ADVERTISEMENT

കാർഷിക സർവകലാശാലയ്ക്കും മുൻപ് ആരംഭിച്ച തിരുവിതാംകൂറിലെ ആദ്യ കൃഷി പാഠശാലയ്ക്ക് നൂറുവയസ്സിന്റെ ചെറുപ്പം

തിരുവതാംകൂറിലെ ആദ്യ കൃഷിപാഠശാലയ്ക്കു 100 വയസ്സ്. പെരിയാറിന്റെ കരയിൽ ശിവരാത്രി മണപ്പുറത്തിനും മഹാരാജാവിന്റെ വേനൽക്കാല വസതിയായ പാലസിനും അഭിമുഖമായി ആലുവ തുരുത്തിൽ 1919ൽ കൃഷിപാഠശാല ആരംഭിക്കുമ്പോൾ കാർഷിക സർവകലാശാല സങ്കൽപത്തിൽ പോലും ഉണ്ടായിരുന്നില്ല. രാജഭരണം മാറി ജനാധിപത്യം വന്നപ്പോൾ സംസ്ഥാന വിത്തുൽപാദന കേന്ദ്രമെന്നു പേരു മാറ്റിയെങ്കിലും ഇന്നും മുൻഗണന കൃഷി പഠിപ്പിക്കുന്നതിനു തന്നെ. 

ജൈവസമൃദ്ധിയുടെ വിളനിലമാണ് ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന വിത്തുൽപാദന കേന്ദ്രം. 2012ൽ ഇന്ത്യയിലെ ആദ്യ ഓർഗാനിക് സീഡ് ഫാമെന്ന സർട്ടിഫിക്കേഷൻ ലഭിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പുഴയിലെ എക്കൽ അടിഞ്ഞുണ്ടായ ഫലഭൂയിഷ്ഠമായ മണ്ണാണു തുരുത്തിലേത്. കൃഷിക്കു മാത്രമല്ല വ്യവസായത്തിനും വഴികാട്ടുന്നു ഇവിടത്തെ നൂതന സംരംഭങ്ങൾ. സംയോജിത കൃഷി രീതിയുടെയും ഫാം ടൂറിസത്തിന്റെയും മാതൃകാസ്ഥാനം കൂടിയാണു ഫാം. 

ചേറിലും ചെളിയിലും ഇറങ്ങാൻ മടിയുള്ളവരിലും കൃഷിയോടു താൽപര്യം ജനിപ്പിക്കുന്ന പ്രകൃതിയും സംവിധാനങ്ങളും. ശ്രീമൂലം ബംഗ്ലാവിൽ ഒരുക്കിയിട്ടുള്ള ഓഡിയോ വിഷ്വൽ ലാബ് വിദ്യാർഥികൾ ഒരിക്കലെങ്കിലും കണ്ടിരിക്കണം. പുസ്തകത്താളിൽ പരിചയപ്പെട്ട മിത്രകീടങ്ങൾ വിളകളിലെ ശത്രുകീടങ്ങളെ കൊന്നൊടുക്കുന്നത് അവർക്കിവിടെ തൊട്ടറിയാം. 

കൃഷിഭവനുകൾ മുഖേന തിരഞ്ഞെടുക്കുന്ന കർഷകരുടെ ഗ്രൂപ്പുകൾ മാത്രമേ ഇപ്പോൾ ഫാമിലെ ജൈവകൃഷിപാഠങ്ങൾ സ്വായത്തമാക്കാൻ എത്തുന്നുള്ളൂ. പുഴയും റെയിൽപാളവും അതിരിടുന്ന ഫാമിലേക്കു വാഹനത്തിൽ എത്താവുന്ന റോഡില്ല. പെരിയാറിലൂടെ ബോട്ട്മാർഗമോ റെയിൽപാളം കുറുകെ കടന്നോ മാത്രമേ പോകാനാകൂ. എത്തിപ്പെട്ടാൽ പെട്ടെന്നു മടങ്ങാൻ തോന്നില്ല, പുഴയോരത്തെ ഈ പച്ചത്തുരുത്തിൽ നിന്ന്.  

പ്രളയം കടന്നു നൂറിലേക്ക്

നൂറ്റാണ്ടിലെ മഹാപ്രളയം സൃഷ്ടിച്ച കെടുതികളെ അതിജീവിച്ചാണു വിൽത്തുൽപാദന കേന്ദ്രം ശതാബ്ദിയിലേക്കു കൺതുറക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ നെല്ലും പച്ചക്കറികളുമെല്ലാം 5 ദിവസം വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾ മുങ്ങി. ബോട്ട് ഒഴുകിപ്പോയി. ട്രാക്ടർ, കൊയ്ത്തുമെതി യന്ത്രങ്ങൾ, പമ്പ് സെറ്റുകൾ തുടങ്ങിയവയെല്ലാം ചെളിയടിഞ്ഞു കേടായി.

ആലുവ തുരുത്ത് സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ കൃഷി ഓഫിസർ ലിസിമോൾ ജെ. വടക്കൂട്ടും തൊഴിലാളികളും

 

അപൂർവയിനം പശുക്കളും മറ്റും ഓഫിസ് കെട്ടിടത്തിന്റെ മുകളിൽ പട്ടിണി കിടന്നു.  വെള്ളപ്പൊക്കം കഴിഞ്ഞുണ്ടായ വരൾച്ചയും വൻ നഷ്ടമുണ്ടാക്കി. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം 22നു മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെ കീഴിലാണെങ്കിലും ജില്ലാ പഞ്ചായത്തിനാണു ഫാമിന്റെ നിയന്ത്രണം. 

രക്തശാലിയും പ്രത്യാശയും

ആലുവ തുരുത്ത് സീഡ് ഫാമിൽ ഉൽപാദിപ്പിച്ച പൊക്കാളി നെല്ല്.

5.32 ഹെക്ടർ വിസ്തൃതിയുള്ള ഫാമിൽ ജൈവമല്ലാത്തതൊന്നുമില്ല. രാസവളങ്ങൾക്കും രാസകീടനാശിനികൾക്കും പ്രവേശനം നിഷേധിച്ചിട്ടു പതിറ്റാണ്ടുകളായി. 3 ഏക്കർ സ്ഥലത്തു നെൽകൃഷി. ബാക്കി സ്ഥലത്തു തെങ്ങ്, വാഴ, ജാതി, കപ്പ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, ചോളം, മധുരക്കിഴങ്ങ്, അടതാപ്പ്, തക്കാളി, പച്ചമുളക് തുടങ്ങിയവ. നാടൻ ഇനത്തിൽ പെട്ട കാസർകോട് കുള്ളൻ പശുക്കൾ, മലബാറി ആടുകൾ, കുട്ടനാടൻ താറാവ്, കോഴി, ഗിനി, മുയൽ എന്നിവയ്ക്കൊപ്പം തേനീച്ചകളും മീനുകളുമുണ്ട്. 

എയർ പൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പ് പലരും കണ്ടിട്ടേയുണ്ടാവില്ല. ഔഷധഗുണമുള്ള കിഴങ്ങാണിത്. മരങ്ങളിൽ കാച്ചിൽ പോലെ പടർന്നു കയറും. വള്ളിയിൽ തന്നെയാണു കിഴങ്ങുണ്ടാകുക. മണ്ണിന്നടിയിലല്ല. നെൽകൃഷിയുടെ പ്രധാന ലക്ഷ്യം അത്യുൽപാദന ശേഷിയുള്ള വിത്തുകളാണ്.

എങ്കിലും രണ്ടിനം അരി വിൽക്കുന്നുണ്ട്. 30 ശതമാനം തവിടു നിലനിർത്തി തയാറാക്കുന്ന പ്രത്യാശ എന്ന മട്ട അരിയാണ് ഒന്ന്. വയനാട്ടിലെ ഗോത്രവർഗക്കാർ ഉപയോഗിക്കുന്ന രക്തശാലി എന്ന ചെന്നെല്ലിന്റെ അരിയാണു മറ്റൊന്ന്. പോഷകങ്ങളുടെ കലവറയായ രക്തശാലിയുടെ തവിട് ഒട്ടും നഷ്ടപ്പെടാതിരിക്കാൻ ആലപ്പുഴയിലെ റബർ റോളർ മില്ലുകളിലാണ് അരിയാക്കുന്നത്.

ഫാമിലെ തേങ്ങയും മാങ്ങയും മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണയും മാങ്ങ അച്ചാറും വാങ്ങാൻ കിട്ടും. പൊക്കാളി അവലും ചെറുതേനും വൻതേനും താറാവു മുട്ടയുമുണ്ടു വിൽപനയ്ക്ക്. ഉൽപന്നങ്ങളുടെ അളവു കുറവായതിനാൽ അന്വേഷിച്ചെത്തുന്നവർക്കു കൊടുക്കാൻ തികയാറില്ല. അന്യംനിന്നു പോകുന്ന 48 ഇനം പൈതൃക നെൽവിത്തുകളുടെ ഉൽപാദനവും ഉടൻ ആരംഭിക്കും. 

രാജഭരണത്തിന്റെ സ്മാരകങ്ങൾ

ആലുവ തുരുത്ത് സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ ഏറുമാടം

കൃഷിപാഠശാല നിർമിക്കുന്ന കാലത്തു തുരുത്ത് പെരിയാറിലെ ചെറു ദ്വീപായിരുന്നു. പാലസിൽ വേനൽക്കാലത്തു കുളിച്ചുതാമസിക്കാൻ വരുമ്പോൾ മഹാരാജാവും പരിവാരങ്ങളും പുഴയിലെ മണൽപ്പരപ്പിലൂടെ നടന്നാണു പാഠശാലയിൽ എത്തിയിരുന്നത്. അന്നു നിർമിച്ച 2 കെട്ടിടങ്ങൾ ഇപ്പോഴുമുണ്ട്.

ശ്രീമൂലം ബംഗ്ലാവും ഫാം ഓഫിസും. ബംഗ്ലാവിലാണു കൃഷി പരിശീലനം. അവിടെ പരമാവധി 30 പേർക്കേ ഇരിക്കാനാവൂ. അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തു വേണം എത്താൻ. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം പഠിക്കുന്നതിനൊപ്പം പെരിയാറിലെ ബോട്ട്‌ യാത്ര ആസ്വദിക്കാം. പാലസിൽ നിന്ന് ഉച്ചഭക്ഷണവും കഴിക്കാം. 

തലയെടുപ്പായി ശതാബ്ദി കവാടം

വിത്തുൽപാദന കേന്ദ്രത്തിനു പുതിയ തലയെടുപ്പേകി പെരിയാറിന്റെ തീരത്തു ശതാബ്ദി കവാടത്തിന്റെ നിർമാണം പൂർത്തിയായി. തിരുവതാംകൂറിലെ ആദ്യ കൃഷിപാഠശാലയെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംയോജിത ജൈവകൃഷി പാഠശാലയാക്കി മാറ്റാനുള്ള യത്നത്തിലാണ് അധികൃതർ. ശതാബ്ദി കവാടം മുതൽ ഫാം ഓഫിസ് വരെ 100 മീറ്റർ നീളത്തിൽ പ്രകൃതിവിഭവങ്ങൾകൊണ്ടു പന്തൽ ഒരുക്കുന്ന ജോലി തുടങ്ങി.

താഴെ കയർ ഭൂവസ്ത്രം വിരിച്ച് എരുമപ്പുല്ലു പിടിപ്പിക്കും. നെൽകൃഷിയുടെ ചരിത്രവും വൈവിധ്യവും പരിചയപ്പെടുത്തുന്ന മ്യൂസിയവും ആലുവ പലസ് വളപ്പിൽ ജൈവവിപണന കേന്ദ്രവും തുറക്കാൻ പദ്ധതിയുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് എന്നിവർ പറഞ്ഞു. ദേശം ഭാഗത്തു നിന്നു ഫാമിലേക്കു പാലം നിർമിക്കും. പെരിയാറിലേക്കും തൂമ്പാത്തോട്ടിലേക്കും ഫ്ലോട്ടിങ് ജെട്ടികൾ ഒരുക്കാനും പദ്ധതിയുണ്ട്. 

ആലുവ തുരുത്ത് സീഡ് ഫാമിലെ കാസർകോട് കുള്ളൻ പശുക്കൾ.

ഒരുമയോടെ ഈ അരുമകൾ

തേനീച്ച മുതൽ കാസർകോട് കുള്ളൻ പശുക്കൾ വരെ ഫാമിൽ ഒരുമയോടെ കഴിയുമ്പോൾ പൂവണിയുന്നതു സംയോജിത ജൈവകൃഷിയെന്ന സ്വപ്നം. ഫാമിലെ പൂക്കളിൽ നിന്നു തേൻ നുകരുന്നതിനൊപ്പം പരാഗണ ദൗത്യവും നിറവേറ്റുന്നു തേനീച്ചകൾ. നെൽകൃഷിയിലെ കീടനിയന്ത്രണത്തിൽ താറാവുകളുടെ പങ്കു ചെറുതല്ല. നെൽച്ചെടികൾ നശിക്കാതെ അവയ്ക്കിടയിലൂടെ സഞ്ചരിച്ചു കളകൾ കൊത്തിക്കളയാൻ താറാവുകൾക്കു കഴിയും. 

നെൽകൃഷിക്കു ദോഷം ചെയ്യുന്ന കീടങ്ങളെ തിന്നൊടുക്കും. വളത്തിന്റെ ആവശ്യത്തിനാണു മലബാറി ആടുകളെ വളർത്തുന്നത്. മിത്രകീടങ്ങൾ പെരുകാൻ പാടവരമ്പിൽ സൂര്യകാന്തി, ബന്തി, കുറ്റിമുല്ല എന്നിവയും എലികളെ തുരത്താൻ ചെത്തിക്കൊടുവേലിയും നട്ടിരിക്കുന്നു. ചെത്തിക്കൊടുവേലിയുടെ കിഴങ്ങ് പൊള്ളും. അതിനാൽ എലികൾ പരിസരത്തേ വരില്ല. 

സസ്യങ്ങളുടെ ഫാർമസി

സസ്യങ്ങളുടെ ജൈവവളർച്ചാ ത്വരകങ്ങളായ പഞ്ചഗവ്യം, കുണപജല, ജൈവ കീട വികർഷിണിയായ എക്സ്പോൾഡ്, വെർമി വാഷ് ടോണിക്, ഫോസ്ഫറസ് ജീവാണുവളമായ വാം, ഫിഷ് അമിനോ ആസിഡ്, മണ്ണിര കംപോസ്റ്റ് എന്നിവ ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇതിൽ വാം മറ്റെങ്ങും ലഭ്യമല്ല. ഇവിടത്തെ കാസർകോടൻ കുള്ളൻ പശുക്കളെ ഇതുവരെ കറന്നിട്ടില്ല.

അവയുടെ ചാണകവും മൂത്രവും മറ്റു നാടൻ പശുക്കളുടെ പാലും തൈരും ചേർത്താണു പഞ്ചഗവ്യം തയാറാക്കുന്നത്. ആട്ടിറച്ചി ഉൾപ്പെടെയുള്ള ചേരുവകളടങ്ങിയ കുണപജല 15 ദിവസം ഇടവിട്ടു തളിച്ചാൽ വിളവിൽ മൂന്നിരട്ടി വർധന ലഭിക്കുമെന്നു കൃഷി ഓഫിസർ ലിസിമോൾ ജെ. വടക്കൂട്ട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com