൊത്താവുന്ന സംരംഭം. എന്നുവച്ചാൽ, താൽപര്യമുള്ളവർക്കെല്ലാം, കയ്യിലുള്ള സ്ഥലത്തിനും പണത്തിനും അനുസൃതമായി തുടങ്ങാവുന്ന സംരംഭം. നഴ്സറി എന്നു പറയുമ്പോൾ പൂച്ചെടികളാണ് മനസ്സിൽത്തെളിയുക. എന്നാൽ ഇന്ന് പൂച്ചെടികളെക്കാൾ ആവശ്യക്കാരുണ്ട് ഗുണമേന്മയുള്ള പച്ചക്കറിത്തൈകൾക്കും വിത്തുകൾക്കും. ഗ്രാമ–നഗര ഭേദമില്ലാതെ അടുക്കളത്തോട്ടങ്ങളും ഗ്രോബാഗ്കൃഷിയും പ്രചാരം നേടിയതോടെയാണ് പച്ചക്കറിത്തൈകൾക്കും വിത്തുകൾക്കും ആവശ്യക്കാരേറിയത്. പേരെടുത്ത വൻകിട നഴ്സറികൾ മാത്രമല്ല, അടുക്കളത്തോട്ടത്തിന് അനുബന്ധമായി ടെറസിലും മുറ്റത്തും ചെറുനഴ്സറിയൊരുക്കുന്ന വീട്ടമ്മമാരും നേടുന്നു ഇന്നു ചെറുതല്ലാത്ത വരുമാനം. 

പരിശീലനം, ധനസഹായം

വിപുലമായ നഴ്സറി സംരംഭമാണോ ലക്ഷ്യമിടുന്നത്; അതും ആവാം. അൽപം മുന്നൊരുക്കം വേണമെന്നു മാത്രം. ചെടി പരിപാലനം, വംശവർധന മുറകൾ തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവും പരിശീലനവും നേടിയവർക്കു മാത്രമേ ഗുണമേന്മയുള്ള നടീൽവസ്തുക്കളൊരുക്കാനും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാനും കഴിയൂ. ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നീ കായികപ്രവർധനമുറകളിൽ കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ വിജ്ഞാനവ്യാപന വിഭാഗത്തിലുള്ള കമ്യൂണിക്കേഷൻ സെന്ററിൽ ഹ്രസ്വകാല പരിശീലനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2370773, 8086405476.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ചെറുകിട/വൻ കിട നഴ്സറി സംരംഭങ്ങൾക്ക് ധനസഹായവും നൽകുന്നുണ്ട്. നടപടിക്രമങ്ങൾ കൃഷിഭവനുമായി ബന്ധപ്പെട്ടാൽ ലഭിക്കും. 

പച്ചക്കറിക്കൃഷി

ഹന്നത്ത് ഷെമീർ

കണ്ണാടിക്കൽ

കോഴിക്കോട്

ഫോൺ:9656551330

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA