ADVERTISEMENT

കാൽ നൂറ്റാണ്ടോളം തരിശുകിടന്ന ചിത്തിരക്കായലിൽ നിന്ന് ഇക്കഴിഞ്ഞ സീസണിൽ 1160 ടൺ 27 ക്വിന്റൽ 67 കിലോ നെല്ലുൽപാദിപ്പിച്ചെന്ന ഒറ്റക്കാരണം മതി ജോസ് ജോൺ വെങ്ങാന്തറ എന്ന ജോസുചേട്ടൻ ആദരിക്കപ്പെടാൻ. നിർഭാഗ്യവശാൽ അദ്ദേഹം േവണ്ടത്ര ആദരിക്കപ്പെടാതെ പോകുന്നത് ഒരു പക്ഷേ, നെൽകർഷകനായതുകൊണ്ടു മാത്രമാവും. പുറംബണ്ടിലൂടെ ഒന്നു ചുറ്റിവരാൻ ഏഴര കിലോമീറ്റർ നടക്കേണ്ടിവരുന്ന പാടത്ത് 75–ാം വയസ്സിൽ കൃഷിയിറക്കിയ സാഹസമനോഭാവം മാത്രമല്ല, അതുവഴി മികച്ച വരുമാനം േനടിയെന്നതും ഇദ്ദേഹത്തെ ഒരു കുട്ടനാടൻ പുലിയാക്കുന്നു. ഒരു മാസം മുമ്പ് പൂർത്തിയായ പുഞ്ചക്കൃഷിയിൽ ‌മൂന്നു കോടി രൂപയുടെ നെല്ലാണ് ജോസ് ജോൺ കൊയ്തെടുത്തത്. നാലു മാസത്തെ കഷ്ടപ്പാടിനും കൃഷിമികവിനും മാത്രമല്ല, കോടികളുടെ നഷ്ടസാധ്യത ഏറ്റെടുത്തതിനും കൂടിയുള്ള പ്രതിഫലമായി 80 ലക്ഷം രൂപയുെട അറ്റാദായം.

 

റാണി, ചിത്തിരക്കായലുകളിൽ കൃഷി നടത്തുകയെന്ന ദൗത്യം നാലുവർഷം വിജയകരമായി പൂർത്തിയാക്കാൻ ജോസ് ജോണിനു കഴിഞ്ഞു. ഇക്കഴിഞ്ഞ പുഞ്ചക്കൃഷി ചിത്തിരക്കായലിൽ മാത്രമായിരുന്നു. ആകെ 732 ഏക്കറുണ്ടെങ്കിലും കക്ക ഖനനം മൂലം കൃഷിയോഗ്യമല്ലാത്ത ഭാഗം നീക്കിയാൽ 400 ഏക്കറിലാണ് ഇവിടെ വിത്തിട്ടത്. ചിത്തിരയിൽ മാത്രമല്ല, 600 ഏക്കറിലധികമുള്ള റാണിക്കായലിലും മുൻവർഷങ്ങളിൽ ഇദ്ദേഹത്തിനു കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതികൾക്കു ശേഷം അവിടെ കൃഷിയിറക്കാൻ സാവകാശം കിട്ടിയില്ലെന്നു മാത്രം. രണ്ടു കായൽനിലങ്ങളിലുമായി ഒരു ഏക്കർ വീതം പതിച്ചു കിട്ടിയവർ ക്കു കൊയ്തെടുക്കാൻ കഴിയാത്ത വിളവാണ് നാലു വർഷം തുടർച്ചയായി ജോസ് ജോൺ എല്ലാവർക്കുമായി നേടിയത്. 

 

കുട്ടനാട്ടിലെ ചെറുകിട കൃഷിക്കാർക്കിടയിൽനിന്നാണ് ആയിരത്തോളം ഏക്കറിലേക്ക് ജോസ് ജോൺ വളർന്നത്. കുടുംബ വക 20 ഏക്കറിൽ മാത്രമാണ് 2014 വരെ അദ്ദേഹം കൃഷി ചെയ്തിരുന്നത്. എന്നാൽ നൂറേക്കറിലധികം നെൽകൃഷിയുണ്ടായിരുന്ന പിതാവിനൊപ്പം നടന്നു കൃഷി പഠിച്ചതുമൂലമുള്ള ആത്മവിശ്വാസം വലുതായിരുന്നു. കാൽ നൂറ്റാണ്ടോളം തരിശു കിടന്ന റാണി, ചിത്തിരക്കായലുകൾ വീണ്ടും കതിരണിയിക്കാൻ കൃഷിവകുപ്പ് വിവിധ നീക്കങ്ങൾ നടത്തുന്ന കാലം. ആശയം കൊള്ളാമെങ്കിലും അതിനാവശ്യമായ ആളും അർഥവും സംഘടിപ്പിക്കാനാവാതെ പലരും പിന്മാറി. ഈ സാഹചര്യത്തിൽ കൃഷി ഏറ്റെടുത്തുനടത്താൻ പ്രേരിപ്പിച്ചത് അന്നത്തെ ജില്ലാ കൃഷി ഓഫിസറായിരുന്ന ജോസ് ജോസഫ്. നെൽകൃഷി ചെയ്യുന്നതിനുവേണ്ട അറിവും ആളും അർഥവുമുള്ള വ്യക്തിയെന്ന നിലയിലായിരുന്നു അത്.

 

കൃഷി നടത്തുന്നതിലും പ്രയാസമായിരുന്നു അതിനാവശ്യമായ അനുമതിയും മറ്റും സംഘടിപ്പിക്കുകയെന്നത്. ഒരേക്കർ വീതം പതിച്ചുകിട്ടിയ 1300 സ്ഥലമുടമകളുടെ സമ്മതപത്രം സംഘടിപ്പിക്കുകയെന്ന ആദ്യകടമ്പ അത്ര എളുപ്പമായിരുന്നില്ല. നെല്ലുൽപാദകസമിതിക്കു വേണ്ടി കൃഷി നടത്തുന്ന ചുമതല ജോസിനെ ഏൽപിക്കുന്ന വിധത്തിൽ ഇക്കാര്യം ക്രമീകരിച്ചു. ഓരോ വർഷവും വർധിച്ചുവരുന്ന പാട്ടം കഴിഞ്ഞ സീസണിൽ ഏക്കറിനു 11,000 രൂപയായിരുന്നു. സമിതിയിൽ അംഗമാകുന്നതിനായി രണ്ടു കായൽ നിലങ്ങളിലും ഓരോ ഏക്കർ വീതം വാങ്ങേണ്ടിവന്നു. കൃഷിയിറക്കാനായി പാടത്തെത്തിയപ്പോൾ കടുത്ത വെല്ലുവിളികൾ കാത്തിരിക്കുകയായിരുന്നു. അമിതമായ കക്കാ ഖനനം മൂലം മുന്നൂറേക്കറോളം നിലം കുഴിയും കൂനയുമായി മാറിയതിനാൽ അവിടെ‌ കൃഷി അസാധ്യമായി. ബാക്കി നാനൂറ് ഏക്കറിലെ കൃഷിപ്പണികൾ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കാനാവില്ലെന്നും ഉറപ്പായി. വ്യക്തമായ ആസൂത്രണത്തോടെയും സന്നാഹങ്ങളോടെയും നിലമൊരുക്കൽ മുതൽ കൊയ്ത്തുവരെയുള്ള കാര്യങ്ങൾ ക്രമീകരിച്ചതുകൊണ്ടു മാത്രമാണ് തന്റെ സാഹസികകൃഷി വിജയത്തിലെത്തിയ തെന്നു ജോസ് ജോൺ പറയുന്നു.

 

കൂടുതൽ പരിഗണന വേണ്ടിയിരുന്ന മറ്റൊരു കാര്യം തൊഴിലാളികളുെട ലഭ്യതയായിരുന്നു. നെൽകൃഷിയിൽ സമ്പൂർണ യന്ത്രവൽക്കരണം സാധ്യമാണെങ്കിലും കുട്ടനാട്ടിലെ സവിശേഷ സാഹചര്യങ്ങളിൽ അതിനു തുനിഞ്ഞില്ല. നൂറുകണക്കിന് ഏക്കറുകളിൽ കൃഷി നടത്തുന്നതിന് അത്രതന്നെ തൊഴിലാളികളെയും വേണ്ടിവരും. നെൽകൃഷിയിൽ പരിചയമുള്ള അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ഇതിനായി കണ്ടെത്തി. അവർക്കൊപ്പം കുട്ടനാട്ടുകാരായ തൊഴിലാളികളും കൂടിയപ്പോൾ കാര്യങ്ങൾ ഉഷാറായി. കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിരീതികളിലും മാറ്റമുണ്ട്. കുട്ടനാട്ടിലെ വിഷരഹിത നെൽകൃഷിയുടെ ശക്തനായ വക്താവാണ് ജോസ് ജോൺ. ഇത്രയേറെ മുതൽമുടക്കിയും അധ്വാനിച്ചും നടത്തിയ നെൽകൃഷിയിൽ ഒരിക്കൽ പോലും രാസകീടനാശിനികൾ തളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

 

കൊയ്ത്തു കഴിഞ്ഞാലുടൻ വെള്ളം കയറ്റുന്നതിനു മുൻപു പാടം ഉഴുതിടും. അടുത്ത കൃഷിക്കായി വെള്ളം വറ്റിക്കുമ്പോൾ ഉഴവിനു വേണ്ട സമയം കിട്ടില്ലെന്നതുതന്നെ കാരണം. ഒഴിവാക്കാവുന്നിടത്തോളം കൃഷിച്ചെലവുകൾ വേണ്ടെന്നുവച്ചാണ് കൃഷി ആദായകരമാക്കിയതെന്ന് ജോസ് ജോൺ ചൂണ്ടിക്കാട്ടി. രാസകീടനാശിനികൾ ഒഴിവാക്കിയതാണ് ഇവയിൽ പ്രധാനം. തുടർച്ചയായി നാലു വർഷം കീടനാശിനിപ്രയോഗമില്ലാതെ കൃഷി നടത്തിയത് തനിക്കുതന്നെ പുതിയൊരു അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മിതമായ തോതിലാണെങ്കിലും രാസവളം നൽകി. 

 

നാലു വർഷത്തേക്ക് പാടശേഖര സമിതിയുമായുണ്ടാക്കിയ പാട്ടക്കരാർ ഈ വർഷം പൂർത്തിയാവുകയാണ്. നാലു വർഷവും ആദായകരമായി കൃഷി നടത്താൻ കഴിഞ്ഞെന്ന് അദ്ദേഹം അഭിമാനപൂർവം അനുസ്മരിച്ചു. ഈ വർഷം ബംപർ വിളവായിരുന്നു. ഏക്കറിനു ശരാശരി 30 ക്വിന്റൽ നെല്ല് കിട്ടി. മുൻവർഷങ്ങളിൽ ഇത് 22–23ക്വിന്റലായിരുന്നു. ഇത്തവണ ഏക്കറിനു ശരാശരി കൃഷി ച്ചെലവ് 55,000 രൂപ വേണ്ടിവന്നതായാണ് ജോസ് ജോണിന്റെ കണക്ക്. പാട്ടമായി നൽകേണ്ടിവരുന്ന തുക ഉൾപ്പെടെയാണിത്. ഒരു ഏക്കറിൽ നിന്നു ശരാശരി 75000 രൂപയുടെ നെല്ല് കിട്ടിയപ്പോൾ ഇരുപതിനായിരം രൂപ അറ്റാദായമെന്നു സാരം. ഏക്കറിനു ശരാശരി ഏഴു ക്വിന്റൽ നെല്ല് കൂടുതൽ കിട്ടിയപ്പോഴാണത്. മുൻവർഷങ്ങളിൽ ഒരു ഏക്കറിലെ ലാഭം 3000–4000 രൂപയിലൊതുങ്ങുമായിരുന്നു.

 

എന്താണ് വിജയരഹസ്യം? ദൈവാനുഗ്രഹം തന്നെ പ്രധാനം. ഒപ്പം ചെറുപ്പത്തിൽ പിതാവിനൊപ്പം പാടത്തിറങ്ങി നേടിയ അനുഭവസമ്പത്തും. തന്നെക്കാൾ ആത്‍മാർഥതയോടെ കൂടെ നിന്നു പ്രവർത്തിച്ച കൃഷിമാനേജർമാർക്കും തൊഴിലാളികൾക്കും ഇടത് വലതു ഭേദമില്ലാതെ പ്രോത്സാഹനം നൽകിയ രാഷ്ട്രീയ നേതൃത്വത്തിനും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും ജോസ് ജോൺ നന്ദി പറഞ്ഞു. ഒരു രൂപ പോലും വായ്പയെടുക്കാതെ കൃഷി നടത്താനാവശ്യമായ ഫണ്ട് ക്രമീകരിച്ചു തന്ന മക്കളെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. ഫോൺ: 9447263561

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com