sections
MORE

തേങ്ങാവെള്ളത്തിൽ നിന്ന് ലെതറിനു ബദൽ; ആഗോള ഫാഷൻ വിപണി ലക്ഷ്യം

susanna-and-susmitha
SHARE

‘തേങ്ങാവെള്ളത്തിൽ നിന്നു ലഭ്യമാകുന്ന ബാക്ടീരിയൽ സെല്ലുലോസ് പ്രയോജനപ്പെടുത്തി ലെതറിനു ബദൽ നിർമിക്കുക. അതിനെ ആഗോള ഫാഷൻവിപണിയിലേക്ക് കയറ്റി അയയ്ക്കുക’; ആദ്യം കേൾക്കുമ്പോൾ, ‘എങ്ങനെ, എങ്ങനെ, ഒന്നൂടൊന്നു പറഞ്ഞേ’ എന്നാരും ചോദിച്ചു പോകും. അത്രമേൽ അപരിചിതവും അതിലേറെ കൗതുകകരവുമാണ് കോട്ടയം സ്വദേശി സുസ്മിതും സ്ലൊവാക്യയിൽനിന്നുള്ള സൂസന്നയും ചേർന്നു തുടങ്ങിയിരിക്കുന്ന മലായ് എന്ന സംരംഭം. 

‘‘തേങ്ങാവെള്ളം ബാക്ടീരിയൽ കൾച്ചർ ചേർത്തു സംസ്കരിക്കുമ്പോൾ ഗ്ലൂക്കോസിന്റെ പോളിമറായ സെല്ലുലോസ് രൂപപ്പെടും. ഈ നാനോ സെല്ലുലോസ് നാരുകളും സംസ്കരിച്ചെടുത്ത വാഴനാരും ചേർത്ത് പല കാര്യത്തിലും ലെതറിനെ വെല്ലുന്ന ഒരുൽപന്നം നിർമിക്കുന്നു. മലായ് എന്നു ഞങ്ങൾ പേരിട്ടിരിക്കുന്ന ഈ ഉൽപന്നത്തെ ആഗോള ഫാഷൻ വിപണിയിലെ ഡിസൈനർമാരിലേക്കും രാജ്യാന്തര ഫാഷൻ ബ്രാൻഡുകളിലേക്കും എത്തിക്കുന്നു. അവരതിനെ ലെതറിനു ബദലായി സ്വീകരിച്ച് ബാഗുകളും വാലറ്റുകളും പോലുള്ള ഉൽപന്നങ്ങള്‍ നിർമിക്കാന്‍ ഉപയോഗിക്കുന്നു’’, ആലപ്പുഴ മുഹമ്മയിലെ അങ്ങേയറ്റം ലളിതമായ മലായ് നിർമാണ യൂണിറ്റിലിരുന്ന് സുസ്മിതും സൂസന്നയും വിശദമാക്കുന്നു.

പാഴല്ല തേങ്ങാവെള്ളം 

InstaSave

എൻജിനീയറിങ്ങും പ്രോഡക്ട് ഡിസൈനിങ്ങിൽ ഉപരിപഠനവും കഴിഞ്ഞ് മുംബൈയില്‍ ജോലിചെയ്യുമ്പോഴാണ് സുസ്മിത്, മറ്റൊരു പ്രോജക്ടിൽ ഒപ്പം ജോലി ചെയ്തിരുന്ന സൂസന്നയെ പരിചയപ്പെടുന്നത്. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളിൽ താൽപര്യമുള്ള ഇരുവരും പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ മലായ് സംരംഭത്തിലെത്തി. ഫിലിപ്പീൻസും മലേഷ്യയും പോലുള്ള ഏഷ്യൻ രാജ്യങ്ങൾ തേങ്ങാവെള്ളവും അതിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും രാജ്യാന്തരവിപണിയിലെത്തിക്കുമ്പോൾ നമ്മുടെ സ്ഥിതി വ്യത്യസ്തമാണ്. ഒറ്റപ്പെട്ട ശ്രമങ്ങൾ മാറ്റിനിർത്തിയാൽ നമ്മുടെ തേങ്ങാവെള്ളം അത്രയും പാഴായിപ്പോവുകയാണു പതിവ്. തേങ്ങാവെള്ളം സംസ്കരിച്ച് ഭക്ഷ്യവിഭവമായ നാറ്റാ ഡി കൊക്കോ നിർമിക്കുന്ന അപൂർവം ചില സംരംഭകരുണ്ടിവിടെ. വിദേശരാജ്യങ്ങളിലെ ഹോട്ടൽ മെനുവിൽ വിശിഷ്ട വിഭവമാണ് നാറ്റാ ഡി കൊക്കോയെങ്കിലും നമ്മുടെ നാട്ടിൽ കാര്യമായ പ്രചാരമില്ല. ഇതേ നാറ്റാ ഡി കൊക്കോയിൽനിന്നാണ് സുസ്മിതും സൂസന്നയും ബാക്ടീരിയൽ സെല്ലുലോസ് വേർതിരിച്ചെടുക്കുന്നത്. നാനോ ഉൽപന്നമായതു കൊണ്ടുതന്നെ മെഡിക്കൽ–സർജിക്കൽ ഉൽപന്നങ്ങളുടെ നിർമാണത്തിലുൾപ്പെടെ ഒട്ടേറെ സാധ്യതകളുണ്ട് ബാക്ടീരിയൽ സെല്ലുലോസിന്.

malayi

ഉയർന്ന വിലയുണ്ട് നാറ്റാ ഡി കൊക്കോയ്ക്ക്. ഒരു കിലോയിൽനിന്നു പക്ഷേ ലഭ്യമാവുക 20 ഗ്രാം സെല്ലുലോസ് മാത്രം. അതുകൊണ്ടുതന്നെ ഉയർന്ന നിർമാണച്ചെലവുള്ള ഒരുൽപന്നം, അതിന്റെ വിലയും മൂല്യവും സ്വീകാര്യമായൊരു വിപണിയിലെത്തിയാൽ മാത്രമേ സംരംഭകനു പ്രയോജനകരമാവൂ. കോടികൾ മൂല്യമുള്ള ഫാഷൻ വിപണിയുടെ സാധ്യതയും അതുതന്നെ. വാഴനാരും ഈ നാനോ നാരുകളും തമ്മിൽ ചേർത്ത് പ്രകൃതിദത്ത നിറങ്ങൾ നൽകി പാളികളായി നിർമിച്ചെടുക്കുന്ന മലായ് ആണ് ഇരുവരും യൂറോപ്യൻ ഫാഷൻ ലോകത്തേക്ക് അയയ്ക്കുന്നത്.

പുസ്തക ലൈബ്രറികൾപോലെ യൂറോപ്പിൽ ഒട്ടേറെ മെറ്റീരിയൽ ലൈബ്രറികളുണ്ട്. ഏതു രംഗത്തേക്കുമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ പറ്റിയ വിവിധ മെറ്റീരിയലുകളുടെ ശേഖരമാണ് ഇവിടെയുള്ളത്. നിരന്തരം ട്രെൻഡുകൾ മാറുന്ന ഫാഷൻ ലോകത്തെ ഡിസൈനർമാരും കൂടുതൽ നിർമാണ സാധ്യതകളും രൂപഭംഗിയുമുള്ള മെറ്റീരിയലുകൾ തേടി ഈ ലൈബ്രറികളിലെത്തും. പ്രമുഖ മെറ്റീരിയൽ ലൈബ്രറികളിലും പ്രദർശനങ്ങളിലും ഇടം പിടിച്ച മലായ് ഇതിനോടകം പല ഡിസൈനർമാർക്കും സ്വീകാര്യമായിട്ടുണ്ട്.

ഫോൺ: 9496321547 വെബ്: www.made-from-maiai.com

വീഗനു വേണം മലായ്

InstaSave-5

ലെതർ ഉൽപന്നങ്ങൾ ജനപ്രിയമെങ്കിൽപ്പോലും അതിനൊരു പരിസ്ഥിതി വിരുദ്ധമുഖമുണ്ടെന്ന് സുസ്മിതും സൂസന്നയും പറയുന്നു. തുകൽ നിർമാണത്തിന്റെ പിന്നിലെ ‘മൃഗബലി’യെക്കുറിച്ച് പലരും ചിന്തിക്കാറില്ല. തുകലിനും രോമത്തിനും വേണ്ടി മൃഗങ്ങളെയും പക്ഷികളെയുമെല്ലാം കൊന്നൊടുക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഫലം കാണാറുമില്ല. ഒട്ടേറെ രാസപ്രക്രിയയിലൂടെ കടന്നുപോയ തുകലാണ് ഉൽപന്ന നിർമാണത്തിന് ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന തുകൽ ഉൽപന്നങ്ങൾ മണ്ണിനെ ദുഷിപ്പിക്കും, ദഹിക്കാൻ കാലങ്ങളെടുക്കും. തുകലിനു ബദലായി എത്തുന്ന പെട്രോളിയം ഉപോൽപന്നങ്ങളായ റെക്സിൻ പോലുള്ളവ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അതിലേറെ. 

പാഴായിപ്പോകുന്ന തേങ്ങാവെള്ളവും വാഴനാരും ചേർത്തു നിർമിക്കുന്ന 100 ശതമാനം പ്രകൃതി സൗഹൃദ ഉൽപന്നമായ മലായ്‌യുടെ പ്രാധാന്യം ഈ സാഹചര്യത്തിലാണ്. മലായ് ഉൽപന്നങ്ങൾ 90–120 ദിവസംകൊണ്ട് മണ്ണിൽ ലയിച്ചു പോകും. ഫാഷൻ വ്യവസായത്തിൽ ഇതിനു ലെതറിനെക്കാൾ സാധ്യതകളുമുണ്ട്. ലെതറിന് അകം പുറമുള്ളപ്പോൾ മലായ്ക്കതില്ല. പൾപ് രൂപത്തിലാണ് മലായ് ആദ്യം തയാറാക്കുന്നത്. അതുകൊണ്ടുതന്നെ ഷീറ്റുകളായി മാത്രമല്ല ഡിസൈനർ ആഗ്രഹിക്കുന്ന ഏതു രൂപത്തിലേക്കും മലായ്‌യെ മാറ്റാം എന്നത് ലെതറിനില്ലാത്ത സാധ്യത തന്നെ.

തീവ്ര സസ്യഭുക്കുകളായ വീഗൻ സമൂഹം യൂറോപ്പിലിന്ന് ശക്തിയാർജിക്കുന്നുണ്ട്. ഭക്ഷണത്തിൽ മാത്രമല്ല, ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലൊന്നും ഹിംസയുടെ നിഴൽപോലും വീഴരുതെന്നു നിർബന്ധമുണ്ട് വീഗന്. ഇറച്ചിക്കും മീനിനുമെല്ലാം സസ്യോൽപന്ന ബദലുകൾ തേടുന്ന വീഗൻ, തുകൽവസ്തുക്കൾക്കു പകരമായി മലായ് ഉൽപന്നങ്ങളെ സ്വീകരിക്കുന്നുണ്ട്. വീഗൻ സമൂഹത്തിന്റെ മനസ്സു കീഴടക്കും മലായ് എന്ന പ്രതീക്ഷയിലാണ് സുസ്മിതും സൂസന്നയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA