കൃഷിയിനങ്ങൾ പലതുണ്ട് മാത്തച്ചന്; വനില മുതൽ കൊക്കോവരെ. എന്നാൽ മുത്തോളം മാത്തച്ചനെ പ്രലോഭിപ്പിച്ച മറ്റൊന്നില്ല. മുത്തുകൃഷിയിൽ കാൽ നൂറ്റാണ്ടിന്റെ കൈത്തഴക്കം വന്ന കർഷകൻ, വർഷം ലക്ഷങ്ങളുടെ മുത്തുകൾ വിദേശ മാർക്കറ്റിലുൾപ്പെടെ എത്തിക്കുന്ന മുത്തുവ്യാപാരി. ക്ലാസ്സുകളും പരിശീലനങ്ങളും നൽകി മുത്തുകൃഷിയുടെ മൂല്യം വർധിപ്പിക്കുന്ന കൃഷി വിദഗ്ധൻ; ഇതൊക്കെയാണ് കാസർകോട് മാലക്കല്ല് സ്വദേശി കടുതോടിൽ കെ.ജെ. മാത്തച്ചൻ.
മുത്തുകൃഷി മുമ്പേ പരിചയമുള്ള ചിലരെങ്കിലുമുണ്ടാവും കേരളത്തിൽ. മുത്തു പതിപ്പിച്ച ആഭരണങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടുന്നവരും ഏറെ. സർക്കാർ ഏജൻസികൾ തന്നെ മുൻകാലങ്ങളിൽ മുത്തുകൃഷിക്ക് കേരളത്തിൽ മുൻകൈയെടുത്തിട്ടുണ്ട്. എന്നാൽ കൃഷിക്കു തുനിഞ്ഞിറങ്ങിയവരും തുടരുന്നവരും നന്നേ കുറവ്. നീണ്ട കാലയളവാണ് പലരെയും പിൻതിരിപ്പിക്കുന്ന ഘടകം.
മുത്തുകൃഷിയിലൂടെ തന്നെ വിളയിക്കുന്ന ഡിസൈനർ പേൾ നിർമിക്കാൻ 6 മാസം മതി. ഡിസൈനർ പേൾ കൃഷിയുമായി ഈ രംഗത്തെത്തിയ മാത്തച്ചൻ അതു വിട്ട് അതിനെക്കാൾ പല മടങ്ങു മൂല്യമേറിയ റൗണ്ടഡ് പേൾകൃഷിയിലാണിപ്പോൾ ശ്രദ്ധവച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 18 മാസമെടുക്കും കക്കയ്ക്കുള്ളിൽ റൗണ്ടഡ് പേൾ വിളയാൻ.

ശുദ്ധജല മുത്തുകൃഷി
കക്കയ്ക്കുള്ളിൽ സ്വാഭാവികമായി രൂപപ്പെടുന്നതാണ് പ്രകൃതിദത്ത മുത്ത്. തോടിനുള്ളിലേക്ക് പരാദങ്ങൾപോലുള്ള സൂക്ഷ്മജീവികളോ മറ്റോ കടന്നുകയറിയാൽ പ്രതിരോധിക്കാനായി കക്ക അതിനെ ആവരണങ്ങൾ കൊണ്ടു പൊതിയും. മേൽക്കുമേൽ ആവരണങ്ങൾ മൂടി ക്രമേണ അത് പ്രകൃതിദത്ത മുത്തായി മാറും. അതുപക്ഷേ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം.
ബക്കറ്റിലോ ടാങ്കിലോ വിശേഷയിനം കക്കയെ വളർത്തി, അതിന്റെ തോടിനുള്ളിലേക്ക് കൃത്രിമമായി നിർമിച്ചെടുത്ത വസ്തു (ന്യൂക്ലിയസ്) തിരുകി, അതിനു മുകളിൽ ആവരണങ്ങൾ രൂപപ്പെടാൻ കാത്തിരുന്നു വിളയിച്ചെടുക്കുന്ന മുത്തിനെ കൾച്ചേഡ് പേൾ എന്നു വിളിക്കാം. ഇങ്ങനെ ലഭിക്കുന്ന ഒരു ഗ്രാം തൂക്കമുള്ള, അഞ്ച് കാരറ്റ് മൂല്യമുള്ള മുത്തിന് ഇന്ത്യൻ വിപണിയിൽ 1800 രൂപ വില ലഭിക്കും. വിദേശ വിപണിയിൽ ശരാശരി 3000 രൂപയും. എല്ലാ മുത്തുകൾക്കും ഒരേ കാരറ്റ് മൂല്യം കൈവരണമെന്നില്ല. മികച്ച മുത്തു വിളയിക്കുന്നതിന്റെ പിന്നിൽ കൃഷിക്കാരന്റെ വൈദഗ്ധ്യം പ്രധാനമാണ്.
കടലിലും തടാകങ്ങളിലുമെല്ലാമായി ഒട്ടേറെയിനം കക്കകളുണ്ട്. ഭക്ഷ്യയോഗ്യവും അല്ലാത്തവയുമുണ്ട്. ഇക്കൂട്ടത്തിൽ കേരളത്തിലെ ശുദ്ധജല തടാകങ്ങളിൽ വളരുന്ന ലാംലിഡെൻസ് മാർജിനാലിസ് (lamelidens marginalis) എന്ന ഭക്ഷ്യയോഗ്യമല്ലാത്ത കക്കയെയാണ് മുത്തുകൃഷിക്ക് ഉപയോഗിക്കുന്നത്. കേരളത്തിൽനിന്നു ശേഖരിക്കുന്ന ഈയിനം കക്കകൾക്ക് അതിജീവനശേഷി കുറവായതിനാൽ അതേയിനത്തെ മറ്റു സംസ്ഥാനങ്ങളിലെ ശുദ്ധജല തടാകങ്ങളിൽനിന്നു കണ്ടെത്തി മാത്തച്ചൻ.
പ്ലാങ്ടൺ ഇനം സൂക്ഷ്മജീവികളാണ് കക്കയുടെ ആഹാരം. ഇവയെ വളർത്താനും പെരുക്കാനും ശാസ്ത്രീയമായ മുന്നറിവുകൾ ആവശ്യം, ഈ സൂക്ഷ്മജീവിയെ പരിപാലിക്കുന്ന ജലത്തിൽ ഒാക്സിജൻ ഉറപ്പാക്കേണ്ടതുണ്ട്. കക്കയുടെ ശരീരത്തിൽ നാക്രി എന്ന പ്രോട്ടീൻ ലെയർ ഉൽപാദിപ്പിക്കാനും പ്ലാങ്ടൺ ഉപകരിക്കും. കക്കയുടെ തൊണ്ടിനും മാംസളമായ ഭാഗത്തിനുമിടയിലേക്ക് തിരുകിവയ്ക്കുന്ന ന്യൂക്ലിയസിനെ പൊതിയുന്നത് ഈ നാക്രി ലെയറാണ്.

ലാഭത്തിന്റെ ന്യൂക്ലിയസ്
തോടിനുള്ളിൽ നിക്ഷേപിക്കുന്ന ന്യൂക്ലിയസ് നിർമിക്കുന്നത് കക്കയുടെ തോടു പൊടിച്ചെടുത്തുതന്നെ. ഒരു മുത്തിന്റെ രണ്ടു പിളർപ്പുകൾപോലെയാണ് ന്യൂക്ലിയസ് തയാറാക്കുന്നത്. രണ്ടു വശത്തെയും തോടിനുള്ളിലേക്കു തിരുകുന്ന ഈ അർദ്ധഗോള ന്യൂക്ലിയസുകൾ വിളവെടുത്ത ശേഷം ഒട്ടിച്ച് ഒറ്റ മുത്തായി മാറ്റുന്നു. ന്യൂക്ലിയസ് നിർമിക്കുന്നതും വിളവെടുത്ത അസംസ്കൃത മുത്തിന് മൂല്യം വരുത്തുന്നതുമെല്ലാം ചെറുയന്ത്രങ്ങളുടെ സഹായത്തോടെ. അംഗീകൃത പേൾ ജെമ്മോളജിസ്റ്റ് പരിശോധിച്ച് മുന്തിയത് എന്നു സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണ് മുത്തുകൾ വിപണിയിലെത്തിക്കുന്നത്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ മുത്തു കൃഷിക്കാർക്കും ന്യൂക്ലിയസ് നിർമിച്ചു നൽകുന്നതു മാത്തച്ചൻ തന്നെ. പുതു സംരംഭകര്ക്കു മുന്നറിവുകൾ നേടിയ ശേഷം 1000 കക്കകൾ വാങ്ങി കൃഷി തുടങ്ങാമെന്നു മാത്തച്ചൻ. ബക്കറ്റിൽ മുത്തുകൃഷി തുടങ്ങിയ മാത്തച്ചന്റെ സംരംഭത്തിന് ഇന്നു ലക്ഷങ്ങളുടെ മൂല്യം. അതിവിശാലമായ ടാങ്കിൽ ഒരേ സമയം ഒരു ലക്ഷം കക്കകളെ നിക്ഷേപിച്ചാണ് ഇപ്പോൾ കൃഷി. എത്ര കൂടുതൽ ആവരണങ്ങൾ രൂപപ്പെടുന്നോ അത്രത്തോളം മൂല്യം കൂടും മുത്തിന്. എങ്കിലും പതിനെട്ടു മാസംകൊണ്ട് വിപണിമൂല്യമുള്ള മുത്ത് കയ്യിൽ കിട്ടും. അതായത്, 500 മില്ലി ഗ്രാം തൂക്കമെത്തും ഒരു പിളർപ്പിന്. രണ്ടു പിളർപ്പുകൾ ഒട്ടിച്ചെടുക്കുമ്പോൾ ഒരു ഗ്രാം തൂക്കം. ഇതൊക്കെയാണെങ്കിലും ഈ കേൾക്കുന്നത്ര നിസ്സാരമല്ല മേൽപറഞ്ഞ തൂക്കത്തിലും മൂല്യത്തിലുമുള്ള മുത്ത് വിളയിക്കൽ എന്നും മാത്തച്ചൻ ഒാർമിപ്പിക്കുന്നു. ഫോൺ: 9446089736