ADVERTISEMENT

നീരയുടെ കാര്യത്തിൽ നിറയെ പ്രതീക്ഷയുണ്ട് ബെബിറ്റ് മാത്യുവിന്. ‘പതിനെട്ടേക്കർ വരുന്ന തോട്ടത്തിൽ ആയിരത്തിനടുത്തു തെങ്ങുകൾ, അവയിൽ നാൽപത്തൊന്നെണ്ണം ചെത്തുമ്പോൾ തന്നെ ദിവസം ലഭിക്കുന്നതു നൂറു ലീറ്റർ നീര. ബാക്കിയുള്ള തെങ്ങുകളും ചെത്തണോ? തയാർ. പക്ഷേ ഇനിയൊരടി മുന്നോട്ടുവയ്ക്കണമെങ്കിൽ സർക്കാർ മനസ്സു വയ്ക്കണം’, ബെബിറ്റ് പറയുന്നു. 

സർക്കാർ എന്തുചെയ്യണം? വ്യക്തമായ ഉത്തരമുണ്ട് ബെബിറ്റിന്, ‘സ്വന്തം തെങ്ങിലെ നീര സ്വന്തം നിലയ്ക്കു ചെത്താനും വിൽക്കാനും കർഷകന് അനുമതി നല്‍കണം. നീര എന്തുകൊണ്ട് നിറം മങ്ങിപ്പോയി എന്ന ചോദ്യം പലരുടെയും മനസ്സിലുണ്ട്. പെയ്തൊഴിഞ്ഞ പെരുമഴപോലെയാണ് നീരയുടെ ഇന്നത്ത സ്ഥിതി. വാർത്തകളുടെയും വാഗ്ദാനങ്ങളുടെയും പ്രളയകാലം കഴിഞ്ഞു. 

കോടികളുടെ ബാധ്യത പേറുന്ന കർഷക കമ്പനികളും കോടികൾ മുടക്കിയിട്ടും പ്രവർത്തനം നിലച്ച നീര സംസ്കരണ പ്ലാന്റുകളും ബാക്കി. ചെത്താൻ ആളില്ലെന്നു കമ്പനികൾ. ഇതുവരെ ചെത്തിക്കൊണ്ടുപോയതിന്റെ പണം കിട്ടാക്കടമായതിനാൽ ഇനി ഈ പരിപാടിക്കില്ലെന്നു കർഷകർ. നീരയെന്ന സ്വപ്നം യാഥാർഥ്യമായാൽ കേരളത്തിന്റെ നേട്ടം പ്രതിവർഷം 54,000 കോടിയെത്തുെമന്ന കണക്കും കട്ടപ്പുറത്ത്. ഇത്ര അനാഥമായിത്തീരേണ്ട സ്വപ്നമായിരുന്നോ നീര? അല്ലെന്നുറപ്പിച്ചു പറയുന്നു പാലക്കാട് കല്ലടിക്കോടുള്ള കേരകർഷകൻ പുളിക്കത്താഴെ മാത്യുവും അദ്ദേഹത്തിന്റെ മക്കളും. മാത്യുവിന്റെ മൂന്നു പെൺമക്കളിൽ ഒരാളായ ബെബിറ്റ്, ബെംഗളൂരുവിലെ സോഫ്റ്റ‌്‌വെയർ എൻജിനീയർ ജോലിയുപേക്ഷിച്ച് കൊഴിഞ്ഞാമ്പാറയിലെ തോട്ടത്തിന്റെ ചുമതലയേറ്റെടുത്തിരിക്കുന്നത് നീരയിൽ പ്രതീക്ഷ വച്ചുതന്നെ. 

babit1
നീരുടെ ഗുണമേന്മ പരിശോധിക്കുന്ന ബെബിറ്റ്

വഴി തുറക്കുമോ

എട്ടു വർഷം മുമ്പ്, അതായത് നീരയെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ സജീവമാകുന്നതിനും മുമ്പ്, നീരയുൽപാദനം ലക്ഷ്യമിട്ടാണ് മാത്യു കൊഴിഞ്ഞാമ്പാറ കുണ്ടരായൻപാളയത്ത് കാടും കരിമ്പനകളും മാത്രം നിറഞ്ഞ സ്ഥലം വാങ്ങുന്നത്. അന്നു ബെംഗളൂരുവിൽ ജോലിനോക്കിയിരുന്ന ബെബിറ്റാണ് അന്വേഷിച്ചറിഞ്ഞതിൽ മികച്ചത് എന്നു കണ്ട് ഹൈബ്രിഡ് ഇനമായ ഡി ജെ തെങ്ങിൻതൈകൾ ബുക്ക് ചെയ്തതും. 

മൂന്നര വർഷമെത്തിയപ്പോൾ തന്നെ തെങ്ങുകളെല്ലാം കായ്ഫലത്തിലെത്തി. നീരയെച്ചൊല്ലിയുള്ള ബഹളങ്ങളെല്ലാം ഒതുങ്ങിയ ശേഷമാണ് ബെബിറ്റിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ നവംബറില്‍ നീരയുൽപാദനം തുടങ്ങുന്നത്. കൊഴിഞ്ഞാമ്പാറ ഫെഡറേഷന്റെ ലൈസൻസിനു കീഴിലാണ് തോട്ടം. ഇവിടെനിന്നു നീര വാങ്ങി വിൽക്കുന്നത് മലമ്പുഴ ഫെഡറേഷൻ. നിലവിൽ നീര ചെത്താനും വിൽക്കാനും കഴിയുന്നുണ്ടെങ്കിലും ഈ രീതിയിൽ ഏറെനാള്‍ മുന്നോട്ടു പോകാനാവില്ലെന്നു പറയുന്നു ബെബിറ്റ്. ഇതിനു കാരണമായി ബെബിറ്റ് ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതു തന്നെയാണ് നീരയെ നിലനിർത്താനുള്ള പോംവഴിയും . ശീതളപാനീയങ്ങളുടെ വിൽപന കൂടുന്ന വേനൽമാസങ്ങളിലാണ് നീരയ്ക്കും ഡിമാൻഡുള്ളത്. അതായത്, ഇനിയങ്ങോട്ടുള്ള മഴക്കാല മാസങ്ങളിൽ നീരചെത്ത് നിർത്തേണ്ടി വരും. കഷ്ടപ്പെട്ടു കണ്ടെത്തിയ രണ്ടു നീര ചെത്തു തൊഴിലാളികൾ ഇനി വരുന്ന മാസങ്ങളിൽ ജോലിയില്ലാതായാൽ മറ്റു ജോലി തേടിപ്പോയേക്കുമെന്നു ബെബിറ്റ്. വീണ്ടും സീസൺ വരുമ്പോൾ ചെത്തുകാരെ തേടിയിറങ്ങണം. അതേസമയം വർഷം മുഴുവൻ ഈ തൊഴിലാളികളെ ഫാമിൽ നിലനിർത്താനാകും. അതിനു പക്ഷേ നീര മാത്രം പോരാ, നീരയിൽനിന്നു നിരനിരയായി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കണം. നിലവിൽ നീര ചെത്താനുള്ള ലൈസൻസ് ഫെഡറേഷനുകൾക്കു മാത്രമാണുള്ളത്. നീരയോ നീര ഉൽപന്നങ്ങളോ നേരിട്ടുൽപാദിപ്പിക്കാനോ വിൽക്കാനോ കർഷകന് അനുമതിയില്ല. ഫെഡറേഷനെ ആശ്രയിച്ചല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നു സാരം. ഫെഡറേഷനുകളും അതിന്റെ തലപ്പത്തുള്ള കമ്പനികളും നിലയില്ലാക്കയത്തിലാഴുമ്പോള്‍ നീരയുടെയോ മൂല്യവർധിത ഉൽപന്നങ്ങളുടെയോ കാര്യത്തില്‍ മുന്നേറ്റം അവർക്ക് അസാധ്യം. കർഷകർക്കും നീരയധിഷ്ഠിത സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്ന സംരംഭകർക്കും ലൈസൻസ് ലഭ്യമാക്കുക മാത്രമാണ് നീരയെ നിലനിർത്താൻ ഇനിയുള്ള വഴിയെന്നു ബെബിറ്റ്.

Neera
ബെബിറ്റിന്റെ തോട്ടത്തിലെ നീരചെത്ത്

കയ്പോ മധുരമോ

കുടിച്ചവരെല്ലാം ഒന്നാന്തരമെന്നു സാക്ഷ്യപ്പെടുത്തിയ നീരയാണ് ബെബിറ്റിന്റെ തോട്ടത്തിലേത്. വീണ്ടും വീണ്ടും കുടിക്കാൻ ഇഷ്ടപ്പെടുന്ന രുചി. പുളിക്കാതിരിക്കാനുള്ള ഘടകങ്ങളൊന്നും ചേർക്കാതെ, ചെത്തുന്ന നിമിഷം മുതൽ അതിശ്രദ്ധയോടെ കോൾഡ് ചെയിൻ സംവിധാനം നിലനിർത്തി തണുപ്പിച്ചാണ് നീരയിവിടെ സൂക്ഷിക്കുന്നതെന്നു ബെബിറ്റ്. വാങ്ങുന്നവർക്ക് 45 ദിവസം വരെ തെല്ലും കേടുവരാതെ, അൽപവും രുചിവ്യത്യാസം വരാതെ ശീതീകരിച്ച് (frozen) ഫ്രീസറിൽ സൂക്ഷിക്കാം. 

മുൻകാലങ്ങളിൽ പല കമ്പനികളും വിപണിയിലെത്തിച്ച നീര കുടിച്ച പലരും പിന്നീടതിനെ കയ്യൊഴിയുന്ന സാഹചര്യമുണ്ടായി. അതു നീരയുടെ കുറ്റമല്ല, ഗുണമേന്മയില്‍ നിഷ്കർഷയില്ലാതെ നീര വിപണിയിലെത്തിച്ച വരുടെ കുറ്റമാണെന്ന് ബെബിറ്റ്. ഇത്ര രുചികരമായ പാനീയത്തെക്കുറിച്ച് കർഷകർക്കല്ലാതെ പൊതു സമൂഹത്തിന് വേണ്ടത്ര അറിവില്ലെന്നും ബെബിറ്റ് ചൂണ്ടിക്കാട്ടുന്നു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികൾ നൽകുന്ന പരസ്യത്തിന്റെ പത്തിലൊന്നു പരസ്യപ്പകിട്ടെങ്കിലും നീരയ്ക്കും ലഭിക്കണം. അതിനു സർക്കാർതന്നെ മുന്നിട്ടിറങ്ങണം. 

നീര ചെത്താൻ യോജിച്ച ആയിരം തെങ്ങുകളുമായി ബെബിറ്റ് തന്റെ നീര സംരംഭത്തിന് അനുമതി തേടിയിറങ്ങുകയാണ്. സർക്കാരിന്റെ തീരുമാനത്തിലാണ് നീരയുടെ ഭാവി. 

ഫോൺ: 7902720997

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com