sections
MORE

എണ്ണ മുതൽ സൗന്ദര്യവർധക ഉൽപന്നങ്ങൾ വരെ താരമാണ് മുരിങ്ങയില

muthuraj
മുരിങ്ങയുൽപന്നങ്ങളുമായി മുത്തുരാജ്
SHARE

ഒൗഷധസസ്യ വിപണനത്തിലും കയറ്റുമതിയിലും ദീർഘകാല അനുഭവസമ്പത്തുള്ള തൂത്തുക്കുടിയിലെ എസ്. മുത്തുരാജിന് അഞ്ചു വർഷമായി കൂടുതൽ ശ്രദ്ധ മുരിങ്ങ ഉൽപന്നങ്ങളിലാണ്. തമിഴ്നാടിന്റെ തനത് മുരിങ്ങവിത്തുകൾ തേടി 2011ൽ ക്യൂബൻ പ്രതിനിധികൾ മുത്തുരാജിെനയും കണ്ടിരുന്നു. മുരിങ്ങയിലപ്പൊടി, മുരിങ്ങവിത്തു തൊണ്ടോടുകൂടിയത്, തൊണ്ടു നീക്കിയ മുരിങ്ങപ്പരിപ്പ്, മുരിങ്ങയെണ്ണ എന്നിവയാണ്, ചൈനയും ദക്ഷിണകൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു മുത്തുരാജിന്റെ ഉടമസ്ഥതയിലുള്ള എസ് വി എം എക്സ്പോർട് കയറ്റുമതി ചെയ്യുന്നത്. 

ദിവസം 5–10 ഗ്രാം മുരിങ്ങപൗഡർ ശീലമാക്കിയ ഒട്ടേറെപ്പേർ ഇന്നു വിദേശരാജ്യങ്ങളിലുണ്ടെന്നു മുത്തുരാജ്. കടല തൊണ്ടു പൊട്ടിച്ചു കഴിക്കുന്നതുപോലെതന്നെ ഉണക്ക മുരിങ്ങവിത്തിന്റെ കാര്യവും. നേരിയ കയ്പും മധുരവും ചവർപ്പുമെല്ലാം കലരുന്ന മുരിങ്ങപ്പരിപ്പ് ഇഷ്ടപ്പെടുന്നവർ ഏറെ. തണുപ്പിച്ചു സംസ്കരിച്ചാല്‍ മുരിങ്ങപ്പരിപ്പിൽ നിന്നു ശരാശരി 30 ശതമാനം എണ്ണ വേർതിരിക്കാം.

സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിലും ഭക്ഷ്യസംസ്കരണരംഗത്തുമെല്ലാം മുരിങ്ങയെണ്ണയ്ക്കു മുന്തിയ ഡിമാൻഡുണ്ട്. രാജ്യാന്തര വിപണിയിൽ ‘ബെൻ ഒായിൽ’ എന്നറിയപ്പെടുന്ന മുരിങ്ങയെണ്ണ മറ്റ് എണ്ണകളിൽനിന്നു വ്യത്യസ്തമായി പ്രതികൂല കാലാവസ്ഥകളിലും രൂപമാറ്റം സംഭവിക്കാതെ നിൽക്കുമെന്നതിനാൽ വാച്ചിനുള്ളിലെ എൻജിൻ ലൂബ്രിക്കന്റ് എന്ന നിലയ്ക്കുൾപ്പെടെ വ്യാവസായിക പ്രാധാന്യവുമുണ്ട്. 

തമിഴ്നാട്ടിൽ മുരിങ്ങയ്ക്ക് ഒട്ടേറെ ഇനങ്ങളും കൃഷിരീതികളുമുണ്ടെന്നു മുത്തുരാജ്. കായയ്ക്കു വേണ്ടിയുള്ള ഇനങ്ങൾ കൃഷിചെയ്യുന്നവരിൽ പലരുമിപ്പോൾ വിലയിടിവു മറികടക്കാൻ വിത്തു വിൽപനയിലേക്കും ഇലവിൽപനയിലേക്കും ചുവടുമാറ്റുന്നു. പെരിയ കുളം ഇനമായ പികെഎം 1 ആണ് കായയ്ക്കു വേണ്ടിയുള്ളവയിൽ ജനപ്രീതി നേടിയ ഇനം. പികെഎം 2 വിത്തുൽപാദനത്തിനു യോജിക്കും. കായയ്ക്കു നീളം കൂടിയ ഇനമായതിനാൽ വിളവെടുപ്പും പായ്ക്കിങ്ങും വിൽപനയ്ക്കെത്തിക്കലുമെല്ലാം പ്രയാസം. അതേസമയം കായിൽ വിത്തുകളുടെ എണ്ണം വളരെ കൂടുതൽ. ഇവ രണ്ടും ഇലയാവശ്യത്തിനും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും കുടു മിയാൻമലൈപോലുള്ള തനി നാടന്‍ ഇനങ്ങളാണ് മുരിങ്ങയിലപ്പൊടിക്കു മികച്ചവയെന്നു മുത്തുരാജ്. ഇവയുടെ കരിംപച്ച ഇലകൾ പൊടിക്ക് ആകർഷകമായ പച്ചനിറം നൽകും. പോഷകഗുണത്തിലും ഇവ തന്നെ മുന്നിൽ.

ഏക്കറിൽ 600 തൈകൾ നടുന്ന പാരമ്പര്യ രീതിയിൽനിന്നു വ്യത്യസ്തമായി ഇലയ്ക്കു വേണ്ടിയുള്ള കൃഷിയിൽ ഏക്കറിൽ 5000 മുതൽ 40000 ചെടികൾ വരെ നടുന്ന അതിസാന്ദ്രതാ (high density, ultra high density) നടീൽരീതികളാണുള്ളത്. നട്ട് 90ാം ദിവസം മുതൽ 35 ദിവസം ഇടവിട്ട് ഇല വിളവെടുപ്പ്. ഒറ്റത്തവണ വിളവെടുപ്പിൽ ഒരു ചെടിയിൽനിന്ന് 2 കിലോ ഇല ലഭിക്കും. ഉണക്കി സംസ്കരിക്കുമ്പോൾ ഇതു പത്തിലൊന്നായി കുറയും. മുരിങ്ങയിലപ്പൊടി വ്യവസായത്തിന്റെ ഇതുവരെയുള്ള വിപണിയിലും വളർച്ചയിലും സന്തുഷ്ടനാണ് മുത്തുരാജ്.

വെബ്: wwwsvmexports.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA