ADVERTISEMENT

അക്വാകൾചർ സംരംഭങ്ങളിലെ വിളവ് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്– വെള്ളത്തിന്റെ നിലവാരം, പരിസരം, പോഷണം. ഇവയോരോന്നും യോജ്യമായ നിലവാരത്തിൽ നിലനിർത്തുന്ന സംരംഭങ്ങൾക്കു മികച്ച ഉൽപാദനം നേടാനാവും. ഇവയിൽ ആദ്യത്തെ രണ്ടു ഘടകങ്ങളും സംരംഭകർ സ്വയം ക്രമീകരിക്കേണ്ടതാണ്. തീറ്റപരിവർത്തനശേഷിയും ആരോഗ്യനിലവാരവും വർധിപ്പിക്കുന്ന തീറ്റ വിപണിയിൽ കിട്ടും. എന്നാൽ വളർത്തുമത്സ്യങ്ങളുെട പരിസരം യോജ്യമായി നിലവാരത്തിൽ നിലനിറുത്തുന്നതിന് സാങ്കേതികസംവിധാനങ്ങൾ ആവശ്യമാണ്. ഇത്തരം സംവിധാനങ്ങളാണ് വിവിധ അക്വാകൾ‌ചർ രീതികൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. വളർത്തുകുളങ്ങളിലെ ജലനിലവാര ക്രമീകരണങ്ങളുടെ അടിസ്ഥാന ധർമം മനസ്സിലാക്കിയാൽ വിവിധ വളർത്തുരീതികൾ മനസ്സിലാക്കുക എളുപ്പമാവും.

 

പശു, കോഴി, പന്നി തുടങ്ങിയവയെ വളർത്തുന്നവർ എല്ലാ ദിവസവും അവയുടെ വിസർജ്യവസ്തുക്കൾ കൃത്യസമയത്ത് കൂട്ടിൽനിന്നു മാറ്റുന്നതിന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ അക്വാകൾചറിൽ ഇത് സാധിക്കാറില്ല. മത്സ്യങ്ങൾ അവ ജീവിക്കുന്ന സാഹചര്യങ്ങളിൽ തന്നെയാണ് വിസർജിക്കുന്നത്. മത്സ്യങ്ങളെ നിരീക്ഷിക്കാനോ വിസർജ്യവസ്തുക്കൾ നിറഞ്ഞ സാഹചര്യം അവയ്ക്കുണ്ടാക്കുന്ന അസ്വസ്ഥത മനസ്സിലാക്കാനോ കൃഷിക്കാർക്ക് കഴിയണമെന്നില്ല. വിസർജ്യവസ്തുക്കളുണ്ടാക്കുന്ന പ്രതികൂല സാഹചര്യം മത്സ്യക്കൃഷിയിലെ ഉൽപാദനക്ഷമത ഗണ്യമായി കുറയ്ക്കാറുണ്ട്. മെച്ചപ്പെട്ട ഉൽപാദനം കിട്ടണമെങ്കിൽ ഈ പരിമിതി മറികടക്കുകയേ മാർഗമുള്ളൂ. 

 

കരയിലെ ജീവികളിൽനിന്നു വ്യത്യസ്തമായി മത്സ്യങ്ങളുടെ കുടൽ തീരെ ചെറുതാണ്. തന്മൂലം അവയുെട ദഹനശേഷിയും തീരെ കുറവായിരിക്കും. തീറ്റയുെട 35 – 40 ശതമാനത്തോളം ദഹിക്കാെത വിസർജിക്കപ്പെടുകയാണ്. മാംസ്യത്തിന്റെ അളവ് കൂടുതലുള്ള മത്സ്യത്തീറ്റ വിസർജിക്കപ്പെടുമ്പോൾ അതിൽനിന്നു പുറത്തു വരുന്ന അമോണിയയും നൈട്രജനുമാണ് കുളത്തിലെ ജലം മലിനമാക്കുന്നത്. വളരുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിലൂടെ മത്സ്യങ്ങളുടെ വളർച്ചനിരക്ക് മെച്ചപ്പെടുത്തുന്നതിനൊപ്പം രോഗസാധ്യതകളും നിയന്ത്രിക്കാനാവും. ശുദ്ധമായ വെള്ളവും ചുറ്റുപാടുകളും ജലക്കൃഷിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

 

കുളങ്ങളിലും ടാങ്കുകളിലും മീൻ വളർത്തുന്നതിനുള്ള വിവിധ ജലക്കൃഷി സംവിധാനങ്ങൾ ഇപ്പോഴുണ്ട്– ഫ്ലോത്രൂ സിസ്റ്റം, കേജ് സിസ്റ്റം, ബയോഫ്ലോക് സംവിധാനം, റീസർക്കുലേറ്ററി അക്വാകൾചർ, അക്വാപോണിക്സ് എന്നിങ്ങനെ‌. സാധാരണ കുളങ്ങളിൽ മത്സ്യങ്ങളുെട അളവ് താരതമ്യേന കുറവായിരിക്കും. പായലുകൾ, ബാക്ടീരിയ എന്നിവ വഴിയുള്ള സ്വാഭാവിക ജൈവവിഘടനത്തിലൂടെ തന്നെ അതിനുള്ളിലെ വെള്ളം ശുദ്ധിയായിക്കൊള്ളും. ജലം കയറിയിറങ്ങുന്ന മത്സ്യക്കൂടുകളിലെ മത്സ്യവിസർജ്യങ്ങളും മറ്റും ഒഴുക്കിനൊപ്പം നീക്കം ചെയ്യപ്പെടുന്നതിനാൽ മീൻ വളരുന്ന സാഹചര്യങ്ങൾ വൃത്തിയായിരിക്കും. 

feeding
തീവ്രകൃഷിരീതികളിൽ മത്സ്യങ്ങൾക്ക് പൂര്‍ണമായും കൃത്രിമ തീറ്റതന്നെ നൽകണം

 

ബയോഫ്ലോക് സംവിധാനത്തിലാകട്ടെ വിസർജ്യങ്ങളും ഉപാപചയ അവശിഷ്ടങ്ങളും സൂക്ഷ്മജീവികൾ ദഹിപ്പിക്കുകയും അവയെ മൈക്രോ ബിയൽ പ്രോട്ടീൻ അഥവാ ഏകകോശ മാംസ്യമാക്കി (ബാക്ടീരിയൽ ഫ്ലോക്) മാറ്റുകയും ചെയ്യുന്നു. രണ്ടായിരത്തോളം ഇനത്തിൽ പെട്ട സൂക്ഷ്മജീവികൾ ചേർന്നു നടത്തുന്ന പ്രവർത്തനമാണിത്. എന്നാൽ ആവർത്തിത അരിച്ചിറ്റിക്കൽ സംവിധാനത്തിൽ ( റീസർക്കുലേറ്ററി അക്വാകൾചർ) ഖലമാലിന്യ അരിപ്പ(മെക്കാനിക്കൽ ഫിൽറ്റർ), ജൈവ അരിപ്പ(ബയോഫിൽറ്റർ), ഡിഗ്യാസർ (മലിനവാതകങ്ങൾ നീക്കം ചെയ്യുന്ന സംവിധാനം), അൾട്രാവയലറ്റ് ഇറാഡിക്കേറ്റർ , ഓക്സിജനറേറ്റർ എന്നിവയിലൂടെ തുടർച്ചയായി കടത്തിവിട്ട് വെള്ളം ശുദ്ധീകരിച്ചുപയോഗിക്കുന്നു. ഖരമാലിന്യങ്ങൾ ചെടികളുെട പോഷകാഗിരണത്തിലൂെടയും ശുദ്ധീകരിക്കപ്പെട്ട വെള്ളമാണ് അക്വാപോണിക്സിൽ ഉപയോഗിക്കുക. മറ്റ് വ്യവസായ സംരംഭങ്ങളിൽനിന്നു വ്യത്യസ്തമായ സംരംഭകന്റെ വ്യക്തിപരമായ മേൽനോട്ടവും ശ്രദ്ധയും വേണ്ട മേഖലയാണ് മത്സ്യക്കൃഷി. അക്വാകൾചർ പദ്ധതിക്കു തുടക്കമിടുന്നതിനു മുമ്പു തന്നെ ഏതിനം മത്സ്യം, എത്ര കിലോ വീതമാണ് ഉൽപാദിപ്പിക്കാനുദ്ദേശിക്കുന്നതെന്നു തീരുമാനിക്കുക. വർഷം മുഴുവൻ വെള്ളം കിട്ടാനുള്ള സാധ്യത, വൈദ്യുതിബ ന്ധം, നിലവാരമുള്ള മത്സ്യവിത്തിന്റെ ലഭ്യത, തീറ്റ, മുതൽമുടക്ക്, മികച്ച സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കണം. തുടർന്ന് സാഹചര്യങ്ങൾക്കുയോജ്യമായ ഉൽപാദനരീതി നിശ്ചയിക്കുക. വിദഗ്ധസഹായം തേടുന്നുണ്ടെങ്കിൽ നിശ്ചിത ഫിഷറീസ് യോഗ്യതയുള്ളവരും മത്സ്യക്കൃഷി മേഖലയിൽ സംരംഭകനായോ മാനേജരായോ പ്രവർത്തനപരിചയമുള്ളവരുമായ വ്യക്തികളെ കണ്ടെത്തണം. സ്വന്തം ഉത്തരവാദിത്തത്തിൽ സാമാന്യം ഭേദപ്പെട്ട തോതിൽ മീൻ ഉൽപാദിപ്പിച്ചിട്ടുള്ളവരിൽനിന്നു മാത്രം ഉപദേശം സ്വീകരിക്കുക.

 

നിലവാരമുള്ള മത്സ്യവിത്ത് മാത്രം വാങ്ങുക. തീവ്ര മത്സ്യക്കൃഷി സംരംഭങ്ങളിൽ 10 സെ.മീ. എങ്കിലും വലുപ്പമുള്ള മത്സ്യവിത്താണ് ഏറ്റവും യോജ്യം. അഞ്ചു സെ.മീയിൽ താഴെ വലുപ്പമുള്ള മത്സ്യവിത്ത് ഒരിക്കലും ടാങ്കിലിടരുത്. വലിയ മത്സ്യക്കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തവർ, കിട്ടിയ മത്സ്യവിത്ത് നഴ്സറിക്കുളങ്ങളിൽ ഒരു മാസത്തോളം വളർത്തുക. നിശ്ചിത വളർച്ചയെത്തിയ ശേഷം മാത്രം അവയെ വളർത്തുകുളങ്ങളിലേക്ക് മാറ്റുക. മത്സ്യവിത്ത് വാങ്ങുന്നതിനു മുമ്പ് ഹാച്ചറി സന്ദർശിച്ച് നിലവാരമുള്ള വിത്താണെന്ന് ഉറപ്പാക്കുക. കേരളത്തിലെ വെള്ളത്തിന്റെ നിലവാരമല്ല മറ്റ് സംസ്ഥാനങ്ങളിലുള്ളത്. നമ്മുടേത് നല്ല നിലവാരമുള്ള ജലമാണ്. എന്നാൽ ആന്ധ്രയിലും ബംഗാളിലുമൊക്കെ കഠിനജലമാണ് കൂടുതലുള്ളത്. 

 

സ്വാഭാവിക സാഹചര്യങ്ങളിൽ നിന്നു മാറ്റപ്പെടുമ്പോൾ ജലജീവികൾക്ക് സമ്മർദമുണ്ടാവുകയും (സ്ട്രെസ്) അതുവഴി രോഗസാധ്യതയും മരണ നിരക്കും വർധിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ നാട്ടിലെ ഹാച്ചറികളിൽനിന്നുതന്നെ പരമാവധി മത്സ്യവിത്ത് വാങ്ങുക. പുറമെനിന്നുള്ള വിത്ത് വാങ്ങേണ്ടിവന്നാൽ രോഗവിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്ത ശേഷം മാത്രം മത്സ്യക്കുളത്തിൽ നിക്ഷേപിക്കുക. ശരാശരി 500 ഗ്രാമുള്ള മത്സ്യത്തെയാണ് വിളവെടുക്കാനുദ്ദേശിക്കുന്നതെങ്കിൽ ഒരു കിലോയ്ക്ക് പത്തു സെ.മീ.നീളമുള്ള മൂന്നു മത്സ്യം വീതം നിക്ഷേപിക്കേണ്ടിവരും. മരണനിരക്കും വളർച്ചക്കുറവും പരിഗണിച്ചാണിത്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഉൽപാദനലക്ഷ്യം കൈവരിക്കാൻ എത്ര മത്സ്യം വേണമെന്നു തീരുമാനിക്കാം.

 

വലിയ ജലാശയങ്ങളിലെ വിപുലമായ മത്സ്യക്കൃഷിക്ക് കട്ള, രോഹു, മൃഗാൽ, ഗ്രാസ് കാർപ് പോലുള്ള ഇനങ്ങൾ മതിയാവും. എന്നാൽ തീവ്ര കൃഷിരീതികൾക്ക് തിലാപ്പിയയും പംഗേഷ്യസുമൊക്കെയാണ് (ആസാം വാള) യോജിച്ചത്. പംഗേഷ്യസിനു വില കുറവാണ്. നട്ടർ അഥവാ റെഡ് ബെല്ലി തീവ്ര കൃഷിരീതികൾക്ക് യോജ്യമാണെങ്കിലും അവ മറ്റ് മത്സ്യങ്ങളെ ആക്രമിക്കുകയും കുളത്തിന്റെ പ്ലാസ്റ്റിക് ലൈനിങ്, എയറേറ്ററുകളുടെയും പമ്പുകളുടെയും കേബിളുകൾ എന്നിവ മുറിച്ചു നശിപ്പിക്കുകയും ചെയ്യും. തിങ്ങിവളരുന്ന മറ്റൊരു മത്സ്യം അനാബസാണ്. എന്നാൽ ഇവ വളർത്തുകുളങ്ങളിൽനിന്ന് ചാടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കേരളത്തിലെ വിപണികളിൽ ഇതിനു സ്വീകാര്യതയും തീരെ കുറവ്.

 

തീറ്റ കണ്ടെത്തുമ്പോൾ

 

മത്സ്യക്കൃഷിയിലെ ആകെ ചെലവിന്റെ 50–60 ശതമാനവും തീറ്റയ്ക്കും അനുബന്ധസംവിധാനങ്ങൾക്കുമാണ്. കരയിലെ വളർത്തുമൃഗങ്ങൾക്കാവശ്യമായ ഊർജം ലഭിക്കുന്നത് അന്നജത്തിൽനിന്നാണ്. എന്നാൽ ജലജീവികൾ മാംസ്യത്തിൽനിന്നാണ് ഊർജം കണ്ടെത്തുന്നത്. തന്മൂലം അവയ്ക്ക് മാംസ്യസമ്പുഷ്ടമായ ആഹാരം, വിശേഷിച്ച് ജന്തുമാംസ്യമുള്ളത് ധാരാളമായി നൽകണം. തീവ്രകൃഷിരീതികളിൽ മത്സ്യങ്ങൾക്ക് പൂർണമായും കൃത്രിമ തീറ്റതന്നെ നൽകണം. അതുകൊണ്ടുതന്നെ ഇത്തരം തീറ്റകളിൽ മാംസ്യത്തിനു പുറമെ കൊഴുപ്പ്, ജീവകങ്ങൾ, ധാതുക്കൾ, സൂക്ഷ്മ മൂലകങ്ങൾ, പ്രോബയോട്ടിക്സ് എന്നിവയെല്ലാമുണ്ടായിരിക്കണം. അമ്പതുഗ്രാം തൂക്കമെത്തുന്നതുവരെ മിക്കയിനം മത്സ്യങ്ങൾക്കും 35–45 ശതമാനം മാംസ്യമുള്ള തീറ്റ ലഭിക്കണം. തുടർന്ന് 28–35 ശതമാനം മാംസ്യമുള്ള തീറ്റയും. തീറ്റയുടെ സ്വീകാര്യത, ദഹനക്ഷമത, ആകർഷണീയത എന്നിവയും പ്രധാനം തന്നെ. തീറ്റയെടുക്കലും ദഹനവുമൊക്കെ പ്രാണവായുവിന്റെ ലഭ്യതയുൾപ്പെടെയുള്ള ജലനിലവാരമാനദണ്ഡങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രാണവായുവിന്റെ ലഭ്യത കുറഞ്ഞിരിക്കുമ്പോൾ തീറ്റ നൽകരുത്. പത്തുദിവസത്തിലൊരിക്കൽ മത്സ്യത്തിന്റെ തൂക്കമെടുത്ത് തീറ്റയുടെ അളവിൽ മാറ്റം വരുത്തണം. 

 

നല്ല വില

 

നല്ല വില നേടാൻ പല കർഷകർക്കും സാധിക്കാതെ വരുന്നത് വിപണനത്തിലെ പരാജയം മൂലമാണ്. മാംസത്തിൽനിന്നു വിഭിന്നമായി മത്സ്യം ചത്ത് നാലു മണിക്കൂറിനുള്ളിൽ പാചകം ചെയ്യുമ്പോഴാണ് അതിന് ഏറ്റവും രുചിയും പോഷകമൂല്യവുമുണ്ടാവുക. മത്സ്യത്തെ ജീവനോടെ പിടിച്ചുകൊടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഏതെങ്കിലും രാസ സംരക്ഷകങ്ങളുടെയോ ഫോർമലിൻ പോലുള്ള വിഷവസ്തുക്കളുെടയോ സാന്നിധ്യം ഭയക്കേണ്ടതില്ല. ലേലച്ചന്തകളിൽ പോലും വിലയുടെ 30 ശതമാനത്തോളം വിപണനച്ചെലവ് വേണ്ടിവരും.

 

ജീവനോടെ മത്സ്യങ്ങളെ വിപണനം ചെയ്യുന്നതിനും ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള അടിസ്ഥാന സൗകര്യം നമ്മുടെ രാജ്യത്ത് വ്യാപകമായിട്ടില്ല. എന്നാൽ ഇത് സൃഷ്ടിക്കാവുന്നതേയുള്ളൂ. ഇതിനായി 12 ചതുരശ്രമീറ്റർ ശേഷിയുള്ള രണ്ട് വിപണന ടാങ്കുകൾ വായുപ്രവാഹം നൽകുന്നതിനും വെള്ളം പുറത്തേക്കൊഴുക്കി വറ്റിക്കുന്നതിനും പുതുവെള്ളം നിറയ്ക്കുന്നതിനുമൊക്കെയുള്ള സംവിധാനത്തോടുകൂടി ഫാമിന്റെ പടിക്കൽ സജ്ജമാക്കണം. ഇവയിൽ ഓരോന്നിലും 250 കിലോ മത്സ്യം ജീവനോടെ രണ്ടുദിവസം സൂക്ഷിക്കാൻ സാധിക്കും. ഫാമിലെത്തുന്നവർക്ക് ടാങ്കിൽനിന്ന് ജീവനോടെ മത്സ്യങ്ങളെ പിടിച്ചുനൽകുകയേ വേണ്ടൂ. ആവശ്യക്കാർക്ക് മത്സ്യം വൃത്തിയാക്കി നുറുക്കി നൽകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തണം. കുളത്തിൽ നിന്നു ജീവനോടെ മത്സ്യം പിടിക്കുന്നതും അവയ്ക്ക് തീറ്റ നൽകുന്നതുമൊക്കെ സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ഏറെ ആകർഷകമായ അനുഭവമാണ്. ഫാമിലേക്ക് ആളുകളെ ആകർഷിക്കാൻ ഇത്തരം സാധ്യതകളും പ്രയോജനപ്പെടുത്തണം.

 

പതിവായി രാവിലെയും വൈകുന്നേരവും നിശ്ചിത സ്ഥലങ്ങളിൽ മത്സ്യം ജീവനോടെ എത്തിച്ചു നൽകുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്. രണ്ടു ടൺ ശേഷിയുള്ള ട്രക്കിൽ സജ്ജീകരിച്ച ടാങ്കിൽ50 കിലോമീറ്റർ ദൂരം വരെ വഴിയോരക്കച്ചവടത്തിനായി ജീവനുള്ള മത്സ്യങ്ങളെ കൊണ്ടുപോകാം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവിധ വിപണനസാധ്യതകളും പ്രയോജനപ്പെടുത്തണം. ഇറച്ചിക്കോഴികളിൽ നിന്നു വ്യത്യസ്തമായി വളർത്തുമത്സ്യങ്ങളുെട വിപണനം അൽപം വൈകിയാലും ആശങ്കപ്പെടേണ്ടതില്ല. ദിവസങ്ങൾ പിന്നിടുന്നതനുസരിച്ച് മത്സ്യത്തിന്റെ തൂക്കവും വിലയും വർധിക്കുകയേയുള്ളൂ. വിപണിക്കനുസരിച്ചുള്ള ഉൽപാദനത്തിനാവണം സംരംഭകർ ശ്രമിക്കേണ്ടത്, അല്ലാതെ ഉൽപാദനത്തിനു ചേർന്ന വിപണനത്തിനല്ല. ഇന്നത്തെ സാഹചര്യത്തിൽ ജീവനോടെ വിൽക്കുന്ന തിലാപ്പിയ കിലോയ്ക്ക് 250–275 രൂപ നേടാൻ തീരെ പ്രയാസമുണ്ടാവില്ല. 

തയാറാക്കിയത്,

സി.ഡി. സെബാസ്റ്റ്യൻ  DFSC

മാനേജിങ് പാർട്ണർ, റോസൺ 

ഫിഷറീസ്, മരത്താക്കര, തൃശൂർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com