ADVERTISEMENT

ആകെ മൂന്നു കുളങ്ങളിലാണ് എറണാകുളം കുറുപ്പംപടിക്കു സമീപം മേതലയിലെ ധനേഷിന്റെ മീൻവളർത്തൽ. പാടത്തോടു ചേർന്നുള്ള ചെറുകുഴിയിൽ പടുത വിരിച്ച് ആസാംവാളയെ വളർത്തി തുടങ്ങിയതാണ്. ഇപ്പോൾ ഒരു സെന്റ് വിസ്തൃതിയിൽ ജലശുദ്ധീകരണ സംവിധാനവും അക്വാപോണിക്സ് ബെഡുകളും വായുപ്രവാഹ സംവിധാനവുമൊക്കെയുള്ള ആധുനിക മത്സ്യക്കുളത്തിലാണ് കൃഷി. എന്നാൽ ഈ സന്നാഹങ്ങളിൽ പലതും പ്രയോജനപ്പെട്ടില്ലെന്ന സങ്കടവും ഇതോടൊപ്പമുണ്ട്. 

മത്സ്യപ്രേമിയാണ് ധനേഷ്. മീൻവളർത്തലുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെക്കുറിച്ചു കേട്ടാലുടൻ ധനേഷ് അവിടെയെത്തും. ഇന്റർനെറ്റിലൂടെ കിട്ടുന്ന വിവരങ്ങളും വായിച്ചു മനസ്സിലാക്കും. ഇങ്ങനെ നേടിയ അറിവുകൾ സ്വയം കൂട്ടിച്ചേർത്താണ് ധനേഷ് ബന്ധുവായ നിഖിൽരാജിനൊപ്പം അക്വാപോണിക്സ് സംരംഭം ആരംഭിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ കാര്യങ്ങൾ അവർ ഉദ്ദേശിച്ച വഴിക്കല്ല പോകുന്നതെന്നു മനസ്സിലായി. 

അക്വാപോണിക്സ് ബെഡിലൂടെ കടന്നുവരുന്ന വെള്ളത്തിൽ മത്സ്യങ്ങൾ പ്രാണവായുവിനായി പൊന്തിവരുന്നത് പതിവായി. ബെഡുകൾ ഉപേക്ഷിച്ച് റാസ് രീതിയിൽ അരിപ്പകളുടെ സഹായത്തോടെ ജലം ശുദ്ധീകരിച്ചെങ്കിലും തലവേദനകൾ ഒഴിഞ്ഞില്ല. വൈദ്യുതിതടസ്സങ്ങളും മറ്റുമായി കൃഷി തടസ്സപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ സ്വന്തം അറിവുകളുടെയും ആശയങ്ങളുെടയും അടിസ്ഥാനത്തിൽ വെള്ളം ശുദ്ധീകരിക്കുന്നതിനൊപ്പം നിശ്ചിത തോതിൽ മാറ്റി നിറയ്ക്കുകയും ചെയ്യുന്ന രീതി സ്വീകരിച്ചതോടെയാണ് കാര്യങ്ങൾ നേരെയായത്. ഈ രീതിയിൽ മീനും പച്ചക്കറിയുമൊക്കെ വിളവെടുക്കാറായപ്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ മഴയും പ്രളയവുമൊക്കെ. താപനിലയിലുള്ള മാറ്റം മൂലം ഏറെ മീനുകൾ ചത്തുപൊങ്ങി. പച്ചക്കറികൾ ചീഞ്ഞു നശിച്ചു. 

എങ്കിലും കൃഷി തുടരാൻ തന്നെ തീരുമാനിച്ചു. വെള്ളം പുതുക്കുന്ന രീതിയായിരുന്നു ഇത്തവണ തുടക്കം മുതൽ. കാര്യമായ പ്രശ്നങ്ങളില്ലാതെ മീൻ വളർന്നുകഴിഞ്ഞു. വിളവെടുപ്പ് ആരംഭിച്ച കുളത്തിൽനിന്ന് 450 ഗ്രാം മുതൽ 650 ഗ്രാം വരെയുള്ള മത്സ്യം കിട്ടുന്നുണ്ടെന്നു ധനേഷ് പറയുന്നു. ആകെ 750 കിലോ മീൻ കിട്ടുമെന്നാണ് പ്രതീക്ഷ. ആദ്യമുണ്ടാക്കിയ രണ്ടു കുളങ്ങളിൽ മത്സ്യക്കൃഷിയിലെ അടിസ്ഥാന തത്വങ്ങൾ പഠിക്കുകയും മറ്റു ഫാമുകൾ സന്ദർശിക്കുകയും എറണാകുളം കെവികെയുെട മത്സ്യക്കൃഷി പരിശീലനം നേടുകയും ചെയ്ത ശേഷമാണ് താൻ കൂടുതൽ നിക്ഷേപമിറക്കിയ തെന്ന് ധനേഷ് ചൂണ്ടിക്കാട്ടി. എന്നിട്ടും തിരിച്ചടികൾ നേരിടേണ്ടിവന്നു. മത്സ്യക്കൃഷിയിൽ പരിശീലനമില്ലാത്തവർ കൺസൾട്ടന്റുമാരുെട ഉപദേശം കേട്ട് അതിസാന്ദ്രതാകൃഷിക്കിറങ്ങുന്നത് അബദ്ധമായിരിക്കുമെന്നു ധനേഷ് മുന്നറിയിപ്പ് നൽകുന്നു.

വിപണനമാണ് ഈ സംരംഭകനെ കുഴയ്ക്കുന്നത്. ജീവനോടെ പിടിച്ചു കൊടുത്തിട്ടുപോലും ഉള്‍പ്രദേശമായ മേതലയില്‍ ദിവസം പത്തു കിലോയിലധികം വിൽപന നടക്കുന്നില്ല. വളർത്തുമത്സ്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇതിനു കാരണമാണെന്നു ധനേഷ്. 

ഏറെ മുതൽമുടക്കും സാങ്കേതികവിദ്യകളും വേണ്ടിവരുന്ന നൂതന മത്സ്യക്കൃഷി സംരംഭങ്ങൾക്ക് വിപണന പിന്തുണ നൽകാൻ സർക്കാർ തയാറാകണമെന്ന് ധനേഷ് ആവശ്യപ്പെട്ടു. തികച്ചും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ഈ മത്സ്യങ്ങൾക്ക് പൊതുമേഖലാ വിപണനശാലകളിൽ ഇടം നൽകിയാൽ ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരേപോലെ നേട്ടമാകും– അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോൺ: 9447376473

ഹൈടെക് മത്സ്യക്കൃഷി

ഹൈടെക് മത്സ്യക്കൃഷിരീതികൾ എത്രത്തോളം പ്രായോഗികമാണ് ?

അക്വാപോണിക്സും റാസും തെറ്റായ രീതികളാണെന്നു കരുതുന്നില്ല. എന്നാൽ ഇവ നമ്മുെട നാട്ടിൽ നടപ്പാക്കുന്നതിനു വിദഗ്ധ ശുപാർശ കിട്ടാനില്ല. അക്വാപോണിക്സ് പോലുള്ള കൃഷിരീതികളിൽ ഗവേഷണം നടത്തി യോജ്യമായ പ്രോട്ടോകോൾ ആവിഷ്കരിക്കാൻ ഫിഷറീസ് സർവകലാ ശാലയ്ക്കോ കാർഷിക സർവകലാശാലയ്ക്കോ സാധിച്ചിട്ടില്ല. ഇതുമൂലം കണ്ടും കേട്ടും വായിച്ചും കിട്ടിയ മുറിവിജ്ഞാനത്തെ ആശ്രയിക്കാൻ യുവ സംരംഭകർ നിർബന്ധിതരാണ്. സാഹചര്യങ്ങൾക്കു യോജിച്ച സാങ്കേതികവിദ്യ തിരഞ്ഞെടുക്കുകയും വേണം. സംരംഭകർക്കു തുണയെന്നമട്ടിൽ വരുന്ന 99 ശതമാനമാളുകളും തട്ടിപ്പാണ് നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com