sections
MORE

കാൽ കോടി മുതൽ മൂന്നുകോടി വരെ വരുമാനം; നെൽകൃഷിയിൽ ലക്ഷങ്ങൾ വരുമാനം കൊയ്ത് കർഷകർ

HIGHLIGHTS
  • വരുമാനം വർധിച്ചതോടെ കൂടുതൽ പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യാൻ താൽപര്യമേറുന്നു
paddy
SHARE

സ്വന്തമായി നെൽകൃഷിയുണ്ടെങ്കിൽ? എങ്കിൽ, നല്ല ചോറുണ്ണാം, അത്ര തന്നെ. അതിനപ്പുറം നെല്ലു വിറ്റ് കുടുംബം പുലർത്തുന്ന അധികമാരും നമ്മുടെ നാട്ടിലുണ്ടാവില്ല. രണ്ടേക്കറിലധികം കൃഷിയുള്ളവരും ചുരുക്കം. നെൽകൃഷി ചെയ്യുന്നവർക്കുപോലും സംസ്കരിക്കുന്നതിലെ പ്രയാസങ്ങൾ മൂലം മുഴുവൻ നെല്ലും വിൽക്കേണ്ടിവരുന്നു. ഏതാനും ദശകങ്ങളായി നെൽകർഷകന്റെ സ്ഥിതി ഇതാണ്.

നാമമാത്ര വരുമാനത്തിനായി കൃഷി തുടരാൻ നിർബന്ധിതരാണവർ. സബ്സിഡിക്കായി കൃഷിഭവനിലും കാർഷികവായ്പയ്ക്കായി ബാങ്കിലും കൈ നീട്ടുന്നതിനു മാത്രമായി അവരുടെ ജീവിതം. രോഗം വന്നാൽ ചികിത്സിക്കാനും കുട്ടികളെ പഠിപ്പിക്കാനും നല്ല വസ്ത്രം വാങ്ങാനുമൊക്കെ കാർഷികവായ്പയിൽനിന്ന് ഒരു ഭാഗം മാറ്റിവയ്ക്കേണ്ടിവരുന്നവർ! ജീവിതം വഴിമുട്ടുമെന്നായപ്പോൾ പലരും ഈ രംഗം വിട്ടു അല്ലെങ്കിൽ പാർട് ടൈം കൃഷിയിലേക്കു മാറി. റബർഷീറ്റും കുരുമുളകും ജാതിപത്രിയും നാളികേരവുമൊക്കെ മറ്റു കൃഷിക്കാർക്കു മാറിമാറി ആദായം നൽകിയ മുൻകാലങ്ങളിൽപോലും നിത്യദാരിദ്ര്യമായിരുന്നു നെൽകർഷകന്റെ വിധി. നാണ്യവിളകൾക്കു പിന്നാലെ പോയ കർഷകരെക്കുറിച്ച് വിലാ പകാവ്യമെഴുതുന്നതിനപ്പുറം നെൽകൃഷി ആദായകരമാക്കുന്നതിനു പൊതുസമൂഹമോ സർക്കാരോ ഉത്സാഹിച്ചില്ല. മുഴുവൻ സമയ നെൽകർഷകർ കേരളത്തിൽ ഇല്ലാതായത് അങ്ങനെയാണ്. എന്നാൽ സ്ഥിതി മാറുകയാണോ?

കുട്ടനാട്ടിലെ മുതിർന്ന നെൽകർഷകനായ ജോസ് ജോൺ വെങ്ങാന്തറ ഇത്തവണ നെൽകൃഷിയിൽനിന്നു നേടിയ വരുമാനം മൂന്നുകോടി രൂപ! കുട്ടനാട്ടിലെ തന്നെ യുവകർഷകനായ പയസ് മങ്കൊമ്പിലെ 35 ഏക്കർ പാടത്തുനിന്നു നേടിയത് 26 ലക്ഷം രൂപയുടെ നെല്ല്. പാലക്കാട്ടും സ്ഥിതി വ്യത്യസ്തമല്ല. ആലത്തൂരിലെ കുട്ടിക്കൃഷ്ണനും പഴയന്നൂരിലെ പ്രസാദുമൊക്കെ പറയുന്നു – കൃഷി പഴയതുപോലെ നഷ്ടക്കണക്കുകളുേടതല്ലെന്ന്. അഥവാ നഷ്ടമുണ്ടാകാതെ വിളവെടുക്കാനുള്ള സാഹചര്യവും സാധ്യതയും വർധിച്ചിട്ടുണ്ടെന്ന്. കോഴിക്കോട്ടുകാരൻ ഇല്യാസും കൂട്ടുകാരും കൂടി തൃശൂരിലെ വെള്ളാങ്ങല്ലൂരിൽ 16 ഏക്കറിൽ ജൈവഅരി ഉൽപാദിപ്പിക്കുന്നു. കൃഷിമലയാളത്തിന്റെ ആദായവഴികളിൽ തീരെ നിനയ്ക്കാതിരുന്ന കാഴ്ചകളാണിതൊക്കെ.

കൂലിയും കൃഷിച്ചെലവും കുത്തനെ ഉയരുകയും നെല്ലിനു മാത്രം വിലയും വിപണിയും ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. നഷ്ടം പ്രതീക്ഷിച്ചുതന്നെ കൃഷിയിറക്കിയിരുന്ന ആ കാലഘട്ടമാണ് കേരളത്തിലെ നെൽകൃഷിയുടെ ഇപ്പോഴത്തെ ദുരവസ്ഥയുടെ തുടക്കം. സാമ്പത്തിക നഷ്ടം മാത്രമല്ല, സാമൂഹിക അന്തരീക്ഷവും നെൽകർഷകനെ അപഹാസ്യനാക്കി. കൃഷി ഉപേക്ഷിക്കുന്നവരുടെയും പാടം നികത്തുന്നവരുടെയും എണ്ണം കൂടിവന്നു. എന്നാൽ സപ്ലൈകോ സംഭരണം ആരംഭിച്ചതും കൊയ്ത്തുമെതിയന്ത്രങ്ങൾ വ്യാപകമായതും ഈ പ്രവണതയ്ക്കു തടയിട്ടു. സംഭരണവില കാലോചിതമായി പരിഷ്കരിക്കപ്പെട്ടതും നിർണായകമായി. ഈ മാറ്റങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ എത്ര ശക്തമായ നിയമം വന്നാലും നെൽകൃഷിക്ക് കേരളത്തിൽ വംശനാശം വരുമായിരുന്നു. തരിശായിക്കിടന്ന പാടങ്ങൾ കൃഷിയോഗ്യമാക്കാൻ സർക്കാർ നൽകുന്ന ഉദാര പിന്തുണയും നെൽകൃഷിയുടെ തിരിച്ചുവരവിനു വഴിയൊരുക്കി. മഹാപ്രളയത്തെ തുടർന്ന് പാടങ്ങളിലടിഞ്ഞ എക്കൽ സമ്മാനിച്ച സമൃദ്ധി കൂടി ചേർന്നതോെട കർഷകമനസ്സിൽ നെല്ലിനു പ്രിയമേറുകയാണ്.

കേരളത്തിലെമ്പാടും പ്രളയശേഷം നെൽകൃഷിയിൽ മികച്ച വിളവാണ് കിട്ടിയത്. ഏക്കറിനു പരമാവധി 20–25 ക്വിന്റൽ നെല്ല് വിളഞ്ഞിരുന്ന പല പാടങ്ങളിലും ഇത്തവണ മുപ്പതും മുപ്പത്തഞ്ചും ക്വിന്റൽ കിട്ടി. കൊയ്ത്തു കഴിഞ്ഞ് കാർഷികവായ്പ തിരിച്ചടയ്ക്കുന്നതോടെ പോക്കറ്റ് കാലിയാവുന്ന സ്ഥിതിയല്ല ഇത്തവണ. കാലാവസ്ഥാമാറ്റം നേട്ടമായി മാറിയ വിളകളിലൊന്നാണ് ഇപ്പോൾ നെല്ല്.

എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു മാറ്റം കൂടിയുണ്ട്– നെല്ലിനെ വരുമാനവിളയാക്കിയവരൊക്കെ പത്തേക്കറെങ്കിലും കൃഷി ചെയ്യുന്നവരാണെന്ന സത്യം. അമ്പതും അതിലധികവും ഏക്കറിൽ കൃഷി നടത്തുന്നവർക്ക് മറ്റേതു കൃഷിയിലുമെന്നവണ്ണമോ അതിലധികമോ ആദായം നേടാൻ ഇപ്പോൾ സാധിക്കുന്നു. പാട്ടക്കൃഷിയുെട സാധ്യത പ്രയോജനപ്പെടുത്തുന്നവർക്കാണ് ഇപ്രകാരം നെല്ല് വരുമാനവിളയായി മാറിയത്. ഭൂപരിഷ്കരണം മൂലം തുണ്ടുകളാക്കപ്പെട്ട പാടങ്ങൾ പാട്ടക്കൃഷിയിലൂടെ വലിയ പാഡി എസ്റ്റേറ്റുകളായി മാറി നേട്ടമുണ്ടാക്കുന്നു. കൗതുകകരവും അതിലേറെ പ്രാധാന്യവുമുള്ള മാറ്റമാണിത്. ഏക്കറുകളിൽ വ്യാപിച്ചിരുന്ന റബർതോട്ടങ്ങൾ ഒരുഭാഗത്ത് തുണ്ടുകളായി മുറിയുന്ന കേരളത്തിൽ തന്നെയാണ് പാട്ടക്കൃഷിയിലൂെട നെൽപാടങ്ങൾ സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

ഒരു ഏക്കർ നെൽകൃഷി നടത്താൻ 20,000–25,000 രൂപ ചെലവ് വരുമെന്നാണ് കണക്ക്. ഇത്രയും സ്ഥലത്തുനിന്ന് 20–25 ക്വിന്റൽ വിളവ് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ സംഭരണവിലയനുസരിച്ച് 50,000–62,500 രൂപ മൊത്ത വരുമാനം. അതായത് ഒരു ഏക്കറിൽനിന്ന് 25,000 രൂപ അറ്റാദായം. ഇരുപതിനായിരം രൂപ പാട്ടമായി നൽകുന്നതോെട ഈ വരുമാനം 5000 രൂപയായി താഴും. ആണ്ടിൽ രണ്ടു കൃഷിയുണ്ടെങ്കിൽ പതിനായിരം രൂപ വാർഷിക വരുമാനം. ഏറ്റവും താഴ്ന്ന ശമ്പളക്കാരന്റെ വരുമാനമെങ്കിലും – രണ്ടരലക്ഷം രൂപ വാർഷികവരുമാനം– നെൽകർഷകന് ഉറപ്പാക്കണമെങ്കിൽ 25 ഏക്കറിലെങ്കിലും കൃഷിയുണ്ടാവണമെന്നുസാരം. ഏറ്റവും മികച്ച സാഹചര്യങ്ങളിലെ ഒരു ചിത്രമാണിത്. ഏതെങ്കിലും കൃഷി മുടങ്ങിയാൽ, ഉൽപാദനം കുറഞ്ഞാൽ, രോഗ കീടബാധവന്നാൽ, പ്രകൃതിക്ഷോഭമുണ്ടായാൽ ഈ കണക്കാകെ തെറ്റും. താഴ്ന്ന വരുമാനക്കാരനായി നെൽകർഷകൻ തുടരണമെന്ന് ആർക്കാണ് ശഠിക്കാനാവുക. ഓഫിസർമാരെപ്പോലെയും ബിസിനസുകാരെപ്പോലെയും കൂടുതൽ മെച്ചപ്പെട്ട വരുമാനത്തിലേക്കു വളരാൻ അവസരം ലഭിക്കുമ്പോൾ മാത്രമെ നെൽകൃഷി ആകർഷകമാവുകയുള്ളൂ.

സ്വന്തമായി കുറഞ്ഞത് പത്തേക്കറിൽ നെൽകൃഷിയുള്ളവർക്ക് സ്വന്തം കാലിൽ നിൽക്കാനാവുമെന്ന് മങ്കൊമ്പിലെ യുവകർഷകനായ പയസ് ഇടയാടി ചൂണ്ടിക്കാട്ടി. പാട്ടക്കൃഷി അമ്പ തേക്കറിലുമുണ്ടെങ്കിലേ മാന്യമായ വരുമാനം കിട്ടൂ. എന്നാൽ സർക്കാരിന്റെ സംഭരണനയം ഈ വളർച്ചസാധ്യത ഇല്ലാതാക്കുകയാണ്. അഞ്ചേക്കർ വരെ നെൽകൃഷിയുള്ളവരിൽനിന്നു മാത്രമേ നിശ്ചിത സംഭരണവിലയ്ക്ക് സപ്ലൈകോ നെല്ല് വാങ്ങുകയുള്ളൂ. അതിലധികം കൃഷി ചെയ്തവർ മില്ലുടമകൾ നൽകുന്ന വില കൊണ്ടു തൃപ്തിപ്പെട്ടുകൊള്ളണം. ഇത്തവണ 25.3 രൂപയ്ക്ക് സപ്ലൈകോ നെല്ലെടുത്തപ്പോൾ മില്ലുകാർ നൽകിയത് 16 രൂപയായിരുന്നു. നെൽകൃഷിയിലേക്ക് എല്ലാവരെയും മാടിവിളിക്കുന്ന സർക്കാർ തന്നെ പാടത്ത് കൂടുതൽ പണം മുടക്കുന്നവർക്കു പരിധി നിശ്ചയിച്ച് ശിക്ഷിക്കുന്നു! ഈ നഷ്ടം ഒഴിവാക്കാൻ സ്വന്തം െനല്ല് പല പേരുകളിൽ വിൽക്കുന്നവരുണ്ട്.

കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെ കുത്തകയായും പണക്കാരനായും കാണുന്ന പഴഞ്ചൻ കാഴ്ചപ്പാട് മാറിയാൽ കേരളത്തിലെ നെൽകൃഷി അടുത്ത തലത്തിലേക്കു വളരുമെന്നതിൽ സംശയമില്ല. നെൽകൃഷിപോലുള്ള മേഖലകളിൽ കൂടുതൽ മുതൽമുടക്ക് നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നയം മാറേണ്ടതുണ്ടെന്ന് ജൈവകർഷകസമിതി സംസ്ഥാന സെക്രട്ടറിയും നെൽകർഷകനുമായ ഇല്യാസ് ചൂണ്ടിക്കാട്ടി. കുറഞ്ഞത് അമ്പതേക്കർ വരെയെങ്കിലുമുള്ള നെൽകൃഷിക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ഇല്യാസ് നിർദേശിച്ചു. അതേസമയം ആയിരവും രണ്ടായിരവും ഏക്കറിൽ കൃഷിചെയ്യുന്ന കോർപറേറ്റ് കുത്തകകൾ പാടം വിഴുങ്ങാനിടയാവുകയുമരുത്. മുഴുവൻ സമയവും ഊർജവും നെല്ലിനുവേണ്ടി ചെലവിടുന്ന കൃഷിക്കാരുണ്ടാകാൻ ഇതിടയാക്കും. ഉൽപാദനക്ഷമതയും ഉൽപന്നനിലവാരവും മെച്ചപ്പെടും. കൂടുതൽ വിസ്തൃതിയിൽ കൃഷിയിറക്കുന്നവർക്ക് യന്ത്രവൽക്കരണത്തിനായും അടിസ്ഥാനസൗകര്യങ്ങൾക്കായും കൂടുതൽ പണം മുടക്കാനാവും– അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികനേട്ടത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയിലും വലിയ മാറ്റം വന്നാൽ മാത്രമേ നെൽകൃഷി ആകർഷകമായി നിലനിൽക്കുകയുള്ളൂവെന്ന് പാലക്കാട് ആലത്തൂരിലെ നെൽകർഷകനായ കുട്ടിക്കൃഷ്ണൻ മാഷ് പറഞ്ഞു. യന്ത്രവൽക്കണം ഏറെ പ്രധാനമാണ്. നിലമൊരുക്കൽ മുതൽ വിളവെടുപ്പുവരെ സമ്പൂർണ യന്ത്രവൽക്കരണം സാധ്യമാണെങ്കിലും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രവും മാത്രമാണ് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നെൽകൃഷി ആദായകരമായപ്പോഴും അതിലെ നഷ്ടസാധ്യതകൾ കുറവില്ലാതെ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാമാറ്റം മാത്ര മല്ല ജലസേചനവകുപ്പിന്റെ കാര്യശേഷിയില്ലായ്മയും സംഭരണത്തിലെ അപാകതകളുമൊക്കെ മതി എത്ര മികച്ച കൃഷിയും നഷ്ടത്തിലാക്കാൻ– അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട കൃഷിക്കാർക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്നവർക്ക് കിട്ടാറില്ല. പല പേരുകളിൽ കൃഷി നടത്തി കള്ളത്തരം കാണിക്കാൻ നെൽക്കർഷകരെ നിർബന്ധിക്കുകയല്ലേ അധികൃതർ?– അദ്ദേഹം ചോദിക്കുന്നു.

പല വിധ കാരണങ്ങളാൽ പാടങ്ങൾ തുണ്ടുകളായി മുറിഞ്ഞതാണ് സാമ്പത്തിക സുസ്ഥിരതയുള്ള യൂണിറ്റായി തുടരാൻ നെൽകൃഷിക്ക് കഴിയാതെ പോയതിനു കാരണമെന്ന് പഴയന്നൂരിലെ നെൽകർഷകനായ പ്രസാദ് ചൂണ്ടിക്കാട്ടി. കാട്, കര, പറമ്പ്, കൃഷി എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ടായിരുന്ന നെൽപ്പാടങ്ങൾ മുറിഞ്ഞുപോയപ്പോൾ അവ ഏകോപിച്ചു ള്ള കൃഷിനടക്കാതായി. കൂട്ടുകുടുംബങ്ങളുെട പൊതുസംരംഭമെന്ന നിലയിൽനിന്നു വ്യക്തികളുടെ സ്വത്തായി മാറിയ കൃഷിയിടങ്ങൾ വിറ്റു പണമാക്കാൻ‌ ആഗ്രഹിച്ചവരായിരുന്നു ഏറെ. പാട്ടക്കൃഷിയിലൂടെയെങ്കിലും മുഴുവൻ സമയ കൃഷിക്കാരെ തിരികെ കൊണ്ടുവന്നാൽ മാത്രമേ നെൽകൃഷി ആദായകരമായ വിളയായി തുടരൂ– അദ്ദേഹം പറഞ്ഞു.

ഓരോ പാടശേഖരവും ഒരു കൃഷിക്കാരന്റെ അഥവാ ഉൽപാദകസമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നതാണ് ഉത്തമമെന്ന് ജോസ് ജോൺ വെങ്ങാന്തറ പറഞ്ഞു. പരമാവധി ഉൽപാദനവും ആദായവും കിട്ടാൻ ഇതാവശ്യമാണ്. ആയിരമേ ക്കറിൽ നടത്തേണ്ട കൃഷിയാണ് നെല്ല്. നൂറേക്കറിലായാലും ആയിരമേക്കറിലായാലും കൃഷിക്കാരന്റെ ചുമതലകൾ ഏറക്കുറെ തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലം നിരപ്പാക്കാനുള്ള ലേസർ ലെവലർ, വിത്തിടാനുള്ള ഡ്രം സീഡർ, ഞാറുനടീൽയന്ത്രം, ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന ഫെർട്ടി ലൈസർ ഡിസ്പെൻസർ, മരുന്നു തളിക്കുന്നതിനുള്ള ബൂം സ്പ്രെയർ എന്നിവയൊക്കെ യഥേഷ്ടം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ വിസ്തൃതിയിലുള്ള കൃഷി ആയാസരഹിതമാ യി നടപ്പാക്കാനാവുമെന്ന് പയസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇവ മിതമായ നിരക്കിൽ ലഭ്യമാക്കുകയും വേണം. നെല്ലിനു വില കൂടുന്നതനുസരിച്ച് അനുബന്ധസേവനങ്ങളുെട നിരക്ക് വർധിച്ചാൽ കൃഷിക്കാരനു പ്രയോജനപ്പെടില്ല. ഇതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയും ഉൽപാദിപ്പിക്കപ്പെടുന്ന മുഴുവൻ െനല്ലും സംഭരിക്കുകയും ചെയ്താൽ കാർഷികകേരളത്തിന്റെ ആദായവിളയായി നെല്ല് മാറുമെന്നുറപ്പ്– അദ്ദേഹം പറഞ്ഞു.

പ്രളയം സമ്മാനിച്ച ഫലഭൂയിഷ്ഠി 40–50 വർഷം മുമ്പുള്ള സ്ഥിതിയിലേക്ക് നമ്മുടെ പാടങ്ങളെ എത്തിച്ചിട്ടുണ്ട്. ഈ ഫലഭൂയിഷ്ഠി നഷ്ടപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ പാടങ്ങളിൽ നിന്നു അകറ്റപ്പെടണം. വരും വർഷങ്ങളിൽ കൃഷിക്കാരന്റെ മനം കവരുന്ന വിളയായി നെല്ല് മാറണം. നിയമത്തിന്റെ ഭീഷണിയും സബ്സിഡിയുടെ പ്രലോഭനവുമില്ലാതെ ആളുകൾ നെൽകൃഷിയിലേക്കു തിരികെ വരുന്ന കാലമാവട്ടെ നമ്മുടെ ‌ലക്ഷ്യം. കൂടുതൽ വിസ്തൃതിയിലും കൂടുതൽ സൗകര്യപ്രദമായും കൃഷി നടത്താനുള്ള സാഹചര്യവും നയരൂപീകരണവും നടന്നാൽ മുഴുവൻ നിലവും കതിരണിയുന്ന കാലം വിദൂരമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA