sections
MORE

കരിമീൻ, പച്ചക്കറി, വാഴ, കാട.... കൃഷിയിൽ ഈ 'പൊലീസ്' മാസാണ്

police-excise-officer
കുഞ്ഞന്‍ പടവലത്തിനരികെ വി. ആർ പ്രദീപ്
SHARE

ജോലിയിൽനിന്നു വിരമിക്കും മുമ്പേ കൃഷിയിൽ ജോയിൻ ചെയ്തവരാണ് റിട്ടയേർഡ് പൊലീസ് എസ്ഐ വി.ആർ. പ്രദീപും റിട്ടയേർഡ് എക്സൈസ് പ്രിവന്റീവ് ഒാഫിസർ വിശ്വംഭരനും. പത്രം വായിച്ചും പകലുറങ്ങിയും പരിചയക്കാർ പലരും വിശ്രമ ജീവിതം തള്ളിനീക്കുമ്പോൾ വിത്തിറക്കലും വിളവെടുപ്പുമൊക്കെയായി തിരക്കിലാണ് ഈ സുഹൃത്തുക്കൾ.

പച്ചക്കറിയും നെല്ലും ജാതിയും കമുകും തെങ്ങും കുരുമുളകുമെല്ലാം ചേർന്ന സമ്മിശ്രക്കൃഷിയാണ് വൈക്കം കുലശേഖരമംഗലം മാളികയിൽ പ്രദീപിന്റെ നാലേക്കർ പുരയിടത്തിലുള്ളത്. കൃഷി മുഴുവൻ കഴിഞ്ഞ പ്രളയത്തിൽ മുങ്ങിപ്പോയ ദുരനുഭവമുണ്ട് പ്രദീപിന്. എന്നാൽ, കായ്ച്ചു തുടങ്ങിയ നൂറിലേറെ കരിമുണ്ടയിനം കുരുമുളകുചെടികൾ മുഴുവൻ അഴുകിപ്പോയിട്ടും പിന്മാറിയില്ല പ്രദീപ്. വാശിക്കു വീണ്ടും നട്ടു പുതിയ വള്ളികൾ. തെങ്ങും കമുകും ജാതിയുമൊക്കെയുണ്ടെങ്കിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറിക്കൃഷിയിലാണു കമ്പം മുഴുവൻ. പുതിയ ഇനങ്ങളും നാടൻ ഇനങ്ങളും തേടി നടന്നു കണ്ടെത്തും. ബേബി പടവലംപോലെ ഉദാഹരണങ്ങൾ ഏറെ.

മൂന്നോ നാലോ അംഗങ്ങൾ മാത്രമുള്ള വീടുകളില്‍ പച്ചക്കറി വാങ്ങുമ്പോൾ അതിലൊരു പങ്ക് പാഴാകുന്നതു പതിവാണ്. മത്തന്റെയും കുമ്പളത്തിന്റെയും പടവലത്തിന്റെയുമൊക്കെ ചെറിയൊരു ഭാഗം മതിയാവും പല വീട്ടിലേക്കും. അവിടെയാണ്, വലുപ്പം കുറഞ്ഞ പടവലങ്ങയുടെയും മത്തന്റെയുമെല്ലാം പ്രസക്തി. ഒരു നേരത്തെ കറിക്ക് ഒരെണ്ണം മുഴുവനായും ഉപയോഗിക്കാം. ഇത്തരത്തിലുള്ള പച്ചക്കറിയിനങ്ങൾക്കു വിപണിയിൽ കൂടുതൽ വിലയും സ്വീകാര്യതയും ലഭിക്കും. നമ്മുടെ കർഷകർ ഈ വഴിക്കു ചിന്തിക്കണമെന്നു പ്രദീപ്. പയറിലും വെണ്ടയിലുമെല്ലാം നാടൻ ഇനങ്ങൾതന്നെയാണ് പ്രദീപിനു സ്വീകാര്യം. തക്കാളിപോലുള്ളവയുടെ കാര്യത്തിൽ ഹൈബ്രിഡിനെത്തന്നെ ആശ്രയി ക്കും. വീട്ടാവശ്യം കഴിഞ്ഞു മിച്ചം വരുന്ന പച്ചക്കറികൾ വിൽക്കില്ല, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകും. ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കുമ്മായവും ചേർത്തു പുളിപ്പിച്ചെടുക്കുന്ന വളക്കൂട്ടിലേക്ക് മേമ്പൊടിയായി അൽപം രാസവളവും കൂടി ചേർത്തതാണ് ചെടികൾക്കുള്ള പോഷകം. നിശ്ചിത അനുപാതത്തിൽ യോജിപ്പിച്ച ഈ ജൈവ–രാസ മിശ്രിതം ഇതുവരെയുള്ള അനുഭവത്തിൽ മികച്ചതെ ന്ന് പ്രദീപ്. പാടത്ത് ഒന്നരയേക്കറിൽ ഉമയിനം നെൽകൃഷി കാലങ്ങളായി ചെയ്യുന്ന പ്രദീപ് ഇക്കൊല്ലം തെങ്ങിനും കമുകിനുമി ടയിൽ കരനെൽകൃഷിയും പരീക്ഷിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനു കരിമീൻ കൃഷി ചെയ്യാനും സമയം കണ്ടെത്തുന്നു ഈ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ.

കടൂക്കരയിലെ കാടകൾ

police-excise-officer1s
കാടമുട്ടയുമായി വിശ്വംഭരൻ

ജയിൽവകുപ്പിൽ ജോലി നേടി നാട്ടിൽനിന്നു ദൂരെയായിരുന്നപ്പോഴും പിന്നീട് എക്സൈസിലേക്കു ജോലി മാറി വൈക്കത്തു മടങ്ങിയെത്തുമ്പോഴും കൃഷിയോടുള്ള താൽപര്യം കൂടെക്കൂട്ടിയിരുന്നു കടൂക്കരതറയിൽ വിശ്വംഭരൻ. നാൽപതു വർഷത്തെ പരിചയമുണ്ട് കാടവളർത്തലിൽ എന്നു വിശ്വംഭരൻ അഭിമാനിക്കുന്നതും ഈ അനുഭവത്തിന്റെ ബലത്തിൽത്തന്നെ. ജാതിയും വാഴയും വാഴയ്ക്ക് ഇടവിളയായി പയറും പിന്നെ കാടയും; ഈ നാലിനമാണ് കൃഷിയിൽ മുഖ്യം.

നിത്യവരുമാനത്തിന് ഇവയിൽ ഏറ്റവും മെച്ചം കാട തന്നെയെന്നു വിശ്വംഭരൻ. കാടമുട്ടവിലയിൽ ചില കാലങ്ങളിൽ ചില്ലറ ഏറ്റക്കുറച്ചിൽ ഉണ്ടാവുമെങ്കിലും ഒന്നിന് രണ്ടു രൂപ എന്നത് ഇന്ന് ഏതാണ്ട് അംഗീകൃത വിലയായിരിക്കുന്നു. അതാകട്ടെ, ലാഭകരവും. ഒരു ബാച്ചിൽ 1000 കാടകളെവരെ വളർത്തിയിരുന്ന വിശ്വംഭരന് ഇന്ന് ഒരേസമയം 300 കാടകളാണുള്ളത്. ദിവസം ശരാശരി 250 മുട്ട വിൽപനയ്ക്കുണ്ടാവും. തൊട്ടടുത്ത കടകളിലാണു വിൽപന. ഒരു വർഷത്തെ മുട്ടയുൽപാദനത്തിനു ശേഷം ഈ ബാച്ചിനെ ഇറച്ചിക്കു വിൽക്കാറാവുന്നതോടെ അടുത്ത ബാച്ചിനെ വളർത്തിക്കൊണ്ടു വരും. 

കാടക്കാഷ്ഠം മുഖ്യ വളമാക്കി കൃഷിയിറക്കുന്ന വാഴയും പയറുമാണ് മറ്റു രണ്ടു ലാഭയിനങ്ങൾ. പാട്ടത്തിനെടുത്ത സ്ഥലത്താണ് നേന്ത്രനും ഇടവിളയായി പയറും കൃഷി ചെയ്യുന്നത്. ഒരു കുഴിയിൽ മൂന്നു വാഴയാണ് വിശ്വംഭരന്റെ രീതി. മുള വരു മ്പോൾതന്നെ മൂന്നിനെയും ഉൾക്കൊള്ളി ച്ച് പഴയൊരു സൈക്കിൾ ടയർ നിലത്തിടും. വാഴകൾ മൂന്നും മൂന്നു ദിശയിലേക്കു വളർ ന്നു വന്ന് കുലയ്ക്കുന്നതോടെ ടയർ മേൽ പ്പോട്ടുയർത്തി മൂന്നും പരസ്പരം ബലമേ കുന്ന രീതിയിൽ നിർത്തും. 

ടയറിനുള്ളിൽ വലിഞ്ഞ് മൂന്നു ദിശയിലേക്കായി നിൽക്കുന്ന വാഴകള്‍ക്കു കാറ്റിനെ ചെറുക്കാൻ കഴിയുമെന്നു വിശ്വംഭരൻ. താങ്ങു കാലിന്റെ ചെലവു ലാഭം. ഇ പ്പോൾ പക്ഷേ പഴയ ട യറുകള്‍ കിട്ടാനില്ലാത്തതുകൊണ്ട് ഈ രീതിയിലുള്ള താങ്ങു നൽകൽ നടക്കുന്നില്ല. എങ്കിലും ഒരു കുഴിയിൽ മൂന്നു വാഴയെന്ന രീതി തുടരുന്നു. 12–15 കി ലോയാണ് കുഴിയിൽ ഒരു വാഴ മാ ത്രമായി നടുമ്പോൾ കിട്ടുന്ന കുലയുടെ ശരാശരി തൂക്കമെങ്കിൽ, അതിൽ അൽപം കുറഞ്ഞ് ഒന്നിന് എട്ടോ ഒമ്പതോ കിലോ തൂക്കം കിട്ടിയാലും ഒരു കുഴിയിൽ മൂന്നു വാഴ ലാഭമെന്നു വിശ്വംഭരൻ. വാഴ നടുമ്പോൾ ഇടവിളയായി നടുന്ന പയറിന് മികച്ച വിളവ് ഉറപ്പെന്നും ഈ കർഷകൻ പറയുന്നു. വിളവെടുപ്പു കഴിയുന്നതോടെ പിഴുതെടുത്തു ചുവട്ടിലിട്ടാൽ വാഴയ്ക്കു നല്ല വളവുമാകും. 

കൃഷിയുടെ വരുമാനം അത്ര പ്രധാനമല്ല ഈ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക്. അതേസമയം, നമ്മുടെ ജനസംഖ്യയിൽ നല്ലൊരു പങ്കുവരുന്ന വൃദ്ധരും വിരമിച്ചവരും അടുക്കളത്തോട്ടക്കൃഷിയെങ്കിലും ചെയ്താൽ അതു സ്വന്തം ആരോഗ്യത്തിനും കുടുംബബജറ്റിനും ഗുണകരമാകുമെന്നു ചൂണ്ടിക്കാട്ടുന്നു ഈ സുഹൃത്തുക്കൾ.

ഫോൺ: 9447866694(പ്രദീപ്), 9947403740(വിശ്വംഭരൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA