sections
MORE

പാൽ, മുട്ട, തൈര്, െനയ്യ്, കോഴിയിറച്ചി... നിലവാരമുള്ള നാടൻ ഉൽപന്നങ്ങളുടെ ക്ലബ്

HIGHLIGHTS
  • ഒരു ലീറ്റർ നാടൻ പാലിന് 50 രൂപയാണ് ക്ലബ് കൃഷിക്കാർക്ക് നൽകുക.
mk-4
അങ്കമാലി എംകെ ക്ലബ്ബിന്റെ ‘കർഷകരുടെ കട’
SHARE

നാടൻ പാലിനും മുട്ടയ്ക്കുമൊക്കെ ആവശ്യക്കാരേറെ. ചോദിക്കുന്ന വില കിട്ടുകയും ചെയ്യും. പക്ഷേ നേരിട്ട് ഉപഭോക്താക്കളുമായി ഇടപാട് നടത്തണം. അതിനെന്താണ് വഴി? ഈ അന്വേഷണമാണ് അങ്കമാലിയിലെ മൃഗ പരിപാലക കർഷകക്ലബിനെ (എംകെ ക്ലബ്) സ്വന്തം കട തുടങ്ങാൻ പ്രേരിപ്പിച്ചത്. സീനിയർ വെറ്ററിനറി സർജൻ ഡോ. എം.എ. മനോജ് കുമാറിന്റെ ഉപദേശപ്രകാരം മൃഗസംരക്ഷണ സംരംഭകരുെട വിപണനപ്രസ്ഥാനമെന്ന നിലയിൽ ആരംഭിച്ച ക്ലബിൽ 12 സ്ഥിര അംഗങ്ങളുണ്ട്. വിപണന സൗകര്യം പ്രയോജനപ്പെടുത്തുന്ന 30 ഉൽപാദക അംഗങ്ങൾ വേറെയും.

മൃഗസംരക്ഷണസംരംഭങ്ങളിലെ ഉൽപന്നങ്ങൾ നേരിട്ടും മൂല്യവർധന വരുത്തിയും ഉപഭോക്താക്കൾക്കു ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തുടക്കത്തിൽ തന്നെ ഇവർക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. അങ്കമാലി ബസ് സ്റ്റാൻഡിനു സമീപം ഏറെ ശ്രദ്ധ ലഭിക്കുന്ന ഒരു സ്ഥലം വാടകയ്ക്ക് കിട്ടിയെങ്കിലും ചില നിക്ഷിപ്ത താൽപര്യക്കാരുെട ഉപജാപം മൂലം അവിടെ ബിസിനസ് നടത്താനായില്ല. വലിയൊരു തുക നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ തിരിച്ചടിയുെട ക്ഷീണമകറ്റുന്ന വിധത്തിൽ പുതിയൊരു കടയ്ക്ക് ക്ലബ് അംഗങ്ങൾ തുടക്കം കുറിച്ചുകഴിഞ്ഞു. കർഷകരുടെ കട എന്ന പേരിൽ അങ്കമാലി മലയാറ്റൂർ റോഡിലെ തുറവൂർ ചരിത്ര ലൈബ്രറി സ്റ്റോപ്പിലാണിത്. പഞ്ചായത്തിലെ 50 മൃഗപരിപാലകർക്കെങ്കിലും അധിക വരുമാനം നേടാൻ ഈ സംരംഭം അവസരമൊരുക്കും.

പായ്ക്ക് ചെയ്ത പാൽ, മുട്ട, തൈര്, മോര്, െനയ്യ്, കാടമുട്ട, താറാമുട്ട, കോഴിയിറച്ചി, പേട, പനീർ തുടങ്ങിയവ ക്ലബ് അംഗങ്ങൾ ഈ കടയിലെത്തിച്ച് വിപണനം നടത്തുന്നു. എല്ലാ ഉൽപന്നങ്ങളും പായ്ക്ക് ചെയ്ത് വില രേഖപ്പെടുത്തിയാണ് വിൽക്കുന്നത്. ഉൽപന്നങ്ങളുണ്ടാക്കുന്ന എല്ലാ അംഗങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടിയിട്ടുണ്ട്. നാടൻ ഉൽപന്നങ്ങളുെട നിലവാരം ഉറപ്പാക്കുന്നതിനു ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എ.പി. ജോയി പറഞ്ഞു. ദിവസം മുഴുവൻ കൂട്ടിലടച്ചു വളർത്തുന്ന കോഴിയുടെ മുട്ടയ്ക്കും കാലിത്തീറ്റ മാത്രം നൽകിയും ആന്റിബയോട്ടിക് കുത്തിവച്ചും വളർത്തുന്ന പശുവിന്റെ പാലിനും രാസകീടനാശിനി തളിച്ച പച്ചക്കറികൾക്കും ‘കർഷകന്റെ കട’യിൽ ഇടമില്ല. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ലബ് ഭാരവാഹികൾ പതിവായി ഫാമുകൾ സന്ദർശിക്കുകയും ചെയ്യും. നറുംപാൽ എന്ന പേരിൽ ഇവർ വിൽക്കുന്ന പായ്ക്കറ്റ് പാലിൽ രേഖപ്പെടുത്തിയിരിക്കുന്ന വാചകം ശ്രദ്ധേയമാണ്– ‘ഒന്നും ചേർത്തിട്ടില്ല, ഒന്നും ചോർത്തിയിട്ടുമില്ല’. മെച്ചപ്പെട്ട വില ലഭിച്ചാൽ അതനുസരിച്ചു നിലവാരമാനദണ്ഡങ്ങൾ പാലിക്കാൻ കൃഷിക്കാർക്കു മടിയുണ്ടാവില്ലെന്നു ഡോ.മനോജ് ചൂണ്ടിക്കാട്ടി. ഒരു ലീറ്റർ നാടൻ പാലിന് 50 രൂപയാണ് ക്ലബ് കൃഷിക്കാർക്ക് നൽകുക. നിലവിൽ ക്ഷീരസംഘത്തിൽ പാലളക്കുന്നവരിൽ നിന്ന് ക്ലബ് പാൽ വാങ്ങാറില്ല. എന്നാൽ ഒരു പശുവിനെ കൂടി വാങ്ങിയാൽ അവർക്കും പാൽ നൽകിത്തുടങ്ങാം. അധികവില നേടാനായി മാത്രം ക്ഷീരസംഘവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി.

ക്ലബ് സെക്രട്ട‌റി ദിഷയ്ക്കും ഭർത്താവ് ദിലീപിനുമാണ് കർഷകന്റെ കടയുെട നടത്തിപ്പു ചുമതല. മൃഗപരിപാലകരാണെങ്കിലും എല്ലാവർക്കും മറ്റ് കൃഷികളുമുണ്ട്. ചാണകം, ഗോമൂത്രം തുടങ്ങിയ ജന്തുജന്യ ഉൽപന്നങ്ങൾ സ്വന്തമായുള്ള ക്ലബ് അംഗങ്ങൾ അവ പ്രയോജനപ്പെടുത്തി ജൈവക്കൃഷി നടത്തുന്നു. തന്മൂലം മൃഗപരിപാലകരുടെ കടയിൽ ജൈവപച്ചക്കറിയും വാഴക്കുലയുമൊക്കെ എത്തും.

വിറ്റുവരവിന്റെ കേവലം 5 ശതമാനം പ്രവർത്തനച്ചെലവിനെടുത്ത് ബാക്കിതുക കൃഷിക്കാർക്കുതന്നെ നൽകുന്ന രീതിയാണിവിടെ. അങ്കമാലിയിലും പരിസരത്തുമുള്ള മൃഗസംരക്ഷണ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ഇവിടെ ഇടമുണ്ടായിരിക്കുമെന്ന് ദിഷ അറിയിച്ചു. ഇതിനു പുറമെ, എറണാകുളം ജില്ലാ കൃഷിവിജ്‍‍ഞാനകേന്ദ്രം നഗരത്തിൽ ആരംഭിച്ച ഫാം ഷോപ്പിയിലും ഉൽപന്നങ്ങളെത്തിക്കാൻ ധാരണയായിട്ടുണ്ട്. ഉൽപാദകരും ഉപഭോക്താക്കളും ചേർന്നുള്ള വാട്സ് ആപ് ഗ്രൂപ്പിലൂടെയും ഇവർ വിപണി കണ്ടെത്തുന്നു. അംഗങ്ങളായ കൃഷിക്കാരുെട ഉൽപന്നങ്ങളുെട ചിത്രം ഇ തിൽ പോസ്റ്റ് ചെയ്യും. ഉൽപന്നം ആവശ്യക്കാർക്ക് അവ എത്തിച്ചുകൊടുക്കാനും തയാർ. വളർത്തുമൃഗങ്ങളെ വാങ്ങാനാഗ്രഹിക്കുന്നവർക്ക് നല്ലയിനങ്ങളെ കണ്ടെത്തി നൽകുന്ന ബിസിനസും ക്ലബ് ആരംഭിച്ചിട്ടുണ്ട്. 

കർഷകവിപണികൾക്ക് കുറഞ്ഞ ചെലവിൽ സ്ഥലം കിട്ടുന്നില്ലെന്നതാണ് ഈ രംഗത്തെ പ്രധാന പ്രശ്നമെന്ന് ഡോ. മനോജ് ചൂണ്ടിക്കാട്ടി. കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾപോലും വിട്ടുതരാൻ പലർക്കും മടിയാണ്. സർക്കാർ സ്ഥാപന ങ്ങളോടു ചേർന്നു വെറുതെ കിടക്കുന്ന ഇടങ്ങളിൽ വിപണനം നടത്താൻ കൃഷിക്കാർക്ക് ലൈസൻസ് നിൽകിയാൽ ഈ പ്രശ്നത്തിനു പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോൺ: 9061129828, 9447033241 (ഡോ. മനോജ് കുമാർ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA