sections
MORE

പ്ലസ് ടു കഴിഞ്ഞാൽ കൃഷി പഠിക്കാം

agriculture-courses-after-12th
SHARE

കാർഷിക മേഖലയിൽ കാതലായ മാറ്റങ്ങളുടെ കാലമാണിത്. അഗ്രി ബിസിനസ് രംഗത്താണ് മാറ്റങ്ങളേറെയും. അതിന് അനുസൃതമായി കാർഷിക വിദ്യാഭ്യാസം, ഗവേഷണം, തൊഴിൽ എന്നീ മേഖലകളും മുന്നേറ്റത്തിന്റെ പാതയിലാണ്. കാർഷികപഠന കോഴ്സുകളുടെ പ്രാധാന്യം വർധിക്കുന്നതും ഇതുകൊണ്ടുതന്നെ. 

ഡിപ്ലോമ, ബിരുദം, സർട്ടിഫിക്കറ്റ് കോഴ്സുകൾ, നൈപുണ്യവികസന കോഴ്സുകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ കൃഷിപഠനത്തിന് അവസരമുണ്ട്. ബി.എസ്്്സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, ഹോം സയൻസ്, ബാച്ചിലർ ഇൻ വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബന്‍ഡറി, ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ്, ബി. എസ്്സി ഫുഡ് സയൻസ്, അഗ്രിബിസിനസ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ്, അഗ്രി എന്റർപ്രണർഷിപ്പ് മാനേജ്മെന്റ്, ഡെയറി കെമിസ്ട്രി, ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറിയിങ്, ഡിപ്ലോമ ഇൻ ഡെയറി സയൻസ്, ഓർഗാനിക് ഫാമിങ്, ബയോടെക്നോളജി, പൗൾട്രി സയൻസ്, കാലാവസ്ഥാപഠനം എന്നിങ്ങനെ പഠിതാക്കളുടെ അഭിരുചിക്ക് അനുസൃതമായി ഒട്ടേറെ കോഴ്സുകൾ. 

മുൻകാലങ്ങളിൽ ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയാൽ വൈകാതെ തൊഴിൽ ലഭ്യമായിരുന്നെങ്കിൽ ഇന്നു മികച്ച തൊഴിലവസരങ്ങൾക്കായി ബിരുദാനന്തര പ്രോഗ്രാമുകൾകൂടി ആവശ്യമായി വരുന്നു. ബിരുദാനന്തരതലത്തിൽ എംബിഎ, എം.ടെക്, ഡോക്ടറൽ പ്രോഗ്രാമുകൾക്കെല്ലാം ഇന്നു പഠനാവസരങ്ങളുമുണ്ട്. 

കൃഷിയനുബന്ധ മേഖലയായ ഭക്ഷ്യ സംസ്കരണരംഗത്തും തൊഴിൽ സാധ്യതകളേറെ. കാർഷികമേഖലയിൽ യന്ത്രവൽക്കരണം ഊർജിതമാകുന്ന സാഹചര്യത്തിൽ കാർഷിക എന്‍ജിനീയറിങ്, ഫുഡ് എന്‍ജിനീയറിങ്, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് എന്നിവയ്ക്കും അവസരങ്ങൾ കുറവല്ല. കൃഷിയുമായി ബന്ധപ്പെട്ട ബാങ്കിങ്, ഇൻഷുറൻസ്, സേവന, സംരംഭകത്വമേഖലകളിലും ഏറെ സാധ്യതകളാണുള്ളത്. കൃഷി സ്റ്റാർട്ടപ്പുകളും വർധിച്ചു വരുന്നു. 

കാർഷിക ബിരുദ കോഴ്സ് 

Agriculture-Courses
വെറ്ററിനറി കോഴ്സുകൾക്കും പ്രിയമേറുന്നു

കേരള കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്്സി. (അഗ്രിക്കൾച്ചർ), ബി.എസ്്സി ഫോറസ്ട്രി കോഴ്സുകൾക്ക് നീറ്റ് പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. കേരളത്തിൽ വെള്ളാനിക്കര (തൃശൂർ), വെള്ളായണി (തിരുവനന്തപുരം), പടന്നക്കാട് (നീലേശ്വരം) എന്നിവിടങ്ങളിൽ കാർഷിക കോളജുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്ത് പ്ലസ്ടു 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. 

കേരള കാർഷിക സർവകലാശാലയുടെ കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിൽ ബി.എസ്്സി. കോ– ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോഴ്സിന് പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടാം. കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ മണ്ണുത്തി (തൃശൂർ), പൂക്കോട് (വയനാട്) എന്നിവിടങ്ങളിൽ വെറ്ററിനറി കോളജുകളുണ്ട്. വെറ്ററിനറി സയൻസിലുള്ള ബിവിഎസ്‌സി ആൻഡ് എഎച്ച് കോഴ്സിന് നീറ്റ് റാങ്ക് ലിസ്റ്റിൽനിന്ന് അഡ്മിഷൻ നേടാം. വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പൂക്കോട്, മണ്ണുത്തി, ചെറ്റച്ചൽ (തിരുവനന്തപുരം) എന്നിവിടങ്ങളിൽ ഡെയറി സയൻസ് ആൻഡ് ടെക്നോളജി കോഴ്സിനും, ചാലക്കുടിയിൽ ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സിനും എൻജിനീയറിങ് പ്രവേശനപരീക്ഷയിലൂടെ അഡ്മിഷൻ ലഭിക്കും. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തവനൂരിലുള്ള കേളപ്പജി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ് കോഴ്സുണ്ട്. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളജിൽ ബി.ടെക് ഫുഡ് പ്രോസസിങ് എൻജിനീയറിങ് കോഴ്സ് പഠിക്കാനും അവസരമുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽനിന്നാണ് പ്രവേശനം. 

വെറ്ററിനറി സർവകലാശാലയുടെ പാലക്കാട് തിരുവാഴാംകുന്നിലുള്ള പൗൾട്രി സയൻസ് കോളജിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് മൂന്നു വർഷ ബിഎസ്്സി പൗൾട്രി പ്രൊഡക്്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിനു ചേരാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ. 

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ കാർഷിക അനുബന്ധ കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയിലേക്ക് ദേശീയ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇതിൽ അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, ബയോടെക്നോളജി എന്നീ ബി.എസ്‌സി ബിരുദങ്ങളും, ബി ടെക് ഡെയറി ടെക്നോളജി, ബി.ടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ്, ഫുഡ് ടെക്നോളജി കോഴ്സുകളുമുണ്ട്.

 വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ, ദേശീയതലത്തിൽ രാജ്യത്തെ വെറ്ററിനറി കോളജുകളിലെ ബിവി എസ്‌സി ആൻഡ് എഎച്ച് കോഴ്സുകളുടെ 15% സീറ്റുകളിലേക്ക് നീറ്റ് പരീക്ഷയിലൂടെ അഡ്മിഷൻ നൽകുന്നു. 

ഹരിയാനയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി & ഒന്റർപ്രണർഷിപ്പ് മാനേജ്മെന്റ് (NIFTEM), തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്നിവിടങ്ങളിലെ ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സിന് ജോയിന്റ് എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ മെയിനിൽനിന്ന് അഡ്മിഷൻ നേടാം. 

യു.പി.യിലെ ജി. ബി. പന്ത് സർവകലാശാലയിൽ അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഡെയറി ടെക്നോളജി, അഗ്രിക്കൾച്ചറൽ കോഴ്സുകളു ണ്ട്. പുതുച്ചേരി കാരയ്ക്കലിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു കാർഷിക ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി അഗ്രിക്കൾച്ചർ സീറ്റിന് എൻആർഐ ക്വാട്ടയുണ്ട്. 

പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യുക്കേഷൻ റിസർച്ചിൽ (RIVER) എൻആർ ഐ ക്വാട്ടയിൽ ബി.എസ്്സി ആൻഡ് എഎച്ച് കോഴ്സിന് ചേരാം. മദ്രാസ്, നാമക്കൽ, ബെംഗളൂരു, ധാർവാർഡ്, വെങ്കിടേശ്വര (ആന്ധ്ര) വെറ്ററിനറി കോളജുകളിലും എൻആർഐ ക്വാട്ടയിൽ വെറ്ററിനറി സീറ്റുകളുണ്ട്. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീഴിൽ പൊള്ളാച്ചിയിലടക്കം അഞ്ച് കാർഷിക സ്വാശ്രയ കോളജുകളിൽ ബി. എസ്്സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ കോഴ്സുകളുണ്ട്. 

അമൃത (www.amrita.edu), വിഐടി (www.vit.ac.in), എസ്ആർഎം യൂണിവേഴ്സിറ്റി (www.srmuniv.ac.in), തമിഴ്നാട് കാർഷിക സർവകലാശാല(www.tnau.ac.in) എന്നിവയുടെ ബിഎസ്‌സി അഗ്രിക്കൾച്ചർ കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്ത് പ്ലസ്ടു 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. വെറ്ററിനറി സർവകലാശാലയിൽ ദ്വിവത്സര ഡെയറി ഡിപ്ലോമ, ഒരു വർഷം ദൈർഘ്യമുള്ള പൗൾട്രി പ്രൊഡക്്ഷൻ, ലബോറട്ടറി സാങ്കേതികവിദ്യ എന്നിവയിൽ പ്ലസ്ടു/വിഎച്ച്എസ് സിക്കാർക്കുള്ള ഡിപ്ലോമകളുണ്ട്. എസ്എസ്എൽസി പൂർത്തിയാക്കിയ വർക്ക് ഡെയറി, പൗൾട്രി എന്റർപ്രണർഷിപ്പ്, ഡിപ്ലോമ പ്രോഗ്രാമുകളും നിലവിലുണ്ട്. 

വിലാസം: ഡയറക്ടർ,യുഎൽ എജ്യുക്കേഷൻ,ULTTS, കോഴിക്കോട്. 

ഫോൺ: 9846108992 e mail: tpsethu2000@gmail.com 

കോഴ്സുകൾ, സ്ഥാപനങ്ങൾ

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലാണ് രാജ്യത്തെ കാർഷിക വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് ആന്‍ഡ് ഓഷ്യാനോഗ്രാ ഫിക് സ്റ്റഡീസ് എന്നിവയുടെ ഭാഗമായാണ് കേരളത്തിൽ കാർഷിക കോഴ്സുകൾ നടക്കുന്നത്. 

കാർഷിക ബിരുദ കോഴ്സുകളിൽ 85% സീറ്റുകളിലേക്കും സംസ്ഥാനങ്ങൾക്ക് അലോട്ട്മെന്റ് നടത്താം. 15% സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയിലാണ്. ദേശീയ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാണ് മിക്ക കാർഷിക ബിരുദ കോഴ്സുകളിലും പ്രവേശനം. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള 15% സീറ്റുകളിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്തും. ഇതിൽ ബിഎസ്‌സി. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, ഹോം സയൻസ്, ബി.ടെക് അഗ്രിക്കൾച്ചർ എന്‍ജിനീയറിങ്, ബി. എസ്്സി ഫിഷറീസ് സയൻസ് കോഴ്‌സുകളുണ്ട്. ഫിഷറീസ് ടെക്നോളജിക്ക് ഊന്നൽ നൽകിയുള്ള ഫിഷറീസ് സയൻസ് ബിരുദ കോഴ്സുകളുണ്ട്. കാർഷിക ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് TOFEL, GRE പരീക്ഷാ സ്കോര്‍ അനുസരിച്ച് അമേരിക്കയിലും, ILTES സ്കോര്‍ അനുസരിച്ച് യുകെ, ഒാസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും ഉപരിപഠനം നടത്താം. അഗ്രി + ഐടി ചേർന്നുള്ള അഗ്രി അനലിറ്റിക്സാണ് പ്രാധാന്യമേറുന്ന മറ്റൊരു തൊഴിൽ രംഗം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA