ADVERTISEMENT

വർഷത്തിൽ പത്തു മാസവും നനയ്ക്കേണ്ടിവരുന്ന മലഞ്ചെരുവിൽ മറ്റെന്തു നട്ടാലും ജാതി നടാൻ കൃഷിക്കാർ മടിക്കും. സമൃദ്ധമായി ജലം ആവശ്യമുള്ള ജാതിയും തിരിപിടിക്കാൻ മഴയെ ആശ്രയിക്കുന്ന കുരുമുളകുമൊക്കെ സമൃദ്ധമായി വളരുന്ന ഈ തെങ്ങിൻതോപ്പിൽ സദാ പച്ചപ്പ് നിറയുന്നതിന് ഒരു കാരണമേയുള്ളൂ– പുത്തൻപുരയിൽ മാത്യു എന്ന കർഷകന്റെ സജീവസാന്നിധ്യം. മഴനിഴൽ പ്രദേശമായ അഗളിയിൽ തരിശുകിടന്ന കൃഷിഭൂമി നട്ടും നനച്ചും ഹരിതാഭമാക്കിയിരിക്കുന്നതു കണ്ടാൽ നാം അദ്ദേഹത്തെ നമിക്കും.

ജൂണിൽ ഏതാനും മഴകളും ഒക്ടോബറിൽ തുലാവർഷ മഴയും മാത്രം കിട്ടുന്ന പുരയിടമാണ്. അതുകൊണ്ടുതന്നെ മറ്റു മാസങ്ങളിൽ വിളകൾക്ക് നനയ്ക്കാതെ നിവൃത്തിയില്ല. വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ചെരിഞ്ഞുകിടക്കുന്ന കൃഷിയിടത്തിന്റെ താഴ്ഭാഗത്തുകൂടി വർഷം മുഴുവൻ വെള്ളവുമായി ഒഴുകുന്ന ശിരുവാണിപ്പുഴയാണ് കൃഷിയിൽ മാത്യുവിന്റെ മുഖ്യപങ്കാളി. പുഴയിൽ നിന്നുള്ള വെള്ളം കൃഷിയിടത്തിന്റെ മേൽഭാഗത്തെ കൂറ്റൻടാങ്കിലേക്ക് പമ്പ് ചെയ്തു സംഭരിക്കുന്നു. 3,60,000 ലീറ്റർ ശേഷിയുള്ള ഈ ടാങ്കിൽ കരിമീൻകൃഷിയുമുണ്ട്. വലിയ കൃഷിയിടങ്ങളിലെ വിളകൾക്ക് തുള്ളിനന സംവിധാനത്തിലൂടെയോ ചാലുകളിലൂടെയോ വെള്ളമെത്തിക്കുന്ന രീതി ഇവിടെ ഇല്ല. പകരം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഹോസുമായി മാത്യു തന്റെ വിളകൾക്കു ചുവട്ടിലെത്തുന്നു. ഇതുവഴി രണ്ട് മെച്ചമാണുള്ളത്– ഓരോന്നിലും കൃഷിക്കാരന്റെ നേരിട്ടുള്ള ശ്രദ്ധ കിട്ടുന്നു. അതിലുപരി വിളയുടെ ആവശ്യത്തിനു മാത്രം വെള്ളം കൃത്യമായി നൽകാൻ സാധിക്കുന്നു.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഹോസുമായി മാത്യു തന്റെ വിളകൾക്കു ചുവട്ടിലെത്തുന്നു. ഇതുവഴി രണ്ട് മെച്ചമാണുള്ളത്– ഓരോന്നിലും കൃഷിക്കാരന്റെ നേരിട്ടുള്ള ശ്രദ്ധ കിട്ടുന്നു. അതിലുപരി വിളയുടെ ആവശ്യത്തിനു മാത്രം വെള്ളം കൃത്യമായി നൽകാൻ സാധിക്കുന്നു.

മഴനിഴൽപ്രദേശമായ അഗളിയിലെ ഈ കൃഷിയിടം 2006ലാണ് മാത്യു സ്വന്തമാക്കുന്നത്. കുറ്റിക്കാടും പുല്ലും മാത്രമുള്ള കാലിസ്ഥലമായിരുന്നു അന്ന്. മഴ കിട്ടാത്തതിനാൽ കൃഷിക്ക് യോജ്യമല്ലെന്നു വിധിക്കപ്പെട്ട സ്ഥലത്ത് ആദിവാസികളുടെ ചെറുധാന്യക്കൃഷി മാത്രമായിരുന്നു ഏകസാധ്യത. എന്നാൽ അടിവാരത്തിലൂടെ ഒഴുകുന്ന പുഴയെ ആശ്രയിച്ചു കൃഷി നടത്താനായിരുന്നു മാത്യുവിന്റെ തീരുമാനം. പതിനഞ്ചേക്കറോളം സ്ഥലത്ത് തെങ്ങിൻതൈകൾ നട്ടുവളർത്തി. പുഴവെള്ളം പമ്പ് ചെയ്തായിരുന്നു നന. നനയും മറ്റു പരിചരണങ്ങളും മുടങ്ങാതെ കിട്ടിയപ്പോൾ തെങ്ങിൻ തൈകൾ നന്നായി വളർന്നു ചൊട്ടയിട്ടു. മലഞ്ചെരുവിലെ മനോഹരമായ തെങ്ങിൻതോപ്പ് അദ്ദേഹത്തെ കേരകേസരി അവാർഡിന് അർഹനാക്കി. മക്കൾക്ക് വീതം നൽകിയശേഷം അഞ്ചരയേക്കർ പുരയിടത്തിലാണ് ഇപ്പോൾ അദ്ദേഹം നേരിട്ടു കൃഷി നടത്തുന്നത്. ശരാശരി 200 നാളികേരം വീതം കിട്ടുന്ന തെങ്ങിൻതോപ്പിൽ ജാതി, കുരുമുളക്, മഞ്ഞൾ തുടങ്ങിയ സുഗന്ധവിളകളുടെ ഇടവിളക്കൃഷിയിലൂടെ ആദായം ഇരട്ടിപ്പിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

ഏഴുവർഷം മുമ്പാണ് തെങ്ങിൻ തോപ്പിൽ ഇടവിളയായി ജാതി നട്ടത്. തൊടുപുഴയിലും പിണ്ണാക്കനാടുമുള്ള രണ്ട് നഴ്സറികളിൽനിന്ന് ഗ്രാഫ്റ്റ് തൈകൾ വാങ്ങിനടുകയായിരുന്നു. ഒരു വർഷത്തിലധികം പഴക്കമുള്ള വലിയ തൈകളാണ് നടാനുപയോഗിച്ചത്. അതിനു ഫലവുമുണ്ടായി– മൂന്നാം വർഷം മാത്യുവിന്റെ ജാതിത്തോട്ടം ആദായത്തിലെത്തി. മികച്ച ആദായമാണ് ജാതിയിലൂടെ ലഭിക്കുന്നതെന്ന് മാത്യു പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 3 ടൺ ജാതിക്കുരു കിട്ടിയതായാണ് കണക്ക്. 750 കിലോ പത്രി വേറെയും. ഫ്ലവർ ഗ്രേഡിലുള്ള ജാതിപത്രിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ശരാശരി 400 ജാതിക്കായ്കളുടെ പത്രിയുണ്ടെങ്കിൽ ഒരു കിലോ തികയുമെന്ന് മാത്യു പറയുന്നു.

കൃഷിയിടത്തിലെ മുഴുവൻ തെങ്ങുകളിലും മാത്യു കുരുമുളകുവള്ളി പടർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പുരയിടത്തിൽനിന്ന് ഒരു ടണ്ണോളം ഉണക്കമുളക് കിട്ടിയത് വിൽക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു പുറമെ, മഞ്ഞളും ഇഞ്ചിയുമൊക്കെ ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം രണ്ടുടണ്ണോളം ഉണക്ക മഞ്ഞളാണ് കിലോയ്ക്ക് 80 രൂപ നിരക്കിൽ വിറ്റത്. ജാതിയുടെയും കുരുമുളകിന്റെയുമൊക്കെ നടീൽവസ്തുക്കളുടെ ഉൽപാദനം മികച്ച വരുമാനമാർഗമാണെന്ന് അദ്ദേഹം പറയുന്നു. കൃഷിവകുപ്പിൽനിന്ന്് അനുവദിച്ച പോളിഹൗസ് ഇതിനാണ് ഉപയോഗിക്കുന്നത്.

mathews-farm

മികച്ചയിനമായി അറിയപ്പെടുന്ന കുമ്പുക്കൽ കുരുമുളകിന്റെ തൈകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പ്ലാസ്റ്റിക് കൂടുകളിൽ മണ്ണു നിറച്ച് നിരയായി അടുക്കിയശേഷം കുരുമുളകു വള്ളികൾ ഓരോ നിരയിലും തിരശ്ചീനമായി നടുന്ന രീതിയാണിത്. വള്ളികളുടെ മുട്ടുകളിൽനിന്ന് കൂടുകളിലെ മണ്ണിലേക്ക് വേരിറങ്ങി വളരും. നീളം കൂടുന്നതനുസരിച്ച് പുതിയ കൂടുകൾ വള്ളികൾക്കടിയിൽ വച്ചു നൽകുകയും വേരുപിടിച്ച ഭാഗം മുറിച്ചുമാറ്റുകയും ചെയ്യുന്നു. ഇതുവഴി ഓരോ വള്ളിയിൽ നിന്നും തുടർച്ചയായി നടീൽവസ്തു ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് മാത്യു ചൂണ്ടിക്കാട്ടി. കൂടാതെ നല്ലയിനം ജാതിത്തൈകളും വിതരണം ചെയ്യുന്നുണ്ട്.

കൃഷിയിടം മുഴുവൻ കയ്യാല കെട്ടി ഭദ്രമാക്കുകയും തെങ്ങിനും ജാതിക്കുമൊക്കെ മുറ തെറ്റാതെ തടമെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ രണ്ടുമാസത്തെ മാത്രം സൗഭാഗ്യമായ മഴ ഒരു തുള്ളിപോലും പാഴാക്കാതെ കൃഷിയിടത്തിൽ താഴ്ത്താൻ സാധിക്കുന്നു. ഇവിടുത്തെ ഓരോ കയ്യാലയും തന്റെ കൈ കൊണ്ടു നിർമിച്ചതാണെന്ന് അധ്വാനിയായ ഈ കർഷകൻ അഭിമാനത്തോടെ പറയും. ഫോൺ: 9020706090

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com