sections
MORE

വിളവൈവിധ്യത്തിന്റെ ചൗക്കിദാർ

National-Bureau-of-Plant-Genetic-Resources5
വെണ്ടയിലെ ഇന വൈവിധ്യം
SHARE

ഉള്ളിത്തൊലിയൻ മാങ്ങയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അതീവ രുചികരമായ നാട്ടുമാമ്പഴമാണത്. വെള്ളരി മാങ്ങ, കൊളംബ്, തൊലിക്കൈപ്പൻ, പുളിശേരി മാങ്ങ എന്നിങ്ങനെ അധികമാരും കേട്ടിട്ടില്ലാത്ത നാടൻ മാമ്പഴ ഇനങ്ങൾ വേറെയുമുണ്ട്. ഗോകർണം മുതൽ പാറശാലവരെയുള്ള പുരയിടങ്ങളിൽ വളർന്നിരുന്നതും കാലക്രമത്തിൽ നാം വെട്ടിനശിപ്പിച്ചതുമായ നാട്ടുമാവിനങ്ങൾ ഒരുമിച്ചു കാണണമെങ്കിൽ തൃശൂർ വെള്ളാനിക്കരയിലെ എൻബിപിജിആറിലേക്കു പോന്നോളൂ. എൻബിപിജിആർ എന്നാൽ നാഷനൽ ബ്യൂറോ ഓഫ് പ്ലാൻറ് ജനറ്റിക് റിസോഴ്സസ്. നാടൻ മാവിനങ്ങളുെട നൂറിലധികം ഇനഭേദങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് നട്ടുവളർത്തിയ ഈ തോട്ടത്തിൽ ഏറക്കുറെ എല്ലാ ഇനങ്ങളും ഫലം ചൂടി നിൽക്കുകയാണിപ്പോൾ. പഴുത്തു വീഴുന്ന മാമ്പഴങ്ങളിൽനിന്നു വിത്ത് ശേഖരിച്ച് കൃഷിക്കാർക്ക് കൈമാറാൻ ഇവർക്കു സന്തോഷം മാത്രം. 

നഷ്ടപ്പെട്ടു പോകുന്ന നാടൻ ഇനങ്ങളെക്കുറിച്ചുള്ള വേദന പങ്കുവയ്ക്കുന്നവരാണ് ഏറെപ്പേരും. ഓരോ വിളയുടെയും നൂറുകണക്കിന് ഇനഭേദങ്ങളെ പ്രത്യേകം അടയാളപ്പെടുത്തി സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക? ജനകീയമായ ചില വിള ഇനങ്ങൾ കൃഷിയിടങ്ങളിൽ സംരക്ഷിക്കപ്പെട്ടേക്കാം. പക്ഷേ, പ്രത്യേക പ്രയോജനമൊന്നും പ്രകടമല്ലാത്ത ഇനങ്ങളുമുണ്ടല്ലോ. അവയുടെ സാധ്യതകൾ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ പ്രയോജനക്ഷമത പരിഗണിക്കാതെ എല്ലാ ഇനങ്ങളെയും ഇനഭേദങ്ങളെയും ചിട്ടയായി സംരക്ഷിക്കുന്ന സംവിധാനങ്ങൾക്കു കൃഷിയിലും കാർഷികഗവേഷണത്തിലും പ്രസക്തിയേറെയുണ്ട്. 

അധികമാരും ഏറ്റെടുക്കാനില്ലാത്ത ഈ ദൗത്യം ഏറെ മികവോടെ നിർവഹിക്കുകയാണ് എൻബിപിജിആർ. മാവിനങ്ങൾ മാത്രമല്ല, ഉപ്പിനെ പ്രതിരോധിക്കുന്ന പൊക്കാളിനെല്ലിന്റെ 37 നാടൻ ഇനഭേദങ്ങളും കരനെല്ലിന്റെ 42 ഇനങ്ങളും പാവലിന്റെ 81 ഇനങ്ങളും ചീരയുെട 220 തരങ്ങളും ഇവിടെയുണ്ട്. കുടമ്പുളി, കോക്കം, വെള്ളരി, മരുന്നുചെടികൾ എന്നിവയുടെയൊക്കെ വ്യത്യസ്ത തരങ്ങളും ഈ സ്ഥാപനത്തിന്റെ ശേഖരത്തിൽപെടുന്നു.

കാർഷികവിളകളുെടയും അവയുമായി ബന്ധമുള്ള വന്യ ഇനങ്ങളുെടയുമൊക്കെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. രാജ്യവ്യാപകമായി ഓഫിസുള്ള ബ്യൂറോയുെട ദക്ഷിണേന്ത്യൻ ഓഫിസ് കാർഷിക സർവകലാശാലാ ക്യാംപസിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. േകരളം, കർണാടകം, ഗോവ, തമിഴ്നാട്, ആൻഡമാൻസ്, ലക്ഷദ്വീപുകൾ എന്നിവിടങ്ങളിലെ സസ്യവൈവിധ്യം പഠനവിധേയമാക്കി ഓരോ ഇനത്തിന്റെയും ജനിതക ശേഖരം സൃഷ്ടിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനായി ഈ കേന്ദ്രത്തിലെ വിദഗ്ധർ എല്ലാ വർഷവും വിവിധ സംസ്ഥാനങ്ങളിൽ വിശദമായ സർവേ നടത്തുന്നു. ഒരു മാസത്തിലധികം നീളുന്ന 244 സർവേകളിലൂെട ഇതിനകം മുപ്പതിനായിരത്തോളം ഇനഭേദങ്ങളുെട വിത്ത് അഥവാ നടീൽവസ്തുക്കൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. 

കാർഷികഗവേഷണത്തിനാവശ്യമായ ജനിതക സമ്പത്ത് സംരക്ഷിക്കുകയും അവ ഗവേഷകർക്ക് ലഭ്യമാക്കുകയുമാണ് ബ്യൂറോയുെട പ്രധാന ചുമതലയെന്നു വെള്ളാനിക്കര റീജനൽ സ്റ്റേഷന്റെ മേധാവി ജോസഫ് ജോൺ പറഞ്ഞു. അതുകൊണ്ടുതന്നെ ഗവേഷകരുെട ആവശ്യങ്ങൾക്കാണ് ഇവിടെ പ്രഥമ പരിഗണന. എന്നാൽ അടുത്ത കാലത്തായി വിളവൈവിധ്യ സംരക്ഷണത്തിൽ താൽപര്യമുള്ള കൃഷിക്കാരെയും ബ്യൂറോയുെട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുന്നുണ്ട്. കൃഷിക്കാർ കണ്ടെത്തുന്ന വ്യത്യസ്ത ഇനങ്ങളുടെ വിത്തും നടീൽവസ്തുക്കളും ശേഖരിക്കാനും സംരക്ഷിക്കാനും ഇവിടെ അവസരമുണ്ട്. ബ്യൂറോയുടെ ശേഖരത്തിലുള്ള വിത്തുകൾ ഈ കൃഷിക്കാർക്ക് നൽകുകയും അവരിൽനിന്നു വിത്ത് തിരികെ ശേഖരിക്കുകയും ചെയ്യും. കൃഷിയിടങ്ങളിലെ യഥാർഥ സാഹചര്യങ്ങളിൽ വളരുന്ന ഇനങ്ങൾക്കു മാത്രമേ കാലാവസ്ഥാ മാറ്റങ്ങളോടും മറ്റും പൊരുത്തപ്പെടാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. 

ഇവിടെ സംരക്ഷിക്കുന്ന എല്ലാ വിളകളുെടയും വിത്ത് സൂക്ഷിക്കുന്നതിനായി ശീതീകൃത വിത്തുബാങ്കുണ്ട്. ഇതിനുള്ളിൽ 15 വർഷത്തോളം കി ളിർപ്പുശേഷി നഷ്ടപ്പെടാതെ വിത്തു കൾ സൂക്ഷിക്കാം. കാലാവധി പൂർത്തി യാകാറായ വിത്തുകൾ പുറത്തെടു ത്ത് വീണ്ടും കൃഷി ചെയ്ത് കൂടുതൽ വിത്തുണ്ടാക്കി സൂക്ഷിക്കുകയാണ് പ തിവ്. പല ഇനങ്ങളും കൃഷിക്കാർക്കു താൽപര്യമില്ലാത്തവയായിരിക്കും. എന്നാൽ ഗവേഷകർക്ക് അവ ആവശ്യമാണ്. വിളകൾ സംരക്ഷിച്ചും സവിശേഷ ഇനങ്ങൾ ചൂണ്ടിക്കാട്ടിയും കൃഷിക്കാർക്ക് എൻബിപിജിആറിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്ന് ജോസഫ് ജോൺ പറ‍ഞ്ഞു. ഫോൺ: 0487 2370499 

National-Bureau-of-Plant-Genetic-Resources
വെള്ളരി ഇനങ്ങളുടെ ശേഖരം

ഫീൽഡ് ഡേ 

ഓരോ പ്രദേശത്തും കൂടുതലായുള്ള വിളകളുെട ഇനവൈവിധ്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഫീൽഡ് ഡേ പോലുള്ള ചടങ്ങുകൾ ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. പ്രസ്തുത വിളയുെട ഇനഭേദങ്ങൾ കൊണ്ടുവരാനും പ്രദർശിപ്പിക്കാനും കൈമാറാനുമൊക്കെ അന്ന് പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. കഴിഞ്ഞ മാസം നടന്ന നാടൻ മാവിനങ്ങളുെട ഫീൽഡ് ഡേയിൽ മാമ്പഴപ്രദർശനം കാണുന്നതിനും ഇനഭേദങ്ങൾ തിരിച്ചറിയുന്നതിനുമായി മാമ്പഴപ്രേമികളും വിളസംരക്ഷകരുമായ ഒട്ടേറെ കൃഷിക്കാർ എത്തിയിരുന്നു. പച്ചക്കറി ഇനങ്ങൾക്കായും വരും മാസങ്ങളിൽ ഇവിടെ ഫീൽഡ് ഡേ സംഘടിപ്പിക്കുമെന്ന് വെള്ളാനിക്കര സ്റ്റേഷനിലെ ഡോ. സുമ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA