കുറഞ്ഞ ചെലവിൽ കൂൺകൃഷി; കൂൺ കര്‍ഷകരുടെ പ്രതിനിധിയായി ഷീല

HIGHLIGHTS
  • വിളവെടുത്ത ദിവസംതന്നെ വിറ്റഴിക്കുക എന്നതാണ് കൂൺകൃഷിയിലെ വെല്ലുവിളി
  • നിത്യവരുമാനം ഉറപ്പാക്കാവുന്നതുമായ സംരംഭമാണ് ചിപ്പിക്കൂൺ വളർത്തൽ.
mushroom-farming
ഷീല അനിൽ
SHARE

കൂൺകൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും പരിശീലനവുമെല്ലാം ചേർന്ന് കൂണിന്റെ ലാഭവഴികളെല്ലാം പയറ്റിത്തെളിഞ്ഞ സംരംഭകയാണ് തൃശൂർ പീച്ചിയിലുള്ള ഷീല അനിൽ എന്ന ബിരുദാനന്തരബിരുദധാരി. വീടിന്റെ ടെറസ്സിനു മുകളിൽ നിർമിച്ച, ഒരേ സമയം 500 കൂൺ തടങ്ങൾ വരെ ക്രമീകരിക്കാവുന്ന പോളി ഹൗസിലാണ് ഷീലയുടെ കൂൺകൃഷി. കൃഷി തുടങ്ങിയ കാലത്ത് കൺനിറയെ വിളവുകിട്ടിയെങ്കിലും എങ്ങനെ വിൽക്കുമെന്ന ആശങ്കയായിരുന്നു മനസ്സുനിറയെ എന്നു ഷീല. ദിവസേന കിട്ടുന്ന മൂന്നോ നാലോ കിലോ കൂൺപോലും വിറ്റഴിക്കാൻ കഴിയുമോ എന്ന് ഭയം. സുഹൃത്തുക്കൾക്കും പരിചിതമായ ചില ഒാഫിസുകളിലും ആദ്യ വിൽപന. ക്രമേണ വിപണി സ്ഥിരത നേടി, കൂൺകൃഷി ഹരമായി. തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പിന്തുണകൂടിയായതോടെ കടമ്പകളെല്ലാം കടന്നു. 

വിളവെടുത്ത ദിവസംതന്നെ വിറ്റഴിക്കുക എന്നതാണ് കൂൺകൃഷിയിലെ വെല്ലുവിളി. പരിഹാരം മൂല്യവർധിത ഉൽപന്നങ്ങളെന്ന് ഷീല. കൂൺ അച്ചാർ, കൂൺ ബജി, കൂൺ ബിരിയാണി, കൂൺറോൾ എന്നിങ്ങനെ ഷീലയുടെ കൈപ്പുണ്യത്തിൽ തയാറാക്കുന്ന കൂൺ വിഭവങ്ങൾക്ക് മുടക്കം കൂടാതെ ഒാർഡറും ലഭിക്കുന്നുണ്ട്. കൂൺകർഷകരുടെ പതിവിനമായ ഫ്ലോറിഡ ചിപ്പിക്കൂണിൽനിന്നു കൂടുതൽ വിളവു ലഭിക്കുന്ന എച്ച് യു ഇനത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു ഷീല. കൂൺതടത്തില്‍ വളം നൽകുന്ന വിദേശരീതിയും കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങളും പരീക്ഷിക്കാനൊരുങ്ങുകയുമാണ്. തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശകസമിതിയിൽ കൂൺ കര്‍ഷകരുടെ പ്രതിനിധികൂടിയാണ് ഈ വനിത.

sl-2

കുറഞ്ഞ ചെലവിൽ കൂൺകൃഷി

കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാവുന്നതും പ്രാദേശികമായി വിപണി നേടാനായാല്‍ നിത്യവരുമാനം ഉറപ്പാക്കാവുന്നതുമായ സംരംഭമാണ് ചിപ്പിക്കൂൺ വളർത്തൽ. ഒരു കൂൺ ബെഡ്ഡു പോലും പാഴാവാതെ മികച്ച രീതിയിൽ കൃഷിയും സുസ്ഥിര വരുമാനവും നേടുന്നവർ, വിശേഷിച്ച് വനിതകൾ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. തട്ടി മുട്ടി നീങ്ങുന്നവരും ഇടയ്ക്കു നിർത്തിപ്പോകുന്നവരും കുറവല്ലതാനും. കൂൺതട നിർമാണം, നിരന്തരപരിപാലനം, വിപണി കണ്ടെത്തല്‍ എന്നിവയൊക്കെ അൽപം അധ്വാനം നിറഞ്ഞതാണെന്നു പറയും രണ്ടാമത്തെ കൂട്ടർ. അതുതന്നെയാണ് കൂൺ കൃഷിയിലെ വെല്ലുവിളിയും സംതൃപ്തിയുമെന്ന് ആദ്യ വിഭാഗവും. 

കൂൺകൃഷി ചെയ്യുന്നവരിൽ പലരും കൂൺ ബിരിയാണി, കൂൺ കട്‌ലറ്റ്, കൂൺ സമൂസ തുടങ്ങിയ മൂല്യവർധിത വിഭവങ്ങളിലേക്കു കടന്നിട്ടുണ്ട്. വനിതകൾ സംഘമായി ചെയ്യുമ്പോൾ ഇത് കൂടുതൽ എളുപ്പമാകുന്നു. വലിയ ഒാർഡറുകൾ ഏറ്റെടുക്കാനും വിപണനപ്രശ്നങ്ങൾ മറികടക്കാനും ഇത് സഹായകം. 

farming-at-low-cost1

സംരംഭങ്ങൾക്ക് സാങ്കേതികവിദ്യകൾ 

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചതും സംരംഭങ്ങൾക്ക് ഉതകുന്നതുമായ സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാൻ സർവകലാശാലയുടെ മണ്ണുത്തിയിലെ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടു (സിടിഐ)മായി ബന്ധപ്പെടാം. ഫോൺ: 0487 2371104 

വാഴപ്പഴത്തിൽനിന്നും വാഴയിൽനിന്നും മൂല്യവധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യകൾ ലഭിക്കും തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള നാഷനൽ റിസർച്ച് സെന്റർ ഫോർ ബനാനയിൽ നിന്ന്. ഫോൺ: 0431 2618125.

മരച്ചീനിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൾക്ക് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 0471 2598551 

ഭക്ഷ്യസംസ്കരണരംഗത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ മൈസൂരിലെ സിഎഫ്ടിആർഐയും ഒട്ടേറെ പുതുമയാർന്ന സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നുണ്ട്. ഫോൺ: 0821 2514534

പരിശീലനത്തിന് കെവികെ

കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട് കൃഷിവിജ്ഞാനകേന്ദ്രങ്ങൾ. കാർഷിക സംരംഭങ്ങൾ, വിശേഷിച്ച് ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒട്ടേറെ മേഖലകളിൽ സാങ്കേതികവിദ്യകളും പരിശീലനങ്ങളും നൽകുന്നുണ്ട് മിക്കവയും. വിശദവിവരങ്ങൾക്കു കെവികെകളുമായി ബന്ധപ്പെടുക. 

തിരുവനന്തപുരം – 0472–2882086, കൊല്ലം – 0474–2663599, ആലപ്പുഴ – 0479–2449268, പത്തനംതിട്ട – 0469–2661821 , കോട്ടയം – 0481–2523120 , ഇടുക്കി – 04868–247541 , എറണാകുളം – 0484–2492450 , തൃശൂർ– 0487–2375855 , മലപ്പുറം – 0494–2686329 , പാലക്കാട് – 0466–2212279 , കോഴിക്കോട് – 0496–2662372 , വയനാട് – 04936–260411 , കണ്ണൂർ – 0460–2226087 , കാസർകോട് – 04994–232993 

കൂൺ കൃഷി, മൂല്യവർധന

ഷീല അനിൽ

മുണ്ടേക്കുടിയിൽ

പീച്ചി, തൃശൂർ

ഫോൺ:9446914019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA