ADVERTISEMENT

കാട് അതിരിടുന്ന കൃഷിയിടങ്ങളിൽ ജാതി മരങ്ങൾ പ്രകൃതിയുടെ വരദാനങ്ങളായ  കോടമഞ്ഞിലും ഇളം കാറ്റിലും ഇല വീശി തലയാട്ടി നിറയെ കായ്കളുമായി നിൽക്കുകയാണ്. ജാതി മരങ്ങളെ തഴുകി എത്തുന്ന കാറ്റിനു പോലും ഇവിടെ സുഗന്ധമുണ്ട്. ഇത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് എന്ന മലയോര ഗ്രാമം.  ജാതി ഗ്രാമം എന്ന പേരിന്  അർഹമായ വിധത്തിൽ ഈ ഗ്രാമത്തിലെ ജനങ്ങൾക്ക്  അതിജീവന മാർഗ്ഗമായത് ജാതികൃഷിയാണ്. 

 

പൂവാറൻതോടിന്റെ ഭൂമി ശാസ്ത്രം

 

പൂവാറൻതോട് ഓടപ്പൊയിൽ പ്രദേശത്തെ ജാതി കർഷകൻ ചാക്കോ കോഴനാതടത്തിൽ.

കോഴിക്കോടിന്റെ ഈ കിഴക്കൻ മലയോര പ്രദേശം പശ്ചിമഘട്ട മല നിരയുടെ ഭാഗമായ വെള്ളരിമലയോടു ചേർന്ന് കിടക്കുന്നു.  ഒരുഭാഗത്ത്  മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പന്തീരായിരം ഫോറസ്റ്റ് എന്ന് വിളിക്കുന്ന വന പ്രദേശമാണ്.കൂടരഞ്ഞി പഞ്ചായത്ത് മൂന്നാം വാർഡ് പൂർണമായും ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇത്. 

 

വിനോദ സഞ്ചാരത്തിന് ഏറെ  സാധ്യതയുള്ള പ്രദേശം. ഒരു വലിയ ആനയുടെ അത്രയും വലിപ്പമുള്ള പാറക്കല്ലുകളിൽ നിന്ന് ആരംഭിക്കുന്ന ആനക്കല്ലുംപാറ വെള്ളച്ചാട്ടം  പേരിനെ അന്വർഥമാക്കി ഉറച്ചിരിക്കുന്നു. മലകളാലും വനത്താലും ചുറ്റപ്പെട്ട പ്രദേശമാണ് പൂവാറൻതോട്. ഓരോ മലകൾക്കും ഓരോ പേരുണ്ട് മലയുടെ മുകളിൽ വരെ ക്യഷിയുള്ള കാടോത്തിക്കുന്നു പൂവാറൻതോട് അങ്ങാടിയിൽ നിന്നുള്ള പ്രധാന കാഴ്ചയാണ്.

പൂവാറൻതോട് മേടപ്പാറയിലെ ജാതി കർഷകൻ മനോജ് തകിടിയിൽ

 

മഴക്കാലത്ത് കോട മഞ്ഞ് മാറി വരുമ്പോൾ  സുന്ദര കാഴ്ച സമ്മാനിക്കുന്ന മേടപ്പാറ മറ്റൊരാകർഷണമാണു. തമ്പുരാൻ കൊല്ലിഒളിക്കൽ, ഓടപൊയിൽ, കല്ലം പുല്ല്, മണ്ണാർപൊയിൽ ചതുപ്പ്, ഉടുമ്പ്പാറ തുടങ്ങിയ  പേരുകളിൽ ഓരോ പ്രദേശങ്ങൾ അറിയപ്പെടുന്നു.

 

കൃഷിഗ്രാമം

 

അറുപത് വർഷത്തിലേറെയായി പൂവാറൻതോടിലേക്കു കർഷകർ കുടിയേറിയിട്ട്.  ആദ്യകാലത്ത്  നെല്ലും, തെരുവയും കൃഷി ചെയ്തു. തുടർന്ന് കുരുമുളക് കുറേകാലം കൃഷി ചെയ്തു.  ദ്രുത വാട്ടത്തിൽ അത് നശിച്ചതോടെ  റബർ പരീക്ഷിച്ചു. അത് വിജയം കണ്ടില്ല. പിന്നീട് കമുകും  തെങ്ങും കൃഷി ചെയ്തു. രണ്ടും കാലക്രമേണ മഞ്ഞളിപ്പ് മൂലം നശിച്ചു. ഇപ്പോൾ ഇരുപത്തിയഞ്ചു വർഷത്തിലേറെയായി  വരുമാനം ലഭിക്കുന്ന വിളയായി ജാതി കൃഷി ചെയ്യാൻ തുടങ്ങിയിട്ട്.

 

ജാതിയുടെ തുടക്കം

 

തെങ്ങും കമുകും കുരുമുളകും  രോഗ –കീട ബാധയാൽ നശിച്ചപ്പോഴാണു അവയ്ക്കിടയിലേക്കു ജാതിയുടെ കടന്നു വരവ്. ആദ്യം കൊണ്ടുവന്ന  ഒന്നോ രണ്ടോ ജാതി തൈകൾ നട്ട് പരീക്ഷിച്ചു. ഇവിടെ വേരു പാകി വളർന്നത് പുതിയ കാർഷിക ജീവിതമായിരുന്നു. കൃഷിയിടത്തിലെ ജാതി മരങ്ങൾ നല്ല വിളവ് തരുന്നത് ശ്രദ്ധയിൽപെട്ട ചില കർഷകർ തോട്ടമായി ക്യഷി ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഈ തുടക്കം നാട്ടിലാകെ പടർന്നു പിടിച്ചു. ഒരു വർഷം പ്രായമായ ജാതി തൈകൾ മുതൽ നാൽപതിലേറെ വർഷം പ്രായമുളള ജാതിമരങ്ങൾ വരെ ഇവിടെയുണ്ട്.

 

വിളവും പ്രതിസന്ധിയും

 

ജാതി കൃഷിയ്ക്ക് വടക്കൻ കേരളത്തിൽ അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള പ്രദേശമാണ് പൂവാറൻതോട്. ഈ ഗ്രാമത്തിന്റെ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ കായ്ഭാരത്താൽ ശിഖരങ്ങൾ കാറ്റിൽ ഇളകിയാടുന്ന ജാതി മരങ്ങൾ ഇരുവശവും മനോഹരമായ കാഴ്ചയാണ്. പത്ത് കൊല്ലം കൊണ്ടാണ് ജാതി നല്ല ആദായം നേടിത്തരുന്ന വിളയായിതീരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1500 – 3000 അടിയിൽ സ്ഥിതി ചെയ്യുന്നു പൂവാറൻതോടിലെ മിക്ക പ്രദേശങ്ങളും.

 

ഇവിടുത്തെ കാലാവസ്ഥയാണ് ജാതിക്ക് ഗുണകരമായതെന്ന് കർഷകനായ ഇളംതുരുത്തിയിൽ അലിക്കുഞ്ഞി പറയുന്നു. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ വിളവാണ് ഇവിടുത്തെ ജാതി മരങ്ങൾ തരുന്നത്. ജാതിയുടെ മുകൾ ഭാഗത്ത് കായ്കൾ കൂടുതൽ ഉളളതിനാൽ കാറ്റു പിടിച്ച് തല ഭാഗം ഒടിയുന്നത് ഇവിടെ പതിവാണ്. ഒടിഞ്ഞു കഴിഞ്ഞാൽ മരം പടർന്നു വളരും. അലിക്കുഞ്ഞി കൂട്ടിച്ചേർക്കുന്നു.

 

ഓടപ്പൊയിൽ പ്രദേശത്തെ കർഷകനായ ചാക്കോ കോഴാനതടത്തിൽ പറയുന്നത് പൂവാറൻതോട്ടിലെ  ജാതി ഒന്നാംതരം ആണെന്നാണ്. പൊട്ടിക്കീറി വീണ ജാതിക്കായ്കളെല്ലാം ഫസ്റ്റ് ക്വാളിറ്റിയാണെന്നു വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. മണ്ണാർപൊയിൽ പ്രദേശത്താണ് ആദ്യമായി ജാതി തോട്ടമായി വച്ച് പിടിപ്പിച്ചത്.   ഈ ഗ്രാമത്തിന്റെ മനസ്സ് പോലെയാണ് ഇവിടെയുളള കർഷകരും. എല്ലാവരും കാർഷിക  വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്നവർ. 

 

ഈ നാടിന്റെ ജീവ നാഡി ജാതി കൃഷിയാണ്.പൂവാറൻ തോട്ടിലെ ആദ്യ കുടിയേറ്റ കർഷകരിലൊരാളായ നെടുംകൊമ്പിൽ ജോർജിന്റെ അഭിപ്രായത്തിൽ  ‘കാലവസ്ഥ ഒത്തു കിട്ടി വളവുമിട്ടാൽ ജാതി നല്ല ഫലം തരും'. അങ്ങനെയുള്ള നല്ല കാലവസ്ഥയാണു ജാതികൃഷിയുടെ കേന്ദ്രമായി ഈ നാടിനെ മാറ്റിയത്’.  

 

പ്രളയവും കാലാവസ്ഥക്കെടുതിയും കഴിഞ്ഞ വർഷം ജാതി കർഷകർക്ക് ദുരിതമാണു സമ്മാനിച്ചത്. കായ്കളെല്ലാം പൊഴിഞ്ഞു വീണു ധാരാളം മരങ്ങൾ ഇല പൊഴിഞ്ഞു ഉണങ്ങിപോയി. എന്നാൽ ഈ വർഷം കെടുതിയെ അതിജീവിക്കുന്ന വിളവാണ്. ജാതി കൃഷിക്ക് കാറ്റ് വില്ലനാണ്.  മിക്ക ജാതി മരത്തിന്റെയും തലഭാഗം കാറ്റ് ഒടിച്ചു കളയുന്നു. ഇന്ന് തെങ്ങിന് പകരം  കർഷകർ കാണുന്നത് ജാതിയാണ്. ഗ്രാമ്പൂ, കൊക്കോ, കാപ്പി, കുരുമുളക്, കുടം പുളി, ഏലം, വാഴ തുടങ്ങിയവയാണ് ഇവിടെയുളള മറ്റ്  കൃഷികൾ. 

 

അനുകൂല കാലവസ്ഥ ആയതിനാൽ ഇവിടെ ജാതി മരങ്ങളിൽ ഏത് സമയങ്ങളിലും കായ്കൾ കാണാം. പ്രധാന വിളവെടുപ്പ് സീസൺ ജൂൺ– ജൂലൈയ് മാസങ്ങളാണ്. ബാക്കി മാസങ്ങളിളും വിളവ് ലഭിക്കും വേനൽ കാലമാകുമ്പോഴേക്കും കായ്കൾ കഴിയും. ഇത് തന്നെയാണ് പൂവാറൻതോടിലെ ജാതി കൃഷി മറ്റിടങ്ങളിൽ നിന്നും വ്യത്യാസപെടാൻ ഒരു കാരണം.

 

മഴക്കാലത്ത് ജാതികായ്കളും പത്രികളും ഉണക്കുന്നതിനു മൺ കട്ട കൊണ്ടുണ്ടാക്കിയ ഉണക്ക് പുരകൾ ഓരോ വീടിന് സമീപത്തും കാണാം ചില കർഷകർ ഡ്രയറുകൾ വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. മണ്ണിൽ വേരു പാകി വളർന്ന ജാതിയാണു ഇപ്പോൾ ഈ നാടിന്റെ നിലനിൽപിന്റെ  അടിസ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com