sections
MORE

വട്ടച്ചോലയിലെ വേറിട്ട കൃഷി; ഏക്കറിന് രണ്ടു ലക്ഷം രൂപ വരുമാനം

HIGHLIGHTS
  • ആദ്യ വർഷം തന്നെ ലഭിച്ചു ഏക്കറിന് രണ്ടു ലക്ഷം രൂപയ്ക്കടുത്തു വരുമാനം.
chow
SHARE

കുടുംബശ്രീയിലെ കൂട്ടുകാരെല്ലാവരും വെണ്ടയും വഴുതനയുമൊക്കെ കൃഷി ചെയ്യാനിറങ്ങിയപ്പോൾ വയനാട് വട്ടച്ചോലയിലെ ബിന്ദു കൈവച്ചത് ചൗ ചൗ എന്ന ചയോട്ടെയിൽ. വയനാട്ടിലാരും വാങ്ങിക്കഴിക്കാത്ത പച്ചക്കറി, അതു പോരാഞ്ഞ്, കേരളത്തിൽത്തന്നെ ഭൂരിപക്ഷം വീട്ടമ്മമാർക്കും കേട്ടുകേൾവിപോലുമില്ലാത്ത പച്ചക്കറിയിനം. ബിന്ദുവിനു പക്ഷേ തെറ്റിയില്ല. കൃഷി തുടങ്ങി ആദ്യ വർഷം തന്നെ ലഭിച്ചു ഏക്കറിന് രണ്ടു ലക്ഷം രൂപയ്ക്കടുത്തു വരുമാനം. ചെലവു നീക്കിയപ്പോഴും മോശമല്ലാത്ത ലാഭം. നിലവിൽ വില അൽപം മങ്ങിയിട്ടുണ്ടെങ്കിലും കൃഷി നേട്ടം തന്നെ. അതുകൊണ്ടുതന്നെയാണ് ആറരയേക്കറിൽ ചൗ ചൗ എന്ന ഒറ്റ വിള മാത്രം കൃഷി ചെയ്യുന്നതും. സ്വന്തം നിലയ്ക്ക് നാലേക്കറിലും കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുമായി ചേർന്നു രണ്ടരയേക്കറിലും കൃഷി. ഏക്കറിൽനിന്ന് ആഴ്ചയിൽ ശരാശരി ഒരു ടൺ ഉൽപാദനം. മഴക്കാലത്ത് അത് ഒന്നര ടൺ വരെയെത്തുമെ ന്നു ബിന്ദു.

ഗൂഡല്ലൂരുള്ള സഹോദരന്റെ ചൗ ചൗ കൃഷിയാണു ബിന്ദുവിനു പ്രചോദനം. തമിഴ്നാട്ടിൽ പ്രചാരവും വിപണിയുമുണ്ട് ഈ കൃഷിയിനത്തിന്. മേട്ടുപ്പാളയം മാർക്കറ്റിൽ കിലോയ്ക്ക് 45 രൂപ വരെ വില ഉയർന്ന നാളിലാണ് സഹോദരന്റെ വഴി പിന്തുടർന്ന് ബിന്ദുവും ചൗ ചൗ നട്ടത്. ഗൂഡല്ലൂരിലെ വിളവിനൊപ്പം വിറ്റഴിക്കാമല്ലോ എന്നതായിരുന്നു ധൈര്യം. കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്യുന്ന രാജുവിന്റെയും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും കൃഷിയിലിറങ്ങാൻ ധൈര്യം കാണിച്ച മക്കളുടെയും പ്രോത്സാഹനം കൂടിയായതോടെ ഒന്നിന് 15 രൂപ മുടക്കി വിത്തു വാങ്ങി കൃഷി തുടങ്ങി. കോഴിക്കോട് പാളയം മാർക്കറ്റിൽ ചൗ ചൗവിന് ആവശ്യക്കാരുണ്ടെന്നുകൂടി കേട്ടതോടെ ആത്മവിശ്വാസം കൂടി. ഇപ്പോഴാകട്ടെ, ഗൾഫിലേക്കു കയറ്റുമതി ചെയ്യാനുള്ള അവസരവും കൈവന്നിരിക്കുന്നു.

കരിപ്പൂർ വിമാനത്താവളം വഴി സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുന്ന ഏജന്റിന് ആഴ്ചയിൽ 6–7 ടൺ എത്തിച്ചു കൊടുക്കുന്നു. നിപ്പ വൈറസ് ഭീതി മൂലം ഇടയ്ക്ക് കയറ്റുമതി അൽപം മങ്ങിയെങ്കിലും വീണ്ടും തെളിഞ്ഞു. വിളവെടുത്ത് തരംതിരിച്ച് പുള്ളിക്കുത്തും ചുളുക്കവുമൊന്നുമില്ലാത്ത കായ്കൾ കിലോ 10–12 രൂപ വിലയ്ക്ക് ഏജന്റിനു കൈമാറും. ബാക്കി പാളയം മാർക്കറ്റിലേക്ക്. കിലോ 6–7 രൂപ അവിടെ കിട്ടും. 

ചാക്കു നിറയെ ചൗചൗ 

bd2

ചയോട്ടെ എന്ന വെള്ളരിവർഗ പച്ചക്കറിയിനം ചൗ ചൗ എന്ന പേരിലാണ് ഇന്ത്യയിൽ പൊതുവേ അറിയപ്പെടുന്നത്. കേരളത്തിൽ സാധാരണമല്ലെങ്കിലും തമിഴ്നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ചൗചൗ കൃഷിയും ചൗചൗ വിഭവങ്ങളുമുണ്ട്. മികച്ച പാചകഗുണവും പോഷകമേന്മയും ഈ വെള്ളരിയിനത്തെ പ്രിയമുള്ളതാക്കുന്നു. വെള്ളരി ഉപയോഗിക്കുന്ന ഏതു കറിക്കും പ്രയോജനപ്പെടുത്താം. ഉപ്പിലിട്ട് ഉപയോഗിക്കുന്ന രീതിയുമുണ്ട്. തമിഴ്നാട്ടിൽ സാമ്പാറിലും മോരു കറിയിലുമെല്ലാം ചൗ ചൗവിനു പ്രവേശനമുണ്ട്.

തണുപ്പു കൂടിയ കാലാവസ്ഥയാണ് ഈയിനത്തിനു നല്ലത്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ വയനാടുപോലുള്ള പ്രദേശത്തിനു പുറത്ത് ചൗചൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വിജയിക്കാന്‍ സാധ്യത കുറവെന്നു ബിന്ദു. കൃഷിക്കാലം തുടങ്ങുന്നത് ഒാഗസ്റ്റിൽ. ചാണകവും കോഴിക്കാഷ്ഠവും അൽപം രാസവളവും നൽകി പന്തലിട്ടു പടർത്തുന്ന ചൗ ചൗ, നവംബറിൽ വിളവെടുപ്പിനു തയാറാവും. തുടർന്ന് ഏഴു മാസത്തോളം നീളുന്ന വിളവെടുപ്പ്. ഇതിനിടയിൽ മുന്തിരിപോലെ പുതിയ വള്ളികളും 

ഒാരോ മുട്ടിലും പൂക്കളും പിന്നാലെ കായ്കളും നിറയും. വിളവെടുപ്പു കഴിഞ്ഞ തണ്ടുകൾ ഇടയ്ക്കിടെ മുറിച്ചു നീക്കണം. മൂന്നു വർഷംവരെ ചെടി നിലനിർത്താമെങ്കിലും മഴകൂടുതലുള്ള വയനാട്ടിലെ കാലാവസ്ഥയിൽ ആദ്യ വർഷം പിന്നിടുന്നതോടെ ചെടി ചീഞ്ഞുതുടങ്ങും. അതുകൊണ്ടുതന്നെ ഓരോ വർഷവും കൃഷി ആവർത്തിക്കും. മൂത്തു മുളവന്ന ചൗ ചൗ തന്നെയാണ് വിത്ത്.

ആറരയേക്കറിൽ ചൗ ചൗ

ബിന്ദു രാജു 

വട്ടച്ചോല, വയനാട് 

ഫോൺ: 9747995285

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA