sections
MORE

വലക്കൂടുകളിൽ വിലയേറിയ മീനുകൾ; ലക്ഷങ്ങളുടെ വരുമാനം

aquaponic-fish-farming
ജിബിയും സനീഷും മത്സ്യക്കൂടുകൾക്കുമീതെ
SHARE

കരിമീൻ, കാളാഞ്ചി, തിലാപ്പിയ, ചെമ്പല്ലി, വറ്റ– പ്രീമിയം ഫിഷ് കളക്‌ഷനാണ് കെ.എസ്. സനീഷിന്റെയും കൂട്ടുകാര‌ൻ പി.കെ. ജിബിയുടെയും വലക്കൂടുകളിൽ. വടക്കൻ പറവൂരിനു സമീപം ചാത്തനാട് ഫിഷ് ലാൻഡിങ്ങിൽ ‌കായലരികത്തായി സ്ഥാപിച്ച ഇവരുടെ മത്സ്യക്കൂടുകളിൽ മീനില്ലാത്ത കാലം തീരെ കുറവ്. ആവശ്യക്കാരെത്തിയാൽ ഏതാനും മിനിറ്റുകൾക്കകം നൽകാൻ സാധിക്കുമെങ്കിലും സീസണും വിപണിയും നോക്കി മാത്രമേ കൂടുകളിൽ വിളവെടുപ്പ് നടത്താറുള്ളെന്നു മാത്രം. ട്രോളിങ് നിരോധനമെത്തുമ്പോൾ വിൽക്കാനായി ഏഴു കൂടുകളിലാണ് ഇപ്പോൾ ഇവർ മീൻ വളർത്തുന്നത്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് ശരാശരി 650 രൂപയ്ക്കു വിൽക്കാൻ കഴിഞ്ഞു. ഈ വർഷം കുറഞ്ഞത് ഏഴുലക്ഷം രൂപയുടെ മീൻ വിൽക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ– ജിബി പറഞ്ഞു.

മീൻവലനിർമാണവും അവയുടെ കേടുപാട് തീർക്കലുമൊക്കെ സനീഷ് അച്ഛനിൽ നിന്നു പഠിച്ചിട്ടുണ്ട്. ജിബിയാവട്ടെ വെൽഡിങ് ജോലിക്കാരനും. മത്സ്യക്കൃഷിയുെട അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കാൻ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രവും വായ്പാ സഹായവുമായി ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണബാങ്കും കൂടി എത്തിയതോടെ കൂടുമത്സ്യക്കൃഷിക്കുവേണ്ട സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങുകയായിരുന്നു. ജിബി വെൽഡ് ചെയ്തുണ്ടാക്കിയ ലോഹചട്ടക്കൂട്ടിൽ വല പിടിപ്പിച്ചു സനീഷ് കൂടുണ്ടാക്കും. കരിമീൻ, ചെമ്പല്ലി കുഞ്ഞുങ്ങളെ പ്രാദേശികമായി വാങ്ങാൻ കിട്ടുമെങ്കിലും കാളാഞ്ചി, തിലാപ്പിയ എന്നിവയെ ഹാച്ചറിയിൽ നിന്നു വാങ്ങേണ്ടി വന്നു. മത്സ്യബന്ധനബോട്ടുകളിൽ നിന്നു കിട്ടുന്ന ചെറുമത്സ്യങ്ങളെ ശേഖരിച്ച് വളർത്താനാണ് തുടക്കത്തിൽ സനീഷ് ശ്രമിച്ചത്. പിന്നീട്, കെവികെയിലെ മത്സ്യക്കൃഷി വിദഗ്ധൻ വികാസിന്റെ ഉപദേശപ്രകാരം ജിബിയുമായി ചേർന്ന് ഇതൊരു സംരംഭമാക്കുകയായിരുന്നു. 

നാലു മീറ്റർ വീതം വീതിയും നീളവുമുള്ള ലോഹഫ്രെയിമുകളിൽ കണ്ണിയകലം കുറവുള്ള വല പൊതിഞ്ഞാണ് മത്സ്യവലക്കൂടുകൾ ഉണ്ടാക്കുന്നത്. മത്സ്യവിത്ത് നിക്ഷേപിക്കുന്നതിനും തീറ്റ നൽകുന്നതിനും പ്രത്യേക വാതിലുകളുണ്ടായിരിക്കും. 10–12 സെന്റിമീറ്റർ വലുപ്പമെത്തിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു കൂട്ടിൽ 2000–2500 കരിമീൻ, തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ വീതം നിക്ഷേപിച്ചു. കാള‍ാഞ്ചി, ചെമ്പല്ലി എന്നിവ കൂടുതൽ വളരുമെന്നതിനാൽ ഒരു കൂട്ടിൽ പരമാവധി 1000 മത്സ്യവിത്ത് മാത്രമാണ് നിക്ഷേപിച്ചത്. വലിയ കൂടുകളിലാണ് ഇവയെ വളർത്താറുള്ളത്. കാളാഞ്ചി, ചെമ്പല്ലി എന്നിവയുടെ കൂടുകളിലെ പായൽ തിന്നു വൃത്തിയാക്കാനായി അവയോടൊപ്പം 500 കരിമീൻ വിത്തുമിടാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്ന കരിമീൻ പ്രത്യേക തീറ്റ നൽകാതെ തന്നെ 7–8 മാസം കൊണ്ട് വിപണിക്കു യോഗ്യമാകുന്നു.

വിപണിയിൽ നിന്നു വാങ്ങുന്ന മത്സ്യത്തീറ്റയാണ് ചെമ്പല്ലിയും കാളാഞ്ചിയും ഒഴികെയുള്ളവയ്ക്ക് നൽകാറുള്ളത്. കിലോയ്ക്ക് ശരാശരി 50 രൂപ വിലയുള്ള തീറ്റ തുടക്കത്തിൽ 2–3 കിലോ വീതം നൽകിയാൽ മതി. എന്നാൽ വിളവെടുക്കാറാകുമ്പോൾ ദിവസേന 10 കിലോ തീറ്റ ഒരു കൂട്ടിൽ നൽകണം. നന്ദൻ, കൊഴുവ തുടങ്ങിയ ചെറുമത്സ്യങ്ങളാണ് കാളാഞ്ചിക്ക് തീറ്റ. കൂടുമത്സ്യക്കൃഷി വ്യാപകമായതോടെ ഇവയ്ക്കും വലിയ വില നൽകേണ്ടിവരുന്നുണ്ട്. കിലോയ്ക്ക് 25 രൂപയാണ് ഇപ്പോൾ വില.

വലക്കൂടുകളിൽ ഉയർന്ന സാന്ദ്രതയിലാണ് മീനിടാറുള്ളതെങ്കിലും സ്ഥിരമായി ജലം കയറിയിറങ്ങുന്നതിനാൽ മത്സ്യങ്ങൾ വളരുന്ന സാഹചര്യം ശുചിയുള്ളതായിരിക്കും. കൂടുമത്സ്യക്കൃഷിയിൽ മത്സ്യങ്ങളുടെ പരിസരവും ജലവും വൃത്തിയായി സൂക്ഷിക്കുന്ന ചുമതല പ്രകൃതി ഏറ്റെടുത്തിരിക്കുകയാണ്. ജലശുദ്ധീകരണത്തിനായി അക്വാപോണിക്സ് ബെഡുകളോ, വിവിധ തരം അരിപ്പകളോ വേണ്ടിവരുന്നില്ല. അതുകൊണ്ടു തന്നെ ഉൽപാദനക്ഷമതയും വർധിക്കും. കാളാഞ്ചിയൊഴികെയുള്ള മത്സ്യങ്ങളുടെ വിളവെടുപ്പ് ആറാം മാസം ആരംഭിക്കാം. കാളാഞ്ചിയെ എട്ടാം മാസം മുതൽ പിടിച്ചുതുടങ്ങുന്നതാണ് നല്ലത്. ഇനഭേദമനുസരിച്ച് ഒരു കൂട്ടിൽനിന്ന് 2–2.5 ലക്ഷം രൂപയുടെ വരുമാനം കിട്ടും. കൂട് സ്ഥാപിക്കാൻ യോജ്യമായ ജലാശയം ( പുഴ, കായൽ, വലിയ പാറമടകൾ) വേണമെന്നു മാത്രം. പഞ്ചായത്തിന്റെ ലൈസൻസ് നേടിയാണ് കൂട് സ്ഥാപിക്കേണ്ടത്. ഒരു കൂടിന് ഒരു ലക്ഷം രൂപ ചെലവ് വരും. വലക്കൂടുകൾ നിർമിച്ചു നൽകിയും കരിമീൻ വിത്ത് എത്തിച്ചുനൽകിയും ഇവർ അധികവരുമാനം കണ്ടെത്തുന്നുണ്ട്. ഫോൺ 9995759141, 9061016141

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA