sections
MORE

അധികാദായകരമാണ് റബർ മരങ്ങള്‍ക്കിടയിലെ തേൻ കൃഷി

Honey-storage
SHARE

കേരളത്തിൽ ജനുവരി മുതല്‍ വേനൽമഴ തുടങ്ങുന്ന മാർച്ച് വരെ തേൻ വിളവെടുപ്പുകാലമാണ്. വേനൽ മഴ നേരത്തേ എത്തിയാൽ തേനുൽപാദനം ഗണ്യമായി കുറയും. കേരളത്തിലെ തേൻസ്രോതസ്സ് പ്രധാനമായും റബർമരങ്ങളാണ്. റബർ തളിരിട്ടു തുടങ്ങുന്നതോടെ തേനുൽപാദനം ആരംഭിക്കും. വിൽപനയ്ക്കു മുൻപ് തേൻ സംസ്കരിക്കേണ്ടതുണ്ട്. തേനിനും തേൻ ചേർത്ത പാനീയങ്ങൾ, ജാമുകൾ, ഉണക്കിയ പഴങ്ങൾ എന്നിവയ്ക്കും വിപണിയിൽ പ്രിയമുണ്ട്.

തേൻ സംസ്കരിക്കുന്ന വിധം

വിളവെടുത്ത തേനിലെ ജലാംശം, പൊടിപടലങ്ങൾ എന്നിവ തേനിന്റെ ഗുണമേൻമയെ ബാധിക്കുന്നു. പൊടിപടലങ്ങളിൽ അടങ്ങിയ യീസ്റ്റും തേനിലെ ജലാംശവും തേനിനെ പുളിപ്പിക്കും. തേൻ നിറച്ച കുപ്പിയും സംഭരണിയും മറ്റും പൊട്ടാനും തേൻ നഷ്ടപ്പെടാനും ഇത് ഇടയാക്കും. അതിനാൽ നിയന്ത്രിത ഊഷ്മാവിൽ ചൂടാക്കി തേനിലെ ജലാംശവും യീസ്റ്റിന്റെ സാന്നിധ്യവും ഇല്ലാതാക്കേണ്ടതുണ്ട്.

തേൻ നേരിട്ട് ചൂടാക്കുന്നത് അതിന്റെ സ്വാഭാവിക നിറം, രുചി, പോഷക സമ്പന്നത, ഔഷധഗുണം എന്നിവ കുറയ്ക്കും. അതിനാൽ ഡബിൾ ബോയിലിങ് രീതിയിൽ സംസ്കരിക്കുന്നതാണ് നല്ലത്. അതിനായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് സ്റ്റീൽപാത്രത്തിൽ തേൻ നിറച്ച് ഇറക്കി വച്ച് തുടരെയിളക്കി ചൂടാക്കുന്നു. തേൻ 55–60 ഡിഗ്രി സെൽഷ്യസ്് വരെ ചൂടാക്കിയാൽ മതി. 60 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂടാക്കുന്നത് തേനിന്റെ ഔഷധഗുണം കുറയ്ക്കും. തേൻ ചൂടാക്കുന്നതനുസരിച്ച് അതിലെ ജലാംശം പതയായി മേൽനിരപ്പിൽ വന്നുകൊണ്ടിരിക്കും. ഇത് ഇടയ്ക്കിടെ കോരി മാറ്റണം. പതയടങ്ങി തേൻ തെളിഞ്ഞു വരുമ്പോൾ വെള്ളത്തിന്റെ തീയണയ്ക്കണം. തുടർന്ന് തേൻ നന്നായി തണുത്തതിനുശേഷം വൃത്തിയുള്ള ഉണങ്ങിയ ബോട്ടിലുകളിൽ നിറച്ച് സീൽ ചെയ്ത് വിപണനത്തിന് ഒരുക്കാം.

തേനിന്റെ അളവ് കൂടുതലുള്ളപ്പോൾ ഈ രീതി സമയവും ഇന്ധനവും നഷ്ടമാക്കും. കൂടാതെ, ചെലവുമേറും. ഇതിനു ചെറു കിടയന്ത്രങ്ങൾ ഇന്നു ലഭ്യമാണ്. ബോയിലർ, സ്റ്റീം ജാക്കറ്റ‍്ഡ് കെറ്റിൽ, സോട്ടിനർ എന്നിവയെല്ലാം ഇതിന് ഉപയോഗിക്കാം. അണുവിമുക്തമാക്കിയ സ്റ്റെയിൻലെസ് സ്റ്റീൽ സംഭരണികളിൽ തേൻ ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം.

പഴങ്ങൾക്കു തേൻമധുരം

പഞ്ചസാര, ശർക്കര എന്നിവയിലെ രാസപദാർഥങ്ങളും ചേർക്കുന്ന മായവുമെല്ലാം ഉപഭോക്താക്കളെ അവയിൽനിന്നു പിൻതിരിപ്പിക്കുന്ന സാഹചര്യത്തിൽ കാപ്പിക്കും ചായയ്ക്കും പാനീയങ്ങൾക്കുമെല്ലാം പ്രകൃതിദത്ത മധുരമെന്ന നിലയിൽ തേൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പഴങ്ങളുടെ പൾപ്പും ഉണക്കിയ പഴങ്ങളും തേനിൽ ഇട്ട് പാകപ്പെടുത്തി ഉപയോഗിക്കുന്ന രീതിയുണ്ട്.

തേൻ ചേർത്ത പാനീയങ്ങൾ

മുന്തിരി / പൈനാപ്പിൾ / മാമ്പഴം / സ്ട്രോബെറി /പാഷൻഫ്രൂട്ട് എന്നിവയുടെ പഴച്ചാറ് വേർതിരിച്ചെടുത്ത് സിട്രിക് ആസിഡ് ചേർത്ത് ചൂടാക്കുക. (80–90 ഡിഗ്രി സെൽഷ്യസ്). ഇതു തണുക്കുമ്പോൾ മതിയായ അളവിൽ സംരക്ഷകം (ലീറ്ററിന് 2 ഗ്രാം) ചേർക്കുക. തുടർന്ന് തുല്യ അളവിൽ തേൻ ചേർത്ത് യോജിപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അണുനശീകരണം നടത്തിയ ബോട്ടിലുകളിൽ നിറച്ച് സീൽ ചെയ്ത് സൂക്ഷിക്കാം. ആവശ്യാനുസരണം വെള്ളം ചേർത്ത് നേർപ്പിച്ചുപയോഗിക്കാം.

തേൻ ചേർത്ത് ജാം

മുന്തിരി / മാമ്പഴം / പപ്പായ / പാഷൻഫ്രൂട്ട് / പൈനാപ്പിൾ / ചക്ക / സ്ട്രോബെറി എന്നീ പഴങ്ങളുടെ പൾപ്പ് തയാറാക്കുക. അതിലേക്ക് 1– 2 ഗ്രാം സിട്രിക് ആസിഡ് ഒരു കിലോയ്ക്ക് എന്ന തോതിൽ ചേർത്ത് സ്റ്റെയിൻലെസ് സ്റ്റീൽപാത്രത്തിൽ എടുത്ത് പൾപ്പ് പകുതിയാകുന്നതുവരെ വറ്റിക്കുക. ഇതിലും മതിയായ അളവിൽ സംരക്ഷകം 500 ഗ്രാം (കിലോയ്ക്ക് 750 മില്ലി ഗ്രാം) ചേർക്കുക. വറ്റിച്ചെടുത്ത പൾപ്പിന് 750 ഗ്രാം എന്ന തോതിൽ സംസ്കരിച്ച തേൻ ചേർത്ത് യോജിപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അൽപം കറുവാപ്പട്ട / ഗ്രാമ്പൂ പൊടിച്ചതു ചേർത്ത്, അണുന ശീകരണം നടത്തിയ ബോട്ടിലുകളിൽ നിറച്ച് സീൽ ചെയ്തു സൂക്ഷിക്കാം. സീസണനുസരിച്ച് ലഭ്യമാകുന്ന ഏതു പഴവും ഉപയോഗപ്പെടുത്തി ഇതുപോലെ ജാം തയാറാക്കാം.

തേൻ ചേർത്ത കാൻഡി

നെല്ലിക്ക, ജാതിക്കാത്തോട്, പൈനാപ്പിൾ, അധികം പഴുക്കാത്ത പപ്പായ, വരിക്കച്ചക്ക എന്നിവയെല്ലാം തേനിലിട്ടു സൂക്ഷിക്കാം. ഇതിനായി നെല്ലിക്കയുടെ പുളിയും ചവർപ്പും നീക്കി ദൃഢത വരുത്തണം. നെല്ലിക്കയിൽ ഫോർക്ക് ഉപയോഗിച്ച് സുഷിരങ്ങൾ ഇട്ടതിനുശേഷം കിലോയ്ക്ക് 20 ഗ്രാം എന്ന തോതിൽ ഒരു ലീറ്റർ വെള്ളത്തിൽ ഉപ്പു ചേർത്ത് ഒരു ദിവസം ഇട്ടുവയ്ക്കണം. തുടർന്ന് 20 ഗ്രാം ആലം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിലും ഒരു ദിവസം നെല്ലിക്ക മുക്കിവയ്ക്കണം. പിന്നീട് നന്നായി കഴുകി തിളപ്പിച്ചതിനു ശേഷം നെല്ലിക്കയുടെ തുല്യ അളവ് തേൻ ചേർത്ത് വൃത്തിയുള്ള പാത്രത്തിൽ അടച്ചുവയ്ക്കുക. പിറ്റേന്ന്, തേനും ഊറി വന്ന പഴച്ചാറും ഡബിൾ ബോയിലിങ് രീതിയിൽ ചൂടാക്കി, നെല്ലിക്കയിലേക്ക് വീണ്ടും ചേർക്കുക. അടുത്ത 5 – 6 ദിവസങ്ങളിൽ ഈ രീതി തുടരണം. പാനിയുടെ ഗാഢത 65 – 70 ഡിഗ്രി ബ്രിക്സ് (മധുരത്തിന്റെ അളവ്) ആകുന്നതുവരെ ഇങ്ങനെ പാനി ചൂടാക്കി ചേർക്കണം. അണുനശീകരണം നടത്തിയ ബോട്ടിലുകളിൽ ഇത് സൂക്ഷിക്കാം. ജാതിക്കാത്തോട്, പൈനാപ്പിൾ, പപ്പായ, ചക്ക എന്നിവ ചുണ്ണാമ്പു തെളിയിൽ 2 – 3 മണിക്കൂർ ഇട്ട് ദൃഢത വരുത്തിയതിനുശേഷം തേൻ ചേർക്കാം. തുടർന്ന് നെല്ലിക്കയുടേതുപോലെ പാനി ചൂടാക്കി ചേർത്ത് ദൃഢത വരുത്തണം.

ഉണക്കിയ പഴങ്ങളിൽ തേൻ

ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം, അണ്ടിപ്പരിപ്പ് എന്നിവ തനി ച്ചോ തുല്യ അളവിൽ യോജിപ്പിച്ചോ ബോട്ടിലിൽ പകുതി നിറച്ച് ബാക്കി ഭാഗം സംസ്കരിച്ച തേൻ നിറച്ച് സീൽ ചെയ്ത് വിപണനത്തിന് ഒരുക്കാം.

സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം

ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിനു സഹായിക്കുന്ന വെളുത്തുള്ളി, കാന്താരിമുളക്, ഇഞ്ചി എന്നിവ തേനിൽ പരുവപ്പെടുത്തി ഉപയോഗിക്കാം. കൊത്തിയരിഞ്ഞ / കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുത്ത ഇഞ്ചി / തൊലികളഞ്ഞ് വൃത്തിയാക്കിയ വെളുത്തുള്ളി / ഞെടുപ്പ് അടർത്തി മാറ്റി വൃത്തിയാക്കിയ കാന്താരി എന്നിവ ബോട്ടിലിനുള്ളിൽ പകുതി ഭാഗത്തോളം നിറച്ചതി നുശേഷം അതിലേക്ക് സംസ്കരിച്ച തേൻ ചേർക്കുക. നാല് ആഴ്ച യ്ക്കുശേഷം ഉപയോഗിച്ചു തുടങ്ങാം.

തേൻ ചേർത്ത പാനീയങ്ങൾ

ഇഞ്ചി – നാരങ്ങ സർബത്ത്, നന്നാറി സർബത്ത്, ഫ്രഷ് പൈനാ പ്പിൾ, മാങ്ങ പാനീയങ്ങളിൽ പഞ്ചസാര /ശർക്കര എന്നിവയ്ക്കു പകരം തേൻ ചേർത്ത് ഉപയോഗിക്കാം.

മധുരപലഹാരങ്ങൾക്കൊപ്പം

എള്ളുണ്ട, കപ്പലണ്ടി മിഠായി, കേക്ക്, പേസ്ട്രി, മഫിൻസ് എന്നി വയ്ക്കൊപ്പവും തേൻ ചേർക്കാം. കേക്കിനും മഫിൻസിനും തേൻ ചേർക്കുന്നത് രുചിയും ഗുണവും കൂട്ടും. കേരളത്തിലെ തേൻ സീസണിന്റെ അവസാന ഘട്ടമാണ് മാർ ച്ച് – ഏപ്രിൽ മാസങ്ങൾ. സംഭരിച്ച തേൻ സംസ്കരിച്ചു സൂക്ഷി ക്കുന്നതിനൊപ്പം മേൽപറഞ്ഞ ഉൽപന്നങ്ങൾ കൂടി ചെലവു കുറഞ്ഞ രീതിയിൽ തയാറാക്കി വിപണനം ചെയ്യാനായാൽ തേനീച്ച ക്കർഷകർക്ക് അധികാദായം നേടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA