ADVERTISEMENT

എറണാകുളം നഗരത്തിൽ ഹൈക്കോടതിക്കും മറൈൻ ഡ്രൈവിനും ഗോശ്രീ പാലത്തിനുമൊക്കെയടുത്ത് കൃഷിക്കാർക്കായി ഒരു കട കിട്ടിയാൽ പ്രയോജനപ്പെടുമോ? നടക്കാത്ത കാര്യമെന്നു പറയാൻ വരട്ടെ. സംഗതി യാഥാർഥ്യമായിക്കഴിഞ്ഞു. ഗോശ്രീപാലത്തിലേക്കു പോകുന്ന വഴിയുടെ അരികിലായി കാണുന്ന ബഹുനിലക്കെട്ടിടത്തിലാണ് കട. കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആസ്ഥാനമാണിത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കൃഷിക്കാർക്കായി കട ഒരുക്കിയിരിക്കുന്നത് ഇവിടുത്തെ കൃഷിവിജ്ഞാനകേന്ദ്രമാണ്.

ഫാം ഷോപ്പി എന്നു പേരിട്ടിരിക്കുന്ന ഈ കടയിൽ കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും അവരുടെ വ്യത്യസ്ത കാർഷിക വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉപഭോക്താക്കളെ കണ്ടെത്തി വരുമാനമുണ്ടാക്കുന്നതിനും അവസരമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലും മേഖലകളിലുമുള്ള ഉപഭോക്താക്കളെ നേടാൻ ഈ കടയിൽ കാർഷികസംരംഭകർക്ക് അവസരം നൽകുന്നു. ഉൽപന്നങ്ങളുെട വിലനിർണയം, ബ്രാൻഡിങ്, പാക്കിങ് തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നേടാനും ഈ സൗകര്യം പ്രയോജനപ്പെടും. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജനകീയകാർഷിക വിപണിയായി ഫാം ഷോപ്പി മാറിക്കഴിഞ്ഞു.

farm-shop

കർഷകകൂട്ടായ്മകൾക്കും മികച്ച കൃഷിക്കാർക്കും പ്രയോജനപ്പെടുന്ന സൂപ്പർ മാർക്കറ്റായി ഈ കട വികസിപ്പിക്കാനാണ് ശ്രമമെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ. ഇതിനകം അഞ്ച് കർഷക കമ്പനികളുടെ ഉൽപന്നങ്ങൾ ഇവിടെ വിൽപനക്കെത്തിയിട്ടുണ്ട്. കൂടുതൽ കമ്പനികളുടെ ഉൽപന്നങ്ങൾ എത്തിക്കുന്നതിനു ശ്രമിക്കുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിക്കാരിൽനിന്നു നേരിട്ടു സംഭരിച്ച വിഭവങ്ങൾ നഗരവാസികളായ ഉപഭോക്താക്കൾക്ക് തനിമ ചോരാതെയും കുറഞ്ഞ ചെലവിലും കിട്ടാൻ ഇതിടയാക്കും.

ഒരു കാർഷിക വിഭവം പോലും മുന്നൊരുക്കമില്ലാതെ നിരത്തുന്ന രീതി ഇവിടെയില്ല. ഓരോ കർഷക ഗ്രൂപ്പിന്റെയും ഉൽപന്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, അവയ്ക്കു യോജ്യമായ പായ്ക്കിങ്ങും നിലവാരവും ഉറപ്പാക്കിയ ശേഷമേ വിപണനം ആരംഭിക്കൂ. പായ്ക്കിങ്ങിനാവശ്യമായ ഉപകരണങ്ങൾ, ലേബലുകൾ, കുപ്പികൾ, കടലാസ് എന്നിവ കണ്ടെത്താനും കൃഷിക്കാർക്ക് കെവികെയുടെ സഹായമുണ്ടാകും. പ്ലാസ്റ്റിക് കുപ്പികൾക്കു പകരം ചില്ലുകുപ്പികൾ ഉപയോഗിക്കണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്.

കേരളത്തിൽനിന്നു ള്ള വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, തേൻ, ക്ഷീരോൽപന്നങ്ങൾ, ഞവര അരി, ഉണക്കച്ചെമ്മീൻ വിവിധ തരം മുട്ടകൾ എന്നിവയ്ക്കു പുറമെ രാജ സ്ഥാനിലെയും മറ്റ് ഉത്ത രേന്ത്യൻ സംസ്ഥാനങ്ങളിലെയും കാർഷികോൽപന്നങ്ങളും ഫാം ഷോപ്പിയിൽ ലഭിക്കുമെന്ന് ഷിനോജ് പറഞ്ഞു. ഉൽപന്നങ്ങൾ അവിടങ്ങളിലെ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുകയാണ്. ചെറുപയറും ഉഴുന്നുമൊക്കെ എത്തിക്കഴിഞ്ഞു. രുചിയിലും ഗുണത്തിലും വിപണിയിൽ കിട്ടുന്ന ഉൽപന്നങ്ങളെക്കാൾ ഇവ ഏറെ മെ ച്ചമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുവിപണിയിൽ ഇത്തരം ഉൽപ ന്നങ്ങൾക്ക് കാഴ്ചഭംഗി നൽകുന്നത് മിനറൽ ഓയിലാണെന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. വെളുത്ത ശർക്കരയ്ക്കു പകരം ബ്ലീച്ച് ചെയ്യാത്ത കറുത്ത ശർക്കരയും പഴക്കച്ചുവയില്ലാതെ, വൃത്തിയായി സംസ്കരിച്ച ഉണക്കമത്സ്യവുമൊക്കെ ഇവിടെ വിൽപനയ്ക്കുണ്ട്. മറയൂരിൽ നിന്നുള്ള നിലവാരമേറിയ വെളുത്തുള്ളിയും കാരറ്റും ബീറ്റ്റൂട്ടുമൊക്കെ ഇവിടെ ലഭ്യമാണ്. ഗുണനിലവാരത്തിലുള്ള വ്യത്യാസം നേരിട്ടു മനസ്സിലാക്കാൻ ഉപഭോക്താവിന് അവസരമൊരുക്കുക വഴി കൃഷിക്കാരുടെ നാടൻ ഉൽപന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാരെ സൃഷ്ടിക്കുക കൂടിയാണ് കെവികെ ചെയ്യുന്നതെന്ന് ഷിനോജ് പറഞ്ഞു. എല്ലാ ഉൽപന്നങ്ങളും ഏറ്റവും ആരോഗ്യകരമായി പായ്ക്ക്ചെയ്തും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിച്ചും മാത്രമേ വിൽക്കുകയുള്ളൂ. ക്രമേണ മറ്റു സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ നിർബന്ധിതരാകുമെന്നാണ് പ്രതീക്ഷ. ഫോൺ: 8281757450

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com