ADVERTISEMENT

ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ശക്തമാകുന്ന കാലമാണിത്. അലോപ്പതി മരുന്നുകൾ തുടർച്ചയായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും എന്ന കണ്ടെത്തലാണ് രോഗപ്രതിരോധത്തിനുപകരിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ അല്ലെങ്കിൽ വെൽനെസ് ഉൽപന്നങ്ങളിലേക്ക് ആളുകൾ തിരിയാൻ കാരണം. രോഗങ്ങളെ ചെറുക്കുമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന കുർക്കുമിൻ, മുരിങ്ങയിലപ്പൊടി ക്യാപ്സൂളുകൾ പോലെ ഈ രംഗത്ത് ഉല്‍പന്നങ്ങൾ ഒട്ടേറെ. മേൽപ്പറഞ്ഞ ഉൽപന്നങ്ങളുടെയെല്ലാം നിരയിലേക്കാണ് കടൽപ്പായൽ (seaweed) ഒൗഷധങ്ങളുമായി കൊച്ചിയിലെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണസ്ഥാപനം (CMFRI) എത്തുന്നത്. 

 

പ്രമേഹം, സന്ധിവേദന, അമിതവണ്ണം എന്നിവയ്ക്കെതിരെ കടൽപ്പായൽ ഒൗഷധങ്ങൾ മുമ്പേതന്നെ വിപണിയിലെത്തിച്ചിട്ടുള്ള സിഎംഎഫ് ആർഐയുടെ ഏറ്റവും പുതിയ ഉൽപന്നം ഉയർന്ന രക്തസമ്മർദം തടയാനുള്ളതാണ്. പേര്; ‘കടൽമീൻ ആന്റി ഹൈപ്പർടെൻസീവ് എക്സ്ട്രാക്റ്റ്’, പേരിൽ ‘മീനു’ണ്ടെങ്കിലും മീനുമായിതെല്ലും ബന്ധമില്ലാത്ത പൂർണ സസ്യജന്യ ഉൽപന്നം. കടൽമീൻ എന്നത് സിഎംഎഫ്ആർഐ ഉൽപന്നങ്ങളുടെ ട്രേഡ് മാര്‍ക്കാണ്. സസ്യജന്യഘടകങ്ങൾകൊണ്ടു തയാറാക്കിയ ഈ ഉല്‍പന്നം സസ്യാഹാരികൾക്കും സന്തോഷത്തോടെ കഴിക്കാമെന്നു സാരം. 

 

സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്നോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. കാജൽ ചക്രവർത്തിയാണ് കടൽപ്പായൽ ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ വികസിപ്പിച്ച് സംരംഭകർക്കു കൈമാറുന്നതാണ് സിഎംഎഫ് ആർഐയുടെ രീതി. 

 

സന്ധിവേദനയെ (ആർത്രൈറ്റിസ്) പ്രതിരോധിക്കുന്ന കടൽമീൻ ഗ്രീൻ ആൽഗൽ എക്സ്ട്രാക്റ്റ് എന്ന ഉൽപന്നമാണ് സിഎംഎഫ്ആർഐയുടെ ആദ്യ കടൽപ്പായൽ ഒൗഷധം. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, തൈറോയ്ഡ് എന്നിവയ്ക്കെല്ലാമെതിരെ ഫലപ്രദമായ പായൽ ഉൽപന്നങ്ങളും വികസിപ്പിച്ച് സംരംഭകരിലൂടെ വിപണിയിലെത്തിച്ചു കഴിഞ്ഞു സിഎംഎഫ്ആർഐ. 

 

നാനൂറ് മില്ലി ഗ്രാം അളവിലുള്ള ക്യാപ്സൂൾ രൂപത്തിലാണ് ഉയർന്ന രക്തസമ്മർദം തടയാനുള്ള ഒൗഷധം വിപണിയിലെത്തിക്കുക. സംരംഭകരെ ക്ഷണിച്ച് ഉൽപന്നം വാണിജ്യാടി സ്ഥാനത്തിൽ നിർമിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമം മുന്നേറുന്നു. കടൽപ്പായലിന്റെ ഒൗഷധമേന്മയും അതിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളും കണ്ടെത്തിയതോടെ പായൽകൃഷിക്കും പുതുസംരംഭങ്ങൾക്കും സാധ്യതകൾ വർധിക്കുമെന്നാണു പ്രതീക്ഷ. ഫോൺ: 0484 2394357 (CMFRI)

 

പണം തരും പായൽ

 

രോഗപ്രതിരോധത്തിന് ഉപകരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾകൊണ്ടു സമ്പുഷ്ടമാണ് കടൽപ്പായൽ. പല വിദേശരാജ്യങ്ങളിലും ചിലയിനം കടൽപ്പായലുകൾ ഭക്ഷ്യവസ്തുവാണ്. ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഉദാഹരണം. പലയിനം കടൽപ്പായലുകളുള്ളതിൽ പഠനത്തിലൂടെ തിരഞ്ഞെടുത്ത കപ്പാഫൈക്കസ് ഇനമാണ് പായൽക്കൃഷിക്കായി പ്രയോജനപ്പെടുത്തുന്നത്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും തമിഴ്നാട്ടിൽ രാമേശ്വരത്തിനടുത്ത് മണ്ഡപം കടലോരമേഖലയിലുൾപ്പെടെ സിഎംഎഫ്ആർഐ മേൽനോട്ടത്തിൽ കർഷകർ കടൽപ്പായൽകൃഷി ചെയ്യുന്നുണ്ട്. ആഴമില്ലാത്ത തീരക്കടലാണ് പായൽ കൃഷിക്ക് കൂടുതൽ യോജ്യം എന്നത് മണ്ഡപം മേഖലയ്ക്ക് അനുകൂലഘടകമായി മാറുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com