ADVERTISEMENT

‘‘ഭക്ഷണത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ഒരു മലയാളി ദിവസം കുറഞ്ഞത് 50 പൈസയുടെ ഇഞ്ചിയും 50 പൈസയുടെ വെളുത്തുള്ളിയും കഴിക്കുന്നുണ്ടെന്നു കരുതുക. രണ്ടിനും കൂടി ഒരു രൂപ കണക്കാക്കി, കേരളത്തിലെ ആകെ ജനസംഖ്യയുമായി ചേർത്തുവച്ചു നോക്കിയാൽ നമ്മുടെ ഇഞ്ചി, വെളുത്തുള്ളി ഉപഭോഗത്തിന്റെ ഏകദേശ കണക്കു കിട്ടും. മലയാളികൾ മാത്രമല്ല നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുള്ളവരും സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ഭക്ഷ്യ വിഭവങ്ങൾ ശീലമാക്കിയവരാണ്. അതുതന്നെയാണ് ഈ സംരംഭത്തിന്റെ സാധ്യതയും’’, സുഗന്ധവിളകളുടെ മൂല്യവർധനയിലൂടെ മുന്നേറുന്ന വയനാട് സ്വദേശി എബിൻ കുര്യാക്കോസ് പറഞ്ഞു വരുന്നത് അധികമാരും കൈവയ്ക്കാത്തൊരു സാധ്യതയെക്കുറിച്ചാണ്. വീട്ടമ്മമാർക്കും ഭക്ഷ്യശാലകൾക്കുമെല്ലാം സൗകര്യപ്രദമായ രീതിയിൽ ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ പെയ്സ്റ്റ് പരുവത്തിൽ ലഭ്യമാക്കുന്ന സംരംഭം.

വീടുകളിലും ഹോട്ടലുകളിലുമെല്ലാം നിലവിൽ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ഇഞ്ചി ചേർക്കുന്നത് പച്ച വാങ്ങി അരച്ചെടുത്താണ്. അപ്പോൾ അരച്ചെടുത്ത അതേ രുചിയോടെ ഇഞ്ചി പെയ്സ്റ്റ് ട്യൂബിൽ ലഭിക്കുകയും നമ്മുടെ അടുക്കളകൾക്കതു ശീലമാവുകയും ചെയ്താൽ പ്രതിവർഷം കോടികൾ വിപണനമൂല്യമുള്ള സംരംഭമായി അതു മാറുമെന്നു തീർച്ച. ഈ കണക്കുകൂട്ടലിലാണ് ഈയിനങ്ങളുടെ പെയ്സ്റ്റ് നിർമാണ യൂണിറ്റ് എബിൻ തുടങ്ങുന്നത്. പ്രതിവർഷം 500 ടൺ ഇഞ്ചി പെയ്സ്റ്റ് ഉൽപാദനശേഷിയുള്ള യൂണിറ്റുമായി ഈ സംരംഭകൻ ലക്ഷ്യം വയ്ക്കുന്നത് ആഭ്യന്തര വിപണി മാത്രമല്ല, വിദേശവിപണി കൂടിയാണ്.

എൻജിനീയറിങ് ബിരുദം നേടി വിദേശത്തു ജോലി ചെയ്തിരുന്ന വയനാടു സുൽത്താൻബത്തേരി സ്വദേശി എബിൻ കുര്യാക്കോസ് ഇഞ്ചിയുടെ സാധ്യത കണ്ടെടുക്കുന്നതു രണ്ടു വർഷം മുമ്പാണ്; വിദേശ ജോലി വിട്ട് വയനാട്ടിലൊരു സംരംഭം തുടങ്ങാം എന്നു ചിന്തിച്ചപ്പോൾ. ഗുണമേന്മയേറിയ സുഗന്ധവിളകളുടെ നാടാണല്ലോ വയനാട്. ഭക്ഷ്യസംസ്കരണമേഖലയുടെ വളർച്ചയും സുഗന്ധവിളകളുടെ സാധ്യതകളും ചേർത്തു ചിന്തിച്ചപ്പോൾ മേൽപ്പറഞ്ഞ ആശയത്തിലെ ത്തി. 

paste

അഗോർസ എന്ന ബ്രാൻഡിൽ എബിന്റെ സ്ഥാപനമിന്നു വിപണിയിലെത്തിക്കുന്നതു മൂന്നിനം പെയ്സ്റ്റുകളാണ്; ഇഞ്ചി, വെളുത്തുള്ളി, തക്കാളി. വീടുകൾക്കു മാത്രമല്ല, ഭക്ഷണനിർമാണ സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കുമെല്ലാം സൗകര്യപ്രദമാണ് ഈ അരപ്പ്. അതു തിരിച്ചറിഞ്ഞതോടെ ആ രംഗത്തുനിന്നു പലരും സമീപിക്കുന്നുണ്ടെന്ന് എബിൻ. അവർക്കുള്ളത് ട്യൂബിലല്ല, കൂടിയ അളവിലുള്ള പായ്ക്കറ്റുകളിലാണ് നൽകുന്നത്. 

കർഷകർക്കു നേട്ടം

വയനാട്ടിലെ ചെറുകിട കർഷകരിൽ നിന്നു നേരിട്ടാണ് എബിൻ ഇഞ്ചി സംഭരിക്കുന്നത്. അതതു സമയത്തെ വിപണിവിലയ്ക്കു തന്നെയാണ് സംഭരണം. 50 സെന്റ്, ഒരേക്കർ എന്നിങ്ങനെ ചെറിയ വിസ്തൃതിയിൽ കൃഷി ചെയ്യുന്നവർ അധികം വളമോ കീടനാശിനികളോ ഒന്നും പ്രയോഗിക്കാതെ ഉൽപാദിപ്പിക്കുന്ന ഇഞ്ചിക്ക് ഉയർന്ന ഗുണമേന്മയുണ്ടാവും എന്നതാണു കാരണം. 

മാരൻ പോലുള്ള നാടൻ ഇനങ്ങളും റിയോഡി ജനീറ പോലെ കൂടുതൽ വിളവുള്ള ഇനങ്ങളുമെല്ലാം കൃഷി ചെയ്യുന്നവരാണ് വയനാട്ടിലെ കർഷകർ. ചുക്കിനു മാരൻ കേമം, നല്ല എരിവ്. വലുപ്പമേറിയ പാവുകളാണ് റിയോഡി ജനീറയുടേത്. നാരു കുറവ്. രണ്ടും ഗുണമേന്മയേറിയ ഇനങ്ങൾ തന്നെ. അരയ്ക്കാനുള്ളതായതുകൊണ്ടു തന്നെ ഇഞ്ചിയുടെ രൂപഭംഗി നോക്കേണ്ടതില്ല, ഗുണമേന്മ ഉറപ്പാക്കിയാൽ മതി. അതും ചെറുകിട കർഷകർക്കു ഗുണകരമാവുന്നുണ്ടെന്ന് എബിൻ. പാവുകൾക്ക് കാഴ്ചഭംഗി അൽപം കുറഞ്ഞാലും മാർക്കറ്റു വിലയിൽത്തന്നെ സംഭരിക്കും.

വയനാട്ടില്‍ പുൽപ്പള്ളി മേഖലയിലെ മണ്ണു കറുത്തതാണ്. അവിടെ വിളയുന്ന ഇഞ്ചിക്ക് ഇരുണ്ട നിറമായിരിക്കും. ഗുണമേന്മയുള്ള ഇഞ്ചിയാണെങ്കിൽത്തന്നെയും മേൽപ്പറഞ്ഞ കാരണത്താല്‍ പുൽപ്പള്ളി ഭാഗത്തെ ഇഞ്ചിക്ക് വിപണിവിലയെക്കാൾ അൽപം താഴ്ന്ന വിലയേ പൊതുവേ കർഷകർക്കു ലഭിക്കാറുള്ളൂ. വിപണിവില തന്നെ നൽകി എബിൻ ഈ പ്രദേശത്തുനിന്ന് ഇഞ്ചി സംഭരിക്കുന്നതും കർഷകർക്കു നേട്ടമാവുന്നുണ്ട്. യൂണിറ്റ് അതിന്റെ പൂർണമായ ഉൽപാദനശേഷിയിലേക്ക് എത്തുന്നതോടെ വയനാട്ടിലെ മാത്രമല്ല കേരളത്തിലാകെത്തന്നെയുമുള്ള ഇഞ്ചിക്കർഷകർക്ക് ഒരു കൈ സഹായം നൽകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ സംരംഭകൻ. ഫോൺ: 7025841650 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com