sections
MORE

പാലുൽപന്നങ്ങൾ ഉണ്ടാക്കി, വിപണനം ചെയ്ത് ഡയറി സയൻസ് വിദ്യാർഥികൾ

trivandrum-gulab-jamoon-packing
സംരഭകപരിശീലനത്തിന്റെ ഭാഗമായി കോളജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ ഗുലാബ് ജാമുൺ പാക്ക് ചെയ്യുന്നു.
SHARE

തിരുവനന്തപുരം∙ വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള  കൈമനം ഡയറി സയൻസ് കോളജിലെ ലാബിൽ തയാറാകുന്നത് മേൽത്തരം പാലുൽപന്നമായ യോഗർട്ടാണ്. തൊട്ടപ്പുറത്ത് ലെസി, ഗുലാബ് ജാമുൺ, പേഡ, ഐസ് ക്രീം മുതൽ പനീർ ബർഗർ വരെ! ലാബ് തന്നെയാണോ എന്നു സംശയം വേണ്ട. പഠനത്തിനു ശേഷം 'പണി പഠിക്കാനുള്ള' സംരഭകപരിശീലനമാണ് ഒന്നരമാസമായി ഇവിടെ നടക്കുന്നത്. 

തിയറി മാത്രം പോര, പ്രാക്റ്റിക്കലായി തന്നെ കാര്യങ്ങൾ ചെയ്യണമെന്ന സന്ദേശവും ഇവർ പകർന്നു നൽകുന്നു. കൈമനത്തു കൂടി പോകുന്ന ആർക്കും ബിഎസ്എൻഎൽ റീജനൽ ടെലികോം ട്രെയിനിങ് സെന്ററിനു സമീപമുള്ള കോളജിനു മുന്നിലെ കൗണ്ടറിലെത്തി ഉൽപന്നങ്ങൾ വാങ്ങാം. നഗരത്തിലെ ചില സിനിമാ തിയറ്ററുകളിലും  ഉൽപന്നങ്ങൾ എത്തുന്നുണ്ട്.

കൊതിയൂറുന്ന ഇരുപതോളം പാലുൽപന്നങ്ങളാണ് അവസാന വർഷ ബിടെക്  വിദ്യാർഥികൾ  ഉണ്ടാക്കി വിപണനം ചെയ്യുന്നത്. ബിസിനസ് പ്രപ്പോസൽ മുതൽ മാർക്കറ്റിങ് വരെ വിദ്യാർഥികൾ തന്നെ ചെയ്യണം. തുടക്കമെന്ന നിലയിൽ സീഡ് ഫണ്ടായി 10,000 രൂപ കോളജ് നൽകും. ഇതുപയോഗിച്ച് വേണം ബിസിനസ് തുടങ്ങാൻ. ആദ്യം പ്രപ്പോസൽ സമർപ്പിക്കണം. അത് അംഗീകരിച്ചാൽ 10 ദിവസം ട്രയലായി ബിസിനസ് നടത്തി കുറവുകളും പോരായ്മകളും പരിഹരിക്കണം. എന്നിട്ട് നേരെ വിപണിയിലേക്ക്. 

കാലാവധി കഴിയുമ്പോൾ 10,000 രൂപയും ലാഭത്തിന്റെ 7 % വിഹിതവും തിരികെ നൽകണം. ബാക്കി പണം വിദ്യാർഥികൾക്ക് തുല്യമായി വീതിച്ചെടുക്കാം. നെല്ലിക്ക സംഭാരം, കട്‍ലെറ്റ്, സാൻവിച്ച്, മിൽക് പുഡിങ് എന്നിവയും വിപണിയിലിറക്കുന്നുണ്ട്. കോളജിലെ ആദ്യ ബിടെക് ബാച്ച് കൂടിയാണിവർ.

എന്താണ് യോഗർട്ട് ?

നെതർലൻഡ്സിൽ നിന്ന് കൊണ്ടുവന്ന കൾച്ചർ ഉപയോഗിച്ചാണ് യോഗർട്ട് തയാറാക്കുന്നതെന്ന് വിദ്യാർഥികളായ ജോയൽ ജോർജും അക്ഷയ് പി. കുമാറും പറഞ്ഞു. അധ്യാപകരായ രജീഷ് ആർ. നായർ, ആർ. എൽ. ബീന എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം. 

പാൽ പുളിച്ചുണ്ടാക്കുന്ന ഉൽപന്നമാണ് യോഗർട്ട്. പ്രൊബയോട്ടിക് ബാക്‌ടീരിയകളായ ലാക്‌ടിക് ആസിഡ് ബാക്‌ടീരിയകളുടെ പ്രവർത്തനംകൊണ്ടാണ് മേൽപ്പറഞ്ഞ പാലുൽപന്നങ്ങൾ എല്ലാംതന്നെ ഉണ്ടാക്കുന്നത്. 

അണുക്കൾ പുറപ്പെടുവിക്കുന്ന ലാക്‌ടസ് എന്ന എൻസൈം പാൽ, പഞ്ചസാരയായ ലാക്‌ടോസിൽ പ്രവർത്തിച്ചു ലാക്‌ടിക് ആസിഡ് ഉണ്ടാക്കുന്നു. ആസിഡ് കൂടുന്നതനുസരിച്ചു പാൽ കട്ടപിടിക്കുന്നു. ഉൽപന്നത്തിന് ആകർഷമായ രുചിയും മണവും വരുന്നതോടൊപ്പം ദൃഢതയും ലഭിക്കുന്നു. യോഗർട്ട് കഴിച്ചാൽ കുടലിലെ അൾസർ, ചിലതരം വയറ്റിളക്കം, ഭക്ഷ്യവിഷബാധ എന്നീ രോഗങ്ങൾക്കു ശമനം ലഭിക്കുമത്രെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA