ADVERTISEMENT

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലം ഇപ്പോൾ വിലയിലും റാണിയായിരിക്കുകയാണ്. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി ഏലക്കാ വില കിലോയ്‌ക്ക് 6000 രൂപയിലെത്തി റെക്കോർഡ് ഇട്ടു. പ്രളയത്തിലും വേനലിലും ഏലക്കൃഷി നശിച്ചതുമൂലം ഉൽപാദനം വൻതോതിൽ കുറഞ്ഞതും ഗ്വാട്ടിമാലയിൽനിന്നുള്ള വരവു കുറഞ്ഞതുമാണ് വില കുതിച്ചുയരാൻ കാരണം. കൃഷിനാശം മൂലം ഭൂരിപക്ഷം കർഷകരും നിരാശയിലാണെങ്കിലും വർഷങ്ങൾക്കു ശേഷം വില ഉയർന്നതിനെ പ്രതീക്ഷയോടെയാണ് അവർ ഉറ്റുനോക്കുന്നത്. 

 

എലറ്റേറിയ കാർഡമം (Eletaria Cardamomum) എന്നാണ് ഏലത്തിന്റെ ശാസ്‌ത്രീയനാമം. ഇന്ത്യയിൽ കേരളവും കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ 71000 ഹെക്‌ടർ സ്ഥലത്താണ് ഏലം കൃഷി ചെയ്യുന്നത്. ഇതിൽ 41000 ഹെക്‌ടർ കേരളത്തിലാണ്. ഇവിടെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് പ്രധാനമായും ഏലക്കൃഷിയുള്ളത്. പത്തനംതിട്ട ജില്ലയിലെ ഗവിയിലും ചെറിയ തോതിൽ ഏലക്കൃഷിയുണ്ട്. കേരളത്തിൽ ഏലത്തിൽ മുഖ്യപങ്കും വിളയുന്നത് ഇടുക്കിയിലെ മലനിരകളിലാണ്. ഉടുമ്പൻചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളാണ് ഏലത്തിന്റെ പ്രധാന വിളഭൂമി. ഇന്ത്യയ്‌ക്കു പുറമെ ഗ്വാട്ടിമാലയാണ് വൻതോതിൽ ഏലം ഉൽപാദിപ്പിക്കുന്ന മറ്റൊരു രാജ്യം. 

 

സമുദ്രനിരപ്പിൽനിന്ന് 600 മുതൽ 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളാണ് ഏലക്കൃഷിക്ക് യോജിച്ചത്. വർഷത്തിൽ 1500 മുതൽ 4000 മില്ലിമീറ്റർ വരെ മഴ ലഭിക്കണം. താപനില 10 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയാകാം. 60–70 ശതമാനം തണൽ ആവശ്യമുള്ളതുകൊണ്ട് ഏലത്തോട്ടങ്ങളിൽ ധാരാളം വൃക്ഷങ്ങളും വേണം. 

 

കൃഷി, വിളവെടുപ്പ് 

 

Cardamom-Plantation

മൈസൂർ, മലബാർ, വഴുക്ക തുടങ്ങിയ ഇനങ്ങളിലുള്ള ഏലമാണ് ആദ്യകാലങ്ങളിൽ കൃഷിചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ കർഷകർ തന്നെ വികസിപ്പിച്ചെടുത്ത, ഉൽപാദനക്ഷമത കൂടിയ ഇനങ്ങളാണ് കൂടുതൽ കൃഷിചെയ്യപ്പെടുന്നത്. 

 

മാതൃസസ്യത്തിന്റെ ചുവട്ടിൽനിന്ന് ചിനപ്പുകൾ (ചിമ്പുകൾ) സഹിതം വേരോടെ വേർപെടുത്തിയെടുക്കുന്ന തണ്ടുകളാണ് (തട്ടകൾ) നടാൻ ഉപയോഗിക്കുന്നത്. വിത്തു പാകി കിളിർപ്പിച്ച തൈ നട്ടാൽ അതേ ഇനം തന്നെ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് തട്ടകൾ നടുന്നത്. മഴ ലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ചെടി നടാം. 10 അടി അകലത്തിൽ കുഴിയെടുത്താണ് നടുന്നത്. ഒരേക്കറിൽ ഏകദേശം 430 ചെടികൾ നടാം. 

 

നല്ല പരിചരണം കൊടുത്താൽ ഏകദേശം 18 മാസം കൊണ്ട് ചെടികൾ ആദ്യ വിളവെടുപ്പിന് തയാറാകും. ഏലച്ചെടിയുടെ ചുവട്ടിൽനിന്ന് വളർന്നുവരുന്ന ശരം എന്നു വിളിക്കപ്പെടുന്ന വള്ളിപോലെയുള്ള പൂങ്കുലകളിലാണ് (Panicles) ഏലക്കാ ഉണ്ടാകുന്നത്. ഏലത്തിന്റെ പരാഗണം 98 ശതമാനവും നടക്കുന്നത് തേനീച്ചകൾ വഴിയാണ്. പൂവ് കായ ആയി വിളവെടുപ്പിനു പാകമാകാൻ 90–120 ദിവസം വേണം. ശരത്തിലെ മൂപ്പെത്തിയ കായ്കളാണ് പറിച്ചെടുക്കുന്നത്. ജൂലൈ മുതൽ ഡിസംബർ വരെ 5–6 തവണ വിളവെടുക്കാം. 

 

നന്നായി പരിപാലിക്കുന്ന തോട്ടങ്ങളിൽ ഒരു ചെടിയിൽനിന്ന് ഒരു വർഷം അഞ്ചു മുതൽ 7.5 കിലോ വരെ പച്ചക്കായ ലഭിക്കാം. 1 കിലോ ഉണങ്ങിയ ഏലക്ക ലഭിക്കാൻ അഞ്ചു കിലോ പച്ചക്കായ വേണം. അതായത്, ഒരേക്കറിൽ നിന്ന് ഒരു വർഷം ശരാശരി 450 കിലോ ഏലക്കാ ലഭിക്കാം. 10–12 വർഷമാണ് ഒരു ഏലച്ചെടിയുടെ ആയുസ്സ്. അതിനുശേഷം ചെടികൾ മാറ്റി പുതിയ ചെടികൾ നടണം. 

 

365 ദിവസം പരിചരണം 

 

ഏറ്റവും കൂടുതൽ പരിചരണം ആവശ്യമുള്ളൊരു വിളയാണ് ഏലം. വർഷത്തിൽ 6–7 തവണ വളപ്രയോഗം നടത്തണം. കീടങ്ങളുടെ ഉപദ്രവവും ഏലച്ചെടിയിൽ കൂടുതലാണ്. തണ്ടുതുരപ്പൻ, കായ് തുരപ്പൻ, ശരം തുരപ്പൻ, ഇലപ്പേൻ, വേരുപുഴു, വെള്ളീച്ച, മീലിമുട്ട തുടങ്ങിയ കീടങ്ങളും അഴുകൽ, തട്ടമറിച്ചിൽ, വേരുചീയൽ, ഇലപ്പുള്ളി, ഇല കരിയൽ തുടങ്ങിയ ഫംഗസ് ബാധകളുമാണ് ഏലത്തിനു പ്രധാന ഭീഷണി. ഇവയെ അതിജീവിക്കാൻ വർഷത്തിൽ 12–15 തവണയാണ് ഇപ്പോൾ കർഷകർ കീടനാശിനി, കുമിൾനാശിനി പ്രയോഗം നടത്തുന്നത്. 

 

വർഷത്തിൽ രണ്ടോ മൂന്നോ തവണ തോട്ടത്തിൽ കളനിയന്ത്രണം വേണം. ഉണങ്ങിയ ഇലകളും ചുവട്ടിലെ ചപ്പും മാറ്റി വർഷത്തിൽ രണ്ടുതവണ ചെടികൾ ഒരുക്കിക്കൊടുക്കണം. കവാത്ത് (Thrashing) എന്നാണ് ഇതിനു പറയുക. മണ്ണ് ഇളക്കിക്കൊടുക്കുക, ചുവട്ടിൽ മണ്ണുവിരിക്കുക തുടങ്ങിയ പണികളുണ്ട്. വർഷത്തിൽ ഒരു തവണ തണൽ നിയന്ത്രിക്കുന്നതിനായി വൃക്ഷങ്ങളുടെ ശിഖരങ്ങൾ ചെറിയ തോതിൽ മുറിക്കണം. 

 

ഏലക്കൃഷിക്ക് ഏറ്റവും കൂടുതൽ ആവശ്യംവരുന്നത് ജലസേചനമാണ്. ജനുവരി മുതൽ മേയ് വരെ ചെടികൾ ചെടികൾ നനച്ചുകൊടുക്കണം. കാലാവസ്ഥയിലെ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നൊരു സസ്യമാണ് ഏലം. മഴ ലഭിച്ചില്ലെങ്കിൽ ചെടികൾ പെട്ടെന്നു കരിഞ്ഞുണങ്ങും. മഴ കൂടിയാൽ അഴുകലും ഫംഗസ് രോഗങ്ങളും ബാധിച്ച് ചെടി നശിക്കും. വർഷം മുഴുവൻ നീളുന്ന കൃത്യമായ പരിചരണത്തിലൂടെ മാത്രമേ ഏലച്ചെടിയെ നിലനിർത്താനാവൂ. 

 

സംസ്കരണം, വിപണനം 

 

വിളവെടുത്ത ഏലക്കാ നിറവും ഗുണനിലവാരവും നഷ്‌ടപ്പെടാതെ ഡ്രയറുകളിൽ ശാസ്‌ത്രീയമായി ഉണങ്ങിയാണ് വിൽപന നടത്തുന്നത്. 20–22 മണിക്കൂർ സമയമാണ് ഇവ ഉണങ്ങാൻ വേണ്ടത്. വിറക് ഉപയോഗിച്ചുള്ള വലിയ സ്റ്റോറുകളിലാണ് മുൻകാലങ്ങളിൽ ഏലക്കാ ഉണങ്ങിയിരുന്നത്. ഇപ്പോൾ വിറകിനൊപ്പം ഡിസലും വൈദ്യുതിയും ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള ഡ്രയറുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. 

 

ഉണങ്ങിയ ഏലക്കയുടെ വിൽപന രണ്ടു രീതിയിലാണ് നടക്കുന്നത്. വ്യാപാരികൾ വഴിയും ലേല ഏജൻസികൾ വഴിയും. 70–80 ശതമാനം വിൽപനയും ലേലത്തിലൂടെയാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂർ, ഇടുക്കി ജില്ലയിലെ വണ്ടന്മേടിനടുത്ത് പുറ്റടിയിലെ സ്‌പൈസസ് പാർക്ക് എന്നിവിടങ്ങളിലായി എല്ലാ ദിവസവും ഏലക്കാ ലേലം നടക്കാറുണ്ട്. സ്പൈസസ് ബോർഡിന്റെ കീഴിൽ ഇ–ലേലമാണ് ഇപ്പോൾ നടക്കുന്നത്. 12 ലേല ഏജൻസികളാണ് ഇപ്പോൾ രംഗത്തുള്ളത്. ഉത്തരേന്ത്യയിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വ്യാപാരികളാണ് പ്രധാനമായും ലേലത്തിൽ ഏലക്കാ വാങ്ങുന്നത്. ഇപ്പോൾ മലയാളി വ്യാപാരികളും ഈ രംഗത്തുണ്ട്. 

 

black-pepper

വലുപ്പവും ഗുണനിലവാരവും അനുസരിച്ച് തരംതിരിച്ചാണ് ഏലക്കായുടെ ലേലം നടക്കുന്നത്. വലുപ്പവും ഗുണനിലവാരവും ഏറ്റവും കൂടിയ ഏലക്കായ്‌ക്ക് ലഭിക്കുന്ന വിലയാണ് കൂടിയ വില. ഒരു ദിവസം ലേലത്തിൽ വിൽപന നടത്തുന്ന ഏലക്കയ്‌ക്ക് ലഭിക്കുന്ന ആകെ തുകയെ തൂക്കം കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നതാണ് ശരാശരി വില. ഓരോ ദിവസവും ലേലത്തിലെ ശരാശരി വിലയാണ് അന്നത്തെ ഏലക്കാ വിലയായി കണക്കാക്കപ്പെടുന്നത്. 

 

ജൂൺ 29ന് വണ്ടന്മേട് ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ 6000 രൂപയിലെത്തി റെക്കോർഡിട്ടത് ഏലക്കായുടെ കൂടിയ വിലയാണ്. അതായത് അന്ന് ലേലത്തിനു വന്ന ഏറ്റവും നല്ല ഏലക്കായുടെ വില. 13 കിലോ ഏലക്കായാണ് ഈ വിലയ്‌ക്കു വിൽപന നടന്നത്. ഇ–ലേലത്തിൽ കംപ്യൂട്ടിൽ നൽകാവുന്ന പരമാവധി വിലയായി സ്‌പൈസസ് ബോർഡ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന വിലയാണ് 6000. അന്നത്തെ ശരാശരി വില 3301.23 രൂപയായിരുന്നു. 

 

ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഏലത്തിൽ 10–15 ശതമാനമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ബാക്കി ആഭ്യന്തര ഉപയോഗമാണ്. കറി പൗഡറുകൾ, ആയുർവേദ മരുന്നുകൾ, എസൻസ്, പാൻമസാല, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയ്‌ക്കാണ് ഇന്ത്യയിൽ ഏലക്കാ പ്രധാനമായും ഉപയോഗിക്കുന്നത്. 

 

ഏലക്കൃഷിയിലെ ഗവേഷണത്തിനും കൃഷിയുടെ പ്രോത്സാഹനത്തിനുമായി ഇടുക്കി ജില്ലയിൽ രണ്ടു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്‌പൈസസ് ബോർഡിന്റെ കീഴിൽ ഉടുമ്പൻചോലയ്‌ക്കടുത്ത് മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഐസിആർഐ) കാർഷിക സർവകലാശാലയ്‌ക്കു കീഴിൽ പാമ്പാടുംപാറയിൽ പ്രവർത്തിക്കുന്ന കാർഡമം റിസർച്ച് സ്റ്റേഷനും (സിആർഎസ്). 

 

വിലയും വെല്ലുവിളിയും 

 

ഉൽപാദനച്ചെലവിലെ വൻ വർധന, വിലയിലെ സ്ഥിരതയില്ലായ്‌മ, തൊഴിലാളികളുടെ അഭാവം, കൃഷിനാശം, കീട–രോഗ ബാധകൾ, ജലദൗർലഭ്യം തുടങ്ങിയവയാണ് ഏലം കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. 

 

വളം, കീടനാശിനികൾ, പണിക്കൂലി എന്നിവയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ വർധനയാണ് ഉണ്ടായത്. ഒരു വർഷം ഏക്കറിന് രണ്ടുമുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഏലത്തിന്റെ ഉൽപാദനച്ചെലവെന്നു കർഷകർ പറയുന്നു. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. തമിഴ്‌നാട്ടിൽനിന്നും ബംഗാൾ, ഒഡീഷ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള തൊഴിലാളികളാണ് ഇപ്പോൾ ഏലത്തോട്ടങ്ങളിൽ കൂടുതലും പണിയെടുക്കുന്നത്. 

 

കഴിഞ്ഞ വർഷത്തെ പ്രളയവും പിന്നീടുവന്ന കടുത്ത വേനലും കൃഷിക്കാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. ഇടുക്കിയിലെ ഏലക്കൃഷിയിൽ നല്ലൊരുപങ്കും നശിച്ചു. വില മാനംമുട്ടെ ഉയർന്നെങ്കിലും വിൽക്കാൻ ഏലക്കായോ വിളവെടുക്കാൻ ഏലച്ചെടിയോ ഇല്ലാത്ത അവസ്ഥയിലാണ് മിക്കവരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഏലക്ക ഉൽപാദനത്തിൽ പകുതിയിലധികം കുറവുണ്ടായതായി ഏലം കർഷകനും വ്യാപാരിയുമായ സണ്ണി ജോസഫ് പറയുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഏകദേശം 300 ടൺ ഏലക്കാ ഒരാഴ്‌ച ലേലത്തിനെത്തിയിരുന്ന സ്ഥാനത്ത് ഈ വർഷം എത്തിയത് 120 ടൺ മാത്രമാണ്. 

 

വിലയിലെ സ്ഥിരതയില്ലായ്‌മയാണ് മറ്റൊരു പ്രധാന പ്രശ്‌നം. കഴിഞ്ഞ കുറെ വർഷങ്ങളായി വിലയിടിവു നേരിട്ടിരുന്ന ഏലത്തിന് ഇപ്പോഴാണ് മെച്ചപ്പെട്ട വില ലഭിക്കുന്നത്. കഴിഞ്ഞ വർഷം 1000–1200 രൂപ ആയിരുന്ന ശരാശരി വിലയാണ് ഇക്കുറി മൂവായിരത്തിനു മുകളിലെത്തിയത്. മണവും ഗുണവും നഷ്‌ടപ്പെടുമെന്നതിനാൽ ഏലക്കാ അധികകാലം സൂക്ഷിച്ചുവയ്‌ക്കാൻ കഴിയില്ല. അതിനാൽ അപ്പപ്പോൾ കിട്ടുന്ന വിലയ്‌ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. കനത്ത ഉൽപാദനച്ചെലവുള്ള ഏലത്തിന് മികച്ച വില കിട്ടിയില്ലെങ്കിൽ കൃഷി നഷ്‌ടത്തിലാവും. ഗ്വാട്ടിമാലയിൽനിന്നുള്ള ഏലക്കാ ഇറക്കുമതിയാണ് ഇന്ത്യൻ ഏലക്കയ്‌ക്കു പ്രധാന ഭീഷണി. ഇക്കൊല്ലം അവിടെനിന്നുള്ള ഉൽപാദനം കുറഞ്ഞതാണ് ഇവിടെ വില കൂടാൻ സഹായകമായത്. 

 

ഇന്ത്യയിൽനിന്ന് വളരെ ചെറിയ ശതമാനം ഏലക്കാ മാത്രമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. അത് കൂടുതലും ഗൾഫ് രാജ്യങ്ങളിലേക്കാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ഏലക്കാ കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടായാലേ ഏലത്തിന് മെച്ചപ്പെട്ട വില സ്ഥിരമായി ലഭിക്കൂ എന്ന് കാർഷിക, വിപണന രംഗത്തുള്ളവർ പറയുന്നു. 

 

കേരളത്തിലെ പശ്ചിമഘട്ട വനാന്തരങ്ങളിൽ വിളഞ്ഞിരുന്ന ഏലത്തിന്റെ സുഗന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്റെ പഴയകാല വ്യാപാരങ്ങളിൽ പ്രമുഖ സ്ഥാനം ഏലത്തിനുണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു. ബ്രിട്ടീഷുകാർ വൻതോതിൽ ഏലക്ക കടത്തിക്കൊണ്ടുപോയിരുന്നു. ഏലം ശേഖരിക്കാനും മറ്റും ബ്രിട്ടീഷ് ഭരണാധികാരികൾ ഉദ്യോഗസ്ഥരെ വരെ നിയമിച്ചിരുന്നു. പിന്നീട് ഏലം ഹൈറേഞ്ചിലെ പ്രധാന കാർഷിക വിഭവമായി. ഇന്ന് മലയോര മേഖലയെ കാർഷികമായും സാമ്പത്തികമായും നിലനിർത്തുന്ന നട്ടെല്ലാണ് ഈ നാണ്യവിള. അതുകൊണ്ടാണ് ഏലം വില ഉയരുമ്പോൾ കർഷകപ്രതീക്ഷകളും വാനോളം ഉയരുന്നത്. 

 

ഗവിയിലെ ഏലക്കൃഷി 

 

പത്തനംതിട്ട ജില്ലയിലെ ഗവി മേഖലയിൽ ഏലം കൃഷി ചെയ്യുന്നുണ്ട്. വനംവികസന കോർപറേഷന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ ഏലക്കൃഷി. പമ്പ, ഗവി, മീനാർ ഡിവിഷനുകളിലായി 920 ഹെക്ടർ സ്ഥലത്താണ് ഏലത്തോട്ടം. ശ്രീലങ്കൻ–തമിഴ് വംശജരായ തൊഴിലാളികളാണ് ഇവിടുത്തെ ഏലത്തോട്ടത്തിൽ പണിയെടുക്കുന്നത്. 

ഗവിയിലെ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമാണ് ഇവിടം ഏലക്കൃഷിക്ക് അനുയോജ്യമാക്കുന്നത്. എന്നാൽ, മികച്ച പരിചരണം ലഭിക്കാത്തതുമൂലം ഗവിയിലെ ഏലക്കൃഷി ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. വളപ്രയോഗവും കീടനിയന്ത്രണവും മറ്റും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അതിനാൽ ഏലക്കാ വില ഉയർന്നിട്ടും അതിന്റെ നേട്ടം ലഭിക്കുന്നില്ല. 

 

തിളക്കം മങ്ങി കറുത്ത പൊന്ന് 

 

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ഏലമാണെങ്കിൽ രാജാവ് കുരുമുളകാണ്. കറുത്ത പൊന്ന് എന്നുകൂടി അറിയപ്പെടുന്ന കുരുമുളക് കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ്. പശ്ചിമഘട്ട മലനിരകളാണ് കുരുമുളകിന്റെയും ഉത്ഭവകേന്ദ്രം. കേരളത്തിനു പുറമെ കർണാടകയിലും തമിഴ്‌നാട്ടിലും കൃഷിയുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും തന്നെ കുരുമുളക് വളരുന്നുണ്ട്. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ ഏറ്റവും പഴക്കമുള്ളതും പ്രിയമുള്ളതുമായ ഉൽപന്നമാണ് കുരുമുളക്. ഇന്ത്യയ്‌ക്കു പുറമെ ഇന്തൊനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലും കുരുമുളക് കൃഷിയുണ്ട്. 

 

പിപ്പർ നൈഗ്രം (Piper nigrum) എന്നാണ് കുരുമുളകിന്റെ ശാസ്‌ത്രീയ നാമം. താങ്ങുകാലുകളിൽ പടർന്നുകയറുന്ന വള്ളിച്ചെടിയാണിത്. ധാരാളം മഴ ലഭിക്കുന്ന, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കുരുമുളകു കൃഷിക്ക് യോജിച്ചത്. മാതൃസസ്യത്തിൽനിന്നു മുറിച്ചെടുക്കുന്ന കുരുമുളകുവള്ളികൾ വേരുപിടിപ്പിച്ചാണ് നടാൻ ഉപയോഗിക്കുന്നത്. നട്ട് രണ്ടുവർഷത്തിനുശേഷം കുരുമുളക് ഫലം തരാൻ ആരംഭിക്കും. പാകമായ കുരുമുളക് പറിച്ചെടുത്ത് മെതിച്ച് വെയിലിൽ ഉണക്കിയെടുത്താണ് വിൽക്കുന്നത്. സുഗന്ധവ്യഞ്ജനമായും ഔഷധമായും പ്രിസർവേറ്റീവ് (ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ) ആയും മറ്റും കുരുമുളക് ഉപയോഗിക്കുന്നു. 

 

രോഗബാധയും വിലത്തകർച്ചയും കുറെക്കാലമായി കേരളത്തിലെ കുരുമുളകു കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂന്നു വർഷം മുൻപ് കിലോയ്‌ക്ക് 700 രൂപ വരെ ഉയർന്ന കുരുമുളകു വില പിന്നീട് 300 രൂപവരെ താഴ്‌ന്നിരുന്നു. ഇപ്പോൾ 350 രൂപയിൽ താഴെയാണ് വില. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com