sections
MORE

6500 അടി ഉയരത്തിലുള്ള തരിശുഭൂമിയിൽ നാടൻ പ്ലം, പിയർ വിളഞ്ഞു; ലക്ഷങ്ങൾ വരുമാനം

plum81
ജോഷി പഴത്തോട്ടത്തിൽ
SHARE

പ്ലം, പിയർ, പീച്ച്, ബ്ലൂബെറി, കിവി, ആപ്രികോട്ട് – ഈ തോട്ടത്തിലെ ചെടികളുെട പേരു കേട്ടാൽ അന്യനാട്ടിലെ കൃഷിയെക്കുറിച്ചാണ് വർണനയെന്ന് ആരും ചിന്തിക്കും. എന്നാൽ മൂന്നാറിനപ്പുറം വട്ടവടയിലെ പതിനഞ്ചേക്കറിലാണ് മലയാളത്തിന്റെ മധുരം നിറഞ്ഞ ഈ പഴങ്ങൾ. ഇവയിൽ പ്ലം , പിയർ എന്നിവ മാത്രമാണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. 

മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി ജോഷി ജെ. കണ്ണിക്കാട്ടാണ് കേരളത്തിലെ പ്രഥമ പ്ലം– പിയർ തോട്ടമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന ‘കണ്ണിക്കാട്ട് ഫ്രൂട്ട്സ് ഗാർഡന്റെ’ ഉടമ. നാലു വർഷമായി മുടങ്ങാതെ പൂവിടുന്ന ഈ മരങ്ങളിൽ നിന്ന് ഇപ്പോൾ ലക്ഷങ്ങളാണ് വരുമാനം. 15 വർഷം മുമ്പ് ഇവ നട്ടുവളർത്താൻ ധൈര്യം കാണിച്ചതിനും പൂവിടാനായി പത്തു വർഷത്തിലേറെ കാത്തിരുന്നതിനും കിട്ടുന്ന പ്രതിഫലം. ആദ്യം നട്ട 800 വീതം പ്ലം, പിയർ മരങ്ങളിൽനിന്നു മികച്ച രീതിയിൽ വരുമ‌ാനം കിട്ടിത്തുടങ്ങിയത് ഈ വർഷമാണ്. കഴിഞ്ഞ വർഷം കായ്കളുണ്ടായെങ്കിലും പ്രളയക്കെടുതി മൂലം വിളവെടുക്കാനായിരുന്നില്ല.

സമശീതോഷ്ണമേഖലയിൽ കൃഷി ചെയ്യുന്ന ഫലവൃക്ഷങ്ങളാണ് പ്ലമ്മും പിയറും. വർഷത്തിൽ നിശ്ചിത ദിവസങ്ങളെങ്കിലും അതിശൈത്യത്തിലൂടെ കടന്നുപോയാൽ മാത്രമെ അവയിൽ കായ്കളുണ്ടാവൂ. പ്ലമ്മും പിയറും കൃഷി ചെയ്യാൻ യോജ്യമായ മണ്ണ് തേടിപ്പിടിക്കുകയായിരുന്നില്ല ജോഷി. ശരാശരി താപനില പരമാവധി 15 ഡിഗ്രിയും ശൈത്യകാലത്ത് പൂജ്യത്തിനു താഴെയുമെത്തുന്ന കൃഷിയിടത്തിലേക്കു യോജിച്ച വിളകളായി അവയെ കണ്ടെത്തുകയായിരുന്നു. 

plum37
ഫോട്ടോ: മാത്യു ജോൺ കൊച്ചുപ്ലാക്കൽ

വട്ടവടയിൽ സ്ഥലം വാങ്ങിയപ്പോൾ പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയിൽ എന്തു കൃഷി ചെയ്യാൻ? റബറും വാഴയും കപ്പയും തെങ്ങുമൊന്നും ഇവിടെ വാഴില്ല. വട്ടവടയിലെ തനതു വിളകളായ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ പോലും ഒന്നര കിലോമീറ്റർ ‘ഓഫ് റോഡിങ്’ നടത്തിയെത്തേണ്ട, ഒറ്റപ്പെട്ട കൃഷിയിടത്തിൽ പ്രായോഗികമായിരുന്നില്ല. നിരാശനാകാതെ, പ്രാർഥനാ പൂർവമുള്ള അന്വേഷണം ജോഷിയെ എത്തിച്ചത് കൊടൈക്കനാലിലെ ഹോർട്ടികൾച്ചർ റിസർച്ച് സ്്റ്റേഷനിൽ. അവിടത്തെ ഗവേഷകർ പ്ലമ്മിന്റെയും പിയറിന്റെയും കൃഷിസാധ്യത ചൂണ്ടിക്കാട്ടുക മാത്രമല്ല, വേണ്ട സാങ്കേതിക ഉപദേശങ്ങൾ നൽകുകയും ചെയ്തു. 

plum8
പിയർ

പീച്ച് മരത്തിന്റെ തൈകളിൽ ഗ്രാഫ്റ്റ് ചെയ്താണ് പ്ലമ്മിന്റെ നടീൽവസ്തുക്കളുണ്ടാക്കുന്നത്. ഇതിനായി കാട്ടുപീച്ചിന്റെ തൈകൾ നട്ടുവളർത്തിയ ശേഷം ഹോർട്ടികൾച്ചർ സ്്റ്റേഷനിൽ നിന്നു നൽകിയ പ്ലംതണ്ടുകൾ അതിൽ ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. പിയറിന്റെ ബഡ് തൈകൾ വാങ്ങി നടുകയും ചെയ്തു. 

കാര്യമായ തലവേദനകളില്ലാതെ പ്ലമ്മും പിയറും കൃഷി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ജോഷി പറയുന്നു. പ്രതീക്ഷിച്ച രീതിയിൽ ഉൽപാദനം വർധിക്കുന്നുണ്ട്. തണ്ടിനെ ബാധിക്കുന്ന തുരപ്പൻപുഴു മാത്രമാണ് കീടശല്യം. കൃഷിയിടം വൃത്തിയായി സൂക്ഷിച്ചാൽ അവയെ ഒഴിവാക്കാനാകും. 

ഈ വർഷം ഇതുവരെ 3500 കിലോ പ്ലം വിപണിയിലെത്തിച്ചുകഴിഞ്ഞു. കിലോയ്ക്ക് 75–80 രൂപ നിരക്കിൽ മൊത്തവ്യാപാരിക്കു നൽകുകയാണ് െചയ്യുന്നത്. പഴക്കടകളിൽനിന്നു നാം വാങ്ങാറുള്ള പ്ലമ്മിനെക്കാൾ മധുരമുള്ളതാണ് പോളാർ ഹിൽസിലെ പ്ലം. പഴങ്ങൾ തരംതിരിച്ചും വൃത്തിയാക്കിയുമാണ് നൽകുന്നത്. ജോഷിയോടൊപ്പം അമ്മ ആനീസ്, ഭാര്യ ആ‍ൻസി, മകൻ ആൻജോ, മരുമകൾ മരിയ എന്നിവർ ചേർന്നാണ് തരം തിരിക്കൽ നടത്തുക. ഇങ്ങനെ നൽകുന്നതുമൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലമ്മിനെക്കാൾ വ്യാപാരികളുടെ മതിപ്പ് നേടാൻ സാധിക്കുന്നുണ്ട്. പിയർ പാകമാകാത്തതിനാൽ ഈ വർഷത്തെ വിളവെടുപ്പ്് ആരംഭിച്ചിട്ടില്ല. പ്ലമ്മിനു തുല്യം ഉൽപാദനം പിയറിനും കിട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് വിളവെടുപ്പ് മുടങ്ങിയതിനാൽ വരുമാനം നഷ്ടമായ ജോഷി ഇത്തവണ വിളവെടുപ്പിന്റെ മേൽനോട്ടവുമായി സദാ തോട്ടത്തിലുണ്ട്. വാരാന്ത്യത്തിൽ മാത്രമാണ് വീട്ടിലേക്കു മടക്കം. അവിടെ 20 വർഷമായി നടത്തുന്ന എഗർ നഴ്സറിയുടെ ചുമതല ഭാര്യ ആൻസിക്കാണ്. പ്ലമ്മിന്റെ വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് പിയർ പാകമാകുമെന്നതിനാൽ രണ്ടുമാസം കൂടി കണ്ണിക്കാട്ട് ഫ്രൂട്ട്സ് ഗാർഡനിൽ ആളനക്കമുണ്ടാവും. അഞ്ചു വർഷത്തിനു ശേഷം പൂർണ ഉൽപാദനത്തിലെത്തുമ്പോൾ ഒരു മരത്തിൽനിന്ന് 200 കിലോ പ്ലം വരെ പ്രതീക്ഷിക്കാമെന്നാണ് കൃഷിവിദഗ്ധർ പറഞ്ഞിരിക്കുന്നത്. അതിന്റെ പകുതി കിട്ടിയാലും ജോഷി സംതൃപ്തനാണ്. രണ്ടായിരം മരങ്ങൾ പൂർണതോതിൽ ഉൽപാദനമെത്തുമ്പോൾ എന്തു വരുമാനം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

plum
ജോഷിയും കുടുംബവും പഴങ്ങൾ തരംതിരിക്കുന്നു

വർഷത്തിലൊരു വളപ്ര​യോഗവും ഒരു കമ്പുകോതലുമാണ് പ്ലം, പിയർ മരങ്ങൾക്കുവേണ്ട പ്രധാന പരിചരണം. നന ആദ്യവർഷം മാത്രം മതി, അതും മിതമായ തോതിൽ. വരൾച്ചയും ശക്തമായ കാറ്റുമൊക്കെ ചെറുത്തുവളരുന്ന ഫലവൃക്ഷമാണിത്. കോഴി, കാടക്കാഷ്ഠവും മറ്റുമാണ് വളമായി നൽകുന്നത്. തുലാവർഷകാലത്തിനു തൊട്ടുമുമ്പ് ഒരു മരത്തിന് അഞ്ചു കിലോ വീതം ജൈവവളം നൽകും. പ്ലമ്മും പിയറും പൂവിടുന്നത് ഡിസംബറിലാണ്. അതിനു മുന്നോടിയായി നവംബറിൽ കമ്പുകോതൽ നടത്തണം. തിങ്ങിനിൽക്കുന്ന ഇടക്കമ്പുകളും ചെറുകമ്പുകളുമാണ് പ്രധാനമായും വെട്ടിനീക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിതമായി ഉയരം വയ്ക്കാതിരിക്കാനും ശ്രദ്ധിക്കും. തൊട്ടുപിന്നാലെ ഇലകൾ കൊഴിച്ച് ശീതനിദ്ര പ്രാപിക്കുന്ന മരങ്ങളിൽ വൈകാതെ പൂക്കൾ നിറയും. മഞ്ഞുവീണ നഗ്നമേനിയിൽ പൂമൂടി നിൽക്കുന്ന പ്ലംമരങ്ങൾ വേറിട്ട കാഴ്ചതന്നെയെന്നു ജോഷി പറയുന്നു. വൈകാതെ കായ് നിറയു ന്ന പ്ലം മരങ്ങൾ മേയ് അവസാനം വിളവെടുപ്പിനു പാകമാകുന്നു. കാലാവസ്ഥാമാറ്റം മൂലമാവണം തന്റെ തോട്ടത്തിലെ മരങ്ങൾ ഈ വർഷം ഒരു മാസത്തോളം വൈകിയാണ് പൂവിട്ടതെന്നു ജോഷി പറഞ്ഞു. അതുകൊണ്ടുതന്നെ വിളവെടുപ്പും വൈകി.

plum1
പ്ലം വിളവെടുക്കുന്നു

ഈ തോട്ടത്തിലെ സവിശേഷ കാലാവസ്ഥയും ഇവിടെ വിളയുന്ന പഴങ്ങളും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുെടയും ബന്ധുക്കളുടെയും കുടുംബങ്ങൾക്കായി ‘പോളാർ ഹിൽസ് സ്റ്റേ’ എന്ന പേരിൽ മികച്ച താമസസൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വിശിഷ്ടമായ പഴങ്ങൾ ഉൽപാദിപ്പിക്കുന്ന തോട്ടം ജോഷിയുടെ ഡ്രീം പ്രോജക്ടിന്റെ ആദ്യ ഭാഗം മാത്രം. അടുത്ത ഘട്ടത്തിൽ സ്ട്രോബെറി, ബ്ലാക് ബെറി, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങൾക്കു കൂടി തോട്ടത്തിൽ ഇടം കണ്ടെത്തണം. ഇവിടുത്തെ പഴങ്ങൾ ഉപയോഗിച്ചുള്ള വൈൻ, ജാം, സിറപ്പ്, അച്ചാർ, കെച്ചപ്പ് എന്നിവ പോളാർഹിൽസിലെ സന്ദർശകരുടെ ബാക്പാക്കുകളിൽ മലയിറങ്ങണം. അഥവാ നഗരങ്ങളുെട മനം കവരുന്ന ഈ ഉൽപന്നങ്ങളുടെ ഉറവിടം തേടി സന്ദർശകർ മല കയറിയെത്തണം – സ്വപ്നത്തിന്റെ രണ്ടാം ഭാഗം കൂടി പൂർത്തിയാക്കാനുള്ള അനുഗ്രഹമാണ് ജോഷിയുെട ഇപ്പോഴത്തെ പ്രാർഥന. ഫോൺ: 9446740741 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA