ADVERTISEMENT

തിരുവനന്തപുരം ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കരയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ഏറെയുണ്ടാകും. എന്നാൽ വൈകാതെ അവർ ഈ കരയെക്കുറിച്ചും അവിടുത്തെ പച്ചക്കറിക്കർഷകരുടെ മികവിനെക്കുറിച്ചും അറിയും. നല്ല ‘ചൊകചൊകപ്പൻ വ്ലാത്താങ്കരചീര’യുടെ വിത്തുകൾ കേരളമെമ്പാടും എത്തുന്നതോടെ നാട് ‘ഫേമസാ’കുമെന്ന സന്തോഷമാണ് ഇവിടുത്തെ കൃഷിക്കാർക്ക്. അതിനായി വിഎഫ്പിസികെയുമായി ധാരണയിലെത്തിയിരിക്കുകയാണ് പഞ്ചായത്തിലെ പച്ചക്കറി കൃഷിക്കാരനായരാജനും സഹകൃഷിക്കാരും. വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരും ആ ചീരയില കറി വയ്ക്കുന്നവരും വ്ലാത്താങ്കരയെന്ന പേര് മനസ്സിൽ സൂക്ഷിക്കും. അത്രയ്ക്കു സുന്ദരവും രുചികരവുമാണ് ഈയിനം.

 

തീക്ഷ്ണമായ ചുവപ്പുനിറമാണ് വ്ലാത്താങ്കരച്ചീരയുെട സെല്ലിങ് പോയിന്റ്. മറ്റു ചീരകൾക്കില്ലാത്ത ഒരു അരുണശോണിമ ഇവിടുത്തെ ചീരയ്ക്കു കൂടുതലായുണ്ട്. മറ്റു ചീരയിനങ്ങൾക്ക് ഇരുണ്ട ചുവപ്പാണെങ്കിൽ വ്ലാത്താങ്കര ചീരയ്ക്ക് അസ്സൽ ചുവപ്പുനിറം മാത്രം. പാടം നിറയെ ചീര വളർന്നു നിൽക്കുന്നതു കണ്ടാൽ ആരും ഒരിക്കൽ കൂടി നോക്കിപ്പോകും, അതാണ് അതിന്റെ പകിട്ട്. ‘‘ഒരു ഇല പറിച്ചു വായിലിട്ടുചവച്ച ശേഷം തുപ്പിയാൽ ചോര തുപ്പുകയാണെന്നു തോന്നും’’– രാജൻ അവകാശപ്പെട്ടു. പരീക്ഷിച്ചുനോക്കിയപ്പോൾ പറഞ്ഞതിൽ തെറ്റില്ലെന്നു ബോധ്യമായി. മാത്രമല്ല പച്ചയ്ക്കു ചവയ്ക്കുമ്പോൾപോലും ഏറെ രുചിപ്രദമാണെന്നും. മാംസളമായ ഇലകളും തണ്ടുമാണ് ഈയിനത്തിനുള്ളത്. ദീർഘ കാലം വിളവ് തരുമെന്നതും കൂടുതൽ രുചിയുണ്ടെന്നതും വ്ലാത്താങ്കര ഇനത്തിന്റെ മറ്റു സവിശേഷതകളാണ്. മുറിക്കുന്നതനുസരിച്ച് കൂടുതൽ ശാഖകളുണ്ടായി എട്ടുമാസം വരെ ഈ ചീര ആദായം നൽകുമെന്ന് രാജൻ അവകാശപ്പെട്ടു.

 

ഒന്നാംതരം കാർഷികമേഖലയാണ് വ്ലാത്താങ്കര. നാട്ടുകാരിൽ ഭൂരിപക്ഷവും കൃഷിക്കാർ. വയലുകളിൽ നെല്ലും പച്ചക്കറിയും വാഴയുമൊക്കെ സമൃദ്ധമായി വളരുന്നു. ചെങ്കൽ പഞ്ചായത്തിലെ ഈ പ്രദേശത്ത് വേനൽപച്ചക്കറി ആഘോഷമായി കൃഷി ചെയ്യുന്ന കാലമാണിത്. റോഡരികിലായി പരന്നുകിടക്കുന്ന വ്ലാത്താങ്കര പാടത്ത് ചീര മാത്രമല്ല പാവൽ, പടവലം, വെള്ളരി എന്നിങ്ങനെ സകല കൃഷിയുമുണ്ട്. അരയേക്കറും ഒരേക്കറുമൊക്കെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെ പാടത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഏക്കറിന് അറുപതിനായിരം രൂപ വരെ പാട്ടം നൽകിയാണ് ഇവർ പച്ചക്കറി ഉൽപാദിപ്പിക്കുന്ന തെന്നുകൂടി പറയുമ്പോൾ ഇവിടുത്തെ പച്ചക്കറിക്കൃഷി എത്ര ആദായകരമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ചുമലിലേറ്റിയ കമ്പിന്റെ ഇരുവശത്തും കുടങ്ങൾ കെട്ടി നനയ്ക്കാനുള്ള വെള്ളവുമായി നീങ്ങുന്ന അസ്സൽ നാടൻ കർഷകനെ ഇന്നത്തെ കാലത്തു കാണണമെങ്കിൽ ഇവിടെ വരണം. 

 

എവിടെനിന്നാണ് വ്ലാത്താങ്കരക്കാർക്ക് സവിശേഷമായ ഈ ചീരയിനം കിട്ടിയതെന്ന് അന്വേഷിക്കുന്നവരുണ്ടാകാം. ഈ നാടിന്റെ കണ്ടെത്തലാണത്. വ്ലാത്താങ്കരയിലെ കൃഷിക്കാരനായ തങ്കയ്യൻ മാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരയുടെ കെട്ടുകളിൽനിന്നാണ് ഒരു കുഞ്ഞൻതൈ കണ്ടെത്തിയത്. പ്രത്യേകതയുള്ള നിറമാണതിനെന്നു തോന്നിയതുകൊണ്ട് ആ ചീരത്തൈ വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. 

 

കൃഷിക്കാരന്റെ നിരീക്ഷണം തെറ്റിയില്ല. കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന സുന്ദരിയായി ആ ചീരച്ചെടി വളർന്നു. അതിൽനിന്നുള്ള വിത്തെടുത്ത് വീണ്ടും പാകി. കൂടുതൽ ചെടികളിൽനിന്നു കൂടുതൽ വിത്തുകൾ കിട്ടിയപ്പോൾ ചോദിച്ചുവാങ്ങാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. അങ്ങനെ ആ ഇനം വ്ലാത്താങ്കരയുടെ സ്വന്തമായി.‌‌‌ വിഎഫ്പിസികെയുമായുള്ള ധാരണപ്രകാരം രാജനും കൂട്ടുകാരും വ്ലാത്താങ്കാരച്ചീരയുെട വിത്തുൽപാദിപ്പിച്ച് നൽകും. കിലോയ്ക്ക് മൂവായിരം രൂപയാണ് വില. ‘പൈതൃകവിത്തുകൾ ഭക്ഷ്യസുരക്ഷയ്ക്ക്’ എന്ന പദ്ധതിയിലൂെട കേരളത്തിലെമ്പാടും ഈ നാടൻ ചീരയിനം എത്തിക്കുകയാണ് ലക്ഷ്യം. നീളമേറിയ ചതുരപ്പയർ, നിത്യവഴുതന തുടങ്ങിയ‌ പച്ചക്കറി ഇനങ്ങളുെട വിത്തുൽപാദനവും ഇവർക്കുണ്ട്. ഏതിനം പച്ചക്കറിയുടെയും വിത്ത് ആവശ്യമുള്ളവർക്ക് ഞങ്ങളെ സമീപിക്കാം– രാജൻ പറയുന്നു. ‌

 

ഫോൺ:9567318913 (രാജൻ), 7904664737 (വിഎഫ്പിസികെ)

 

പൈതൃകവിത്തുകളുമായി വിഎഫ്പിസികെ

 

കഞ്ഞിക്കുഴിപ്പയറും ആമ്പക്കാടൻ കപ്പയുമൊക്കെ നമുക്ക് പരിചിതമാണ്. കൃഷിയിടങ്ങളിൽനിന്നു കൃഷിക്കാർ വീണ്ടെടുത്ത് വരും തലമുറകൾക്ക് നൽകിയ ഇനങ്ങൾ. ഇതേപോലെ മികവുള്ള എത്രയോ ഇനങ്ങൾ ഇനിയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെയുണ്ടാവും. പ്രത്യേകിച്ച്, വിളവൈവിധ്യവും വർഗസങ്കരണ സാധ്യതയുമൊക്കെ കൂടുതലുള്ള പച്ചക്കറിക്കൃഷിയിൽ. കാലാവസ്ഥാമാറ്റത്തിന്റെ ആഘാതങ്ങൾ നേരിടുന്നതിന് ൈപതൃക വിത്തുകളുെട ജനിതകസമ്പത്ത് പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയിട്ടുണ്ട്. ഇത്തരം വിത്തുകളിലേറെയും പൂർവികരുടെ അനുഭവസമ്പത്തിൽനിന്നും നിരീക്ഷണപാടവത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. വിവിധ നാടുകളിൽ കൃഷിക്കാർ കണ്ടെത്തി നേട്ടമുണ്ടാക്കുന്ന ഇത്തരം ഇനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടത്ര സംവിധാനങ്ങൾ നിലവിലില്ല. ഇതു തിരിച്ചറിഞ്ഞാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പരമ്പരാഗത പച്ചക്കറി ഇനങ്ങളുെട വിത്തുൽപാദനത്തിനായി ‘പൈതൃകവിത്തുകൾ ഭക്ഷ്യസുരക്ഷയ്ക്ക്’ എന്ന പേരിൽ പങ്കാളിത്ത ഗവേഷണ പദ്ധതി ആരംഭിച്ചത്. 

 

ആദ്യഘട്ടത്തിൽ 28 നാടൻ പച്ചക്കറി ഇനങ്ങളുെട വിത്താണ് കൃഷിക്കാരുടെ സഹായത്തോടെ ഉൽപാദിപ്പിക്കുക. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന വിത്തുകൾ വിഎഫ്പിസികെ വിത്തുസം സ്കരണശാലയുടെ മേൽനോട്ടത്തിൽ സംസ്കരിച്ച് മറ്റ് കൃഷിക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

 

ആലപ്പുഴ പട്ടുചീര, വയനാട് കേളുപയർ, വേങ്ങേരി വഴുതന, തലക്കളത്തൂർ കക്കിരി, പൊട്ടുവെള്ളരി, ആനക്കൊമ്പൻ വെണ്ട എന്നിവയുടെ വിത്തുകൾ വിഎഫ്പിസികെ വിതരണ ത്തിനെത്തിച്ചുകഴിഞ്ഞു. ഇവയ്ക്കു പുറമെ എടക്കര പാവൽ, ആട്ടുകൊമ്പൻ അമര, വെള്ളകാന്താരി, കക്കാട് പാവൽ, തിരുവാണിയൂർ പടവലം, നാടൻ വെള്ളരി, കോടാലി മുളക്, അഞ്ചൽ ലോക്കൽ പയർ, വ്ലാത്താങ്കര ചീര, എടയൂർ മുളക്, അരിപ്ര കണിവെള്ളരി, ആദിത്യപുരം പാവൽ, ആദിത്യപുരം പടവലം, കോട്ടായി വഴുതന, വിത്തിനശേരി വെണ്ട, കാസർകോട് ലോക്കൽ പീച്ചിൽ എന്നീ ഇനഭേദങ്ങളും പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവഴി പരമ്പരാഗത പച്ചക്കറി ഇനങ്ങളുെട പ്രാദേശികവും ശാസ്ത്രീയവുമായ വിവരങ്ങൾ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനു സാധിക്കും. നമ്മുെട കാർഷിക ജനിതകസമ്പത്തിന്റെ പ്രാധാന്യം കൂടുതലാളുകൾ തിരിച്ചറിയാനും പദ്ധതി സഹായിക്കും. 

 

ഫോൺ: 0484 2881333 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com