sections
MORE

ഇടനിലക്കാരില്ല, നല്ല വിലയും കിട്ടും; ദേ... കർഷകർക്ക് ഇ മാർക്കറ്റിൽ വിൽക്കാം

e-market
SHARE

‘‘രാത്രി പത്തുമണിക്ക് പശുക്കിടാവിന്റെ പടവും പ്രതീക്ഷിക്കുന്ന വിലയും ആവശ്യക്കാർ വിളിക്കേണ്ട ഫോൺ നമ്പരും സഹിതം ഫാർമേഴ്സ് ഇ–മാർക്കറ്റിൽ പോസ്റ്റിട്ടു. നേരം വെളുത്തപ്പോഴേക്കും കച്ചവടം ഉറച്ചു. ഗിർ പശുക്കിടാവിനു ചോദിച്ച വില 13,000 രൂപ. 12,500 രൂപയ്ക്കു കച്ചവടം നടന്നു. പിറ്റേന്ന് ആളു നേരിട്ടുവന്നു, കാശു തന്നു, ക്ടാവിനെ കൊടുത്തു...’’ തൊടുപുഴയിലെ കർഷകനായ അൻവറിന്റെ വാക്കുകൾ. അൻവറിനെപ്പോലെ ഫാർമേഴ്സ് ഇ– മാർക്കറ്റിന്റെ ഗുണഭോക്താക്കളായ ഒട്ടേറെ കർഷകരുണ്ട് കേരളത്തിനകത്തും പുറത്തും. പശുവിനു മാത്രമല്ല, പാലും നെയ്യും തേനും, തേങ്ങയും മുതൽ കാർഷികവിഭവങ്ങൾക്കേതിനും വിപണി വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു ഇടുക്കി ജില്ലയിലെ തൊടുപുഴ ഫാർമേഴ്സ് ക്ലബിന്റെ ഈ ഒാൺലൈൻ വിപണി.

കമ്മീഷനോ സർവീസ് ചാർജോ ഇടനിലക്കാരുടെ ചൂഷണമോ ഇല്ലാതെ കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യയിലെവിടെയും ഉപഭോക്താക്കളെ നേടാൻ കർഷകരെ സഹായിക്കുന്ന ഫാർമേഴ്സ് ഇ–മാർ ക്കറ്റ് വെബ് പോർട്ടലിന്റെ മൊബൈൽ ആപ് കുറഞ്ഞ നാളുകൾക്കിടയിൽ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പതിനായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഈ ഫാർമേഴ്സ് ക്ലബ് പ്രവർത്തകർ.

ഉടൻ വിപണി, ഉയർന്ന വില

സാങ്കേതികവിദ്യ സാധാരണ കർഷകനു ഗുണം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ വെബ് പോർട്ടലെന്നു ഫാർമേഴ്സ് ക്ലബ് ഭാരവാഹികളായ ടോം ചെറിയാനും സോണി കിഴക്കേക്കരയും പറയുന്നു. എട്ടു വർഷം മുമ്പ് തൊടുപുഴയിലെ ഏതാനും കർഷകർ ഒത്തുകൂടി നബാർഡിന്റെ പിന്തുണയോടെ ഫാർമേഴ്സ് ക്ലബ് തുടങ്ങുമ്പോൾ വിപണനപ്രശ്നങ്ങൾ മറികടക്കുക തന്നെയായിരുന്നു ലക്ഷ്യം. ഇടനിലക്കാർ പിടിമുറുക്കിയിരിക്കുന്ന ഒാപ്പൺ മാർക്കറ്റിൽനിന്നു മാറി ഒാൺലൈൻ മാർക്കറ്റിലേക്കു കർഷകരെ എത്തിക്കാൻ കഴിഞ്ഞാൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടു സാധ്യമാകുമെ ന്നു തോന്നിയതോടെ കാർഷിക വെബ് പോർട്ടൽ ആരംഭിച്ചു. ആളുകൾക്കു പോർ ട്ടൽ അനായാസം ഉപയോഗിക്കാനായി പിന്നാലെ farmers emarket എന്ന മെൈബൽ ആപ്പും അവതരിപ്പിച്ചു. 

‘‘സ്മാർട്ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏതാണ്ടു മുഴുവൻ പേരും. ഫോണിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ farmers emarket എന്ന് ടൈപ് ചെയ്യുമ്പോൾ ലഭിക്കുന്ന ആപ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ അത്യാവശ്യം വ്യക്തിവിവരങ്ങൾ നൽകിയുള്ള റജിസ്ട്രേഷൻ അനായാസം സാധിക്കും. മൊബൈലിന്റെ കുഞ്ഞു സ്ക്രീനിനെക്കാൾ ഡസ്ക്ടോപ്പോ ലാപ്ടോപ്പോ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഗൂഗിളിൽ www.farmersemarket.in എന്ന് ടൈപ് ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് റജിസ്ട്രേഷൻ നടത്താം. ഗൂഗിള്‍ ട്രാൻസ്േലറ്റർവഴി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം വെബ് പോർട്ടൽ ഉപയോഗിക്കാം’’, ടോമിന്റെയും സോണിയുടെയും വാക്കുകൾ.

സാങ്കേതികവിദ്യകളും വിജ്ഞാനവ്യാപനവും ഇനിയങ്ങോട്ടുള്ള കാർഷികവളർച്ചയിൽ നിർണായകമാവുമെന്നും ഇരുവരും പറയുന്നു. അതു മുൻകൂട്ടിക്കണ്ടാണ് മൂന്നു കൊല്ലം മുമ്പ് ഫാർമേഴ്സ് ക്ലബ്, കർഷകർക്കും കൃഷിയെ സ്നേഹിക്കുന്ന വർക്കുമായി തൊടുപുഴ നഗരമധ്യത്തിൽ കാർഷിക വായനശാല തുടങ്ങുന്നത്. ആനുകാലിക കാർഷികപ്രസിദ്ധീകരണങ്ങളുടെയും കാർഷിക ഗ്രന്ഥങ്ങളുടെയും വിപുലമായ ശേഖരമൊരുക്കിയിരിക്കുന്ന ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നവർ ഒ ട്ടേറെ. തൊടുപുഴ ടൗണിൽ, രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ, ഒാർ ഗാനിക് കാർഷികോൽപന്നങ്ങൾ ലഭ്യമാകുന്ന ഇക്കോഷോപ്പും ഒരുക്കിയിരിക്കുന്നു ഫാർമേഴ്സ് ക്ലബ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA