ADVERTISEMENT

നെൽകൃഷിയോടുള്ള സ്നേഹംകൊണ്ടു പാടത്ത് തിരിച്ചെത്തിയയാളാണ് ആലപ്പുഴ മങ്കൊമ്പ് ഇടയാടിയിൽ പയസ്. കൃഷിയിലെ നഷ്ടക്കണക്കുകൾ താങ്ങാവുന്നതിനപ്പുറമായപ്പോൾ 17 വർഷം മുമ്പ് പിതാവ് ഇ.ജെ. കുര്യാക്കോസ് പാട്ടക്കാരെ ഏൽപിച്ച പാടം ഏറ്റെടുത്താണ് പയസിന്റെ കൃഷി. പിതൃസഹോദരന്മാരുൾപ്പെടെയുള്ളവരുെട 35 ഏക്കറോളം പാടത്ത് നാലു വർഷമായി കൃഷി ചെയ്യുന്ന പയസിന് ഒരു കാര്യം ഉറപ്പിച്ചു പറയാനാവും– ഇനി മറ്റൊരു മേഖലയിലേക്കുമില്ല. മുഴുവൻ സമയ നെൽകർഷകനായി തുടരുമെന്നു മാത്രമല്ല, കുറച്ചുകൂടി സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.

 

നെൽകർഷകനായിരുന്നെങ്കിലും മക്കളാരും നെൽകൃഷി ചെയ്യരുതെന്ന് നിർബന്ധമുള്ളയാളായിരുന്നു പയസിന്റെ പിതാവ് കുര്യാക്കോസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൂടെ നടന്ന് കൃഷി പഠിക്കാൻ കഴിഞ്ഞില്ല. പാടത്തിറങ്ങിയപ്പോൾ ഉപദേശങ്ങളും നൽകിയില്ല. സ്വയം ചെയ്തു പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഹകർഷകരും പരിചയക്കാരുമൊക്കെ തുടക്കത്തിൽ വഴികാട്ടികളായി. രണ്ടാം വർഷം മുതൽ പയസ് സ്വന്തം ആശയങ്ങൾ ഓരോന്നായി നടപ്പാക്കി തുടങ്ങി. രാസകീടനാശിനികളുെട പ്രയോഗം ഉപേക്ഷിക്കുക, ഞാറുകൾ തമ്മിലുള്ള അകലം കുറയ്ക്കുക എന്നിങ്ങനെ. പരിഹാസവും വിമർശനവുമൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങൾ ക്രമേണ പയസിന്റെ വഴിക്കു വന്നു. 

 

ഇക്കഴിഞ്ഞ പുഞ്ചക്കൃഷി മികച്ച വിളവാണ് നൽകിയത്. ആകെ 35 ഏക്കറിൽനിന്ന് ആയിരം ക്വിന്റൽ നെല്ല് സർക്കാരിനു നൽകി. വിലയായി 26.5 ലക്ഷം രൂപ കിട്ടി. ഒരു ഏക്കറിൽനിന്നു ശരാശരി 75,000 രൂപ മൊത്തവരുമാനം കിട്ടിയപ്പോൾ കൃഷിച്ചെലവായി വേണ്ടിവന്നത് 23,000 രൂപ മാത്രം. അതായത് ഏക്കറിന് 52,000 രൂപ അറ്റാദായം. അസാധാരണമായ വലിയ വിളവ് കിട്ടുകയും ഉൽപാദനച്ചെലവ് പരമാവധി കുറയ്ക്കുകയും ചെയ്തതുകൊണ്ടാണ് ഈ നേട്ടം. എന്നാൽ ഏക്കറിന് 22 ക്വിന്റൽ നെല്ലു കിട്ടിയാൽപോലും ഉൽപാദനച്ചെലവ് 25,000 രൂപയിൽ താഴെയായി ചുരുക്കുന്നവർക്ക് മുപ്പതിനായിരം രൂപ ലാഭം പ്രതീക്ഷിക്കാമെന്നു പയസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം പാട്ടത്തുക വർധിക്കുന്നത് നെല്ലിന്റെ ആദായസാധ്യത കുറയ്ക്കും. കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് തനിക്ക് മുഴുവൻസമയ കൃഷിക്കാരനായി തുടരാൻ കഴിയുന്നതെന്നു പയസ് പറഞ്ഞു. വിഷരഹിതകൃഷിപോലുള്ള ആശയങ്ങൾ നടപ്പാക്കാൻ സാധിച്ചത് ഒറ്റ ബ്ലോക്കായി വിതയ്ക്കാൻ സാധിക്കുന്നതുകൊണ്ടാണ്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുന്നതിനു കൂടിയാണ് മരുന്നുതളി വേണ്ടെന്നുവച്ചത്. എങ്കിലും കാര്യമായ കീടശല്യം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അനാവശ്യമായ കീടനാശിനിപ്ര യോഗം ഒഴിവാക്കുന്നതുവഴി പ്രകൃതി മാത്രമല്ല സ്വന്തം കീശയും സംരക്ഷിക്കപ്പെടും– പയസ് പറഞ്ഞു. ഫോൺ: 9946323709 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com