sections
MORE

കൃഷി വിജയത്തിന്റെ അച്ചൂസ് ഫാം

malappuram-ashwanth
അശ്വന്ത്.
SHARE

വണ്ടൂർ ∙ ചാണകം കയ്യിൽ പറ്റിയാൽ കുറച്ചിലായെന്നു കരുതുന്ന ന്യൂജന്മാർ ചെറുകോട് രവിമംഗലത്തെ വാളമുണ്ട വെളുത്തേടത്ത് അശ്വന്ത് എന്ന അച്ചുവിന്റെ (21) ഫാമിലേക്കു വരണം.അശ്വന്തിന്റെ ഫാമിൽ കറവപ്പശുക്കളും പോത്തുകളും വരിവരിയായി നിൽക്കുന്നു. പന്നി, ആട്, കോഴി, പ്രാവ്, മീൻ എന്നിവയെല്ലാം ഇവിടെയുണ്ട്. 80 സെന്റിൽ നിറയെ വിവിധ കൂടുകളും ആലകളും. വളപ്പിൽ തന്നെയുള്ള കുളത്തിൽ മീൻകൃഷിയുമുണ്ട്. കൃഷിയിടം നിറയെ വിവിധ വിളകളും.

നിലമ്പൂർ കോഓപ്പറേറ്റീവ് കോളജിൽ മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയായ അശ്വന്ത് വിമർശിച്ചവർക്കു മറുപടി കൊടുക്കുന്നതു വിജയം കൊണ്ടാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നായയെ വളർത്തിത്തുടങ്ങി. ഒട്ടു മിക്ക ഇനങ്ങളെയും വളർത്തി. പത്തിൽ എത്തിയപ്പോൾ പോരൂർ പഞ്ചായത്തിലെ മികച്ച വിദ്യാർഥി–യുവ കർഷകനായി. പ്ലസ് ടുവിനു പഠിക്കുമ്പോഴും കൃഷിയും മൃഗപരിപാലനവും തുടർന്നു.

കൂലിപ്പണിക്കാരനായ അച്ഛൻ ഉണ്ണിക്കൃഷ്ണനും അമ്മ ഷൈലജയും ആദ്യമൊക്കെ എതിരു നിന്നെങ്കിലും ഇപ്പോൾ ‘കട്ട’ സപ്പോർട്ട് ആണെന്ന് അശ്വന്ത്. മുത്തശി ദേവകിയും പിതൃസഹോദരി അനിതയും കൂട്ടിനുണ്ട്.പണിക്കാരെ വയ്ക്കാതെ സ്വന്തം നിലയിലാണ് അധ്വാനം. പശുക്കളെ കറക്കുന്നതും പുല്ലരിയുന്നതും പോത്തുകളെയും ആടുകളെയും മേയ്ക്കാൻ കൊണ്ടുപോകുന്നതും പന്നിക്കൂടു കഴുകുന്നതും അടക്കം പുലർച്ചെ 4ന് എഴുന്നേറ്റ് രാത്രി 10വരെ അച്ചുവിന്റെ പണി നീളുമെന്നു മുത്തശ്ശി ദേവകി പറയുന്നു. അതിനിടയിലാണു പഠനവും.

ബന്ധുക്കളിൽ ഉദ്യോഗസ്ഥരുണ്ട്. ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഞാനും പിഎസ്‌സി എഴുതുന്നുണ്ടെന്നും എല്ലാവരും ഉദ്യോഗസ്ഥരായാൽ ഇങ്ങനെ ചില പണികൾ ചെയ്യാൻ ആളുണ്ടാവില്ലല്ലോ എന്നും അശ്വന്ത് പറയും. കരുവാരകുണ്ട് പോയപ്പോൾ റോഡിൽ മുറിവേറ്റു കിടന്ന നായ്ക്കുട്ടിയെ എടുത്തുകൊണ്ടു വന്നു പരിചരിച്ചു വളർത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ അവർക്കും ആരെങ്കിലും വേണ്ടേ എന്നാണ് ഉത്തരം. ലാഭം മാത്രം നോക്കി കൃഷിക്കിറങ്ങരുതെന്നും സമ്മിശ്ര രീതിയിലൂടെ മെച്ചം ഉണ്ടാക്കാമെന്നും ആണ് അശ്വന്തിന്റെ അനുഭവപാഠം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA