sections
MORE

കുളത്തിൽ നിന്നെത്തുന്നു വെട്ടിനുറുക്കിയ മീൻ; നേട്ടമുണ്ടാക്കിയ സംരംഭകർ

aquaponics-fish-farm1
ഷിബുവും ബിനുവും മത്സ്യക്കുളത്തിൽ
SHARE

കുളത്തിൽ മീനുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. സൗകര്യപ്രദമായ വിധത്തിൽ അവ ലഭ്യമായാലേ ആവശ്യക്കാരുണ്ടാവൂ. മത്സ്യക്കൃഷിയുെട തുടക്കത്തിൽതന്നെ ഈ യാഥാർഥ്യം ഉൾക്കൊണ്ടതിന്റെ നേട്ടങ്ങളാണ് സുഹൃത്തുക്കളായ കെ.എൽ. ഷിബുവിനും ബിനു ജോസഫിനും ചൂണ്ടിക്കാണിക്കാനുള്ളത്. ബിസിനസുകാരനാണ് ഷിബു. ബിനുവാകട്ടെ അസ്സൽ കൃഷിക്കാരനും. കൃഷിയും കച്ചവടവും കൈകോർത്താൽ വലിയ നേട്ടമുണ്ടാക്കാമെന്നു തെളിയിക്കുകയാണ് സംയുക്ത സംരംഭത്തിലൂടെ ഇവർ.

തൃശൂർ ജില്ലയിലെ പട്ടിക്കാടിനടുത്ത് സൈലന്റ് നഗറിലെ ഹൗസിങ് പ്ലോട്ടാണ് ഇവരുെട ഫിഷ് ഫാം. കാടുപിടിച്ചു കിടന്ന സ്ഥലത്ത് കുളമുണ്ടാക്കാൻ ഉടമസ്ഥനിൽ നിന്ന് അനുവാദം വാങ്ങി സംരംഭത്തിനു തുടക്കം കുറിക്കുകയായിരുന്നു. ഇരുപതടി വീതിയും 45 അടി നീളവുമുള്ള രണ്ടു വലിയ പടുതക്കുളങ്ങളാണുണ്ടാക്കിയത്. കഠിനമായ വേനൽചൂടിന്റെ ആഘാതം മത്സ്യങ്ങൾക്കുണ്ടാവാതിരിക്കാൻ കുളത്തിനു മീതേ തണൽവലയും വിരിച്ചു. ആകെ മുതൽമുടക്ക് മൂന്നര ലക്ഷം രൂപ. തിലാപ്പിയ, നട്ടർ മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. പെല്ലറ്റ് തീറ്റയ്ക്കു പുറമെ അസോളയും നൽകി. 

മീൻ വളർന്നതോടെ മറ്റൊരു തലവേദന ഇരുവരെയും അലട്ടി. എങ്ങനെ ഉപഭോക്താക്കളെ കണ്ടെത്തും? കുളത്തിൽ മീനുണ്ടെന്നും ആവശ്യക്കാർക്ക് ജീവനോടെ പിടിച്ചുകൊടുക്കുന്നുണ്ടെന്നും മാലോകരെ അറിയിക്കേണ്ടേ. അതിന് അവർ കണ്ടെത്തിയ മാർഗം വിളവെടുപ്പുത്സവമായിരുന്നു. ഒരു ദിവസം മുഴുവൻ ആളുകൾക്ക് മീൻ പിടിച്ചുകൊടുക്കുന്ന പരിപാടിക്കു വലിയ പ്രചാരണമുണ്ടായി. മീൻപിടിത്തം ആസ്വദിക്കാനെത്തിയ നാട്ടുകാർക്കു ജീവനുള്ള മത്സ്യത്തെ തൂക്കി നൽകാനും സംവിധാനമുണ്ടായിരുന്നു. കൂട്ടുകാരുെട മീൻ വളർത്തലിനു നാട്ടുകാർക്കിടയിൽ വലിയ പബ്ലിസിറ്റിയായതോടെ പെടയ്ക്കുന്ന മീനിന് ആവശ്യക്കാരേറി. എല്ലാ ദിവസവും രാവിലെ ആവശ്യക്കാർക്ക് മീൻ പിടിച്ചു കൊടുത്തുതുടങ്ങി. രാവിലെ ആറു മുതൽ ഒമ്പതുവരെ നാച്ചുറൽ ഫിഷ് ഫാമിൽ മീൻപിടിക്കുന്നുണ്ടെന്ന് ഇന്ന് പട്ടിക്കാട്ടുകാർക്കെല്ലാം അറിയാം. 

എന്നാൽ മീൻ വെട്ടുന്നതിനു സമയവും സൗകര്യവുമില്ലാത്തതുമൂലം പലരും ഫാമിലെ മീൻ വാങ്ങാൻ മടിക്കുന്നുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. വലിയ മത്സ്യങ്ങളെ വെട്ടി വൃത്തിയാക്കാനുള്ള കത്തിയും മറ്റു സൗകര്യങ്ങളും വീടുകളിലുണ്ടാ വണമെന്നില്ല. അതിനു പരിഹാരമായാണ് ജീവനോടെ പിടിച്ച മത്സ്യത്തെ ഉടൻ നുറുക്കി വൃത്തിയാക്കി നൽകുന്ന രീതി ആരംഭിച്ചത്. മുൻകൂട്ടി വിളിച്ചുപറയുന്നവർക്ക് വീട്ടിലെത്തിച്ചു കൊടുക്കുന്ന രീതിയിൽ പിന്നീട് ഈ സേവനം വിപുലപ്പെടുത്തി. നാട്ടിലെ വിലനിലവാരമനുസരിച്ച് നട്ടറിനും തിലാപ്പിയയ്ക്കുമൊക്കെ പരമാവധി 150 രൂപയേ കിട്ടുകയുള്ളൂവെന്ന് ഷിബു ചൂണ്ടിക്കാട്ടി. ആ വിലയ്ക്ക് വിറ്റാൽ കൃഷി നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. കിലോയ്ക്ക് 250 രൂപയെങ്കിലും നേടുന്നതിനുള്ള അന്വേഷണമാണ് പാചകത്തിനു പറ്റിയ വിധത്തിൽ മീൻ വെട്ടിനുറുക്കി വീട്ടിലെത്തിക്കുന്ന സംരംഭമായി മാറിയത്. ഉടൻ വെട്ടി വൃത്തിയാക്കി നൽകുന്നതുകൊണ്ടാണ് ഈ വില കിട്ടിയതെന്നു ഷിബു ചൂണ്ടിക്കാട്ടി. ഇതുവഴി 800 കിലോ മത്സ്യത്തിന് 100 രൂപ നിരക്കിൽ 80,000 രൂപ കൂടുതൽ കിട്ടിയപ്പോൾ അധികച്ചെലവായി വേണ്ടിവന്നത് ഒരു ജോലിക്കാരന്റെ വേതനം മാത്രം. കടൽമത്സ്യം വിൽക്കുന്ന കടകളിൽ വെട്ടിയൊരുക്കി നൽകാറുണ്ടെന്നു ഷിബു ചൂണ്ടിക്കാട്ടി. സമാനമായ സേവനം നൽകിയാൽ മാത്രമേ വളർത്തുമത്സ്യങ്ങൾക്കും കച്ചവടം പിടിക്കാനാവൂ. സൗകര്യപ്രദമായി കിട്ടിയില്ലെങ്കിൽ എത്ര നല്ല മീനിനും ആവശ്യക്കാരില്ലാതെ വരുമെന്നത് മത്സ്യക്കൃഷി സംരംഭകർ തിരിച്ചറിയേണ്ട ആദ്യ പാഠങ്ങളിലൊന്നാണ്.

aquaponics-fish-farm2
പക്ഷികളെയും മറ്റുശല്യക്കാരെയും ഒഴിവാക്കാന്‍ മത്സ്യക്കുളം വലയിട്ടുമൂടുന്നു

തുടക്കക്കാരുെട പരിമിതികൾ പലതുണ്ടായിരുന്നെങ്കിലും ആദ്യകൃഷിയിൽ രണ്ടു ലക്ഷം രൂപ മൊത്ത വരുമാനം കിട്ടി. അടുത്ത വർഷം മുടക്കുമുതൽ പൂർണമായി തിരിച്ചുപിടിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതോെട മീൻകച്ചവടം ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണിവർ. ഷിബുവിന്റെയും ബിനുവിന്റെയും വിപണനതന്ത്രങ്ങൾ വിജയിച്ചതോടെ മത്സ്യക്കർഷകരായ പല സുഹൃത്തുക്കളുടെയും കുളത്തിലെ മീൻ കൂടി വിൽക്കാൻ ഇവരെ ഏൽപിച്ചിരിക്കുകയാണ്. 

ഫോൺ– 9388555517 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA