sections
MORE

വീഞ്ഞുനിർമാണമില്ല, ടൺ കണക്കിന് പഴങ്ങൾ പാഴാകുന്നു; നഷ്ടം കർഷകർക്കു മാത്രം

wine
SHARE

കേരളത്തിൽ മുന്തിരിക്കൃഷി തീരെയില്ലെങ്കിലും വീഞ്ഞ് ഉപഭോഗത്തിൽ നാം ഏറെ മുന്നിലാണ്. നമുക്കു സുലഭമായ ചക്ക, പൈനാപ്പിൾ, കശുമാങ്ങ, വാഴപ്പഴം എന്നിവയിൽനിന്നു വീഞ്ഞുണ്ടാക്കാനായാൽ അതു കർഷകനു നൽകുന്ന ആദായത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. പഴങ്ങളിൽനിന്നു വീഞ്ഞുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും സർക്കാർ നയങ്ങളിലെ വ്യക്തതയില്ലായ്മ മൂലം ഇവിടെ അതു സാധ്യമാകുന്നില്ല. ഓരോ വർഷവും ഇന്ത്യയിലാകെ ഉൽപാദിപ്പിക്കുന്ന 92,876 ടൺ പഴവർഗങ്ങളുെട 40–50 ശതമാനം വരെ പാഴാകുകയാണ്. ഇപ്രകാരം നശിച്ചുപോകുന്ന പൈനാപ്പിളും ചക്കപ്പഴവും കശുമാങ്ങയുമെല്ലാം പ്രതിസന്ധികളിൽ നട്ടംതിരിയുന്ന കർഷകർക്കു വീഞ്ഞുനിർമാണത്തിലൂെട വരുമാനമാക്കി മാറ്റാം.

സംസ്ഥാനത്ത് ആകെ 32 കോടി ചക്ക ഒരു വർഷം ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഒരു കണക്ക്. അതിൽ 30 ശതമാനത്തോളം ഉപയോഗിക്കപ്പെടാതെ അഴുകിനശിക്കുന്നു. അഞ്ചു ലക്ഷം ടൺ ഉൽപാദനമുള്ള കശുമാങ്ങയുടെ 95 ശതമാനവും പാഴാകുന്നു. സംഭരിക്കുന്നതിലെ പ്രയാസമാണ് പ്രധാന വെല്ലുവിളി. പൊതുമേഖലാസ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിൽ മാത്രം 8000 ടൺ കശുമാങ്ങ അഴുകിനശിക്കുന്നുണ്ട്. ഇതിൽ 800 ടണ്ണെങ്കിലും വീഞ്ഞോ ഫെനിയോ നിർമിക്കാൻ ഉപയോഗപ്പെടുത്തിയാൽ വൻ വരുമാനം നേടാനാവും. വീഞ്ഞ്നിർമാണത്തിനു കേരളത്തിൽ സാധ്യതകളേറെയാണ്, അതിലേറെ തടസ്സങ്ങളും. ഒരു വർഷം ശരാശരി ഒമ്പതു ലക്ഷം ലീറ്റർ വീഞ്ഞ് കേരളത്തിൽ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. വിപണിയിലെത്തുന്ന വീഞ്ഞ് മുഴുവൻതന്നെ മുന്തിരിയിൽനിന്നു നിർമിക്കുന്നത്. മുന്തിരിക്കൃഷിയും വീഞ്ഞ് ഉൽപാദനവുമെല്ലാം മറ്റു സംസ്ഥാനങ്ങളിൽ. നാം ഉപഭോക്താക്കൾ മാത്രം. കൈതച്ചക്ക, കശുമാങ്ങ, വാഴപ്പഴം, നെല്ലിക്ക, ജാതിക്ക തുടങ്ങി ചക്കപ്പഴംവരെ ഉപയോഗിച്ചു വീഞ്ഞുണ്ടാക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ട്. എന്നാൽ അവർക്ക് സ്വയം ഉപയോഗിക്കാമെന്നല്ലാതെ വിപണനം സാധ്യമല്ല.

മറ്റു മദ്യങ്ങൾക്കില്ലാത്ത പല ഗുണങ്ങളും വീഞ്ഞിനുണ്ട്. മദ്യ ഉപയോഗം പൂർണമായി തടയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ആൽക്കഹോൾ അംശം തീരെ കുറവായ വീഞ്ഞ് ബദൽ സാധ്യതയായി പരിഗണിക്കാവുന്നതാണ്. വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും നിയന്ത്രിക്കാൻ ഇതു സഹായിക്കും. പഴങ്ങളിൽ നിന്നുള്ള ജീവകങ്ങളും ധാതുക്കളും ഫ്ലവനോയ്ഡ്സും നിറങ്ങളും അടങ്ങിയിരിക്കുന്ന തിനാൽ വീഞ്ഞിനു പോഷകപ്രാധാന്യവുമുണ്ട്.

തടസ്സം എക്സൈസ് നയം

വീര്യം കൂടിയ മദ്യമുണ്ടാക്കുന്ന ഡിസ്റ്റിലറികളും ബിയർ നിർമിക്കുന്ന ബ്രൂവറികളുമൊക്കെ ഇവിടെ അനുവദിച്ചിട്ടുണ്ടെങ്കിലും വീഞ്ഞുണ്ടാക്കുന്ന വൈനറികൾ ഇല്ല. കാരണം സർക്കാരിന്റെ എക്സൈസ് നയം. വൈനറികൾ തുടങ്ങുന്നതിനു നിയമപരമായ തടസ്സമില്ല. എന്നാൽ സർക്കാർ നയം അനുകൂലമല്ല. അതുകൊണ്ടുതന്നെ ഇതിനു തയാറാകുന്ന സംരംഭകരും വിരളം. ഉത്സാഹക്കൂടുതൽമൂലം മുൻവർഷങ്ങളിൽ വൈനറിക്കായി അപേക്ഷ നൽകിയ സംരംഭകർക്ക് എക്സൈസ്നയം അനുവദിക്കാത്തതിനാൽ പിൻവാങ്ങേണ്ടിവന്നു. പാഴായിപ്പോകുന്ന പഴവർഗങ്ങളിൽനിന്നു വീഞ്ഞുണ്ടാക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിഗണിക്കാത്തതെന്തേ? വർഷംതോറും ലക്ഷക്കണക്കിനു ലീറ്റർ വീഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തിച്ചു വിൽക്കുന്ന സർക്കാർ, പൊതുമേഖലയിൽ വൈനറി ആരംഭിച്ചാൽ ഒട്ടേറെ കാർഷികവിഭവങ്ങൾക്കുവിപണിയും മികച്ച വിലയും കിട്ടും. 

ഏറ്റവുമധികം മദ്യഉപഭോഗമുള്ള കേരളത്തിൽ മദ്യവിരുദ്ധതയുടെ പേരിൽ കൃഷിക്കാർക്ക് അവസരം നിഷേധിക്കുന്നതിന് ഉദാഹരണം വേറെയുമുണ്ട്. നീര ഉൽപാദനത്തിനു നിയന്ത്രണമേർപ്പെടുത്താനും കാരണം മറ്റൊന്നല്ല. ഇന്ന് നീര കേരളമാകെ എത്തിക്കഴിഞ്ഞു. ലഹരിയുടെ കണികപോലും ഇല്ലാത്ത ഈ മധുരദ്രാവകത്തെയാണോ നാം ഇത്രയധികം ഭയപ്പെട്ടത്? ഇപ്പോഴും കൃഷിക്കാരനു സ്വന്ത നിലയിൽ നീര ചെത്തിയെടുക്കാനോ ഉപയോഗിക്കാനോ വിൽക്കാനോ സാധിക്കില്ല. ലൈസൻസ് കിട്ടിയ സംഘങ്ങൾക്കു മാത്രമാണ് നീര ഉൽപാദനം അനുവദിച്ചിരിക്കുന്നത്. അവയിൽ പലതും തെറ്റായ ബിസിനസ്തന്ത്രങ്ങൾ മൂലം കൈ പൊള്ളിയ സ്ഥിതിയിലും. പലരും ആശങ്കപ്പെട്ടിരുന്നതു പോലെ കള്ളുവ്യവസായത്തെ ഒരു തരത്തിലും നീര ബാധിച്ചിട്ടില്ല. തൊഴിൽപരിശീലനം കിട്ടിയ ചിലരെങ്കിലും കള്ളുചെത്തിലേക്കു മാറിയെന്ന മെച്ചവും ഉണ്ടായി.

ചക്കവിപ്ലവം മാതൃക

ചക്കസംസ്കരണസംരംഭങ്ങൾ ഇന്നു കേരളമാകെ വ്യാപകമായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് പാലക്കാട് ഇരുമ്പകച്ചോല ജയിംസ് പി. മാത്യു തുടക്കമിട്ട ചക്കവിപ്ലവം ഇത്രയേറെ സംരംഭകരെ സൃഷ്ടിച്ചതിന് ഒരു കാരണം സർക്കാർ ഇടപെടലും നിയന്ത്രണവും ഉണ്ടായില്ലെന്നതാണ്. വൻകിടക്കാർ മുതൽ വീട്ടമ്മമാർ വരെ ഈ രംഗത്തു മുതൽമുടക്കുന്നു. സർക്കാർസബ്സിഡിയോ പദ്ധതികളോ ഇല്ലാതെതന്നെ വലിയൊരു ജനകീയ മുന്നേറ്റം. ചക്കയിൽനിന്നുള്ള ഉൽപന്നസാധ്യതകളിൽ ഏറ്റവും പ്രധാനമായി ജയിംസ് ചൂണ്ടിക്കാട്ടിയത് ചക്കവീഞ്ഞായിരുന്നു. ചക്കപ്പഴത്തിൽനിന്നു ലോകോത്തര നിലവാരമുള്ള വീഞ്ഞ് നിർമിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച അദ്ദേഹം അത് സൗജന്യമായി നൽകാനും തയാറായിരുന്നു. ജയിംസ് വികസിപ്പിച്ച ചക്ക വീഞ്ഞ് 2007ൽ തിരുവനന്തപുരം റീജനൽ റിസർച് ലബോറട്ടറി മികച്ചതെന്നു കണ്ടെത്തിയതുമാണ്. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിനു കീഴിലുള്ള തഞ്ചാവൂരിലെ ഇന്ത്യൻ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിങ് ടെക്നോളജിയുടെ ഫുഡ്ടെസ്റ്റിങ് ലബോറട്ടറിയിലും ഇതു പരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയമായി. ആരോഗ്യവും രോഗപ്രതിരോധവും നൽകുന്ന പാനീയമാണെന്നു രണ്ടു പരീക്ഷണങ്ങളിലും തെളിഞ്ഞു. എന്നാൽ ജയിംസ് നൽകിയ അപേ ക്ഷകളും നിർദേശങ്ങളും എക്സൈസ് ലൈസൻസ് എന്ന കടമ്പയിൽ തട്ടി തകർന്നു. ചക്കവീഞ്ഞ് നിർമാണം സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് കൃഷിവകുപ്പിലേക്കും ഹോർട്ടികൾച്ചർ മിഷനിലേക്കും തിരുവനന്തപുരത്തെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്കും കോന്നിയിലെ ഭക്ഷ്യഗവേഷണ കൗൺസിലിലേക്കും മാറിമാറി സഞ്ചരിച്ച്, ഒടുവിൽ അകാലചരമമടഞ്ഞു.

കാസർകോട് ഭീമനടി സ്വദേശിയും കേരകേസരി അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ ഇളനീരിൽനിന്നു വീഞ്ഞുണ്ടാക്കാനുള്ള വിദ്യ കണ്ടെത്തുകയും 2004ൽ അതിനു പേറ്റന്റ് നേടുകയും ചെയ്തിരുന്നു. അദ്ദേഹം തയാറാക്കിയ നാളികേര വൈൻ ഒന്നാംതരമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. കൃഷിക്കാരിൽ നിന്നു നിശ്ചിതനിരക്കിൽ ഇളനീർ സംഭരിച്ചു വീഞ്ഞുനിർമാണ യൂണിറ്റ് തുടങ്ങാനുള്ള സന്നദ്ധത അന്നത്തെ കൃഷിമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, സർക്കാർ പ്രോത്സാഹനമില്ലാതെ ആ പദ്ധതിയും വീണു. ഉയർന്ന ലൈസൻസ് ഫീസും ഉദ്യോഗസ്ഥരുെട മുഖം തിരിക്കലുമൊക്കെ മറികടന്ന് വൈൻ നിർമാണം നട ത്തുക പ്രയാസമാണെന്ന് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പതിനായിരം രൂപ ലൈസൻസ് ഫീ നൽകിയാൽ കർണാടകത്തിൽ വൈൻ സംരംഭം ആരംഭിക്കാനാകും. ചക്കയിൽനിന്നുള്ള വൈൻനിർമാണം പ്രചരിപ്പിക്കാനും സെബാസ്റ്റ്യൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ അരവിന്ദാക്ഷൻപിള്ള കൊക്കോയുടെ ഉള്ളിലെ മാംസളഭാഗം പ്രയോജനപ്പെടുത്തി മികച്ച വീഞ്ഞുണ്ടാക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം പുളിപ്പിച്ച ശേഷം ലഭിക്കുന്ന കൊക്കോക്കുരു ഉന്നതനിലവാരമുള്ള ചോക്കലേറ്റ് നിർമിക്കാൻ പറ്റിയതും. കൊക്കോവൈൻ മുന്തിരിവീഞ്ഞിനെക്കാൾ രുചിയിലും ഗുണത്തിലും മികച്ചതാണെന്നാണ് ഇദ്ദേഹത്തിന്റെ അ ഭിപ്രായം. ഇടുക്കിയിലെ ഒരു കർഷകൻ കൊക്കോ സംസ്കരണത്തിന്റെ ഉപോൽപന്നമായി വീര്യം കുറ ഞ്ഞ വൈൻ ഉണ്ടാക്കുന്നുണ്ടെന്ന് ക്യാപ്റ്റൻ പിള്ള പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ വൈൻ നിർമാണം തുടങ്ങാൻ താൽപര്യമുണ്ട്, ശ്രമിക്കുകയും ചെയ്തു. പക്ഷേ, മദ്യനയം ഒന്നും അനുവദിക്കില്ല. അതേസമയം വിദേശരാജ്യങ്ങളിൽ വൈൻ നിർമാണം കുടിൽവ്യവസായമായി അംഗീകരിച്ചിട്ടുണ്ടെന്ന് യുനെസ്കോ കൺസൾട്ടന്റായി ദീർഘകാലം പ്രവർത്തിച്ച അരവിന്ദാക്ഷൻപിള്ള ചൂണ്ടിക്കാട്ടി. 

മദ്യഭീതിയിൽ

മുന്തിരി ഇതര പഴങ്ങളിൽ നിന്നുള്ള വീഞ്ഞുനിർമാണത്തിൽ കേരളത്തിനു മാത്രമാണ് ആശങ്ക. പൈനാപ്പിൾ, കിവി, സ്ട്രോബെറി എന്നിവയിൽ നിന്നു വീഞ്ഞുണ്ടാക്കുന്ന റിഥം വൈനറി മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം പ്രവർത്തിക്കുന്നുണ്ട്. പഴവർഗങ്ങൾ നേരിട്ടു പുളിപ്പിക്കുന്നതിനു പകരം മുന്തിരിവീഞ്ഞിൽ അവ ചേർക്കുന്ന രീതിയാണ് ഇ വിടെയുള്ളത്. സ്േട്രാബെറിക്കൃഷിക്ക് പ്രശസ്തമായ മഹാബാലേശ്വറിൽനിന്നാണ് സ്േട്രാബെറിപഴങ്ങൾ ഇതിനായി കമ്പനി വാങ്ങുന്നത്. കിവി വൈൻ സംബന്ധിച്ച റിഥം കമ്പനിയുടെ പ്രോജക്ട് സ്പോൺസർ ചെയ്തതുപോലും അരുണാചൽപ്രദേശ് സർക്കാരാണ്. അതുകൊണ്ടുകൂടിയാണ് കിവിവൈനിനു കമ്പനി അരുൺകി വി എന്നു പേരിട്ടതും. ഇതേ റിഥം കമ്പനിയുടെ പൈനാപ്പിൾ വൈനുണ്ടാക്കാനാവശ്യമായ ക്യൂ ഇനം കൈതച്ചക്ക പോകുന്നത് കേരളത്തിൽനിന്ന്. ഈ വൈനുകളിലെല്ലാം ആൽക്കഹോളിന്റെ അംശം 12 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. മാമ്പഴം, പ്ലം, പീച്ച് എന്നിവയുടെ വൈനും റിഥം കമ്പനിയുടെ പട്ടികയിലുണ്ട്. 

മഹാരാഷ്ട്രയിലെ സപ്പോട്ടക്കൃഷിക്കാർ അധികവരുമാനം നേടാനായി കണ്ടെത്തിയ മാർഗം സപ്പോട്ട വൈൻ. മൂന്നു വർഷം മുൻപ് ഹിൽസിൽ എന്ന പേരിൽ വിപണിയിലെത്തിയ സപ്പോട്ട വൈൻ മഹാരാഷ്ട്രയ്ക്കു സമീപം ബ്രഹ്മഗാവിലെ ഒരു കർഷകകുടുംബത്തിന്റെ സംരംഭമാണ്. ഫ്രൂട്ട് വൈൻ നിർമാണത്തിൽ പ്രശസ്തനായ കാനഡക്കാരൻ ഡൊമിനിക് റിവാർ ഡാണ് ഇവിടുത്തെ ചീഫ് വൈൻമേക്കർ. സീസണാകുമ്പോൾ പൈനാപ്പിളിനും ചെറുപഴത്തിനുമൊക്കെ വില കുത്തനെ താഴുന്നത് പതിവുകാഴ്ചയാണ്. ഉൽപാദ നം വർധിച്ചു വരുന്ന റമ്പുട്ടാനും പാഴായി നശിക്കുന്ന മറ്റു പഴങ്ങൾക്കുമൊക്കെ ആദായവില കിട്ടാൻ വീഞ്ഞുനിർമാണത്തോളം മികച്ച സാധ്യതയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA