ADVERTISEMENT

മഞ്ഞൾ വിളവു കൂടിയാൽ എന്തു ചെയ്യും? അതിനുത്തരമാണ് മാവേലിക്കരയിലെ ശുദ്ധി കറിപൗഡർ യൂണിറ്റ്. വീടുകളിൽ കൃഷിയുമായി കഴിഞ്ഞിരുന്ന 5 വനിതകൾ ഹരിതഗ്രാമം പദ്ധതിയിൽ തുടങ്ങിയ മഞ്ഞൾക്കൃഷിയാണു യൂണിറ്റിലേക്കു നയിച്ചത്. 13 ഏക്കറിലായിരുന്നു കൃഷി. വിളവു കൂടിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിക്കാമെന്ന ആശയം ഉയരുന്നത് അങ്ങനെയാണ്. ബിനി വിശ്വംഭരൻ, ഉദയകുമാരി, വിജയമ്മ, സുധർമ, അനിത എന്നിവരാണു മുന്നിട്ടിറങ്ങിയത്.

 

2013ൽ ആണു തുടക്കം. പൊടിച്ച മഞ്ഞൾ വാങ്ങാൻ ആളുകൾ എത്തിയതോടെ പുറത്തുനിന്നുള്ള മഞ്ഞൾ കൂടി ഏറ്റെടുത്തു പൊടിച്ചു കൈമാറി തുടങ്ങി. ഇതിനായി സിപിസിആർഐയുടെയും കാർഷികവികസനകേന്ദ്രത്തിന്റെയും പരിശീലനവും നേടി. 7 കിലോ മഞ്ഞൾ പുഴുങ്ങി ഉണക്കിയാലാണ് ഒരുകിലോ മഞ്ഞൾപ്പൊടി ലഭിക്കുക. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് ഈടാക്കുന്നത്. വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. പിന്നീടു സംഘത്തിലൊരാളുടെ സ്ഥലത്തു കെട്ടിടം പണയത്തിനെടുത്തു.

 

6 ലക്ഷം രൂപ വായ്പയെടുത്തു പൊടിക്കാനും മറ്റുമുള്ള ഉപകരണങ്ങൾ വാങ്ങി. ശുദ്ധി എന്ന പേരിൽ റജിസ്റ്റർ ചെയ്തു വിപണനം തുടങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അടക്കം മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണവും പായ്ക്കിങ്ങും.  ആളുകൾ തേടിയെത്തിത്തുടങ്ങിയതോടെ ഉൽപാദനം കൂട്ടി. വരുമാനവും കൂടി. വായ്പ മുക്കാലും അധികം വൈകാതെ തന്നെ അടച്ചു തീർത്തു. ആളുകൾ ആവശ്യപ്പെട്ടു വന്നതോടെ മല്ലിയും മുളകും വിവിധ മസാലപ്പൊടികളും കൂടി നിർമിച്ചു തുടങ്ങി. കടകൾക്കു പുറമേ കുടുംബ ശ്രീയുടെയും മറ്റും സ്റ്റാളുകളിലൂടെയും വിൽക്കുന്നുണ്ട്. 

 

സംഘാംഗങ്ങൾക്കു മാസം കുറഞ്ഞത് 5,000 രൂപ വരുമാനം ഉറപ്പാക്കാനാവുന്നുണ്ട്. മഞ്ഞൾ പൊടിച്ചു നൽകുന്നതിലൂടെയുള്ള വരുമാനം ഇതിനു പുറമെയാണ്. ഓണാട്ടുകര സ്പൈസ് പ്രൊഡ്യൂസേഴ്സിനു വേണ്ടി മഞ്ഞൾപ്പൊടി നിർമിച്ചു നൽകുന്നുണ്ട്.  കൃഷി വകുപ്പിനും മറ്റുമായി വിവിധ പഞ്ചായത്തുകളിലേക്കടക്കം വിതരണം ചെയ്യാനുള്ള മഞ്ഞൾ, ഇഞ്ചി വിത്തുകൾ പായ്ക്ക് ചെയ്തു നൽകുന്ന പദ്ധതിയും ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിനു പ്രതിദിനം 400 രൂപയാണു വേതനം. 20 ടണ്ണോളം വിത്താണ് ഇങ്ങനെ കൈമാറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com