ADVERTISEMENT

പരിസരം മുഴുവൻ ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്ക് നല്ല ‘മഴ’പെയ്യുന്നു സിനുവിന്റെ ഡെയറി ഫാമിൽ. ആസ്ബസ്റ്റോസ് ഷീറ്റിന്റെ അറ്റത്തുകൂടി പെയ്തിറങ്ങുന്ന തുള്ളിക്കൊരു കുടം മഴക്കുളിരുനോക്കിനിൽക്കുന്ന പശുക്കൾ. കൊടുംചൂടിൽ പാലുൽപാദനം കുറഞ്ഞിട്ടില്ല, അൽപം കൂടിയിട്ടേയുള്ളൂ എന്നു സിനു പറയുന്ന തിന്റെ ഒരു കാരണം പകൽച്ചൂടിനെ പമ്പ കടത്തി നിത്യവും ഇവിടെപ്പെയ്യുന്ന ഈ മഴ’ തന്നെ. നിസ്സാര ചെലവിൽ, മേൽക്കൂരയ്ക്കു മുകളിൽ നീളത്തിൽ സ്ഥാപിച്ചിരിക്കുന്ന, നിറയെ തുളകളിട്ട പിവിസി പൈപ്പാണ് ഫാമിലെ ‘മഴയന്ത്രം’. 

എറണാകുളം ജില്ലയിൽ പിറവത്തിനടുത്തു തിരുമാറാടിയിലാണ് സിനു ജോർജിന്റെ പേങ്ങാട്ട് ഡെയറി ഫാം. 35 കറവപ്പശുക്കൾ ഉൾപ്പെടെ 60 പശുക്കൾ പാർക്കുന്ന ഫാം. ഉച്ചക്കറവയ്ക്ക് അരമണിക്കൂർ മുമ്പ് ഫാമിനു മുകളിൽ മഴത്തുള്ളികൾ വീഴുന്നതോടെ ആസ്ബസ്േറ്റാസ് പാളി കൾ തണുക്കും, ഫാമിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിറയും. വേനൽച്ചൂടിന്റെ സമ്മർദം തീർത്തും കുറഞ്ഞ് ശാന്തരും സൗമ്യരുമായിനിന്ന് പാൽ ചുരത്തും പശുക്കളോരോന്നും. വേനൽച്ചൂടിന്റെ തീവ്രത നോക്കിയാണ് ‘മഴ’യുടെ ഇടവേളകൾ നിശ്ചയിക്കുക. കുളത്തിലെ വെള്ളം പമ്പു ചെയ്യുന്നതിനു വേണ്ടിവരുന്ന വൈദ്യുതിയാണ് ആകെയുള്ള ചെലവ്. 

sinu1
ഫാമിലെ ‘മഴ’

ഫാമിലെത്തിയ വെറ്ററിനറി ഡോക്ടറാണ് ചരിഞ്ഞ മേൽക്കൂരയുടെ മുകൾഭാഗത്ത് പൈപ്പു സ്ഥാപിച്ചു മഴ പെയ്യിക്കാനുള്ള ഐഡിയ നല്‍കിയതെന്നു സിനു. വേനൽച്ചൂടിലും പാലുൽപാദനം വർധിച്ചു എന്നതു മാത്രമല്ല നേട്ടം, ഫാമിനുള്ളിൽ നൽകുന്ന മഞ്ഞുനനയെക്കാൾ പശുവിന് ആരോഗ്യകരം ഈ മഴനന തന്നെ. മഞ്ഞു നനയ്ക്കായി മേൽക്കൂരയ്ക്കു താഴെ സ്ഥാപിക്കുന്ന ഫോഗർ തൊഴുത്തിനുള്ളിൽ സദാ ഈർപ്പം നിലനിൽക്കാൻ ഇടയാക്കും. എച്ച് എഫ് പോലുള്ള വിദേശസങ്കരയിനങ്ങൾ നനവുള്ള തറയിൽ തുടർച്ചയായി ചവിട്ടിനിൽക്കുന്നത് കുളമ്പിനെയും ആരോഗ്യത്തെത്തന്നെയും ബാധിക്കും. പുറത്തെ ‘മഴ’ ഈ വിധ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അറുപതുപശുക്കളുള്ള ഫാമിൽ ഫോഗർ സ്ഥാപിക്കുന്നതിന്റെ ചെലവും ലാഭം.

തീറ്റ, തീരെക്കുറഞ്ഞ ചെലവിൽ

പൈനാപ്പിളിന്റെ ഇലയാണ് (കൈത) വേനലിലും പാലുൽപാദനം കൂട്ടുന്ന മറ്റൊരു ഘടകം. ‘‘തീറ്റ ഒരേസമയം പോഷകഗുണമുള്ളതും പശുവിനു വയർനിറയ്ക്കാൻ പര്യാപ്തവുമായിരിക്കണം. വേനൽച്ചൂടിനെ ചെറുക്കാൻ കഴിയുംവിധം ജലാംശം കൂടിയുള്ളതെങ്കിൽ ഏറെ നല്ലത്. എന്നാൽ, അതും പോരാ, കർഷകനു ലാഭകരവുമാവണം. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം ചേർന്നതാണു പൈനാപ്പിളിന്റെ ഇലയും തണ്ടും’’, സിനുവിന്റെ വാക്കുകൾ. മൂന്നു വർഷം നീളുന്ന കൃഷിക്കും വിളവെടുപ്പിനും ശേഷം കൃഷിയൊഴിവാക്കുന്ന തോട്ടങ്ങളിൽനിന്നു പണച്ചെലവില്ലാതെ ലഭിക്കും പൈനാപ്പിളില. ജലാംശം കൂടുതലുള്ള ഈ തീറ്റ വേനൽക്കാലത്ത് പശുക്കൾ നേരിടുന്ന ഉഷ്ണസമ്മർദം കുറയ്ക്കും. ചാഫ്കട്ടറിൽ അരിഞ്ഞു നൽകുന്ന ഇല പശുക്കൾ രുചിയോടെ കഴിക്കും. ഇഷ്ടം പോലെ ലഭ്യമാണെന്നതിനാൽ വയർ നിറയ്ക്കാനും ഉപകരിക്കും. രണ്ടരയേക്കറിൽ സി ഒ3 പുൽക്കൃഷിയുണ്ടെങ്കിലും വേനലിൽ അതിനേക്കാൾ മികച്ചത് ഈ ഇലയും തണ്ടും തന്നെയെന്നു സിനു.

sinu11
പൈനാപ്പിള്‍ ഇല ചാഫ്കട്ടറിൽ നുറുക്കിയെടുക്കുന്നു

കരുതലും നേട്ടവും

രാവിലെയും വൈകിട്ടുമായി ശരാശരി 500 ലീറ്റർ പാലാണ് സിനുവിന്റെ പേങ്ങാട്ട് ഫാമിലെ പ്രതിദിന ഉൽപാദനം. രാവിലത്തെ പാൽ മുഴുവനും ലീറ്റർ 60 രൂപയ്ക്ക് കൊച്ചിയിൽ ചില്ലറ വിൽപന. നഗരത്തിൽ പള്ളുരുത്തിയിലും മരടിലുമുള്ള പേങ്ങാട്ട് ഡെയറിയിലൂടെ വിൽക്കുന്ന ഫാം ഫ്രഷ് പാലിന് മികച്ച ഡിമാൻഡ്. ഉച്ചയ്ക്കത്തെ കറവയത്രയും സിനു പ്രസിഡന്റായ തിരു മാറാടി പാൽ സൊസൈറ്റിക്കു തന്നെ. പാലിനൊപ്പം തൈരും സംഭാരവും വിപണിയിലെത്തിക്കുന്നു. 

പുതുതായി ഈ രംഗത്തേക്കു വരുന്നവരോടു സിനുവിന് പറയാനുള്ളത് മൂന്നു കാര്യങ്ങൾ. പശുക്കളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ലാതെതന്നെ ഫാമിലെ ചെലവു കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. ഉയർന്ന ഉൽപാദനമുള്ള പശുക്കൾക്കു വിലയും വളരെക്കൂടും. അവയ്ക്ക് രോഗങ്ങൾ വരാതിരിക്കാൻ അങ്ങേയറ്റം കരുതൽ വേണ്ടിവരും. ശരാശരി കറവയുള്ളതിനെ മിതമായ വിലയ്ക്കു വാങ്ങി പരിപാലനം പഠിക്കുകയാണ് തുടക്കക്കാർ ആദ്യം ചെയ്യേണ്ടത്. 

വീടുകളിൽ രണ്ടോ മൂന്നോ പശുക്കളെ വളർത്തുന്നതിൽനിന്ന് വ്യത്യസ്തമാണ് കൊമേഴ്സ്യൽ ഡെയറി ഫാമുകളുടെ രീതി. സ്വന്തമായി ചില്ലറ വിൽപനവിപണി സൃഷ്ടിച്ചെടുത്താൽ മാത്രമേ അവയ്ക്ക് ലാഭത്തിൽ പ്രവർത്തിക്കാനാവൂ. പാലുൽപാദനം ഒരു ഘട്ടത്തിലും ഇടിയാത്ത രീതിയിൽ പശുക്കളുടെ ചെനയും കറവയും ക്രമീകരിക്കുകയും വേണം. 

തുണയായി ചാണകയന്ത്രം

sinu66

മഴയും വെയിലും നോക്കാതെ ചാണകം ഉണക്കിപ്പൊടിക്കാവുന്ന യന്ത്രമാണ് സിനുവിന്റെ ഫാമിലെ മറ്റൊരു കൗതുകം. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം ഫാമുകളിലേ ഈ സംവിധാനമുള്ളൂ എന്ന് സിനു. മഴ പെയ്യിക്കാൻ കാര്യമായ ചെലവൊന്നും വന്നില്ലെങ്കിലും ചാണകം ഉണക്കിപ്പൊടിക്കുന്ന യന്ത്രത്തിനു പത്തു ലക്ഷം രൂപ മുടക്കി. മുടക്കിയ കാശു മുതലാവുന്നുണ്ടെന്നു സിനു. 

ചാണകക്കുഴിക്കു ചേർന്നാണ് യന്ത്രപ്പുര. കുഴിയിൽ സ്ഥാപിച്ചിരിക്കുന്ന പിവിസി പൈപ്പിലൂടെ ചാണകം വലിച്ചെടുത്ത് ഈർപ്പം നീക്കി തവിടുരൂപത്തിൽ യന്ത്രം പുറന്തള്ളും. കയ്യിലെടുത്തു തിരുമ്മിയാൽ കയ്യിലൊട്ടാത്ത പരുവം. നേരേ ചാക്കിൽ നിറച്ച് വിൽപനയ്ക്കു വയ്ക്കാം. പൗഡർ പരുവത്തിൽ ലഭിക്കുന്ന ചാണകം പായ്ക്ക് ചെയ്യാനും വിൽക്കാനുമെല്ലാം എളുപ്പം. തൊഴുത്തിൽനിന്നു ചാണകം നീക്കാനും തുറസ്സായ സ്ഥലത്ത് വെയിൽ നോക്കി നിരത്താനും വാരാനുമെല്ലാം വേണ്ടിവരുന്ന അധ്വാനവും ചെലവും യന്ത്രം വന്നതോടെ ഒഴിവായി. ഫാമിനോട് തൊട്ടു ചേർന്നാണു സിനുവിന്റെ വീട്. ഇങ്ങനെയൊരു യന്ത്രമുള്ളതുകൊണ്ട് 60 പശുക്കൾ പാർക്കുന്ന ഫാമിലോ പരിസരത്തോ അസുഖകരമായ ഗന്ധം അൽപവുമില്ലെന്നു സിനു. പരിമിതമായ സ്ഥലത്ത് പരിസരമലിനീകരണമില്ലാതെ എത്ര പശുക്കളെ വേണമെങ്കിലും പരിപാലിക്കാൻ യന്ത്രം സഹായിക്കുമെന്നു സിനു. റബറിനു വിലയിടിഞ്ഞതോടെ പച്ചച്ചാണകത്തിനു ഡിമാൻഡ് കുറഞ്ഞു. പലരും റബറിനു വളമിടുന്നതു നിർത്തി. അതേസമയം അടുക്കളത്തോട്ടങ്ങള്‍ വ്യാപകമായതോടെ ഉണക്കിപ്പൊടിച്ച ചാണകത്തിനു ഡിമാൻഡ് കൂടിയിട്ടുമുണ്ട്. യന്ത്രത്തിന്റെ സാധ്യതയും അതുതന്നെ. യന്ത്രം ആഴ്ചയിലൊരിക്കൽ നാലോ അഞ്ചോ മണിക്കൂർ പ്രവർത്തിപ്പിക്കുമ്പോഴേക്കും കുഴിയിലെ മുഴുവൻ ചാണകവും പൊടിയായി മാറും. നിലവിൽ ചാണകം വലിയ ചാക്കുകളിലാക്കി വിൽക്കുന്ന രീതിയാണെങ്കിൽ ഇനിയങ്ങോട്ട് 5,10 കിലോ പായ്ക്കറ്റുകളാക്കി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സിനു. 

ഫോൺ: 7907044146 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com