ADVERTISEMENT

മനുഷ്യർക്കും മൃഗങ്ങൾക്കുമൊക്കെ ആയുർവേദചികിത്സ നടത്തുന്നതു നാം കണ്ടിട്ടുണ്ട്. എന്നാൽ നെല്ലിനും പച്ചക്കറിക്കും മറ്റും കഷായവും അരിഷ്ടവുമൊക്കെ നൽകി പുഷ്ടിപ്പെടുത്തുന്നതു കണ്ടിട്ടുണ്ടോ? കാണണമെങ്കിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തിൽ പോയാൽ മതി. ഭാരതത്തിലെ പരമ്പരാഗത അറിവുകളിലൊന്നായ വൃക്ഷായുർവേദമാണ് ഇപ്പോൾ ഇവിടത്തെ കാർഷികമേഖലയിൽ താരം. നെല്ലും പച്ചക്കറിയും മാത്രമല്ല വാഴയും സുഗന്ധവിളകളുമൊക്കെ വൃക്ഷായുർ വേദവിധിപ്രകാരം പരിപാലിക്കുന്ന കൃഷിക്കാർ ജില്ലയിലെ എല്ലാ പഞ്ചായത്തിലുമുണ്ടത്രെ.

കണ്ണൂർ പട്ടണത്തിൽ വിഷരഹിത പച്ചക്കറികൾ കൂടുതലായെത്തിക്കുന്ന അഴീക്കോട് പഞ്ചായത്തുതന്നെയാണ് ഈ മുന്നേറ്റത്തിനു മുഖ്യസാക്ഷി. വ്യാപകമായ പച്ചക്കറിക്കൃഷി നടക്കുന്ന ഇവിടുത്തെ ചാലുകൾ ( വയലുകൾ) വൃക്ഷായുർവേദത്തിലേക്ക് ചുവടുമാറിത്തുടങ്ങിയത് 2015 ഡിസംബറിലാണ്. അന്നത്തെ കൃഷി ഓഫിസർ സി.വി. ജിദേഷിന്റെ പ്രേരണയിൽ ചാലുകളിലെ ചെറുകിട കൃഷിക്കാർ ഹരിതകഷായവും ( ഹെർബൽ കുണപജല ) മറ്റും വിളകൾക്കു നൽകി. പച്ചക്കറിവിളകളുെട ആരോഗ്യത്തിലും ഉൽപാദനത്തിലും വളരെ വേഗം മാറ്റമുണ്ടായത് കൂടുതൽ കൃഷിക്കാരെ ഇതിലേക്ക് ആകർഷിച്ചെന്നു ജിദേഷ് പറഞ്ഞു. ഇക്കോളജിക്കൽ എൻജിനീയറിങ്ങിന്റെ ഭാഗമായുള്ള കൃഷിമുറകൾക്കൊപ്പം വൃക്ഷായുർവേദവും കൂടി സ്വീകരിച്ചപ്പോൾ മികച്ച ഫലമാണ് കിട്ടിയതെന്ന് അഴീക്കോട്ടെ വഴുതനക്കർഷകനായ ഗോപാലേട്ടനും ഭാര്യ മാധുരിയും പറഞ്ഞു. ഹരിതകഷായം നൽകിയ നാടൻവഴുതനയിൽനിന്ന് 750 ഗ്രാം തൂക്കമുള്ള വഴുതനങ്ങ കിട്ടിയതായി അവർ ചൂണ്ടിക്കാട്ടി. ഈ വർഷം ആയിരത്തോളം നേന്ത്രവാഴകൾക്കു ഹരിതകഷായം നൽകി പരീക്ഷിക്കുകയാണ് ഗോപാലേട്ടൻ. വൃക്ഷായുർവേദകൃഷിയിലെ ലീഡ് ഫാർമറും മാസ്റ്റർ പരിശീലകനുമായ ടി. ബാലചന്ദ്രനും ഭാര്യ ജയശ്രീയും ഫെർട്ടിഗേഷനിലൂെട ഹരിതകഷായം നൽകി വിളവ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. അഴീക്കോട്ടെ മറ്റൊരു പച്ചക്കറിക്കൃഷിക്കാരിയായ സി. ഉഷ ഹരിതകഷായത്തിനു പുറമെ, കീടനിയന്ത്രണത്തിനായി വൃക്ഷായുർവേദ വിധിപ്രകാരം ചെമ്പുപാത്രത്തിൽ തയാറാക്കിയ ഗോമൂത്ര കീടനാശിനിയും പ്രയോഗിക്കാറുണ്ട്. വേനൽക്കാലത്ത് വിപുലമായ പച്ചക്കറി ക്കൃഷിയുള്ള പുഷ്പയും ചന്ദ്രനും ഹരിത കഷായം പതിവായി ഉപയോഗിച്ചുതുടങ്ങിയതോടെ പച്ചക്കറി വാങ്ങാൻ വീട്ടിലെത്തുന്നവരുെട എണ്ണവും പെരുകി.

kannur-farm1
ജിദേഷ് അഴീക്കോട് പഞ്ചായത്തിലെ വൃക്ഷായുർവേദ കർഷകർക്കൊപ്പം

ശീതകാലപച്ചക്കറികളിൽ വൃക്ഷായുർവേദം ഏറെ ഫലപ്രദമാണെന്നു മുഴുപ്പിലങ്ങാട്ടെ വീട്ടമ്മയായ അനിത പറഞ്ഞു. കീടശല്യം ഒഴിവാക്കാനായി വിളകൾക്കിടയിൽ ഉള്ളി നട്ടുവളർത്തുന്ന ഇക്കോളജിക്കൽ എൻജിനീയറിങ്ങും ഇവർ നടപ്പാക്കിയിട്ടുണ്ട്. വൃക്ഷായുർവേദ പ്രചരണത്തിനായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയിലെ പരിശീലക കൂടിയാണ് അനിത.

പരമ്പരാഗത കൃഷിയിടങ്ങളിൽ മാത്രമല്ല നഗരകൃഷിയിലും വൃക്ഷായുർവേദം ഏറെ സ്വീകാര്യമായിക്കഴിഞ്ഞെന്ന് ജിദേഷ് ചൂണ്ടിക്കാട്ടി. പുഴാതി പഞ്ചായത്തിലെ സനിലും ഭാര്യ മഹിതയും മൂന്നുനില വീടിനു മുകളിൽ 40 ഇനം പച്ചക്കറികൾ വിളയിക്കുന്നതിന് വൃക്ഷായുർവേദത്തെയാണ് ആശ്രയിക്കുന്നത്. മികച്ച മട്ടുപ്പാവ് കൃഷിക്ക് കഴിഞ്ഞ വർഷം കണ്ണൂർ അഗ്രിഹോർട്ടി സൊസൈറ്റിയുടെ അവാർഡ് ഇവരെ തേടിയെത്തി. മലയാള മനോരമ മികച്ച റെസിഡന്റ്സ് അസോസിയേഷനു നൽകുന്ന പുരസ്കാരത്തിന് അർഹരായ കണ്ണൂർ ഇടച്ചേരി റെസിഡന്റ്സ് അസോസിയേഷനും വൃക്ഷായുർവേദത്തിന്റെയും ഇക്കോളജിക്കൽ എൻജിനീയറിങ്ങിന്റെയും ശക്തരായ വക്താക്കളാണ്. അംഗങ്ങളുെട വീടുകളിൽ മാത്രമല്ല 50 സെന്റ് കൃഷിയിടം പാട്ടത്തിനെടുത്തും അസോസിയേഷൻ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. വിഷരഹിതമായ, നല്ല പച്ചക്കറി മാത്രം ലക്ഷ്യംവയ്ക്കുന്ന കൃഷിയിൽ ഇവർ ആശ്രയിക്കുന്നതും വൃക്ഷായുർവേദത്തെ തന്നെ. ജൈവപച്ചക്കറി ഉൽപന്നങ്ങളുെട വിപണനത്തിനായി ഒരു ഇക്കോഷോപ്പും അസോസിയേഷൻ നടത്തുന്നുണ്ട്.

kannur-farm2

വരൾച്ചയുെട രൂക്ഷത കുറയ്ക്കാനും വൃക്ഷായുർവേദത്തിലൂടെ സാധിക്കുമെന്നാണ് കണ്ണൂർ മയ്യിൽ പഞ്ചായത്തിെല കണ്ടക്കയ് പാടശേഖരസമിതിയുടെ അനുഭവം വ്യക്തമാക്കുന്നത്. വൃക്ഷായുർവേദ വിധിപ്രകാരമുള്ള മൃതസഞ്ജീവനി തളിച്ചു കൊടുത്തപ്പോൾ നെൽച്ചെടികൾക്ക് 20–30 ദിവസത്തോളം ഉണക്കിനെ അതിജീവിക്കാൻ കഴിഞ്ഞെന്ന് പാടശേഖരസമിതിചെറുത്തുനിൽക്കാൻ മൃതസ‍ഞ്ജീവനി സഹായകമാണെന്ന കാര്യത്തിൽ മയ്യിലെ തന്നെകീഴാലം പാടശേഖരം സെക്രട്ടറി രവീന്ദ്രനും മുല്ലക്കൊടി പാടശേഖരം സെക്രട്ടറി ബാലകൃഷ്ണനും അഭിപ്രായവ്യത്യാസമില്ല. ഈ വർഷം വേണ്ടിവന്നില്ലെങ്കിലും കഴിഞ്ഞ വർഷത്തെ വേനലിൽ തങ്ങളും മൃതസഞ്ജീവനിയെ ആശ്രയിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഈ പഞ്ചായത്തിലെ മിക്ക പാടങ്ങളിലും ഹരിതകഷായവും ഗോമൂത്രകീടനാശിനിയും വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. ഇപ്രകാരം വിഷരഹിതമായി ഉൽപാദിപ്പിക്കുന്ന വിഷരഹിത അരി ഉയർന്ന വിലയ്ക്ക് വിറ്റ് അധികാദായം നേടാനും ഇവർക്കു സാധിക്കുന്നു. സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്നതും ചെലവ് കുറവുള്ളതുമായ മില്ല് പാടശേഖരസമിതികൾ സ്വന്തമാക്കിയതുകൊണ്ടുള്ള നേട്ടമാണിതെന്നുമയ്യിലെ മുൻ കൃഷി ഓഫിസർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. നെല്ലുകുത്താൻ മാത്രമല്ല അരി പൊടിക്കാനും കൊപ്ര ആട്ടാനുമൊക്കെയുള്ള ചെറുമില്ലുൾ ഈ കൃഷിക്കാർ സ്വന്തമാക്കിക്കഴിഞ്ഞു. നെൽകൃഷിക്കു ശേഷം നടത്തുന്ന പച്ചക്കറികൃഷിയിൽ മികച്ച വിളവ് നേടാനും വൃക്ഷായുർവേദം തന്നെ തുണ.

kannur-farm6
മയ്യിൽ പഞ്ചായത്തിലെ വൃക്ഷായുർവേദ കർഷകർ

അടുത്ത കാലംവരെ വൃക്ഷായുർവേദത്തെക്കുറിച്ച് പരിമിതമായ അറിവു മാത്രമേ കർഷകസമൂഹത്തിലേക്ക് എത്തിയിരുന്നുള്ളൂ. പുരാതനഗ്രന്ഥങ്ങളിലും രേഖകളിലും ഒളിഞ്ഞു കിടന്നിരുന്ന ഈ അറിവുകൾ കണ്ടെത്തി സാധാരണ കൃഷിക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന രൂപത്തിലാക്കാൻ ഏതാനും ഗവേഷകർ നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ ഈ ശാസ്ത്രശാഖയുെട ഉയർത്തെഴുന്നേൽപിനുവഴി തെളിച്ചിരിക്കുന്നത്. വൃക്ഷായുർവേദത്തിലെ എല്ലാ അറിവുകളും പൂർണമായി വീണ്ടെടുക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതിനകം വീണ്ടെടുക്കപ്പെട്ട അറിവുകൾതന്നെ ഈ കൃഷി ശാസ്ത്രത്തിന്റെ സാധ്യതകൾ വെളിപ്പെടുത്തുന്നു.

kannur-farm5
ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ കൃഷിയിടം

പരശുരാമൻ രചിച്ചെന്നു കരുതപ്പെടുന്ന കൃഷിഗീത, സുരപാലന്റെ വൃക്ഷായുർവേദ എന്നിവയാണ് ‌ഇന്ത്യയിലെ പുരാണ കൃഷിശാസ്ത്രത്തിന്റെ നിലനിൽപിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ അറിവുകളും കൃഷിരീതികളും വളക്കൂട്ടുകളും പരീക്ഷിക്കുകയും അവയെ കാലാനുസൃതമായി അവതരിപ്പിക്കുകയും ചെയ്ത ഗവേഷകരിൽ പ്രധാനിയാണ് ഹൈദരാബാദ് ഇ ക്രിസാറ്റ് ( ഇന്റർനാഷനൽ ക്രോപ് റി സർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെമി അരിഡ് ട്രോപിക്സ്) ഉപമേധാവിയായിരുന്ന ഡോ. വൈ.എൽ.നെനെ. നെനെയുൾപ്പെടെയുള്ള ഗവേഷകർ വീണ്ടെടുത്ത അറിവുകളുെട അടിസ്ഥാനത്തിലുള്ള വിളപരിപാലന മുറകൾ ഇപ്പോൾ രാജ്യവ്യാപകമായി പരീക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ പാരമ്പര്യ കാർഷിക അറിവുകൾ കണ്ടെത്തി സംരക്ഷിക്കുകയും കൃഷിക്കാരിലെത്തിക്കുകയും ചെയ്യുന്നതിനായി നെനെ 1996ൽ സ്ഥാപിച്ച ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗ ണ്ടേഷനാണ് (എഎഎച്ച്എഫ്) ഇന്ത്യയിൽ വൃക്ഷായുർവേദം സംബന്ധിച്ച പഠനങ്ങളും പ്രചരണങ്ങളും നടത്തുന്നത്.

kannur-farm3
മട്ടുപ്പാവ് കൃഷിയിൽ വൃക്ഷായുർവേദം പ്രയോജനപ്പെടുത്തുന്ന സനിലും ഭാര്യ മഹിതയും

കേരളത്തിൽ വൃക്ഷായുർവേദത്തിന്റെ ആദ്യപരിശീലനം നടത്തിയത് 2015 സെപ്റ്റംബറിൽ സംസ്ഥാന ആസൂത്രണ ബോർഡാണ്. വൃക്ഷായുർവേദത്തെ തിരിെക കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച ഡോ. വൈ.എൽ. നെനെയാണ് കൃഷി ഓഫിസർമാർക്കുള്ള ഈ പരിശീലനത്തിനു നേതൃത്വം നൽകിയത്. ഈ സമ്പ്രദായത്തിലെ മുഖ്യ വിളപോഷകമായ ഹെർബൽ കുണപജല ഉൾപ്പെടെയുള്ള ജൈവക്കൂട്ടുകൾ തയാറാക്കാൻ പരിപാടിയിൽ പരിശീലനം നൽകിയിരുന്നു. നെനെയുെട പരിശീലനത്തിൽ പങ്കെടുത്ത ഏതാനും കൃഷിഓഫിസർമാരാണ് ഇപ്പോൾ സംസ്ഥാനത്താകെ വൃക്ഷായുർവേദം ജനകീയമാക്കാൻ മുൻകൈയെടുക്കുന്നത്. കണ്ണൂർ മൊബൈൽ മണ്ണുപരിശോധനാ ലാബിലെ കൃഷി ഓഫിസറായ ജിദേഷ് അഴീക്കോട് കൃഷിഭവനിൽ പ്രവർത്തിച്ചിരുന്ന കാലം മുതലേ വൃക്ഷായുർവേദം പ്രചരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. വൃക്ഷായുർവേദ രംഗത്തെ മുഖ്യ ഏജൻസിയായ എഎഎച്ച് എഫിന്റെ കേരള ചാപ്റ്റർ രൂപീകരിക്കാൻ മുൻകൈയെടുത്ത ഇദ്ദേഹം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് ഹെൽത്ത് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ പഠനത്തിന്റെ ഭാഗമായും വൃക്ഷായുർവേദം പരിശീലിച്ചിട്ടുണ്ട്. ഫോൺ: 9446052342

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com