ADVERTISEMENT

നാട്ടിലെങ്ങും മീൻ വളർത്തുകാരാണിപ്പോൾ. പടുതക്കുളങ്ങളിൽ, പാറമടകളിൽ, അക്വാപോണിക്സ് യൂണിറ്റുകളിൽ, പാടങ്ങളിൽ എന്നുവേണ്ട ഏതു സാഹചര്യത്തിലും മീൻ വളർത്താമെന്നായിരിക്കുന്നു. ആറു മാസത്തിനകം വിപണനത്തിനു തയാറാവുന്നത്ര വളർച്ചനിരക്കുള്ള മത്സ്യങ്ങളും അന്തരീക്ഷവായു ശ്വസിക്കുന്നതിനാൽ വെള്ളത്തിന്റെ നിലവാരം പ്രശ്നമാകാത്ത മത്സ്യങ്ങളുമൊക്കെ എത്തിയതോെട എല്ലാവരും മീൻ വളർത്തലുകാരാവുകയാണ്.

ഉൽപാദനം എളുപ്പമായെങ്കിലും വിപണനം അത്ര സുഖകരമല്ലെന്നതാണ് വാസ്തവം. മീൻ ആദായകരമായി വിൽക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ അധികമാർക്കുമില്ല. അതേസമയം, ജീവനോടെ പിടിച്ചു നൽകുന്ന മത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടുതലുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ മെച്ചപ്പെട്ട വിലയും കിട്ടും. ഉപഭോക്താക്കൾക്കു േനരിട്ടു നൽകിയാൽ മാത്രമേ പരമാവധി വില നേടാനാവൂ. എന്നാൽ ഉൾപ്രദേശങ്ങളിലെ പാറമടകളിൽ മീൻ വളർത്തുന്നവർക്ക് ഇതത്ര എളുപ്പമല്ല. അവിടെ മീൻ വാങ്ങാനായി ആരുമെത്തില്ലെന്നതാണ് പ്രധാന പ്രശ്നം. വീടുകളിൽ എത്തിക്കാമെന്നു കരുതിയാൽ ജീവനോടെ നൽകാനാവില്ലതാനും.

ഈ സാഹചര്യത്തിലാണ് കോതമംഗലത്തെ മത്സ്യക്കർഷകർ സംഘടിച്ച് വളർത്തുകുളങ്ങളിലെ വിഷരഹിത മത്സ്യങ്ങൾക്കു മാത്രമായി പൊതു വിപണനകേന്ദ്രം തുടങ്ങിയത്. ‘ഫാർമേഴ്സ് െഫസിലിറ്റേഷൻ സെന്റർ’ എന്ന പേരിൽ മൂന്നു വർഷമായി നടന്നുവരുന്ന ഈ സംരംഭം കൂടുതൽ സൗകര്യങ്ങളോെട കൊച്ചിൻ മധുര ദേശീയപാതയിൽ കോതമംഗലം ബിഷപ്പ് ഹൗസിനു സമീപത്തേക്കു മാറ്റിയിരിക്കുകയാണ്. മത്സ്യക്കർഷകർ നേരിടുന്ന വിപണനപ്രശ്നങ്ങളിൽ പലതും ഇതുവഴി മാറിക്കിട്ടിയെന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് ടി. കെ. ജോസഫ് പറഞ്ഞു. പരമ്പരാഗതരീതിയിൽ കുളം വറ്റിച്ച് കച്ചവടക്കാർക്കു നൽകിയാൽ കിലോയ്ക്ക് പരമാവധി 100 രൂപയാണ് കിട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാളയ്ക്ക് 50 രൂപയേ കിട്ടൂ. എന്നാൽ കൃഷിക്കാർതന്നെ ചില്ലറ വിൽപന തുടങ്ങിയതോെട കിലോയ്ക്ക് 200 രൂപ നേടാൻ കഴിയുന്നുണ്ട്. വാളയ്ക്കുപോലും 150 രൂപയാണ് ചില്ലറവില.

വളർത്തുകുളത്തിൽനിന്നു പിടിച്ചു നൽകുമ്പോൾ സ്ഥിരമായി വിപണനം സാധ്യമാകാറില്ല. അതുകൊണ്ടുതന്നെ ഓരോ വിളവെടുപ്പിനും ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ പ്രചരണം നടത്തേണ്ടിവരുന്നു. എന്നാൽ സ്ഥിരം മീൻ വിൽപനകേന്ദ്രമായതോടെ സ്ഥിരം ഉപഭോക്താക്കളുമുണ്ടായി. പതിവായി മീൻ വാങ്ങാത്തവർക്കുപോലും ആവശ്യം വരുമ്പോൾ മീൻ അന്വേഷിച്ചു നടക്കേണ്ടിവരുന്നില്ല. ഓരോ കുളത്തിലെയും വിളവെടുപ്പ് സംബന്ധിച്ച് കൃഷിക്കാർ തമ്മിൽ ധാരണയുണ്ടാക്കിയാൽ വർഷം മുഴുവൻ ഇത്തരം കേന്ദ്രങ്ങളിൽ ജീവനുള്ള മത്സ്യം ലഭ്യമാക്കാനാകുമെന്ന് ഫിഷറീസ് കോർഡിനേറ്റർ കൂടിയായ ഷാജി വർഗീസ് വാരപ്പെട്ടി പറഞ്ഞു. വാള, തിലാപ്പിയ, നട്ടർ തുടങ്ങി വ്യത്യസ്ത ഇനം മത്സ്യങ്ങളെ ഒരിടത്തുതന്നെ ജീവനോടെ കിട്ടുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും.

കർഷകകൂട്ടായ്മയിലെ അംഗമായ പി. എം. ആന്റണിയുടെ നഴ്സറിയോടു ചേർന്നാണ് വിപണനകേന്ദ്രം പ്രവർത്തിക്കുന്നത്. ഒരു സെന്റ് മാത്രം വിസ്തൃതിയുള്ള പടുതക്കുളമാണ് ‌ഇവിടുത്തേത്. കുറച്ചു സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ ശേഖരിക്കാൻ ജലശുദ്ധീകരണസംവിധാനം (ഫിൽറ്റർ) ഒ രുക്കിയിട്ടുണ്ട്. വെള്ളം സ്ഥിരമായി ശുദ്ധീകരിക്കുന്നതിനാൽ കൂടുതൽ മത്സ്യങ്ങളെ ഇതിൽ സംഭരിക്കാനാകും. ഊഴമനുസരിച്ച് അംഗങ്ങളുെട കുളങ്ങളിൽനിന്നു ജീവനോടെ പിടിക്കുന്ന മത്സ്യങ്ങളെ വാഹനത്തിൽ വിപണനകേന്ദ്രത്തിലെത്തിക്കും. ആഴം കുറഞ്ഞ കുളത്തിലെ മീൻ ആവശ്യക്കാരെത്തുമ്പോൾ ഹാൻഡ് നെറ്റ് ഉ പയോഗിച്ച് കോരിയെടുത്താൽ മതി. ഇഷ്ടമുള്ള മത്സ്യത്തെ ചൂണ്ടയിട്ടും വല വീശിയുമൊക്കെ പിടിക്കുന്നതിനും അവസരമുണ്ട്. ആവശ്യക്കാർക്കു മീൻ വൃത്തിയാക്കി മുറിച്ചു നൽകുകയും ചെയ്യും. മൂന്നാറിലേക്കുള്ള റോഡായതിനാൽ വാഹനയാത്രക്കാരുടെ ശ്രദ്ധ നേടാൻ കഴിയുന്നുണ്ടെന്ന് ഷാജി പറഞ്ഞു. പെരിയാർ വാലി സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുെട അംഗങ്ങൾ ചേർന്നുള്ള സംരംഭമായതിനാൽ കമ്പനി ഉൽപന്നങ്ങളും ഇവിടെ വിൽപനക്കെത്തുന്നു. ഫോൺ– 9446138345 (ഷാജി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com