sections
MORE

ആദ്യ വിളവെടുപ്പിൽ 850 കിലോ മത്സ്യം; രണ്ടു ലക്ഷത്തിലധികം രൂപ വരുമാനം

Fish
SHARE

കേരളത്തിൽ ഏറ്റവുമധികം ചെറുപ്പക്കാർ കടന്നുവരുന്ന കാർഷികമേഖലയേതാണെന്നു നോക്കിയാൽ ആദ്യസ്ഥാനങ്ങളിൽ തന്നെയുണ്ടാവും അക്വാകൾചർ. പച്ചക്കറിക്കൃഷിയിലും പശുവളർത്തലിലുമൊക്കെ പലരും പണമിറക്കുന്നുണ്ടാവും. എന്നാൽ മത്സ്യക്കുളങ്ങളിൽ പണം മുടക്കാനും പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും യുവ കർഷകർ കാണിക്കുന്ന ആവേശം ഒന്നു വേറെ തന്നെ. കോടിക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകി സർക്കാർ പ്രചരിപ്പിച്ച പരമ്പരാഗതമത്സ്യക്കൃഷിപോലെയല്ല ഇത്. വ്യക്തിപരമായ താൽപര്യത്തോടെ വ്യത്യസ്ത ശൈലികളിൽ മീൻ വളർത്തുന്ന ന്യൂജൻ മത്സ്യക്കൃഷി സംരംഭങ്ങൾ.

മത്സ്യങ്ങളെ ഉയർന്ന സാന്ദ്രതയിൽ കൂട്ടിലടച്ചുവളർത്തുന്ന കേജ്കൃഷി, വിഷരഹിത പച്ചക്കറിയും മത്സ്യവും ഉൽപാദിപ്പിക്കുന്ന അക്വാപോണിക്സ്, ലഭ്യമായ ജലം ശുദ്ധീകരിച്ച് പുനരുപയോഗം നടത്തുന്ന റീസർക്കുലേറ്ററി അക്വാകൾചർ (റാസ്) സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് ജലം ശുദ്ധിയാക്കുകയും മത്സ്യത്തീറ്റ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ബയോഫ്ലോക് എന്നിങ്ങനെ ഒട്ടേറെ സാങ്കേതികവിദ്യകളും അവയുടെ വകഭേദങ്ങളും ഇന്ന് ലഭ്യമാണ്. കാർപ്മത്സ്യങ്ങൾ മാത്രമുണ്ടായിരുന്ന മത്സ്യക്കൃഷി മേഖലയിൽ ഇപ്പോൾ വിവിധ തരം തിലാപ്പിയകൾ, നട്ടറും പംഗേഷ്യസുംപോലുള്ള വിദേശയിനങ്ങൾ, കരിമീനും കാരിയും പോലുള്ള നാടൻ ഇനങ്ങൾ എന്നിവയൊക്കെ വ്യാപകമായുണ്ട്. 

സർവകലാശാലകളുടെ യോഗ വേഷണസ്ഥാപനങ്ങളു‌ടെയോ ഇടപെടൽ ഈ മേഖലകളിൽ പരിമിതമാണെന്നതാണ് കൗതുകകരമായ വസ്തുത. അതുകൊണ്ടുതന്നെ അംഗീകൃതമെന്നു പറയാവുന്ന ഒരു രീതിയും ഇത്തരം സംരംഭങ്ങളിലുണ്ടാവണമെന്നില്ല. ഓരോ സംരംഭകനും കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ സാങ്കേ തികവിദ്യകളിൽ സ്വീകാര്യമായത് നടപ്പാക്കുകയാണിവിടെ. അവർക്കിടയിൽ പ്രഫഷനൽ വൈദഗ്ധ്യമുള്ളവർ ചുരുക്കം. സമർഥരായ ടെക്നോക്രാറ്റുകളുടെ മേൽനോട്ടമുണ്ടാവേണ്ട രംഗത്ത് അതില്ലാതെ പോകുന്നതിന്റെ പ്രയാസങ്ങളും വേദനകളുമൊക്കെ ഇവിടെ കൂടുതലായുണ്ട്. നമ്മുടെ നാടിനു ചേർന്ന നൂതന അതിസാന്ദ്ര മത്സ്യോൽപാദനവും അതിനുതകുന്ന സാങ്കേതികവിദ്യയും ഇനിയുമേറെ ഉരുത്തിരിയേണ്ടിയിരിക്കുന്നു.

തീവ്രമത്സ്യക്കൃഷി രീതികളെല്ലാം പരീക്ഷിക്കുന്ന യുവസംരംഭകനാണ് കോട്ടയം പൊൻകുന്നത്തിനു സമീപം പത്താംമൈൽ ഉദയഗിരിയിലെ ‌ ഷിന്റോ. തുടക്കം അക്വാപോണിക്സിലായിരുന്നു. വിഷരഹിതപച്ചക്കറികളും മത്സ്യങ്ങളും സമൃദ്ധമായി ഉൽപാദിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. ഉയർന്ന സ്ഥലത്തുള്ള ഫാമിൽ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാണ്. അതുകൊണ്ടുതന്നെ ജലവിനിയോഗം കുറയ്ക്കുന്ന രീതികൾക്കായി പ്രാധാന്യം. വെള്ളം പലതരം അരിപ്പകളുടെ സഹായത്തോടെ ആവർത്തിച്ച് ശുദ്ധീകരിച്ചുപയോഗിക്കുന്ന ജല ചംക്രമണ മത്സ്യക്കൃഷി അഥവാ റാസായിരുന്നു അടുത്ത പരീക്ഷണം. റാസ് സംവിധാനത്തിൽ വെള്ളത്തിന്റെ നിലവാരം പ്രശ്നമായപ്പോഴാണ് പ്രോബയോട്ടിക് മിശ്രിതങ്ങൾ ചേർത്തുനോക്കിയത്. ബയോഫ്ലോക്കുകളുണ്ടാവാൻ (ഉപകാരികളായ സൂക്ഷ്മജീവികളുെട കോളനി) സാഹചര്യം സൃഷ്ടിക്കുന്ന ഈ രീതി ഫലപ്രദമാണെന്നാണ് ഷിന്റോയുടെ കണ്ടെത്തൽ.

shinto
ഷിന്റോ അക്വാപോണിക്സ് കുളത്തിനു സമീപം

അനർട്ടിനുവേണ്ടി ബയോഗ്യാസ് യൂണിറ്റുകളും മറ്റും നിർമിച്ചു നൽകുന്ന ‘നിള’ എന്ന സ്ഥാപനത്തിന്റെ കൂടി ഉടമയാണ് ഷിന്റോ. വിഷരഹിതമീനും പച്ചക്കറിയും നൽകുന്ന അക്വാപോണിക്സ് ഭാവിസാധ്യതയാണെന്ന തിരിച്ചറിവാണ് ഈ രംഗത്തേക്കുകൂടി ചുവട് വയ്ക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ അക്വാപോണിക്സ് കൃഷി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കിട്ടാനില്ലെന്നതായിരുന്നു പ്രധാന വെല്ലുവിളി. കിട്ടാവുന്നത്ര വിവരങ്ങൾ ഗൂഗിൾ തിരഞ്ഞുതന്നു. അവ വായിച്ചും വിഡിയോ കണ്ടുമായിരുന്നു ഷിന്റോയുടെ അക്വാപോണിക്സ് പഠനം.

തുടർന്ന് അക്വാപോണിക്സ് യൂണിറ്റ് സ്വയം രൂപകൽപന ചെയ്തു. ബയോഗ്യാസ് ടാങ്കുകളുടെ നിർമാണ രംഗത്തെ പരിചയസമ്പത്ത് ടാങ്കുകളും ഫിൽറ്റർ സംവിധാനങ്ങളുമൊക്കെ കൂട്ടിയിണക്കുന്നതിനു സഹായകമായി. ബെഡുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടർ ഓൺലൈൻ ഷോപ്പിങ്സൈറ്റിൽ നിന്നു വാങ്ങുകയായിരുന്നു. മണിക്കൂറിൽ 16,000 ലീറ്റർ വെള്ളം പമ്പു ചെയ്യുന്ന 140 വാട്സ് മോട്ടറിന് 6500 രൂപയേ വില വന്നുള്ളൂ. ആകെ 50,000 ലീറ്റർ വെള്ളം സംഭരിച്ച ടാങ്കിൽ 2400 മത്സ്യങ്ങളെ നിക്ഷേപിച്ചായിരുന്നു ആദ്യകൃഷി. അമോണിയയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ കൃഷി പൂർത്തിയാക്കി ആറു മാസം കഴിഞ്ഞു വിളവെടുത്തപ്പോൾ ആകെ 850 കിലോ മത്സ്യം കിട്ടി. കിലോയ്ക്ക് 250 രൂപ നിരക്കിൽ രണ്ടു ലക്ഷത്തിലധികം രൂപ മത്സ്യവിൽപനയിലൂടെ വരുമാനം. മത്സ്യങ്ങളെ ജീവനോടെ പിടിച്ചുനൽകുന്ന വിപണനരീതിയാണ് ഷിന്റോയുടേത്. കൃഷി കാണാൻ ഫാമിലെത്തിയ എല്ലാവർക്കും വിളവെടുപ്പിനു ക്ഷണക്കത്തയച്ചു. അവരിൽ ഭൂരിപക്ഷവും വിളവെടുപ്പ് കാണാൻ വന്നെന്നു മാത്രമല്ല ശരാശരി 1.5 കിലോ മീൻ വീതം വാങ്ങുകയും ചെയ്തു. 

ഗ്രോബെഡുകളിൽ വിവിധ തരം പച്ചക്കറികൾ ഷിന്റോ പരീക്ഷിച്ചു. എല്ലാം തന്നെ മികച്ച വിളവും നൽകി. എന്നാൽ രണ്ടു കാര്യങ്ങൾ ആദ്യകൃഷിയുടെ തുടക്കത്തിൽ ഷിന്റോ പഠിച്ചു– 1. വ്യത്യസ്തയിനങ്ങൾ ചെറിയ തോതിൽ ഉൽപാദിപ്പിക്കുന്നതിനെക്കാൾ ഒരേയിനം പച്ചക്കറി പരമാവധി ഉൽപാദിപ്പിക്കുന്നതാണ് വിപണനത്തിനു സൗകര്യം 2. മുടക്കുമുതലിന് ആനുപാതികമായ വരുമാനം കിട്ടണമെങ്കിൽ ഉയർന്ന വില കിട്ടുന്ന ഇനങ്ങൾ വളർത്തണം. മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ സെലറിയിലേക്ക് ചുവടുമാറിയത് അങ്ങനെയാണ്. കിലോയ്ക്ക് 200 രൂപ വിലയുള്ള സെലറിയുടെ 200 ചുവടാണ് ഇവിടുത്തെ എട്ട് ഗ്രോബെഡുകളിലുള്ളത്. ഒരു ചുവട്ടിൽനിന്ന് ശരാശരി ഒരു കിലോ വിളവ് കിട്ടുന്നുണ്ടെന്ന് ഷിന്റോ അവകാശപ്പെടുന്നു. വീണ്ടും മത്സ്യവിത്ത് നിക്ഷേപിച്ചത് മൂന്നുമാസം മുമ്പായിരുന്നു. ഇതിനകം മത്സ്യങ്ങൾക്ക് 200 ഗ്രാം വരെ വളർച്ച കിട്ടി.

ശരിയായ സാങ്കേതികവിദ്യ തേടുന്നവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ ഷിന്റോ ഇവിടെ പഠിതാക്കളായെത്തുന്നവർക്ക് താമസസൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയിരിക്കുകയാണ്. ഫോൺ: 9946209491

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA