sections
MORE

‘തെങ്ങ് ചതിക്കില്ല’, കരീലക്കുളങ്ങരയിലെ നാളികേര രുചിക

padmaja
പദ്മജ രാധാകൃഷ്ണൻ
SHARE

നാട്ടിൽ എന്തെങ്കിലും ചെറിയൊരു സംരംഭം തുടങ്ങാം എന്ന ആലോചനയോടെയാണ് പ്രവാസജീവിതം വിട്ട് രാധാകൃഷ്ണനും ഭാര്യ പദ്മജയും മടങ്ങിയെത്തിയത്. പബ്ലിക് ടെലഫോൺ ബൂത്തും തയ്യൽക്കടയുമൊക്കെ പരീക്ഷിച്ചെങ്കിലും ഒന്നുമങ്ങോട്ടു ക്ലച്ചുപിടിച്ചില്ലെന്നു പദ്മജ. ഭക്ഷ്യസംരംഭങ്ങൾക്കു പൊതുവെയും നാടൻരുചികൾക്കു വിശേഷിച്ചും ഡിമാൻഡുണ്ടെന്നു കണ്ടതോടെ ചമ്മന്തിപ്പൊടി നിർമിച്ചു വിറ്റാലെന്തെന്നായി.

തയാറാക്കി ഒരാഴ്ചയ്ക്കുള്ളിൽ ചമ്മന്തിപ്പൊടി കനച്ചു കേടാവുന്നു എന്നു കണ്ടപ്പോൾ അതും പാളുമെന്നു തോന്നി. പരിഹാരം തേടി നേരെ സിപിസിആർഐയുടെ കായംകുളം കേന്ദ്രത്തിലെത്തി. കടയിൽനിന്നു വാങ്ങുന്ന വെളിച്ചെണ്ണയ്ക്കു പകരം തേങ്ങ വാങ്ങി കൊപ്രയാട്ടിയെടുത്ത വെളിച്ചെണ്ണ ഉപയോഗിക്കാൻ നിർദേശിച്ചത് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനിതാകുമാരി. തേങ്ങാപ്പാൽ വറ്റിച്ച് ഉരുക്കുവെളിച്ചെണ്ണ നിർമിക്കാനും അതിന് അനുബന്ധമായി അവലോസുപൊടി, തേങ്ങ വറുത്തത്, തീയൽ മിക്സ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാനും നിർദേശിച്ചു. ആശങ്കകൾ നീങ്ങി. ആ വഴിയിലൂടെയുള്ള നീക്കം ലക്ഷ്യം കണ്ടു. കരീലക്കുളങ്ങരയിലുള്ള പ്രാൺ ട്രേ ഡേഴ്സ് എന്ന ചെറുകിട സംരംഭമിന്ന് നാളികേര രുചികളുടെ മാത്രമല്ല, നല്ല കറിപ്പൊടികളുടെയും അരിയുൽപന്നങ്ങളുടെയും കേന്ദ്രമാണ്. റോസ്റ്റർ, ഗ്രൈൻഡർ, ഉരുക്കു വെളിച്ചെണ്ണ തയാറാക്കാനുള്ള യന്ത്രം എന്നിവ സ്ഥാപിച്ച യൂണിറ്റും വിൽപനശാലയും ചേർന്ന സ്ഥാപനത്തിലിരുന്ന് പദ്മജ പറയുന്നു, ‘തെങ്ങ് ചതിക്കില്ല.’ 

നാളികേര വിഭവനിര്‍മാണം: പരിശീലനം, സഹായം 

രാജ്യത്തെ നാളികേരക്കൃഷിയെയും വ്യവസായത്തെയും പരിപോഷിപ്പിക്കാനും സഹായിക്കാനും വേണ്ടി നാളികേര വികസനബോർഡിന്റെ പദ്ധതിയാണ് നാളികേര ടെക്നോളജി മിഷൻ. മൂല്യവർധിത നാളികേരോൽപന്ന സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു മിഷൻ സഹായം നൽകുന്നു. റജിസ്റ്റർ ചെയ്ത സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, സംരംഭകർ, വ്യക്തികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം സഹായം ലഭിക്കും.

പായ്ക്ക് ചെയ്ത കരിക്കിൻവെള്ളം, ലഘുസംസ്കരണം നടത്തിയ കരിക്ക്, തേങ്ങാവെള്ളത്തിൽ നിന്നു വിനാഗിരി, തൂൾത്തേങ്ങ, തേങ്ങാക്രീം, തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി, വിർജിൻ വെളിച്ചെണ്ണ, തേങ്ങാചിപ്സ്, ഫ്ലേവേർഡ് കോക്കനട്ട് ജ്യൂസ് എന്നിങ്ങനെ വിപണിയിൽ ഏറെ ഡിമാൻഡുള്ളതും നൂതനവുമായ ഉൽപന്നങ്ങൾ നിർമിക്കുന്ന പദ്ധതികൾക്കാണ് ധനസഹായം. ഫോൺ: 0484 – 2376265 / 2377266 / 2377267 / 2376553.

നാളികേരോൽപന്നങ്ങളുടെ നിർമാണത്തിൽ നാളികേര വികസനബോർഡിന്റെ കീഴിൽ സൗത്ത് വാഴക്കുളത്തുള്ള സിഡി ബി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയില്‍ പരിശീലനം നൽകുന്നു. വിവരങ്ങൾക്ക്: 0484 2679680. 

നാളികേരോൽപന്നങ്ങൾ

പദ്മജ രാധാകൃഷ്ണൻ

കരീലക്കുളങ്ങര,

ആലപ്പുഴ

ഫോൺ:9446856231

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA