ADVERTISEMENT

കൃഷി പഠിക്കുന്നതെങ്ങനെയാവണം? അതുചെയ്തു തന്നെ പഠിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. കൃഷിയിടത്തിലെ കൃഷിപഠനം തന്നെ മികച്ചതെന്നു സാരം. പക്ഷേ പുതിയ കാര്യങ്ങൾ ചോദിച്ചറിയാനും സംശയം തീർക്കാനും മറ്റും വിദഗ്ധന്മാർ വേണ്ടേ? തീർച്ചയായും. വിദഗ്ധന്മാരുെട ഉപദേശങ്ങളും അറിവുകളും കേൾക്കണമെന്ന കാര്യത്തിലും സംശയമില്ല. നാലാൾ ഒരുമിച്ചിരുന്ന് അനുഭവങ്ങൾ പങ്കിടുന്നത് നല്ലതല്ലേ? അതും നല്ലതു തന്നെ.

 

ചുരുക്കത്തിൽ ഈ മൂന്നു കാര്യങ്ങളും– കൃഷിയിടം, വിദഗ്ധർ, സഹകർഷകർ ഒരുമിച്ചു കൂടുന്ന വയൽ വിദ്യാലയങ്ങളാണ് ഏറ്റവും നല്ല കാർഷികവിജ്ഞാന വ്യാപന മാർഗമെന്നു വ്യക്തം. അപ്പോഴും ഒരു പ്രശ്നം ബാക്കി. വിവിധ സ്ഥലങ്ങളിലും സാഹചര്യങ്ങളിലുമുള്ള കൃഷിക്കാർ എങ്ങനെ ഒരു കൃഷിയിടത്തിൽ ഒത്തുകൂടും. ആധുനിക കാലത്തിലെ പാർട് ടൈം കൃഷിക്കാർക്ക് ഏറെ പ്രയാസമുള്ള കാര്യം. ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണ് കോട്ടയം പാമ്പാടിയിെല ഹരിതലോകം ഓൺലൈൻ ഫാം സ്കൂൾ.

 

പാമ്പാടി ബ്ലോക്കിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയാണ് ഹരിത ലോകം. ഈ കൂട്ടായ്മയുെട വ്യത്യസ്ത സംരംഭങ്ങളിലൊന്നാണ് ഓൺലൈൻ ഫാം സ്കൂളുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷിക്കാർ താൽപര്യമുള്ള കാർഷികവിഷയങ്ങൾ വിദഗ്ധരുെട േനതൃത്വത്തിൽ കൂട്ടായി ചർച്ച ചെയ്തു പഠിക്കുന്ന രീതിയാണിത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കോര തോമസാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മയുടെ കോഴ്സ് ഡയറക്ടർ.

 

തുടക്കമെന്നവണ്ണം ടൊമാറ്റോ ഫാം സ്കൂളാണ് ഇപ്പോൾ നടന്നുവരുന്നത്. സവിശേഷമായ ഒരിനം തക്കാളിവിത്ത് പഠിതാക്കൾക്ക് വിതരണം ചെയ്തശേഷം ഓൺലൈൻ ക്ലാസുകളുെട അടിസ്ഥാനത്തിൽ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും കൃഷി ചെയ്യുന്നു. പഠിതാക്കളുെട സൗകര്യമനുസരിച്ച് ടൊമാറ്റോ ഫാം സ്കൂളിന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോ കണ്ടാൽ മതിയാകും. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ കൃഷിയിടത്തിൽ തന്നെ ചെയ്തു കാണിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കോര തോമസിനൊപ്പം കൃഷിവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും മാസ്റ്റർ കർഷകരും ക്ലാസ് നയിക്കാറുണ്ട്. കർഷകോത്തമ അവാർഡ് ജേതാവ് ജോയിമോൻ ജയിംസായിരുന്നു തക്കാളി വിത്തുകൾ പാകുന്നതിനെക്കുറിച്ചുള്ള ആദ്യ ക്ലാസ് നയിച്ചത്. തുടർന്ന് നടീൽമിശ്രിതമുണ്ടാക്കൽ, ഗ്രോബാഗ് തയാറാക്കൽ, തൈ നടീൽ എന്നിങ്ങനെ വിഷയങ്ങളും യഥാക്രമം വന്നുകൊണ്ടിരിക്കും. ഓരോ ക്ലാസിന്റെയും അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ സ്വയം ചെയ്തു പൂർത്തിയാക്കാനും സംശയനിവൃത്തി വരുത്താനും അവസരം നൽകിയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അടിയന്തരപ്രശ്നങ്ങളിൽ ഇടപെടാൻ വാട്സ്ആപ് അധിഷ്ഠിത ടൊമാ റ്റോ ഫാം ക്ലിനിക്കുമുണ്ട്.

 

ഏറെപ്പേരും വിപണിയിൽനിന്നു വാങ്ങുന്നതും കീടരോഗനിയന്ത്രണത്തിനായി വിഷപ്രയോഗം നടത്താറുള്ളതുമായ വിളയെന്ന നിലയിലാണ് തക്കാളി പ്രഥമ വിഷയമായി തിരഞ്ഞെടുത്തതെന്നു കോര തോമസ് പറഞ്ഞു. ശരിയായ കൃഷിരീതികളിലൂെട വിഷമില്ലാത്ത തക്കാളി വീടുകളിലുണ്ടാകാൻ സഹായിക്കുകയാണ് ലക്ഷ്യം. സവിശേഷതകളുള്ള രണ്ടിനം തക്കാളിവിത്തുകളാണ് പഠിതാക്കൾക്ക് വിതരണം ചെയ്തിരിക്കുന്നത് – നീണ്ട ഇനവും ഉരുണ്ട ഇനവും. പരമാവധി പത്ത് വിത്തുകൾ മാത്രമാണ് ഒരാൾക്ക് നൽകിയിട്ടുള്ളത്.

 

പടരുന്ന ഇനങ്ങളായതിനാൽ താങ്ങും പന്തലുമൊക്കെ നൽകി വേണം കൃഷി നടത്തേണ്ടത്. 60 ദിവസം തക്കാളിപ്പള്ളിക്കൂടം സജീവമായിരിക്കും. ഇതിനിടയിൽ വിളവെടുപ്പ് വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തുപഠിക്കാൻ കൃഷിക്കാർക്ക് അവസരം ലഭിക്കും. ഓരോ ആഴ്ചയിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഗ്രൂപ്പിൽ പങ്ക് വയ്ക്കുകയും ചെയ്യും. ഒട്ടേറെ ഫെയ്സ് ബുക്ക് കൂട്ടായ്മകൾ ഫാം സ്കൂൾ പ്രയോജനപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു കോര തോമസ് പറഞ്ഞു. 

 

ഫോൺ: 9447867820

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com