ADVERTISEMENT

പാൽപായസം പോലെ അത്ര മധുരമുള്ളതല്ല പശുവളർത്തൽ എന്നു ബീന പറയും; ‘അത്രയ്ക്കുണ്ട് അധ്വാനം. ഒരു പശുവിൽ തുടങ്ങി ഒമ്പതു പശുവിലെത്തിയത് ഇങ്ങനെ അധ്വാനിച്ചു തന്നെയാണ്. എന്നാൽ അതിൽനിന്നു കിട്ടുന്ന ആത്മവിശ്വാസവും സംതൃപ്തിയുമുണ്ടല്ലോ, അതിന് പാൽപായസത്തേക്കാൾ മധുരമുണ്ട്. ഏതു സാമ്പത്തിക പ്രയാസങ്ങളിലും ഏറ്റവും വലിയ ആശ്വാസം തൊഴുത്തിലെ പൂവാലികൾതന്നെ’. 

 

പാൽവിൽപനയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ബീനയുെട വരുമാനത്തെ പാൽപായസത്തിന്റെ വരുമാന മധുരത്തിലേക്കു തിരിച്ചുവിട്ടത് മങ്കട ഡെയറി ഫാം ഇൻസ്പെക്ടറായിരുന്ന കെ. നസീമയാണ്. കുടുംബശ്രീയിലെ കൂട്ടുകാരിയായ ഷീജ കൂടി നിർബന്ധിച്ചതോടെ ക്ഷീരവികസനവകുപ്പിന്റെ നടുവട്ടത്തുള്ള കേന്ദ്രത്തിൽ പരിശീലനം നേടി. ഒട്ടേറെ പാലുൽപന്നങ്ങൾ നിർമിക്കാൻ പഠിച്ചെങ്കിലും ഹൽവയും പാൽപായസവുമാണ് ബീനയുടെ മുഖ്യ പാൽവിഭവങ്ങൾ. കണ്ണിൽക്കണ്ടതെല്ലാം നിർമിച്ച് വിപണി തേടി അലയാതെ പ്രാദേശിക ഡിമാൻഡുള്ളതു തയാറാക്കുക, അതാണു വിജയമന്ത്രം. 

 

മുഖ്യ ഉൽപന്നം പാൽതന്നെ. ഒപ്പം തൈരും നെയ്യും. പാൽപായസവും ഹൽവയുമെല്ലാം ഒാർഡർ അനുസരിച്ചു മാത്രം. ഒമ്പത് പശുക്കളിൽ അഞ്ചെണ്ണമെങ്കിലും കറവയിൽ, ബാക്കി ചെനയിൽ; അതാണു ബീനയുടെ പരിപാലനരീതി. എച്ച് എഫും ജെഴ്്സിയുമാണ് ഇനങ്ങൾ. പശുപരിപാലനത്തിൽ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ പാരമ്പര്യരീതിതന്നെ പിന്തുടരുന്ന ബീനയ്ക്ക് ഒരേക്കറിൽ പുൽക്കൃഷിയുമുണ്ട്. കുടുംബശ്രീ അംഗമായ ബീനയെ പിന്തുണച്ച് പുഴക്കാട്ടിരി പഞ്ചായത്തും വെറ്ററിനറി ഒാഫിസർ മുജീബ് റഹ്മാനും ഒപ്പമുണ്ട്. 

 

വരുമാനം ചുരത്തുന്ന പൈക്കൾ 

 

ഇന്നത്തെ സാഹചര്യത്തിൽ വിപണിയും വിലയും 100 ശതമാനം ഉറപ്പുള്ള ഉൽപന്നമേതെന്ന് കേരളത്തിലെ കർഷകരോടു ചോദിച്ചാൽ സംശയമില്ല, പാലെന്നു തന്നെയാവും ഉത്തരം. ക്ഷീരസംഘങ്ങൾ വഴിയും ആവശ്യക്കാരുടെ വീടുകളിൽ നേരിട്ടെത്തിച്ചും ഫാമിൽനിന്നു നേരിട്ടും പ്രാദേശികമായിത്തന്നെ പാൽ ചെലവാകും. വളരെ വേഗം വരുമാനത്തിലെത്താം എന്നതും നിത്യവും വരുമാനമെന്നതും പശുവളർത്തലിനെ ആകർഷകമാക്കുന്നു. മിക്ക വീടുകളിലും പശുപരിപാലനം സ്ത്രീകളുടെ ചുമതലയാണ്. കുടുംബഭാരം ചുമലിലേറ്റുന്ന സ്ത്രീകളിൽ നല്ല പങ്കും വരുമാനത്തിനായി തിരഞ്ഞെടുക്കുന്ന മാർഗവും പശുവളർത്തൽതന്നെ.

 

പാൽവിൽപനയ്ക്കൊപ്പം തൈര്, നെയ്യ് എന്നിവയും വേനലിൽ സംഭാരവും വിപണിയിലെത്തിക്കുന്നവർ ഏറെയുണ്ടെങ്കിലും അതിനപ്പുറമുള്ള മൂല്യവർധിത ഉൽപന്നങ്ങളിലേക്കു തിരിയുന്നവർ കുറയും. പാൽ വറ്റിച്ച് തയാറാക്കുന്ന പേട, ഗുലാബ് ജാമുൻ, ഖോവ, പിരിച്ചു തയാറാക്കുന്ന പനീർ, രസഗുള, രസമലായ്, ശീതീകരിച്ചു തയാറാക്കുന്ന മിൽക് സിപ്അപ്, ഐസ്ക്രീം, മിൽക് ഷെയ്ക്, പുളിപ്പിച്ചു നിർമിക്കുന്ന യോഗർട്, ചീസ്, ലസ്സി ഒപ്പം ഹൽവ, ഫ്ളേവേർഡ് മിൽക്, പാൽപായസം എന്നിങ്ങനെ ഒട്ടേറെ മൂല്യവർധിത പാലുൽപന്നങ്ങൾക്കു കേരളത്തിൽ ഇന്നു വിപണിയുണ്ട്. ഒറ്റയ്ക്ക് എന്നതിനെക്കാൾ വനിതകളുടെ സ്വാശ്രയ സംഘങ്ങൾക്കു ശ്രദ്ധ വയ്ക്കാവുന്ന മേഖലയാണിത്.

 

പാലുൽപന്നനിര്‍മാണത്തില്‍ പരിശീലനം

 

മൂല്യവർധിത പാലുൽപന്നങ്ങൾ തയാറാക്കുന്നതിൽ 10 ദിവസത്തെ പരിശീലനം ക്ഷീരവികസന വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഫോൺ: തിരുവനന്തപുരം–0471 2440911, ഒാച്ചിറ(കൊല്ലം)– 0476 2698550, കോട്ടയം–0481 2302223, ആലത്തൂർ(പാലക്കാട്)–0492 2226040, നടുവട്ടം (കോഴിക്കോട്) –0495 2414579.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com