sections
MORE

കുളം നിറയെ മീൻ മനം നിറയെ ആശങ്ക

renju-paul
SHARE

പടുതാക്കുളത്തിൽ മിതമായ തോതിൽ മീൻ വളർത്തിയ പരിചയം മാത്രമാണ് കോതമംഗലം കോട്ടപ്പടിക്കു സമീപം പുതുക്കുന്നത്തുവീട്ടിലെ രഞ്ജു പോളിനുണ്ടായിരുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ നാഷനൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്തിന്റെ സാങ്കേതിക പിന്തുണയോടെ നടക്കുന്ന മത്സ്യക്കൃഷിയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ ഏറെ താൽപര്യവും ആവേശവും തോന്നി. കൊച്ചി സർവകലാശാല ഓഫ് ഷോർ ക്യാംപസിലെത്തി. സെന്റർ ഫോർ അക്വാറ്റിക് അനിമൽസിന്റെ ഡയറക്ടറായിരുന്ന ഡോ. ബ്രൈറ്റ് സിങ്ങിനെ കണ്ടു. അദ്ദേഹം നിർദേശിച്ചതനുസരിച്ച് ഹൈടെക് മത്സ്യക്കൃഷി സംബന്ധിച്ച ക്ലാസിൽ പങ്കെടുത്തതോടെ രഞ്ജു ഉറപ്പിച്ചു– ജലചംക്രമണ സംവിധാനത്തിൽ മീൻ വളർത്തുന്ന സംരംഭം തുടങ്ങുക തന്നെ. 

റബറിന്റെ വിലയിടിവ് മൂലമുള്ള സാമ്പത്തികപ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന സംരംഭസാധ്യതയാണ് കേവലം രണ്ടു സെന്റ് കുളത്തിൽ നിന്ന് 3.5– 4 ടൺ മത്സ്യം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യയെന്നു രഞ്ജുവിന്റെ മനസ്സ് പറഞ്ഞു. ഡോ. ബ്രൈറ്റ് സിങ് ആവിഷ്കരിച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി റാസ് യൂണിറ്റ് ആരംഭിച്ചിട്ട് ആറു മാസമായി. പ്രഥമ ബാച്ച് വിപണനത്തിനു തയാറായിക്കഴിഞ്ഞു.

രണ്ടര മീറ്റർ ആഴവും 6.8 മീറ്റർ വീതം നീളവും വീതിയുമുള്ള രണ്ട് സമചതുരകുളങ്ങളാണ് ഈ അക്വാകൾചർ യൂണിറ്റിന്റെ പ്രധാന ഭാഗം. ഓരോ കുളത്തിലും 1.15 ലക്ഷം ലീറ്റർ ജലം സംഭരിക്കാനാകും. കുളത്തിന്റെ ഘടനയ്ക്കും ചില സവിശേഷതകളുണ്ട്. നടുഭാഗത്ത് കുഴിയോടുകൂടി കോണിക്കൽ രൂപമുള്ള അടിത്തട്ടാണ് ഇത്തരം സംരംഭങ്ങളുെട വളർത്തുകുളങ്ങൾക്കുള്ളത്. 

രണ്ടു രീതിയിൽ ഇതിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു. നിശ്ചിത ഇടവേളകളിൽ തുടർച്ചയായി വെള്ളം കടത്തിവിടുന്ന ട്രിക്ലിങ് ഫിൽറ്ററുകളാണ് ഇവയിലൊന്ന്. ഈ ഫിൽറ്ററുകളിലൂെട കയറിയിറങ്ങുന്ന വെള്ളം തുടർന്ന് എയർ ഇൻജക്ടറിനുള്ളിൽ പ്രാണ വായുവുമായി കൂട്ടിക്കലർത്തി കുളത്തിലേക്ക് പമ്പുചെയ്യുന്നു. കൂടാതെ അടിത്തട്ടിന്റെ നടുഭാഗത്തെ കുഴിയിൽ അടിയുന്ന ഖരമാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കികളയുന്നു. ഇപ്രകാരം അമോണിയയും ഖരമാലിന്യങ്ങളും നീങ്ങുകയും ഓക്സിജൻ കൂടിക്കലരുകയും ചെയ്ത വെള്ളത്തിൽ മത്സ്യങ്ങൾക്ക് മികച്ച വളർച്ചനിരക്ക് കിട്ടുന്നുണ്ടെന്ന് രഞ്ജു ചൂണ്ടിക്കാട്ടി. ഓരോ കുളത്തിലും മൂന്നു വലക്കൂടുകളിലാണ് മീൻ വളർത്തേണ്ടത്. ഇങ്ങനെ വളർത്തുന്നതുമൂലം വിളവെടുപ്പ് ആയാസരഹിതമാകും. 

എന്നാൽ ആദ്യകൃഷിയിൽ രണ്ടു കൂടുകളിലായി 5000 മത്സ്യവിത്ത് മാത്രമാണ് നിക്ഷേപിച്ചത്. ഇപ്പോൾ ശരാശരി 450– 500 ഗ്രാം തൂക്കമെത്തിയിട്ടുണ്ട്. ആകെ രണ്ടരടണ്ണോളം ഉൽപാദനം പ്രതീക്ഷിക്കുന്നു. പൂർ‌ണതോതിൽ ഉൽപാദനമാരംഭിച്ചാൽ ഒരു സെന്റ് കുളത്തിൽനിന്ന് ആറുമാസത്തിലൊരിക്കൽ 3.5 ടൺ മീൻ കിട്ടും. കിലോയ്ക്ക് 250 രൂപ നിരക്കിൽ വിൽക്കാനായാൽ സംരംഭം ലാഭകരമാണെന്നു രഞ്ജു പറയുന്നു. എന്നാൽ വിപണനം വേണ്ടത്ര ഉഷാറാകാത്തത് ഈ സംരംഭകനെ കുഴക്കുന്നുണ്ട്. ദിവസേന ശരാശരി 10 കിലോ മത്സ്യം മാത്രമേ വിൽക്കാനാവുന്നുള്ളൂ.

രണ്ടു കുളങ്ങൾക്കും അനുബന്ധ മോട്ടറുകൾ, മറ്റ് ഉപകരണങ്ങൾ, ഗോഡൗൺ എന്നിവയുൾപ്പെടെ മൂലധനച്ചെലവ് 12.5 ലക്ഷം രൂപയായി. ഉപകരണസംവിധാനങ്ങൾക്കായി നാലു ലക്ഷം രൂപയിൽ താഴെയേ വേണ്ടിവന്നുള്ളൂ. വിത്തുവിലയും തീറ്റച്ചെലവും വൈദ്യുതിച്ചെലവുമായി ഒരു കുളത്തിലെ കൃഷിക്ക് 1.8 ലക്ഷം രൂപയുെട ആവർത്തനച്ചെലവ് വേണ്ടിവരുന്നുണ്ട്. വില കൊടുത്തു വാങ്ങിയ സാങ്കേതികവിദ്യയിൽ രഞ്ജു തൃപ്തനാണ്. എന്നാൽ വിപണനത്തിലെ പ്രയാസങ്ങൾക്കു പരിഹാരം കണ്ടെത്താനായിട്ടില്ല. 

ഫോൺ: 9846510062 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA